ബാ​ണാ​സു​ര സാ​ഗ​ർ അ​ണക്കെ​ട്ടി​ൽ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി; ഇനി രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്; നാവിക സേന തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല

BANASURAവയനാട്: ബാണാസുര സാഗർ അണക്കെട്ടിൽ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. പന്ത്രണ്ടാം മൈൽ പടിഞ്ഞാറേക്കുടിയിൽ വിൽസൺ (50), മണിത്തൊട്ടിൽ മെൽബിൻ (34) എന്നിവരുടെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. രണ്ടു ദിവസങ്ങളായി ഇവർക്കുവേണ്ടി തെരച്ചിൽ തുടരുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് സ്വദേശികളായ കാട്ടിലടത്ത് സചിൻ (20), വട്ടച്ചോട് ബിനു (42), എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

ചൊവ്വാഴ്ച വൈകീട്ടോടെ നാവികസേനയുടെ ആറംഗ സംഘമെത്തി തിരച്ചിൽ നടത്തിയിട്ടും കാണാതായ നാലു പേരിൽ ഒരാളെപ്പോലും കണ്ടെത്താനായിരുന്നില്ല. പ്രതികൂല കാലാവസ്ഥ കാരണം ചൊവ്വാഴ്ച രാത്രിയോടെ സംഘം തെരച്ചിൽ നിർത്തിയിരുന്നു. ചൊവ്വാഴ്ച പെയ്ത കനത്ത മഴയും കാറ്റും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു. അഗ്നിശമന സേനയും ജീവൻരക്ഷ സമിതിയും ബേപ്പൂരിൽനിന്നുള്ള മുങ്ങൽ വിദഗ്ധരും ഉൾപ്പെടെയുള്ളവർ ചൊവ്വാഴ്ച പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ തിരച്ചിലിന് എത്തുമെന്ന് പ്രതീക്ഷിച്ച നേവി സംഘം വൈകീട്ട് നാലുമണിക്കാണ് ബാണാസുര തീരത്തെത്തിയത്.

ഞായറാഴ്ച രാത്രിയിലാണ് ബാണാസുര സാഗർ ഡാമിന്റെ മഞ്ഞൂറ പന്ത്രണ്ടാം മൈലിലെ വെള്ളക്കെട്ടിൽ മീൻപിടിക്കുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞ് നാലു പേരെ കാണാതായത്. പന്ത്രണ്ടാം മൈൽ പടിഞ്ഞാറേക്കുടിയിൽ വിൽസൺ (50), കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് സ്വദേശികളായ കാട്ടിലടത്ത് സചിൻ (20), വട്ടച്ചോട് ബിനു (42), മണിത്തൊട്ടിൽ മെൽബിൻ (34) എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു പേർ നീന്തിരക്ഷപ്പെട്ടിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment