കൊച്ചി: 2011ല്‍ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പള്‍സര്‍ സുനിയുടെ സഹായികളാണ് പിടിയിലായിട്ടുള്ളത്. 2011ലാണ് ഇവര്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെയാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്.
അതേസമയം ഈ കേസില്‍ മുന്‍കാലനടിയുടെ മൊഴിയെടുത്തു. തിരുവനന്തപുരത്തെ ഇവരുടെ വീട്ടിലെത്തിയാണ് കൊച്ചി സിറ്റി പൊലീസ് മൊഴിയെടുത്തത്. വഴി തെറ്റിച്ച് വണ്ടി ഓടിച്ചതിനെ തുടര്‍ന്ന് സംശയം തോന്നുകയും നിര്‍മ്മാതാവിനെ ഫോണില്‍ വിളിക്കുകയുമായിരുന്നു. റമദാ ഹോട്ടലിലെ റിസപ്ഷനില്‍ എത്തിച്ചെങ്കിലും അവിടെ മുറി ബുക്ക് ചെയ്തിരുന്നില്ല. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് വാഹനത്തില്‍ കയറിയതെന്നും മുന്‍കാല നടി മൊഴി നല്‍കിയിട്ടുണ്ട്. ഡ്രൈവറെക്കൂടാതെ വേറൊരാള് കൂടി വാഹനത്തിലുണ്ടായിരുന്നതായും നടി മൊഴി കൊടുത്തിട്ടുണ്ട്. പ്രമുഖ നിര്‍മ്മാതാവായ ഇവരുടെ ഭര്‍ത്താവിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
2011ല്‍ ജോണി സാഗരികയുടെ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ട്രെയിനില്‍ കൊച്ചിയില്‍ എത്തിയ നടിക്കാണ് ദുരനുഭവം ഉണ്ടായത്. കൊച്ചിയിലെത്തിയ നടിയെ പള്‍സര്‍ സുനിയുടെ നിര്‍ദേശം അനുസരിച്ച് രണ്ടംഗ സംഘം വാഹനത്തില്‍ കയറ്റുകയും നഗരത്തിന്റെ പലഭാഗത്തും ചുറ്റിയതിനുശേഷം ഇറക്കിവിടുകയുമായിരുന്നു. യുവസംവിധായകന്റെ ഭാര്യയായ നടിക്കുവേണ്ടി ഒരുക്കിയ വലയിലാണ് ഈ നടി പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ മറ്റ് രണ്ടുപേര്‍ കൂടി കസ്റ്റഡിയിലാണ്. പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.
പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയായ നടിയെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു കൊച്ചിയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ നേരത്തെ ഒരാള്‍ കസ്റ്റഡിയില്‍. കോതമംഗലം സ്വദേശിയെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുള്‍പ്പെടെ നാലുപേരാണ് പ്രതികള്‍. നിര്‍മാതാവ് ജോണി സാഗരികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു സെന്‍ട്രല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് അസി. കമ്മിഷണര്‍ കെ. ലാല്‍ജി പറഞ്ഞു.യുവസംവിധായകന്റെ ഭാര്യയായ നടിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു സുനിലും സംഘവും കെണി ഒരുക്കിയിരുന്നത്. എന്നാല്‍ അതില്‍ നിര്‍മാതാവിന്റെ ഭാര്യ കുടുങ്ങിയതാണെന്നാണ് വിവരം.
ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു സുനില്‍കുമാര്‍. ഇദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനായി യുവനടിയും നിര്‍മാതാവിന്റെ ഭാര്യയായ നടിയും കൊച്ചിയിലേക്കു വരുന്നതറിഞ്ഞാണു സുനില്‍കുമാര്‍ തട്ടിക്കൊണ്ടുപോകലിനു പദ്ധതിയിട്ടത്.സുനില്‍കുമാര്‍ നിര്‍ദേശിച്ച പ്രകാരം നഗരത്തിലെ പ്രമുഖ നക്ഷത്ര ഹോട്ടലിന്റെ പ്രതിനിധി എന്ന വ്യാജേന സംഘത്തിലൊരാള്‍ ജോണി സാഗരികയെ സമീപിച്ചു. നടീനടന്മാര്ക്കു കുറഞ്ഞ നിരക്കില്‍ താമസം ഏര്‍പ്പാടാക്കാമെന്ന വാഗ്ദാനം നല്കി. ഇയാള്‍ പ്രതിനിധീകരിക്കുന്ന ഹോട്ടല്‍ മികച്ച ഹോട്ടലായതിനാല്‍ നടിമാരെ ഇവിടെ താമസിപ്പിക്കാന്‍ ജോണി സാഗരിക തീരുമാനിച്ചു.
റെയില്‍വേ സ്റ്റേഷനില്‍നിന്ന് നടിമാരെ ഹോട്ടലില്‍ എത്തിച്ചുകൊള്ളാമെന്നായിരുന്നു പ്രതിനിധിയുടെ വാഗ്ദാനം. ഇതനുസരിച്ച് ഡ്രൈവറും മറ്റൊരാളും വാഹനവുമായി സംഭവദിവസം റെയില്‍വേ സ്റ്റേഷനിലെത്തി. എന്നാല്‍, യുവ നടി എത്തിയില്ല. നിര്‍മാതാവിന്റെ ഭാര്യയായ നടിയും സഹായിയും മാത്രമാണു വന്നത്. ഇവരെ വാഹനത്തില്‍ കയറ്റിയ സംഘം സഹായിയെ കുമ്പളത്തെ ആശുപത്രിയില്‍ ഇറക്കി. തുടര്‍ന്നു നടിയെ നഗരത്തില്‍ കറക്കി. സുനില്‍കുമാറില്‍ നിന്നു കൃത്യമായ നിര്‍ദേശം ലഭിക്കാത്തതിനാലായിരുന്നു ഇതെന്നാണു വിവരം. സംശയം തോന്നിയ നടി ഭര്‍ത്താവിനെ ബന്ധപ്പെടുകയും ഭര്‍ത്താവ് ജോണി സാഗരികയെ വിവരമറിയിക്കുകയും ചെയ്തു.
കഥയറിയാതെ ജോണി സാഗരിക ഡ്രൈവറായ സുനില്‍കുമാറിനെയും കൂട്ടി ഹോട്ടലിലെത്തിയെങ്കിലും നടി കയറിയ വാഹനം ഇവിടെ എത്തിയിരുന്നില്ല. പ്രശ്നമാകുമെന്നു മനസിലായതോടെ അല്പസമയത്തിനകം വാഹനം ഇവിടെയെത്തി. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും മുങ്ങി. പരാതി പറയാന്‍ ജോണി സാഗരിക പിറ്റേന്നു തന്നെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഡ്രൈവര്‍ സുനില്‍ ഒപ്പമുണ്ടായിരുന്നെങ്കിലും എസ്ഐയെക്കണ്ടതോടെ കാര്‍ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news