Flash News

ശ്രീ പുത്തന്‍കുരിശിന്റെ കവിതകള്‍, ലാളിത്യത്തിലെ ഗഹനത! (കാവ്യനിരൂപണം)

July 20, 2017 , സുധീര്‍ പണിക്കവീട്ടില്‍

Puthenkurisinte banner“വരികളാല്‍ ക്രമീകരിക്കപ്പെടുന്ന ഭാഷയുടെ ശബ്ദമാണ് കവിത. വൃത്തത്തിനെക്കാള്‍, താളത്തേക്കാള്‍, ബിംബങ്ങളെക്കാള്‍ ശബ്ദാവര്‍ത്തനങ്ങളേക്കാള്‍, ആലങ്കാരിക ഭാഷയെക്കാള്‍ വരികളാണു കവിതയെ നമ്മുടെ കവിതാനുഭവങ്ങളില്‍ മറ്റു എഴുത്തുകളില്‍ നിന്നും വേര്‍തിരിക്കുന്നത്.” (ജെയിംസ് ലോങ്ങന്‍ബാക്ക്).

കവികള്‍ക്കറിയാം എവിടെയാണ് അവരുടെ വരികള്‍ അവസാനിപ്പിച്ച് അടുത്ത വരി തുടരേണ്ടതെന്ന്. ഗദ്യരചനയിലും കവിതാരചനയിലും ഉപയോഗിക്കുന്നത് വാക്കുകള്‍ തന്നെ. എന്നാല്‍ കവിതയില്‍ ഉപയോഗിക്കുന്ന വാക്കുകളും അവയെ വരികളാക്കി ക്രമീകരിക്കുന്നതിലും കവികള്‍ അവരുടെ കഴിവ് പ്രകടമാക്കുന്നു. ശ്രീ പുത്തന്‍കുരിശ്ശിന്റെ കവിതകള്‍ വായിക്കുമ്പോള്‍ കവിതകളെ അദ്ദേഹം അണിയിച്ചൊരുക്കുകയാണെന്ന് വായനകാരനു തോന്നാം. അതുകൊണ്ട് കവിതകളെല്ലാം വൃത്തനിബദ്ധമാണെന്നു അര്‍ത്ഥമാക്കുന്നില്ല. അതേസമയം വ്യാകരണ നിബന്ധനകളേക്കാള്‍ എഴുതുന്ന വിഷയത്തിന്റെ ആവിഷ്കാര സൗകുമാര്യത്തില്‍ കവി ശ്രദ്ധിക്കുന്നത് കാണാം. വിഷയാനുസൃതമായി അദ്ദേഹം വരികളുടെ എണ്ണവും വരികളിലെ അക്ഷരങ്ങളും ചിട്ടപ്പെടുത്തുന്നു. അത്തരം കവിതകള്‍ അനുവാചകമനസ്സുകളെ ആകര്‍ഷിക്കയും അതില്‍ മുഴുക്കുകയും ചെയ്യുന്നു. മാര്‍ജിനുകളുടെ നിയന്ത്രണത്തിനുള്ളില്‍ അച്ചടിക്കുന്നത് ഗദ്യമാണെങ്കില്‍, മാര്‍ജിനുകളെ ശ്രദ്ധിക്കാതെ, പ്രത്യേകിച്ച് വലത് വശത്തെ മാര്‍ജിനെ ശ്രദ്ധിക്കാതെ എഴുതുന്നത് കവിതയാണെന്ന് മേരി ഒളിവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കവിത വായിക്കുമ്പോള്‍ അതു വായനാസുഖം തരുന്നെങ്കില്‍ വായനക്കാരന്‍ അതു മുഴുവന്‍ വായിക്കുന്നു. ശ്രീ പുത്തന്‍കുരിശ്ശിന്റെ കവിതകള്‍ സാമാന്യേന ഭാവഗീതങ്ങള്‍, കഥാരൂപമായ കവിതകള്‍, വിവരണാത്മകമായ കവിതകള്‍ എന്നതിനു പുറമേ പ്രബോധനപരമായ വിഭാഗത്തിലും പെടുന്നവയാണ്.

Puthencruz

ജി. പുത്തന്‍‌കുരിശ്

ഇദ്ദേഹത്തിന്റെ ആദ്യ കവിത “നിത്യചൈതന്യം” പരിശോധിക്കുമ്പോള്‍ കാണുന്നത് കവിയുടെ മനസ്സില്‍ പടരുന്ന ദുഃഖത്തിന്റെ വിഷാദമാണ്. എന്നാല്‍ ആ ദുഃഖത്തില്‍ മുഴുകിയിരുന്നു വിലപിക്കാനല്ല കവിയുടെ തീരുമാനം. അജ്ഞതയുടെ മൂടല്‍ മഞ്ഞില്‍ മറഞ്ഞിരിക്കുന്ന ഒരു തത്വസംഹിതയെ (Metaphysical mist) അദ്ദേഹം പുറത്ത് കൊണ്ടു വരുന്നു. ഈശ്വര ചൈതന്യം നിന്നില്‍ തന്നെയുണ്ട്; ആ വെളിച്ചമാണു നമ്മെ നയിക്കുന്നത്. എന്നാല്‍ അതറിയാതെ മനുഷ്യര്‍ വെളിച്ചം അന്വേഷിച്ച് നടക്കുന്നതിലാണു കവിക്ക് ദു:ഖം. അതുകൊണ്ട് അദ്ദേഹം ഉറക്കെ ആ സത്യം വിളിച്ചു പറയുന്നു ഒപ്പം ആ പ്രപഞ്ചശക്തിയോട് അപേക്ഷിക്കുന്നു ധര്‍മ്മമാര്‍ഗത്തിലൂടെ ഞങ്ങളെ തെളിക്കൂ. വളരെ ചെറിയ ഒരു കവിതയാണിത്. ഭാരതീയ സാംസ്കാരിക പൈതൃകത്തില്‍ നിന്നും ഉള്‍കൊള്ളുന്ന ദര്‍ശനത്തിന്റെ പരിവേഷം ഇതിനു ലഭിക്കുന്നു. തമസോമ ജ്യോതിര്‍ഗമയ എന്നു ഋശ്വീരന്മാരും പാടി. ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍ എന്നു ആശാനും പാടിയിട്ടുണ്ട്. എന്തുകൊണ്ടാണു മനുഷ്യന്‍ ഈശ്വരനെ ഓര്‍ക്കുകയും അവനെ പൂജിക്കുകയും ചെയ്യേണ്ടത്. അതാണു കവി ഇവിടെ വ്യക്തമാക്കുന്നത്. അതായത് മനുഷ്യനാണു ഈ പ്രപഞ്ചത്തില്‍ ഏറ്റവും പ്രാധാന്യം എന്നുള്ള കാഴ്ചപ്പാട് (anthropocentric) അതു ഈശ്വരന്റെ വരദാനമാണു. അപ്പോള്‍ അവനെ നമ്മള്‍ എപ്പോഴും സ്മരിക്കേണ്ടതുണ്ട്. നന്മയുടെ വഴിയാണു എല്ലാവരും ആഗ്രഹിക്കുന്നത്. ഈശ്വരനെ അന്വേഷിക്കുന്നവര്‍ സത്യത്തെ അന്വേഷിക്കുന്നു. സമൂഹത്തിന്റെ നന്മയും ക്ഷേമവും ലക്ഷ്യമാക്കുന്ന കവികള്‍ സമൂഹത്തോടുള്ള അവരുടെ പ്രതിബദ്ധത കവിതകളിലൂടെ പ്രകടമാക്കുന്നു. ശീ പുത്തന്‍കുരിശിന്റെ കവിതകള്‍ അദ്ദേഹത്തിനു സമൂഹത്തോടുള്ള കടമയും കടപ്പാടും പ്രകടിപ്പിക്കുന്നവയാണ്.ഇദ്ദേഹത്തിന്റെ ഇതരകവിതകള്‍ എല്ലാം ദാര്‍ശനികസമസ്യകള്‍ ഉള്‍കൊള്ളുന്നവയല്ലെങ്കിലും പ്രമേയങ്ങള്‍ വായനകാര്‍ക്ക് പരിചിതമാണ്. പുരോഗമനപരമായ ആശയങ്ങള്‍ ഇദ്ദേഹത്തിനു കാവ്യപ്രചോദനം നല്‍കുന്നു.പദങ്ങളുടെ ഒഴുക്കിനൊപ്പം ഗാനങ്ങളുടെ ഒരു ഈണം കൂട്ടിചേര്‍ക്കുന്ന രചനാസവിശേഷം ഇദ്ദേഹത്തിന്റെ കവിതകളില്‍ പ്രകടമാണ്.കുറുക്കന്‍ രാജാവായാല്‍ എന്ന കവിത ഒരു വടക്കന്‍ പാട്ടിന്റെ താളത്തോടെ വായിച്ചുപോകാവുന്നതാണ്.

വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാത്ത കവിതയെ കവിതയായി കണക്കാക്കാന്‍ കഴിയില്ലെന്ന ചിന്ത അമേരിക്കന്‍ മലയാളി സമൂഹത്തിനു ബാധകമല്ല. കാരണം എന്തെഴുതിയാലും അവരുടെ ശ്രദ്ധ ഇതുപോലെ എനിക്കും എഴുതാന്‍ കഴിയുമെന്നവിശ്വാസത്തിലാണ്. അതുകൊണ്ട് കവിതകള്‍ ഇവിടെ ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും ധാരാളം കവികള്‍ പ്രതിദിനം പിറവിയെടുക്കുന്നത് കാണാം. സാന്ദര്‍ഭികമായി പറയട്ടെ അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ അപചയത്തിന്റെ ആരംഭം ഈ ദുഷ്പ്രവണതയില്‍ നിന്നാണ്.ഉണ്ടായത്, ഉണ്ടായികൊണ്ടിരിക്കുന്നത്.

നമ്മള്‍ വായിക്കപ്പെടണമെങ്കില്‍ നമ്മള്‍ എഴുതുന്നത് വായനകാരനു താല്‍പ്പര്യം ഉളവാക്കുന്നതായിരിക്കണം. ശ്രീ പുത്തന്‍കുരിസ്സിന്റെ കവിതകള്‍ എല്ലാം വ്യത്യസ്തമായ അവതരണ രീതി സ്വീകരിച്ചവയാണു. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന വാക്കുകളാണു അദ്ദേഹം കവിതകളില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ നേരത്തെ സൂചിപ്പിച്ച പോലെ വാക്കുകളെ ഒരു പ്രത്യേക മാത്രയില്‍ അദ്ദേഹം ഒരുക്കുന്നു. ഓരോ വിഷയത്തിനും അനുയോജ്യമായ രീതി (.Style) അദ്ദേഹം സ്വീകരിക്കുന്നുണ്ട്. ഉപദേശങ്ങള്‍, അനുശാസനങ്ങള്‍ പൊതുവെ മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതാണു; അതു കൊടുക്കാനാണു അവര്‍ക്കിഷ്ടം. അമേരിക്കന്‍ കവി റോബര്‍ട് ഫ്രോസ്റ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു. “നമ്മള്‍ക്കറിയാത്ത എന്തെങ്കിലും ചെയ്യാന്‍ പറയുന്നതാകരുത് അല്ലെങ്കില്‍ നമ്മെ ഉദ്ധരിക്കാനോ, പഠിപ്പിക്കാനോ ശ്രമിക്കുന്നതോ ആകരുത് കവിത. കുറുക്കന്‍ രാജാവായാല്‍ എന്ന കവിത കപടവേഷം ധരിച്ച് മറ്റുള്ളവരെ വഞ്ചിക്കുന്നവരെ സൂക്ഷിക്കണം എന്ന ഉപദേശമാണു തരുന്നതെങ്കിലും അതു പറയാന്‍ ഒരു കഥയെ പ്രയുക്തമാക്കിയിരിക്കുന്നു. എന്തുകൊണ്ടാണു നമ്മള്‍ വഞ്ചിക്കപ്പെടുന്നതെന്നും കവി വ്യക്തമാക്കുന്നുണ്ട്. മോടിയിലും ആഢംബരങ്ങളിലും മയങ്ങിപ്പോകുന്ന ഒരു ബലഹീനത മനുഷ്യമനസ്സുകള്‍ക്കുള്ളത്‌ കൊണ്ടാണു അവര്‍ ചതിക്കുഴികളില്‍ വീഴുന്നത്. നീലക്കുറുക്കന്‍ രാജാവായപ്പോള്‍ മൃഗങ്ങള്‍ അതു ആഘോഷമാക്കി. നിജസ്ഥിതി അന്വേഷിക്കുന്നില്ല. മനുഷ്യരുടേയും അവസ്ഥ അതു തന്നെ. ഒരു കാര്യം കവി ഇവിടെ സൂചിപ്പിക്കുന്നത് ശ്രദ്ധിക്കാം “ചാമരം വീശുന്നമാതിരിയാ മാമരക്കൊമ്പൊന്നിളകി നിന്നു” ചാമരം വീശുന്ന പോലെയെന്നു തോന്നിയത് മൃഗങ്ങള്‍ക്കാണ്. പക്ഷെ മരക്കൊമ്പ് ഇളകി നില്‍ക്കയാണു ചെയ്തത്. അതൊരു അശുഭ ലക്ഷണമായി കാണാന്‍ മൃഗങ്ങള്‍ക്ക് കഴിഞ്ഞില്ല. ആഡംബരങ്ങളില്‍ നിന്നുളവാകുന്ന ആനന്ദം ക്ഷണികമാണെന്ന കവിയുടെ ചിന്തയെ ആലങ്കാരികമായി അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യരും ആപത്തില്‍പെടുന്നവരെ ശരിയായി ചിന്തിക്കുന്നില്ല.

ചില ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് എഴുതുന്ന കവികള്‍ വാസ്തവത്തില്‍ അവ ആഴത്തില്‍ മനസ്സിലാക്കിയിട്ടല്ല എഴുതുന്നത്. അത് അവരുടെ ഭാവനാവിലാസമായിരിക്കാം. ഭാവനയില്‍ കാണുന്ന സൗന്ദര്യം, സമാധാനം, സ്‌നേഹം, പ്രേമം, ബന്ധങ്ങള്‍ ഇവ ജീവിതത്തില്‍ പ്രായോഗികമാകണമെന്നില്ല. ചുറ്റിലും അരങ്ങേറുന്ന ജീവിതത്തിന്റെ സ്പര്‍ശം, തുടിപ്പ്, ചേതന ഇവയൊക്കെ പ്രസ്തുത വികാരങ്ങളോട് ചേര്‍ക്കുന്ന കവികള്‍ കവിതയെ ചൈത്യന്യപൂര്‍ണ്ണമാക്കുന്നു. ശ്രീ പുത്തന്‍ കുരിശ്ശിന്റെ കവിതകളില്‍ ലാളിത്യത്തിന്റെ ഗഹനത കാണാം. അദ്ദേഹം ചിന്തിക്കുകയും അറിയുകയും ചെയ്യുന്നു. (Think and Feel) അതുകൊണ്ടാണു കവിതകള്‍ ലാളിത്യത്തോടെ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ അവ ഗഹനമായി വായനക്കാര്‍ക്ക് അനുഭവപ്പെടുന്നത്. സെപ്റ്റംബര്‍ ര്‍ ഇലവന്‍ത്ത് എന്ന പേരില്‍ എഴുതിയ കവിത തീവ്രവാദികള്‍ ന്യൂയോര്‍ക്കിലെ ഇരട്ട ഗോപുരങ്ങളെ ഇടിച്ച് തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ എഴുതിയതാണ്. ഇതില്‍ നമ്മള്‍ കേള്‍ക്കുന്നത് കവിഹൃദയത്തിന്റെ വിലാപമാണ്. മതത്തിന്റെ പേരില്‍, ദൈവത്തിന്റെ പേരില്‍ മനുഷ്യര്‍ ചെയ്യുന്ന അക്രമങ്ങള്‍ ഒരു സമസ്യയായി നില്‍ക്കുന്നത് കവി നമ്മെ അറിയിക്കുന്നു. ദൈവത്തിനോടും മനുഷ്യരോടും ചോദ്യങ്ങള്‍ ചോദിക്കുന്നു. ആ ചോദ്യങ്ങളിലൂടെ മനുഷ്യന്‍ ചെയ്യുന്ന തെറ്റുകളെക്കുറിച്ച് അവനെ ബോധവാനാക്കുന്നു. ദുര്‍ഗ്രഹമായ ബിംബങ്ങള്‍ ഉപയോഗിക്കാന്‍ കവിക്ക് താല്‍പ്പര്യമില്ല. സംഹാരത്തിനുപയോഗിക്കുന്ന പടവാള്‍ വലിച്ചെറിഞ്ഞ് സ്‌നേഹത്തിന്റെ ശക്തി നമ്മള്‍ പ്രയോഗിക്കണം; പടവാളിനേക്കാളും സ്‌നേഹത്തിന്റെ ശക്തിയാണു നമുക്ക് വേണ്ടത് അതിലൂടെയാണു ലോകത്തെ നേടേണ്ടത് എന്നു കവി ഉദ്‌ബോധിപ്പിക്കുന്നു. ദാരുണമായ ഒരു സംഭവത്തിന്റെ അവതരണത്തിലൂടെ വായനക്കാരനെ മനഃശ്ശാസ്ത്രപരമായ ഒരു സമീപനത്തിലൂടെ ചിന്തിപ്പിക്കുന്ന ഒരു രീതി അദ്ദേഹം ഉള്‍ക്കൊള്ളുന്നു. സ്വാഭവികമായും കവിയുടെ ചോദ്യങ്ങള്‍ വായനക്കാരന്റെ മനസ്സിലും ഉയരുന്നു. ആ ചോദ്യങ്ങളിലൂടെ അതിന്റെ മറുപടിക്കായില്ല ദൈവത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ കാത്തു നില്‍ക്കാതെ കവി അതിനു ഉത്തരം കാണുന്നു. അതിനോട് യോജിക്കാതിരിക്കാന്‍ വായനക്കാരനു കഴിയുന്നില്ലെന്നുള്ളതാണു കവിതയുടെ വിജയം.

പേരക്കുട്ടികള്‍ എന്ന കവിത മുതിര്‍ന്നവരുടെ ഗൃഹാതുരത്വത്തിന്റെ വര്‍ണ്ണനയാണ്. ഗൃഹാതുരത്വത്തെക്കുറിച്ച് കവി എഴുതിയത് വായിക്കുമ്പോള്‍ വായനക്കാരില്‍ ഗൃഹാതുരത്വം ഉണരുന്നു. അതെങ്ങനെ സാധിക്കുന്നു? പഴമയെ വര്‍ത്തമാനത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഭൂതവും വര്‍ത്തമാനവും ഒന്നാക്കുന്ന ഒരു സാങ്കേതികത്വം. അതാണു കവിയുടെ കൗശലപൂര്‍വ്വമായ രചനാതന്ത്രം. മുത്തഛന്മാരെ ഒരു ഊഞ്ഞാലില്‍ ആട്ടുന്നപോലെയാണു ഈ കവിതയിലെ സംഭവങ്ങള്‍ വര്‍ണ്ണിക്കുന്നത്. സുകുമാരപദങ്ങളുടെ ഒരു സമ്മേളനം ഈ കവിതയില്‍ കാണാം. നോക്കെത്തും ദൂരത്താണു നമ്മള്‍ കൈവിട്ട ബാല്യമെന്നു ഓരോ വരിയും നമ്മെ ചിന്തിപ്പിക്കുന്നു “ഓടിക്കളിച്ചുമൊളിച്ചുകളിച്ചും, പാടിപറന്നൊരു പൈങ്കിളിപോല്‍, കാടുകള്‍ മേടുകള്‍ കൂടാതെ തോടുകള്‍, ചാടിക്കടന്നും പാടങ്ങള്‍ താണ്ടിയും” വായനക്കാരന്‍ അനുഭൂതിയുടെ ഊഞ്ഞാലില്‍ ഒന്നു ആടി വരുമ്പോഴേക്കും കവി അവരെ വര്‍ത്തമാനത്തിലേക്ക് വിളിക്കുന്നു. എന്നിട്ട് ഒരു ഉപദേശം തരുന്നുണ്ട്. ശിശുഹൃദയമുള്ളവരാകുക. എങ്കില്‍ നമ്മളില്‍ ബാല്യം നഷ്ടപ്പെടാതെ നില്‍ക്കും. അങ്ങനെ ഉപദേശിക്കുമ്പോള്‍ തന്നെ ശ്രീ പുത്തന്‍ കുരിശ് വിഷാദത്തിന്റെ കവിയല്ല. അദ്ദേഹം ശുഭാപ്തി വിശ്വാസക്കാരനാണ്. നഷ്ടപ്പെട്ട ബാല്യത്തെക്കുറിച്ച് ഓര്‍മ്മ പുതുക്കുകയും അത് നഷ്ടപ്പെടാതെ സൂക്ഷിക്കയും ചെയ്യാമെന്ന സന്തോഷം പകരുന്നു കവി.

ഓണം എന്ന കവിത പ്രത്യക്ഷത്തില്‍ ഗൃഹാതുരത്വമായി തോന്നാമെങ്കിലും അതിലൂടെ മനുഷ്യര്‍ക്ക്‌ നഷ്ടപ്പെടുത്തുന്ന നന്മയുടെ ഒരു വിവരണവും കൂടിയാണു. ഇതില്‍ കവിയുടെ ഓര്‍മ്മകളാണു വരികളായി പിറക്കുന്നത്. ഒരു നല്ല കാലത്തെക്കുറിച്ചുള്ള കവിയുടെ ഭാവനയല്ല മറിച്ച് കവി അനുഭവിച്ച സുവര്‍ണ്ണകാലത്തിന്റെ വിവരണമാണ്. അതേസമയം ഓര്‍മ്മകളെ ഭാവനയിലൂടെ പുനര്‍സൃഷ്ടിച്ച് അതെല്ലാം വായനക്കാരനു വിശ്വാസയോഗ്യമാക്കുവാനും അദ്ദേഹത്തിനു കഴിയുന്നു. ഓണം എന്ന സുദിനം അടുക്കുമ്പോള്‍ മനുഷ്യമനസ്സുകള്‍ ആഹ്ലാദം കൊള്ളുന്നെങ്കിലും കാലത്തിന്റെ പുഴുകുത്തുകള്‍ ഏറ്റു അതിന്റെ സൗന്ദര്യം നഷ്ടപ്പെടുന്നത് കവി പ്രകടമാക്കുന്നു.

അദ്ദേഹത്തിന്റെ കവിതകള്‍ എല്ലാം തന്നെ വ്യത്യ്‌സ്തമായ ആശയങ്ങള്‍ (heterogenous ideas) ഉള്‍ക്കൊള്ളുന്നവയെങ്കിലും അവ അവസാനിപ്പിക്കുന്നത് മാനവരാശിക്ക് ഒരു സന്ദേശം നല്‍കിയിട്ടാണ്. വൈകാരികമായ സത്യസന്ധത, ഒരാളുടെ ചേതോവികാരങ്ങളെ അയാളുടെ വീക്ഷണകോണുകളിലൂടെ നോക്കി കാണാനുള്ള കഴിവ് ഇതെല്ലാം ശ്രീ പുത്തന്‍കുരിശിന്റെ കവിതകള്‍ പ്രകടിപ്പിക്കുന്നുണ്ട്.

കവി മനസ്സുകള്‍ കടല്‍ പോലെയാണു. ഒരിക്കലും തിരയടങ്ങാത്ത കടല്‍. അവര്‍ ജീവിതത്തെ, ഈ ലോകത്തെന്ന് പ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യര്‍ നന്നായി ജീവിച്ചുകൊണ്ടിരിക്കണമെന്നവര്‍ ആശിക്കുന്നു. അതുകൊണ്ടാണു സാധാരണ മനുഷ്യര്‍ ശ്രദ്ധിക്കാത്ത അല്ലെങ്കില്‍ അവരുടെ ദൃഷ്ടിയില്‍പ്പെടാത്ത കാര്യങ്ങള്‍ കവികള്‍ എഴുതുന്നത്. അനാദികാലം മുതല്‍ മനുഷ്യര്‍ പ്രകൃതിയുമായി മല്ലടിക്കുന്നതിനോടൊപ്പം അതിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പുരോഗതിയുടെ ഭാഗമായി അതിനെ കണക്കാക്കുന്നവര്‍ വരാന്‍ പോകുന്ന വിപത്തുകളെക്കുറിച്ച് ബോധവാന്മാരല്ല. മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി. ഭൂമിക്ക് ഒരു ചരമഗീതം സമര്‍പ്പിച്ച് അദ്ദേഹത്തിന്റെ നിരാശയും കോപവും പ്രകടിപ്പിച്ചു. “വനരോദനം” എന്ന കവിതയിലൂടെ പാരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് പ്രതിപാദിക്കയാണു കവി. നിര്‍ദ്ദയം വെട്ടിനിരത്തപ്പെടുന്ന കാടുകള്‍ സ്‌നേഹത്തോടെ മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നു: “സൂര്യന്റെ കൈയ്യില്‍ ഒളിച്ചിരിക്കും ഘോരമാം പാടലവര്‍ണ്ണരാജി, നിങ്ങളില്‍ വന്നു പതിച്ചിടാതെ, ഞങ്ങളീ കാടുകള്‍ കാത്തീടുന്നു.” ഭൂമിയെ സ്വന്തം അമ്മയെപോലെ കരുതാനുള്ള കവിയുടെ അഭ്യര്‍ത്ഥനകള്‍ നമ്മുടെ കര്‍ത്തവ്യങ്ങളില്‍ ബോധവാന്മാരാക്കാന്‍ പര്യാപ്തമാണു. ഈ ലോകം മനോഹരമാണു എന്നാല്‍ അതില്‍ മനുഷ്യന്‍ എന്ന രോഗം ഉണ്ട് എന്ന് ഫ്രഡ്രിക്ക് നീഷെ പറഞ്ഞത് മനുഷ്യന്‍ പ്രകൃതിയില്‍ നടത്തുന്ന സംഹാര താണ്ഡവം കണ്ടിട്ടാകാം. പ്രകൃതിയെ പ്രേമിച്ച് പ്രേമിച്ച് നില്‍ക്കുന്ന കവിയുടെ ചിന്തകളില്‍ ഒരു ദര്‍ശനം ഉണ്ടാകുന്നു. നിരന്തരം പീഡിപ്പിക്കപ്പെടുന്ന വസുന്ധരയുടെ വിഹ്വലമായ ഭാവിയെക്കുറിച്ചുള്ള ആശങ്ക കവിയെ ദുഃഖിതനാക്കുന്നു. പ്രകൃതിയെ സ്‌നേഹിക്കുന്നവനാണു കവിയെന്നു അദ്ദേഹത്തിന്റെ അമ്മയുടെ ഓര്‍മ്മയില്‍ എഴുതിയ കവിതയിലും പ്രകടമാണ്. ഒരു പൂങ്കുല പോലെ നമ്മള്‍ വിരിഞ്ഞ് സൗരഭ്യം പരത്തി നില്‍ക്കുമ്പോള്‍ പൊടുന്നനെ അതില്‍ നിന്നു മൃത്യു ഒന്നിനെ അടര്‍ത്തി ഗ്രസിച്ചിടുന്നു. എന്നാല്‍ ഓര്‍മ്മയില്‍, സ്‌നേഹാര്‍ദ്രമായ ഓര്‍മ്മയില്‍ അവര്‍ എന്നും നമ്മില്‍ ജീവിച്ചിരിക്കുമെന്നു കവി സമാധാനപ്പെടുന്നു. വസന്തകാലവും പൂക്കളും അമ്മയുടേയും പ്രിയപ്പെട്ടവരുടേയും ഓര്‍മ്മക്കായി ഉപയോഗിച്ചത്‌ കൊണ്ട് അവരെല്ലാം അദൃശ്യപുഷ്പ്പങ്ങളായി നിന്നു നമുക്ക് ചുറ്റും സുഗന്ധം പരത്തുന്നു നമ്മളില്‍ ഓര്‍മ്മയുടെ കാറ്റ് വീശുമ്പോള്‍ എന്നു കവി ഉദ്‌ബോധിപ്പിക്കുന്നു.

തത്വജ്ഞാനപരമായ വിഷയങ്ങള്‍ (Theme) അവതരിപ്പിക്കുമ്പോഴും സങ്കീര്‍ണ്ണതയില്ലാതെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു. (നഷ്ട സൗഭാഗ്യങ്ങള്‍). ഇതില്‍ കവി പറയുന്നു. “കഷ്ടം ഞാന്‍ പൂര്‍ണ്ണമായ് കൊടുക്കാന്‍ മടിച്ചതാല്‍, നഷ്ടമായ് സൗഭാഗ്യങ്ങള്‍ കൂട്ടമായ് എന്നില്‍ നിന്നും.” എന്താണു ഈ കവിതയിലെ വിഷയം? ഇതിലെ വിഷയം ഇതിലെ കഥാനായകന്റെ ജീവിതയാത്രയും അനുഭവങ്ങളുമാണു. ഒരു കഥാരൂപത്തില്‍ കവി അതിന്റെ ചുരുളഴിക്കുന്നു. സുന്ദരമായ ഒരു കാവ്യശൈലി സ്വായത്തമായിട്ടുള്ള കവി ആ കഥ മനോഹരമായ രീതിയില്‍ ആവിഷക്കരിക്കുന്നു. കഥാനായകന്‍ പഠിച്ച പാഠം നമ്മള്‍ വായനകാരും പഠിക്കുന്നു. അനുവാചക മനസ്സുകളിലേക്ക് എങ്ങനെയാണു പ്രയാസമുള്ള അല്ലെങ്കില്‍ ശാസനപരമായ, ഉപദേശരൂപത്തിലുള്ള വിഷയങ്ങളെ ഉള്‍പ്രവേശിപ്പിക്കുക എന്നു നന്നായി ബോധമുള്ളവനാണു കവി. കവികളോടും കവിക്ക് ചിലത് പറയാനുണ്ട്. ഈ വരികള്‍ ശ്രദ്ധേയം. “മനസ്സേ തളരരുതൊരു നാളും, കരിമുകില്‍ മാറും ഒളിവീശും, നിനവുകള്‍ ചേര്‍ത്തൊരു കാവ്യം നീ തീര്‍ക്കുക കവിയെ മടിയാതെ.” കവിക്ക് തന്റെ പരിമിതകളെക്കുറിച്ച് പറയാനും മടിയില്ല. അദ്ദേഹം കാവ്യദേവതയോട് വളരെ സത്യസന്ധമായി സംസരിക്കുന്നത് കേള്‍ക്കുക. “ക്രുദ്ധമാം വാക്കുകള്‍ കൊണ്ടു നിന്‍ ലോലമാം ഹൃത്തടം കുത്തി മുറിച്ചെങ്കില്‍ ദേവി നീ ഏകുക മാപ്പെന്റെ കാവ്യമയൂരമേ, മൂകനാകുന്നു വെല്‍ക നീ സുന്ദരി.” എങ്കിലും കാവ്യമയൂരം പീലി നിവര്‍ത്തുമ്പോള്‍ കവിക്ക് അതു വിട്ടിട്ട് പോകാന്‍ കഴിയുന്നില്ല. ആ സൗന്ദര്യഭൂമിയില്‍ നിന്നു പാടുന്ന കവി മോഹിക്കുന്നു. വളരെ മനോഹരമായ സങ്കല്‍പ്പങ്ങളെ താലോലിക്കുന്ന ഒരു ഹൃദയമാണു കവിക്കുള്ളതെന്നു വായനക്കാരനും അപ്പോള്‍ മനസ്സിലാക്കുന്നു.

ഭാവസുഷമയുടെ വര്‍ണ്ണരാജികള്‍ ചിതറിവീഴുന്ന കാവ്യഗാനങ്ങളുടെ ദൃശ്യാവിഷ്കാരമാണ് “വര്‍ണ്ണച്ചെപ്പ്” എന്ന വീഡിയോ. ശ്രീ പുത്തന്‍ കുരിശ് രചിച്ച സുന്ദരമായ പത്തോളം കാവ്യങ്ങള്‍ അനുഗ്രഹീത ഗായകര്‍ പാടുകയും അഭിനേതാക്കള്‍ അഭിനയിക്കുകയും ചെയ്തിരിക്കുന്നു. ആശയങ്ങളുടെ സാക്ഷാത്ക്കാരമാണു കവിതയെങ്കില്‍ ദൃശ്യകലയില്‍ ആ സാക്ഷാത്കാരത്തിനു ഒരു പുനര്‍ദര്‍ശനം കിട്ടുന്നു. ഈ വീഡിയോയിലെ ഓരോ കവിതയിലേയും വാക്ക്, ശബ്ദം, താളം എന്നീ ഘടകങ്ങള്‍ക്ക് കവി വളരെ പ്രാധാന്യം നല്‍കിയതായി കാണാം. കേരളത്തിന്റെ തനി കലാരൂപങ്ങള്‍ക്ക് ഒരു നവപരിവേഷം കൊടുക്കുന്ന രചനാസൗന്ദര്യവും ദൈനംദിന ജീവിതത്തിലെ വ്യത്യസ്ത മുഹുര്‍ത്തങ്ങളെ വരികളില്‍ ബന്ധിപ്പിച്ചുകൊണ്ട് അവ നഷ്ടപ്പെടാതെ അനുവാചകനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു കവി. ഈ വീഡിയോയില്‍ പ്രണയത്തിന്റെ മധുരവും, ബാല്യ-കൗമാര സ്വപനങ്ങളുടെ ഇമ്പവും, ജീവിതത്തിന്റെ നൊമ്പരങ്ങളുമെല്ലാം കവി പകര്‍ത്തിയിരിക്കുന്നു. വീഡിയോ ദ്രുശ്യങ്ങള്‍ സംവിധാനം ചെയ്തയാളും പാടിയവരും നന്നായി അവരുടെ പങ്കു ചെയ്‌തെങ്കിലും നായകന്മാരായി അഭിനയിച്ചവര്‍ക്ക് മികവു പുലര്‍ത്താനായില്ലെന്നു സംശയിക്കുന്നു.

കവിതകളെ അനുഗ്രഹീത ഗായകരെകൊണ്ട് പാടിപ്പിച്ച് സി.ഡി.യിലാക്കിയത് കവിതകള്‍ക്ക് ഒരു പുതിയ മാനം നല്‍കാന്‍ സഹായിച്ചിട്ടുണ്ട്. കാതിനമൃത് പകരുന്ന അവരുടെ ശബ്ദമാധുരിയില്‍ അവ കേട്ടിരിക്കുമ്പോള്‍ ആസ്വാദനത്തിനു കൂടുതല്‍ ശക്തി ലഭിക്കുന്നു. “വിശ്വസംസ്കാരത്തിന്‍ മൗലിയില്‍ മണിമുത്തേ, വെല്‍ക നീ ചരിത്രത്തിനു മങ്ങാത്ത പൊന്‍വിളക്കായ്’ മരതകതോപ്പുകള്‍ നിന്‍ നീരാളവവസ്ത്രമായി, നീലവിപിനങ്ങള്‍ വാര്‍കൂന്തലായി” അതു കേട്ടിരിക്കുമ്പോള്‍ കേരളശ്രീ നമ്മുടെ മുന്നില്‍ ഓളം വെട്ടുന്ന പ്രതീതി അനുഭവപ്പെടുന്നു.

ഹൃദയഹാരിയായ കവിതകള്‍, ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകള്‍, മനുഷ്യമനസ്സുകളിലേക്ക് പ്രകാശം പരത്തുന്ന കവിതകള്‍, ആ പ്രകാശത്തിലൂടെ അവര്‍ക്കും നന്മയുടെ രാജ്യം കാണാന്‍ അവരുടെ ഉള്‍ക്കണ്ണു തുറപ്പിക്കുന്ന കവിതകള്‍, അവരുടെ വിവേകത്തെ ഉണര്‍ത്തുന്ന കവിതകള്‍. ശുദ്ധമായ കവിതകളെ വേര്‍തിരിച്ചറിയാനുള്ള ആസ്വാദക മനസ്സുകള്‍ക്ക് ആഹ്ലാദം പകരുന്ന കവിതകള്‍. അമേരിക്കന്‍ മലയാളികള്‍ മാത്രമല്ല മലയാളഭാഷാപ്രേമികളെ, എല്ലാവരുംഈ കവിതകള്‍ വായിക്കാന്‍ അല്‍പ്പം സമയം കാണുക. ഒ.എന്‍.വി. കുറുപ്പിന്റെ ഒരു കവിത ശകലം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നു.

സല്ലപിച്ചിരുന്നീടാമന്യോന്യം, ഹൃദയത്തില്‍
സംഗീതം ശ്രവിക്കുവാന്‍ നിങ്ങള്‍ക്കും രസമല്ലേ?

ഖലീല്‍ ജിബ്രാന്റെ കവി എന്ന കവിത ശ്രീ പുത്തന്‍കുരിശ് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതിലെ ചില വരികള്‍ അനുഗ്രഹം പോലെ ശ്രീ പുത്തന്‍കുരിശ്ശിനും ഭവിക്കട്ടെ എന്നാശംസിക്കാം. ഇതാ ആ വരികള്‍:

നീ കാലത്തിന്റെ ക്രൂരതയെ വകവയ്ക്കാതെ അതിന്റെമേല്‍ ജയഘോഷം നടത്തിയിരിക്കുന്നു
അല്ലയോ കവേ? നീ ഒരിയ്ക്കല്‍ ഹൃദയങ്ങളെ കീഴടക്കും.

അല്ലയോ കവേ? നിന്റെ മുള്‍ക്കിരീടത്തെ പരിശോധിച്ചാലും!
നീ അവയില്‍ നിനക്കായി ഒളിച്ചിവച്ചിരിക്കുന്ന കീര്‍ത്തിയുടെ പുഷ്പമാല്യത്തെ കണ്ടെത്തും.

ഈ നിരൂപണം ശ്രീ പുത്തന്‍ കുരിശ്ശിന്റെ തിരഞ്ഞെടുത്ത കവിതകളെക്കുറിച്ച് മാത്രം. ശ്രീ പുത്തന്‍കുരിശിനു ഭാവുകാശംസകള്‍ നേര്‍ന്നുകൊണ്ട്.

ശുഭം

കവിയെക്കുറിച്ച്: ജന്മസ്ഥലം പുത്തന്‍കുരിശ്, എറണാകുളം.
വിദ്യാഭ്യാസം: ഹൈസ്കൂള്‍ എം.ജി.എം. പുത്തന്‍കുരിശ്., സെയിന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരി, മിസ്സോറി സിറ്റി, ടെക്‌സസ്, യു.എസ്.എ.

ഭാര്യ: ഗീത. ഗ്ലെന്‍, ആശ, എവന്‍, ഗ്ലെന്നി, ബെന്നി, ക്യാലി, ജൂഡ്, മക്കളും, മരുമക്കളും, പേരക്കിടാങ്ങളും.

പ്രസിദ്ധീകരണങ്ങള്‍: പ്രവാസഗീതം (കവിതാ സമാഹാരം 2004), വര്‍ണ്ണച്ചെപ്പ് വിഷ്വല്‍ ഓഡിയോ, പ്രവാസഗീതം കവിതാസമാഹാരത്തില്‍ നിന്നു തിരഞ്ഞെടുത്ത പതിനഞ്ച് കവിതകളുടെ സി.ഡി.

വിവര്‍ത്തനം: ഖലീല്‍ ജിബ്രാന്റെ തിരഞ്ഞെടുത്ത കവിതകള്‍ (ഇ-മലയാളിയുടെ 2015 ലെ വിവര്‍ത്തനത്തിനുള്ള പ്രത്യേക അവാര്‍ഡ്).

സാഹിത്യ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍: എഡിറ്റോറിയല്‍, പ്രവാസി പത്രം, ഹ്യൂസ്റ്റന്‍.

സെക്രട്ടറി: മലയാളം സൊസൈറ്റി ഓഫ് അമേരിക്ക.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top