Flash News

വിട – രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിടവാങ്ങല്‍

July 23, 2017

pranabന്യൂഡല്‍ഹി: ഭരണഘടനയെ സംരക്ഷിക്കാന്‍ എല്ലാതരത്തിലും ശ്രമിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്റില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നു തന്റെ വഴികാട്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു.

അവശ്യഘട്ടങ്ങളില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കേണ്ടതെന്നു രാഷ്്ട്രപതി വ്യക്തമാക്കി. വിശദമായ ചര്‍ച്ചകളിലൂടെയാണു നിയമനിര്‍മാണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ നല്‍കിയ വിടവാങ്ങല്‍ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി. പിന്നിട്ട വഴികള്‍ ഓര്‍ത്തെടുത്താണ് പ്രണബ് മുഖര്‍ജി വിടവാങ്ങല്‍ പ്രസംഗം തുടങ്ങിയത്. ഭരണഘടനയെ സംരക്ഷിക്കാന്‍ എല്ലാതരത്തിലും ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിയെന്ന നിലയില്‍ തന്റെ ഓരോ കാല്‍വെപ്പിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശവും സഹകരണവും ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദിക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ എപ്പോഴുമുണ്ടാകും. അദ്ദേഹത്തിന്റെ പെരുമാറ്റം ഊഷ്മളമായിരുന്നുവെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

48 വര്‍ഷം മുമ്പാണ് ആദ്യമായി പാര്‍ലമെന്റിലെത്തിയതെന്ന് 20 മിനിട്ടുനീണ്ട പ്രസംഗത്തില്‍ അദ്ദേഹം ഓര്‍മ്മിച്ചു. 1969 ല്‍ 34 വയസുള്ളപ്പോള്‍ ആയിരുന്നു അത്. പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായാണ് ആദ്യം പാര്‍ലമെന്റിലെത്തിയത്. പിന്നീട് രാജ്യസഭാംഗവും ലോക്സഭാംഗവുമായി 37 വര്‍ഷം പ്രവര്‍ത്തിച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് തന്റെ വ്യക്തിത്വം രൂപപ്പെടുന്നതില്‍ പ്രധാനപങ്കുവഹിച്ചു. പാര്‍മെന്റ് നടപടികളില്‍ പങ്കെടുത്തതില്‍നിന്നാണ് ചര്‍ച്ചയുടെയും സംവാദങ്ങളുടെയും എതിര്‍പ്പുകളുടെയും മൂല്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലുള്ള അതൃപ്തി പ്രസംഗത്തിന്റെ അവസാനത്തിലാണ് രാഷ്ട്രപതി തുറന്നുപറഞ്ഞത്. പാര്‍ലമെന്റില്‍ ചര്‍ച്ചകളിലൂടെയുള്ള നിയമനിര്‍മാണം കുറഞ്ഞുവരികയാണ്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ പാര്‍ലമെന്റിനെ മറികടന്ന് ഓര്‍ഡിനന്‍സുകള്‍ ഇറക്കാവൂവെന്നു കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം ഓര്‍മിപ്പിച്ചു.

പാര്‍ലമെന്റിനെ സമ്പന്നമാക്കിയ പ്രവര്‍ത്തന കാലാവധി പിന്നിട്ടാണ് പ്രണബ് മുഖര്‍ജി രാഷ്ട്രപതി പദത്തില്‍ നിന്ന് പടിയിറങ്ങുന്നതെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ പറഞ്ഞു. എംപിമാര്‍ക്കെല്ലാം അദ്ദേഹം ഗുരുസ്ഥാനീയനാണെന്നും സുമിത്രാമഹാജന്‍ വ്യക്തമാക്കി. സമാനതകളില്ലാത്ത നേതാവാണ് പ്രണബ് എന്ന് ഉപരാഷ്്ട്രപതി ഹമീദ് അന്‍സാരി അഭിപ്രായപ്പെട്ടു. പ്രണബ് മുഖര്‍ജിക്ക് പാര്‍ലമെന്റ് അംഗങ്ങളുടെ സ്‌നേഹോപഹാരം ലോക്‌സഭാ സ്പീക്കര്‍ കൈമാറി.

pranab-story_647_072317080716അന്‍പത് വര്‍ഷത്തോളം ദേശീയരാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായിരുന്ന പ്രണബ് മുഖര്‍ജി 2012-ലാണ് ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി ചുതമലയേറ്റത്. രാഷ്ട്രപതി ഭവനെ ജനകീയമാക്കിയ രാഷ്ട്രപതി എന്ന നിലയിലാണ് അദ്ദേഹത്തെ ചരിത്രം അടയാളപ്പെടുത്തുക. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഔദ്യോഗികവസതിയാണ് ഇന്ത്യയുടെ രാഷ്ട്രപതി ഭവന്‍.

രാഷ്ട്രപതി ഭവന്റെ ചരിത്രം കൃത്യമായി ശേഖരിക്കാനോ സൂക്ഷിക്കാനോ അത് ജനങ്ങളിലെത്തിക്കാനോ ഉള്ള ശ്രമങ്ങള്‍ മുന്‍പുണ്ടായിരുന്നില്ല. എന്നാല്‍ സ്ഥാനമേറ്റതിനു പിന്നാലെ ഇതേക്കുറിച്ച് പഠിക്കാനും അത് ജനങ്ങളിലേക്കെത്തിക്കാനും അദ്ദേഹം ശ്രമിച്ചു. കനത്ത സുരക്ഷയുള്ള രാഷ്ട്രപതി ഭവനില്‍ കടക്കുന്നതിന് മുന്‍പ് കര്‍ശന നിയന്ത്രണങ്ങളുണ്ടായിരുന്നുവെങ്കിലും പ്രണബ് മുഖര്‍ജി ഇടപെട്ട് അതെല്ലാം ലഘൂകരിച്ചു. ഇതോടെ ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ക്കാണ് രാഷ്ട്രപതിഭവനും അതിനകത്തെ മുഗള്‍ ഗാര്‍ഡനും കാണുവാന്‍ അവസരം ലഭിച്ചത്.

പ്രണബ് മുഖര്‍ജി രാഷ്ടപതിയായിരുന്ന അഞ്ച് വര്‍ഷത്തിനിടയില്‍ പല രാഷ്ട്രീയവിഷയങ്ങളും രാജ്യത്തിനകത്ത് ഉയര്‍ന്നു വന്നെങ്കിലും പ്രഥമപൗരന്‍ എന്ന പദവിയുടെ മാനവും അന്തസ്സും കാത്തുസൂക്ഷിച്ച് ഔദ്യോഗികകാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രണബ് മുഖര്‍ജി പ്രവര്‍ത്തിച്ചത്. എന്നാല്‍, രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങളില്‍ സ്വന്തം നയം വ്യക്തമാക്കാന്‍ അദ്ദേഹം മടിച്ചതുമില്ല.

നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ ജനങ്ങളെ സാരമായി ബാധിക്കുന്ന പ്രശ്നമായിരിക്കും ഇതെന്നും ജനങ്ങള്‍ ഏറെ ദുരിതം നേരിടേണ്ടി വരുമെന്നും പ്രണബ് മുഖര്‍ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. ദളിതര്‍ക്ക്ര് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക്ള് നേരെയും ഗോഹത്യയുടെ പേരിലുള്ള മനുഷ്യക്കുരുതികളിലും അദ്ദേഹം തനിക്കുള്ള അതൃപ്തിയും അസ്വസ്ഥതയും തുറന്ന് പ്രകടിപ്പിച്ചു. എന്നാല്‍ ഉത്തരാഖണ്ഡിലും അരുണാചല്‍ പ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തില്‍ രാഷ്ട്രപതി എന്ന നിലയില്‍ പ്രണബ് കുറ്റകരമായ മൗനം പാലിച്ചുവെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

kovind7പ്രധാനമന്ത്രിയും രാഷ്ട്രപതിയും തമ്മില്‍ പലപ്പോഴും പല തീരുമാനങ്ങളിലും ഭിന്നാഭിപ്രായം രേഖപ്പെടുത്തിയെങ്കിലും വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് മോദിയും പ്രണബും തമ്മിലുണ്ടായത്. പലവേദികളിലും ഇരുവരും പരസ്പരം പുകഴ്ത്തി സംസാരിക്കുകയുണ്ടായി. പ്രധാനമന്ത്രിയായി ഡല്‍ഹിയിലെത്തിയ തന്നെ കൈപിടിച്ചു മുന്നോട്ട് നടത്തിയത് പ്രണബ് മുഖര്‍ജിയായിരുന്നുവെന്ന് രാഷ്ട്രപതി ഭവനില്‍ ആരംഭിച്ച മ്യൂസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രി പദവി ഏറ്റെടുത്ത ആദ്യ ഘട്ടങ്ങള്‍ മുതല്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തന്റെ ഗുരുസ്ഥാനത്ത് ഉണ്ടായിരുന്നുവെന്നും ഭരണപരമായ കാര്യങ്ങളില്‍ തന്നെ പലപ്പോഴും അദ്ദേഹം സഹായിച്ചിട്ടുണ്ടെന്നും ഈ അടുത്ത കാലത്തും പ്രധാനമന്ത്രി സ്മരിച്ചു.

സജീവരാഷ്ട്രീയത്തില്‍ നിന്ന് രാഷ്ട്രപതി ഭവനിലെത്തിയ പ്രണബ് മുഖര്‍ജി രാഷ്ട്രപതി പദവിയില്‍ നിന്നൊഴിയുമ്പോള്‍ തിരികെ രാഷ്ട്രീയത്തിലേക്ക് വരാനുള്ള സാധ്യതയില്ല എങ്കിലും ദിശയറിയാതെ കുഴങ്ങുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രണബിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top