Flash News

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം

July 23, 2017 , യു.എ.നസീര്‍, Director, JFA America, New York

pravasi vote bannerദശലക്ഷക്കണക്കിന് പ്രവാസികള്‍ ലോകത്ത് പല രാജ്യങ്ങളിലായി അധിവസിക്കുന്നു. എന്നാല്‍ 1951 ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം വിദേശങ്ങളില്‍ വസിക്കുന്ന ഭാരതീയര്‍ക്ക് വോട്ടവകാശമില്ല. പിന്നീട് 2011 ല്‍ മന്‍മോഹന്‍ സിംഗ് ഗവണ്മെന്റ് കൊണ്ടു വന്ന ഭേദഗതി പ്രകാരം തെരഞ്ഞെടുപ്പ് ദിനം നാട്ടില്‍ ഉള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടര്‍ ലിസ്റ്റില്‍ പേരുണ്ടെങ്കില്‍ വോട്ടവകാശം രേഖപ്പെടുത്താമെന്നായി.

എന്നാല്‍ ഒന്നര കോടിയിലധികം പ്രവാസി ഇന്ത്യക്കാരുള്ളതില്‍ ആകെ 24,348 പേര്‍ മാത്രമാണ് വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ തന്നെ 10,000ല്‍ താഴെ പേര്‍ക്കു മാത്രമെ വോട്ടു രേഖപ്പെടുത്താന്‍ ഇന്ത്യയില്‍ സമയത്തിന് എത്താന്‍ സാധിച്ചിട്ടുള്ളൂ. ചുരുക്കത്തില്‍ അന്യ ദേശത്ത് കഠിനാദ്ധ്വാനം ചെയ്തു വലിയ ഒരു സംഖ്യ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസി സമൂഹത്തിന് രാജ്യത്തിന്റെ ഭാവി ഭാഗധേയം നിയന്ത്രിക്കുന്നതിനുള്ള ജനാധിപത്യ പ്രക്രിയയില്‍ പോലും അഭിപ്രായം രേഖപ്പെടുത്താന്‍ അവകാശമില്ല എന്നര്‍ത്ഥം.

ഈ അവസരത്തിലാണ് അബുദാബിയിലുള്ള പ്രവാസി വ്യവസായിയും, എം.എ.യൂസഫ് അലി സാഹിബിന്റെ മൂത്ത മരുമകനും, കോഴിക്കോട്ടുകാരനുമായ ഡോ. ഷംസീര്‍ വയലില്‍ മൂന്നര വര്‍ഷം മുന്‍പ് വിദേശ ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ വരാതെ തന്നെ വോട്ടവകാശം ലഭ്യമാക്കണം എന്ന ന്യായമായ ആവശ്യവുമായി പരമോന്നത നീതി പീഠമായ സുപ്രീം കോടതിയെ സമീപിച്ചത്.

നീണ്ട നിയമ പോരാട്ടങ്ങള്‍ക്കിടയില്‍, പ്രവാസികള്‍ക്ക് ഇലക്ട്രോണിക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കാവുന്നതാണെന്ന് 2015 ല്‍ തന്നെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ പിന്നെയും ധാരാളം തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു പോയി. അവസാനം കഴിഞ്ഞ വെള്ളിയാഴ്ച ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേകര്‍ വിദേശ ഇന്ത്യക്കാര്‍ക്ക് പോസ്റ്റല്‍ വോട്ടിന് നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ അറ്റോര്‍ണി ജനറൽ കെ.കെ. വേണുഗോപാലിന് രണ്ടാഴ്ച സമയം അനുവദിച്ചിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത പ്രവാസി ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയുണര്‍ത്തുന്നു.

ഹരജിക്കാരനു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകള്‍ റോഹ്തകി, കപില്‍ സിബല്‍, ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ ഹാജരായി. അഡ്വ. ഹാരിസ് ബീരാന്‍ ആണ് ഡോ. ഷംസീറിന് വേണ്ടി സുപ്രീം കോടതിയില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി കാര്യങ്ങള്‍ ഏകോപിച്ചിരുന്നത്. ഭാഗ്യം തുണക്കുകയാണെങ്കില്‍, പ്രവാസി ഇന്ത്യക്കാരുടെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതി ചേര്‍ക്കേണ്ട ഒരു അദ്ധ്യായമായിരിക്കും “വിദേശ ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക്ക് പോസ്റ്റല്‍ വോട്ട് “എന്ന സ്വപ്നം. നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ തൊട്ട് ഉദ്യോഗസ്ഥന്മാര്‍ക്ക് വരെ പ്രവാസികളോടുള്ള മനോഭാവത്തിലും പെരുമാറ്റത്തിലും കാതലായ മാറ്റം വരുത്തേണ്ടി വരും, തീര്‍ച്ച.

പ്രവാസികളും, വിവിധ സംഘടനകളും ഈ നിമിഷം വരെ പ്രവാസി പോസ്റ്റല്‍ വോട്ട് എന്ന ആശയത്തിന് വേണ്ട രീതിയിലുള്ള പരിഗണനയോ ചര്‍ച്ചകളോ നൽകിയിട്ടില്ല എന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഈ മഹത്തായ ലക്ഷ്യത്തിനു വേണ്ടി ധാരാളം സമയവും, പണവും നിശ്ശബ്ദ പ്രവര്‍ത്തനത്തിലൂടെ ചിലവഴിച്ച ഡോക്ടര്‍ ഷംസീര്‍ വയലില്‍ തികച്ചും അഭിനന്ദനാര്‍ഹനാണ്.

കഴിഞ്ഞ വര്‍ഷം അമേരിക്ക സന്ദര്‍ശിച്ച ഡോ. ഷംസീര്‍, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവര്‍ക്ക് JFA America ( Justice For All / എല്ലാവര്‍ക്കും നീതി) എന്ന സംഘടന ന്യൂയോര്‍ക്കിലെ യോങ്കേഴ്സില്‍ വെച്ചു ഈ നിയമ പോരാട്ടത്തിന്റെ പേരില്‍ ഒരു ചെറു സ്വീകരണം നൽകുകയുണ്ടായി. (അമേരിക്കന്‍ ജയിലുകളിലും ,കോടതികളിലും കുടുങ്ങിക്കിടക്കുന്ന നിരപരാധികളെ സഹായിക്കുക എന്നതാണ് Voice of voiceless അഥവാ ശബ്ദമില്ലാത്തവരുടെ ശബ്ദം എന്ന പേരില്‍ അറിയപ്പെടുന്ന JFA ) വോട്ടവകാശം വിനിയോഗിക്കുകക എന്ന പ്രവാസി ഇന്ത്യക്കാരന്റെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്നം 2019 ലെങ്കിലും സാക്ഷാല്‍ക്കരിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അടുത്തു തന്നെ നമുക്ക് ഇരട്ട പൗരത്വത്തിനു വേണ്ടിയും ശബ്ദമുയർത്താന്‍ ശ്രമിക്കാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top