Flash News

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ നിലമ്പൂര്‍ നാടുകാണിച്ചുരത്തിനടുത്ത് കണ്ടതായി വിവരം; പ്രദേശം മലപ്പുറം പോലീസിന്റെ നിരീക്ഷണത്തില്‍

July 25, 2017

appunni-2കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ സുനില്‍രാജ് എന്ന അപ്പുണ്ണി ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് പൊലീസിനു രഹസ്യവിവരം കിട്ടി. നിലമ്പൂര്‍ നാടുകാണിച്ചുരത്തിനു സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ ദേവാലത്ത് അപ്പുണ്ണിയെ കണ്ടതായാണ് പൊലീസിനു വിവരം ലഭിച്ചത്. ദേവാലം പ്രദേശം രണ്ടു ദിവസമായി മലപ്പുറം പൊലീസിന്റെ നിരീക്ഷണത്തിലാണ്. നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ അംഗങ്ങളും നിലമ്പൂരില്‍ തമ്പടിക്കുന്നുണ്ട്. മലയാള സിനിമകളുടെ ഷൂട്ടിങ് ധാരാളം നടക്കുന്ന സ്ഥലമാണിത്. ദിലീപിന്റെ തന്നെ പല സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.

അപ്പുണ്ണി ഒളിവില്‍ പോയതു കേസിന്റെ തുടരന്വേഷണങ്ങള്‍ക്കു തിരിച്ചടിയായിട്ടുണ്ട്. ദിലീപിനെ മറ്റു പ്രതികളുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് അപ്പുണ്ണി. കുറ്റകൃത്യത്തിനു പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയും ആസൂത്രണവും നടന്നതിനാല്‍ പ്രതികള്‍ക്കെതിരെ ഇനിയും കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണു സൂചന.

അതിനിടെ, നടിയെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് നടി കാവ്യാ മാധവനുമായി അവസാനം ഒരുമിച്ച് അഭിനയിച്ച സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലും മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) പലതവണ എത്തിയതായി പൊലീസിനു വിവരം ലഭിച്ചു. കൊല്ലം തേവലക്കരയില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഈ ചിത്രത്തിന്റെ സാങ്കേതിക വിദഗ്ധരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഷൂട്ടിങ് നടന്ന വീട്ടുകാരോടും അയല്‍വാസികളോടും വളരെ നല്ലരീതിയിലാണു സുനില്‍ പെരുമാറിയത്. ഷൂട്ടിങ്ങിനിടയില്‍ ദിലീപ്, കാവ്യ എന്നിവരുമായും ഇയാള്‍ വളരെ അടുപ്പത്തോടെ പെരുമാറി. ‘സുനിക്കുട്ടന്‍’ എന്നാണു പ്രതിയെ അവിടെ പലരും വിളിച്ചിരുന്നത്. ഇതു സംബന്ധിച്ച വിവരം ലഭിച്ച അന്വേഷണ സംഘം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടര്‍ന്നു തേവലക്കരയിലെത്തി തെളിവുകള്‍ ശേഖരിച്ചു.

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ വീട്ടില്‍വച്ചായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി. സന്ധ്യ നേരിട്ടെത്തിയാണു കാവ്യയെ ചോദ്യംചെയ്തത്. പ്രാഥമിക ചോദ്യംചെയ്യല്‍ മാത്രമാണു നടന്നതെന്നാണു വിവരം. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലില്‍, മെമ്മറി കാര്‍ഡിന്റെയും ഫോണിന്റെയും വിവരങ്ങളാണു പൊലീസ് മുഖ്യമായും കാവ്യയില്‍നിന്നു ചോദിച്ചറിഞ്ഞതെന്നാണു സൂചന. നടിയെ അതിക്രമത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരസ്ഥാപനമായ ‘ലക്ഷ്യ’യില്‍ ഏല്‍പ്പിച്ചതായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിനെഴുതിയെന്ന് പറയപ്പെടുന്ന കത്തിലെ ‘കാക്കനാട്ടെ ഷോപ്പി’നെക്കുറിച്ചുള്ള പരാമര്‍ശമാണു കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്കു നയിച്ചത്.

അതേസമയം ഗായികയും അവതാരകയുമായ റിമി ടോമിയെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. കേസിലെ ഗൂഢാലോചനകുറ്റത്തില്‍ ജയിലില്‍ കഴിയുന്ന ദിലീപുമായി റിമി ടോമിക്ക് അടുത്തബന്ധമാണുള്ളത്. ഇരുവരും തമ്മില്‍ നിരവധി റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുമുണ്ടെന്നും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. ആഴ്ചകള്‍ക്ക് മുന്‍പ് ദിലീപിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയപ്പോള്‍ റിമിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ പരിശോധനയില്‍ നിരവധി രേഖകളും ഉദ്യോഗസ്ഥസംഘം കണ്ടെടുത്തിരുന്നു. ഇരുവരുടെയും ഭൂമിയിടപാടുകള്‍ സംബന്ധിച്ച് നേരത്തെയും നിരവധി പരാതികള്‍ എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിരുന്നു.

ആക്രമിക്കപ്പെട്ട നടിയും റിമിയും നേരത്തെ അടുത്തസുഹൃത്തുക്കളായിരുന്നു. എന്നാല്‍ കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവാര്യര്‍ അറിഞ്ഞത് നടിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് വിശ്വസിച്ച റിമി, നടിയുമായി അകലുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗൂഢാലോചനയിലും റിമിക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നത്. ചോദ്യംചെയ്യാന്‍ തീരുമാനിച്ചതോടെ റിമി ടോമിയോട് വിദേശത്തേക്ക് പോകരുതെന്നും ഷോകള്‍ റദ്ദാക്കണമെന്നും അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top