Flash News

ബീഹാര്‍ രാഷ്ട്രീയം കലങ്ങിമറിയുന്നു; കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ബിജെപിയും

July 26, 2017

Lalu-Nitish-Kumar_ibnlive_3801പട്‌ന: ബിഹാറിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു പിന്നില്‍ ബിജെപിയെന്ന് ആര്‍ജെഡി. ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിന്റെ രാജി നിതീഷ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ലാലു പ്രസാദ് യാദവ് ആവര്‍ത്തിച്ചു. നിതീഷിന്റെ രാജിക്കുപിന്നില്‍ അഴിമതി ആരോപങ്ങളാണെങ്കില്‍ 2015ല്‍ മഹാസഖ്യം രൂപീകരിക്കുമ്പോള്‍ തനിക്കെതിരെ ആരോപണങ്ങളുണ്ടായിരുന്നുവെന്ന് ഓര്‍മിക്കണമെന്നും ലാലു കൂട്ടിച്ചേര്‍ത്തു.

ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിലും ഭേദം മരിക്കുന്നതാണെന്നാണു നിതീഷിന്റെ എക്കാലത്തെയും നിലപാട്. ആര്‍എസ്എസ് – മുക്ത ഇന്ത്യയാണ് തനിക്കാവശ്യമെന്ന് നിതീഷ് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ എന്തുതെറ്റാണ് ചെയ്തിട്ടുള്ളത്, ഞങ്ങളാണ് ഏറ്റവും വലിയ പാര്‍ട്ടി, അധികാരത്തിലെത്താനുള്ള അവകാശമുണ്ട്. നിതീഷിനെതിരെ കൊലപാതകക്കേസുണ്ട്. ഞങ്ങള്‍ അത് ഒരിക്കലും ഉന്നയിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ ലാലു, ഇതിനൊപ്പം 2009 ഓഗസ്റ്റ് 31ന് നിതീഷ് കുമാറിനെതിരെ റജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസിന്റെ ചില രേഖകളും മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചു. ആയുധ നിയമത്തിന്റെ കീഴില്‍ നിതീഷിനെതിരെ കേസുണ്ട്. എന്നിട്ടും നിതീഷ് മുഖ്യമന്ത്രിക്കസേരയില്‍ എങ്ങനെയിരുന്നുവെന്ന് ചോദിച്ച ലാലു അഴിമതിയെക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ നിതീഷ് കുമാറിനുമേലുണ്ടെന്നും അതു ഞങ്ങള്‍ക്ക് അറിയാമെന്നും വ്യക്തമാക്കി.

ലാലുവിന്റെ വാര്‍ത്താസമ്മേളനത്തില്‍നിന്ന്:

മുന്നോട്ടുപോകാന്‍ പ്രയാസമാണെന്നു നിതീഷിനു മനസ്സിലായി. അതുകൊണ്ടാണ് ബിജെപിയും ആര്‍എസ്എസുമായി നിതീഷ് അടുത്തത്. അദ്ദേഹം ബിജെപിയുടെയും ആര്‍എസ്എസിന്റെയും കൈകളിലാണ്. അഞ്ചുവര്‍ഷത്തേക്കാണ് ജനങ്ങള്‍ വോട്ടുചെയ്തു വിജയിപ്പിച്ചത്, അതിനാല്‍ രാജിവയ്ക്കരുതെന്ന് താന്‍ നിതീഷിനോടു പറഞ്ഞുവെന്നും നിതീഷ് രാജിവച്ചതിനു പിന്നാലെതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്ത് അഭിനന്ദനം അറിയിച്ചുവെന്നും ഇതിന്റെ പിന്നിലെ കളിയെന്താണെന്ന് ലാലു ചോദിച്ചു.

തേജസ്വി യാദവിനെതിരായ സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. ഇതു ബിജെപിയുടെ കളിയാണ്. തേജസ്വിക്കെതിരായ ആരോപങ്ങളുടെ നിജസ്ഥിതി പൊതുജനങ്ങള്‍ക്കു മുന്നില്‍ നമ്മള്‍ വിശദീകരിക്കണമെന്നു മാത്രമാണു നിതീഷ് പറഞ്ഞിരുന്നത്. രാജിവയ്ക്കണമെന്ന് ആവശ്യപ്പട്ടിട്ടില്ല. തെറ്റിദ്ധാരണകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതു സംസാരിച്ചു മാറ്റാമെന്ന് ഇന്നലെ രാത്രി കൂടി നിതീഷിനോടു താന്‍ സംസാരിച്ചിരുന്നു. ബിഹാര്‍ സര്‍ക്കാരിനു താനായി ഒരു ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടോയെന്നും ലാലു മാധ്യമങ്ങളോടു ചോദിച്ചു.

സംസ്ഥാനത്തു ബിജെപി വിരുദ്ധ റാലികള്‍ പാര്‍ട്ടി ഉടന്‍ നടത്തും. ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചേര്‍ന്നു പുതിയ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തീരുമാനിച്ചു സര്‍ക്കാര്‍ രൂപീകരിക്കും. രാഷ്ട്രപതി ഭരണത്തിലേക്കു സംസ്ഥാനത്തെ തള്ളിവിടണോ അതോ ബിജെപിയുമായി ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിക്കാനാണോ പദ്ധതിയെന്നും ലാലു ചോദിച്ചു.

നിതീഷ് ബിജെപിയുടെ പിന്തുണ സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു സാധ്യത തള്ളിക്കളയാനാവില്ലെന്നായിരുന്നു ലാലുവിന്റെ പ്രതികരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top