ദുബൈ ടോര്‍ച്ച് ടവറില്‍ തീപിടിത്തം; കെട്ടിടത്തിന്റെ പല ഭാഗങ്ങളും കത്തിച്ചാമ്പലായി; ആളപായമില്ലെന്ന് റിപ്പോര്‍ട്ട് (വീഡിയോ)

4221396001_5530950394001_5530940608001-vs

 

ദുബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിടസമുച്ചയങ്ങളില്‍ ഒന്നായ ദുബൈയിലെ ടോര്‍ച്ച് ടവറില്‍ തീപിടിത്തം. ആളപായമില്ല. കനത്ത പുകയില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തില്‍ കെട്ടിടത്തിന്‍റെ പല ഭാഗങ്ങളും കത്തിച്ചാമ്പലായി. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.ടവറിന് അടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കമുള്ള ടവറുകളിലേക്ക് തീ പടരാതിരിക്കാന്‍ നൂറ് കണക്കിന് അഗ്‌നിസേനാംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. അഗ്‌നിബാധയുടെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

പ്രാദേശിക സമയം പുലര്‍ച്ചെ 1 മണിയോടെയാണ് 86 നില കെട്ടിടത്തിന് തീപിടിച്ചത്. ഇതില്‍ 40 നിലയോളമാണ് തീപിടിച്ചത്.

”ടോര്‍ച്ച് ടവറിലുണ്ടായ തീപിടിത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല”, ദുബൈ സര്‍ക്കാര്‍ മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. കാര്യങ്ങള്‍ പൂര്‍ണനിയന്ത്രണത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അവര്‍ അറിയിച്ചു.

രണ്ടു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ടോര്‍ച്ച് ടവറിന് തീപിടിക്കുന്നത്. നേരത്തെ 2015ലാണ് അഗ്‌നിബാധയ്ക്ക് വിധേയമായത്. ലണ്ടനില്‍ ജൂണില്‍ അഗ്‌നിബാധയ്ക്കിരയാവുകയും 80 പേരുടെ മരിക്കുകയും ചെയ്ത ഗ്രെന്‍ഫെല്‍ ടവറില്‍ ഉപയോഗിച്ചത് പോലെയുള്ള ക്ലാഡിങ് തന്നെയാണ് ഈ ടവറിലും ഉള്ളതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരം ക്ലാഡിംഗാണ് ഗ്രെന്‍ഫെലില്‍ താഴത്തെ നിലയിലെ തീ മുകള്‍ നിലയിലേക്ക് കത്തിപ്പടരുന്നതിന് മാധ്യമമായി വര്‍ത്തിച്ചതെന്ന സംശയം നിലനില്‍ക്കവെയാണ് ലോകത്തെ നടുക്കിക്കൊണ്ട് വീണ്ടുമൊരു അഗ്‌നിബാധ യുഎഇയില്‍ സംഭവിച്ചിരിക്കുന്നത്. തീപിടിച്ച മറീന ടോര്‍ച്ച് ടവറില്‍ നിന്നും അവശിഷ്ടങ്ങള്‍ താഴോട്ട് വീഴുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

നാല് സിവില്‍ ഡിഫെന്‍സ് സ്റ്റേഷനുകളില്‍ നിന്നുമുള്ള ഫയര്‍ ഫൈറ്റിംഗ് സ്‌ക്വാഡുകള്‍ തീ അണയ്ക്കാനായി രംഗത്തുണ്ട്. ഇവിടെ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അവര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫും ദുബൈ സിവില്‍ ഡിഫെന്‍സ് ഡയറക്ടര്‍ ജനറലും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നാണ് ദുബൈ മീഡിയ ഓഫീസ് വക്താവ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതു വരെ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

2011ലാണ് ടോര്‍ച്ച് ടവര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് അതായിരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിട സമുച്ചയം. പിന്നീട് ഇതിനെ കടത്തിവെട്ടി ആറെണ്ണം വന്നു. 676 അപ്പാര്‍ട്ട്മെന്റുകളാണ് ടോര്‍ച്ച് ടവറിലുള്ളത്.

Print Friendly, PDF & Email

Related News

Leave a Comment