58 അംഗബലത്തോടെ രാജ്യസഭയില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയായി; കോണ്‍‌ഗ്രസ്സിന് 57 അംഗങ്ങള്‍; ഭൂരിപക്ഷം പ്രതിപക്ഷത്തിനു തന്നെ

bjp-5ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ ബിജെപി വലിയ ഒറ്റക്കക്ഷി. മധ്യപ്രദേശില്‍നിന്നുള്ള സമ്പാദ്യ ഉകി എന്ന പുതിയ എംപിയുടെ വരവോടെയാണ് രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് തകര്‍ന്നത്.

കേന്ദ്ര മന്ത്രി മാധവ് ദവെയുടെ മരണത്തോടെ ഒഴിവുവന്ന സ്ഥാനത്തേയ്ക്കാണ് സമ്പാദ്യ ഉകി എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ ബിജെപിക്ക് രാജ്യസഭയില്‍ 58 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് 57 അംഗങ്ങളും. രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ മരണപ്പെട്ടതോടെയാണ് കോണ്‍ഗ്രസിന്റെ അംഗങ്ങളുടെ എണ്ണം 57 ആയത്. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷം പ്രതിപക്ഷത്തിനുതന്നെയാണ്.

അടുത്ത ചൊവ്വാഴ്ച ഗുജറാത്ത്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഒമ്പത് സീറ്റുകളിലേയ്ക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. എന്നാല്‍ ഇത് ബിജെപിയുടെ അംഗബലത്തെ സ്വാധീനിക്കാനിടയില്ല. ബംഗാളില്‍നിന്നുള്ള രണ്ട് കോണ്‍ഗ്രസ് എംപിമാരുടെ കാലാവധി അവസാനിക്കുകയാണ്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റുമാത്രമേ കോണ്‍ഗ്രസിന് ലഭിക്കൂ. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തോടെയാണിത്.

അടുത്ത വര്‍ഷത്തോടെ രാജ്യസഭാ എംപിമാരുടെ എണ്ണത്തില്‍ ബിജെപിയ്ക്ക് വലിയ മുന്നേറ്റമുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉണ്ടാക്കിയ വലിയ വിജയത്തോടെ ഒമ്പത് എംപി സ്ഥാനങ്ങളില്‍ എട്ടെണ്ണവും ബിജെപിക്കു ലഭിക്കും.

2014.ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷമുണ്ടായെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിജെപി സര്‍ക്കാരിന് പല നിയമനിര്‍മാണങ്ങളും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടാക്കിയ വിജയം രാജ്യസഭാ എംപിമാരുടെ എണ്ണത്തിലുള്ള വലിയ അന്തരം കുറച്ചിരുന്നു.

കേന്ദ്രത്തില്‍ ബിജെപിയുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ജെഡിയു ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ബിഹാറില്‍ ജെഡിയുവുമായുണ്ടാക്കിയ സഹകരണം എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ തുണയായേക്കും. ജെഡിയുവിന് രാജ്യസഭയിലുള്ള 10 എംപിമാരാണുള്ളത്.

Print Friendly, PDF & Email

Related News

Leave a Comment