ആര്‍‌എസ്‌എസ്-ബിജെപി കൊലപ്പെടുത്തിയ സിപി‌എമ്മുകാരുടെ കുടുംബത്തെക്കൂടി കാണണമെന്ന് അരുണ്‍ ജെയ്‌റ്റ്‌ലിക്ക് കത്ത്

jfnരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ സംസ്ഥാനത്തെത്തുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ തലസ്ഥാന ജില്ലയിലെ 21 സിപിഎം രക്തസാക്ഷി കുടുംബങ്ങള്‍ കാണാനെത്തും. ജില്ലയില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കുടുംബാംഗങ്ങളാണ് ഇവര്‍. രാവിലെ 10നു രാജ്ഭവന് മുന്നില്‍ ഇവര്‍ സത്യഗ്രഹം ഇരിക്കും. ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ അരുണ്‍ജെയ്റ്റ്‌ലി എത്തുമ്പോള്‍ തങ്ങളുടെ തീരാവേദന കൂടി കേള്‍ക്കണമെന്നാണ് ഈ കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന. സത്യഗ്രഹം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്യും. സംഘപരിവാര്‍ ആക്രമണത്തിന് ഇരയായ തലസ്ഥാനജില്ലയിലെ സിപിഐ എം പ്രവര്‍ത്തകരും സത്യഗ്രഹത്തിന് എത്തും.

ശ്രീകാര്യത്ത് ഗുണ്ടാപ്പകയുടെ ഭാഗമായി നടന്ന രാജേഷിന്റെ കൊലപാതത്തിനു പിന്നാലെയാണു ജെയ്റ്റിലിയുടെ വരവ്. ആര്‍.എസ്.എസ്, ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സി.പി.എമ്മുകാരുടെ കുടുംബങ്ങള്‍ക്ക് പറയാനുള്ളതു കൂടി കേള്‍ക്കണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അയച്ച് തുറന്ന കത്തില്‍ ആവശ്യപ്പെട്ടു. അവര്‍ക്കു പറയാനുള്ളത് നാടിന്റെ സമാധാനം തകര്‍ക്കുന്ന ആര്‍.എസ്. എസ്- ബി.ജെ.പി. സംഘപരിവാര്‍ സംഘടനകളുടെ അതിക്രമങ്ങളെക്കുറിച്ചാണ്. ചോരപ്പുഴയൊഴുക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് ഇരകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. താങ്കളുടെ വിലയേറിയസമയത്തില്‍ അല്‍പ്പം ഇവര്‍ക്കായി മാറ്റിവയ്ക്കണം.

കേരളത്തെയും തിരുവനന്തപുരം ജില്ലയെയും രാഷ്ട്രീയസംഘര്‍ഷ ബാധിതമേഖലയായി ചിത്രീകരിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങളില്‍ താങ്കള്‍ കൂടി ഭാഗഭാക്കാവുന്നത് അത്യന്തം ഖേദകരമാണ്. ഇക്കാര്യത്തില്‍ ബി.ജെ.പി. നേതൃത്വവും കേന്ദ്രസര്‍ക്കാരും ഇരട്ടത്താപ്പ് കാട്ടുകയാണ്. ഗോരക്ഷയുടെയും മറ്റും പേരില്‍ സംഘപരിവാറും മറ്റും നടത്തുന്ന അതിക്രമങ്ങളും കൊലപാതകങ്ങളും എന്തായാലും കേരളത്തില്‍ നടക്കുന്നില്ല. ഇവയ്ക്ക് നേരേ കണ്ണടയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ലക്ഷ്യംവച്ചിരിക്കുകയാണ്. ഇപ്പോള്‍ താങ്കള്‍ ഇവിടെ വരാനിടയായ ശ്രീകാര്യത്തെ കൊലപാതകം അപലപനീയമാണ്. കേസില്‍ പിടിയിലായിട്ടുള്ളവരില്‍ ഒറ്റ സി.പി.എം. പ്രവര്‍ത്തകനുമില്ല. മറിച്ച് ആര്‍.എസ്.എസുമായി ബന്ധപ്പെട്ടവരുമുണ്ട്. ഇത്തരം രീതികളില്‍ നിന്ന് പിന്തിരിയാന്‍ കേരളത്തിലെ ബി.ജെ.പി. നേതൃത്വത്തോട് താങ്കള്‍ നിര്‍ദേശിക്കണം.

തലസ്ഥാനജില്ലയില്‍ മാത്രം ആര്‍.എസ്.എസ്.ബി.ജെ.പി. പ്രവര്‍ത്തകര്‍ സി.പി.എമ്മിന്റെ 21 പേരെയാണ് കൊലപ്പെടുത്തിയത്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റശേഷം സി.പി.എമ്മുകാരും അല്ലാത്തവരുമായി 13 പേരെയാണ് കൊലപ്പെടുത്തിയത്. സി.പി.എം പ്രവര്‍ത്തകരും അനുഭാവികളുമായ 200 ല്‍ പരം പേര്‍ പരുക്കേറ്റ് ആശുപത്രികളിലുമാണ്. ഇതിന് പുറമെ നിരവധി വീടുകളും പാര്‍ട്ടി ഓഫീസുകളും ആക്രമിച്ച് തകര്‍ത്തിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതിനുള്ള സര്‍വകക്ഷിയോഗം നടക്കാന്‍ പോകുമ്പോഴാണ് താങ്കളുടെ സന്ദര്‍ശനം. കേരളത്തെ അശാന്തമാക്കാന്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാനശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും ആനാവൂര്‍ വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News