ഫോമാ കേരള കണ്‍വന്‍ഷന്‍ സമാപിച്ചു

Newsimg1_82240529തിരുവനന്തപുരം: മലയാളത്തിന്റെ ജനകീയ കവി ഒ.എന്‍.വി കുറുപ്പിന്റെ നാമധേയത്തിലുള്ള അനന്തപുരിയിലെ പച്ചപ്പില്‍ ഫോമാ കേരള കണ്‍വന്‍ഷന് തിരശീല വീണു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉചിത സംസാരത്തിന് നിറഞ്ഞ കരഘോഷമായിരുന്നു. “അമേരിക്കയിലും അതിലേറെ കേരളത്തിലും ശ്രദ്ധ പതിപ്പിക്കുന്ന ഫോമാ കര്‍മഭൂമിയിലെ എല്ലാ സംഘടനകളെയും യോജിപ്പിച്ച് സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറുന്ന മാതൃകാ പസ്ഥാനമാണ്. ജന്‍മനാട്ടില്‍ നിരാലംബരെയും അര്‍ഹരെയും അകമഴിഞ്ഞ് സഹായിക്കുന്ന ഫോമായുടെ ജീവകാരുണ്യ പദ്ധതികള്‍ പ്രശംസനീയവും പ്രോല്‍സാഹജനകവുമാണ്…” ഉമ്മന്‍ചാണ്ടി ശ്ലാഘിച്ചു.

സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, കേരളത്തില്‍ അനുദിനമെന്നോണം നടക്കുന്ന രാഷ്ട്രീയ ഹര്‍ത്താലുകള്‍ മൂലം ദുരിതത്തിലാവുന്ന പൊതുജനത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മറുപടി ഇപ്രകാരമായിരുന്നു…”ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനും സമരം ചെയ്യാനും ഉള്ള അവകാശം പോലെ സമരത്തില്‍ പങ്കെടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കുണ്ട്. ഹര്‍ത്താലുകള്‍ നിരോധിക്കുന്നതുസംബന്ധിച്ച് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ സമന്വയം ഉണ്ടാവേണ്ടതുണ്ട്…” അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ നിക്ഷേപം തീര്‍ച്ചയായും കേരളത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമാണ്. സാമൂഹിക ക്ഷേമവും വികസന ചിന്തയും മുഖമുദ്രയാക്കിയുള്ള ഫോമായുടെ ജനപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവുകങ്ങള്‍ നേരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ഫോമാ ജോയിന്റ് സെക്രട്ടറി വിനോദ് കോണ്ടൂര്‍ സ്വാഗതമാശംസിച്ച യോഗത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. വിദേശ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വകയുള്ളതായി കേരളം മാറിക്കഴിഞ്ഞുവെന്നും ഈ നേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തങ്ങളുടെ ജന്‍മ നാടിനെ ഭാവി വളര്‍ച്ചയുടെ വിഹായസിലെത്തിക്കാന്‍ ഫോമാ അമേരിക്കന്‍ മലയാളികളുടെ പതാകാ വാഹകരാകണമെന്നും നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഗതിവേഗം കിട്ടട്ടേയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആശംസിച്ചു. ഫോമായുടെ കേരളാ കണ്‍വന്‍ഷനിന്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് പറഞ്ഞ കാനം രാജേന്ദ്രന്‍ സംഘടനയുടെ ജീവസുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു.

യോഗത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, മുന്‍ എം.പിയും കേരള കോണ്‍ഗ്രസ് ജെ ചെയര്‍മാനുമായ കെ. ഫ്രാ ന്‍സിസ് ജോര്‍ജ്, തിരുവനന്തപുരം മുന്‍ മേയര്‍ കെ ചന്ദ്രിക, ജോണ്‍ മുണ്ടക്കയം (മലയാള മനോരമ), മാധ്യമ പ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി ഏബ്രഹാം, ചലച്ചിത്ര സംവിധാകന്‍ കെ. മധു, ചലച്ചിത്ര താരം കൃഷ്ണ പ്രസാദ്, ഷിബു മണല എന്നിവര്‍ കണ്‍വന്‍ഷന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം കൃതജ്ഞത പറഞ്ഞു. കേരള കണ്‍വന്‍ഷന് ആദ്യവസാനം ജനറല്‍ കണ്‍വീനറും കോര്‍ഡിേറ്ററുമായ അഡ്വ. വര്‍ഗാസ് മാമ്മന്‍ എം.സിയായിരുന്നു. തുടര്‍ന്ന് ഡിന്നറും കലാ-സാംസ്കാരിക പരിപാടികളോടെയും കണ്‍വന്‍ഷന് സമാപനമായി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment