രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പോലും സമയമില്ലാത്ത താങ്കള്‍ കേരളത്തില്‍ ഒരു ആര്‍‌എസ്‌എസുകാരന്റെ വീട്ടിലെത്താന്‍ കാണിച്ച അര്‍പ്പണ ബോധത്തിന് അഭിനന്ദനങ്ങള്‍; കേന്ദ്ര ധന-പ്രതിരോധ മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിക്ക് എം.ബി. രാജേഷിന്റെ പരിഹാസത്തില്‍ പൊതിഞ്ഞ കത്ത്

mb-rajesh-jaitley-830x412 (1)പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ ആയുധമാക്കാന്‍ കേന്ദ്ര ധന-പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റിലിയെ കേരളത്തിലെത്തിച്ച ബിജെപി തന്ത്രത്തിനു പരിഹാസവുമായി എംബി രാജേഷ് എംപി. ജെയ്റ്റ്‌ലിക്കെഴുതിയ തുറന്ന കത്തിലാണ് രാജേഷ് വരികള്‍ക്കിടയില്‍ പരിഹാസം ഒളിപ്പിച്ചത്് അതിര്‍ത്തിയില്‍ പ്രശ്‌നം പുകയുമ്പോഴും ജി.എസ്.ടി ആശയക്കുഴപ്പത്തില്‍ സാമ്പത്തിക വളര്‍ച്ച മുരടിക്കുമ്പോഴും രാജ്യത്തെ തെക്കേയറ്റത്തുള്ള കേരളം സന്ദര്‍ശിക്കാന്‍ മന്ത്രി കാണിച്ച മനസ്സിന് അഭിനന്ദനാര്‍ഹമെന്ന് എം.പി ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികരില്‍ ഒരാളുടെ കുടുംബത്തെപ്പോലും സന്ദര്‍ശിക്കാന്‍ താങ്കള്‍ക്ക് സമയം കിട്ടിയില്ല. പക്ഷേ, കേരളത്തില്‍ ഗുണ്ടാ ആക്രമണത്തില്‍ മരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടിലെത്താന്‍ താങ്കള്‍ സമയം കണ്ടെത്തി. കല്ലുകള്‍ കൊണ്ടല്ല, ആതിഥ്യമര്യാദകള്‍ കൊണ്ടാണ് കേരളം അതിഥികളെ സ്വീകരിക്കുക.

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി നേരിടേണ്ടി വന്നു. കര്‍ണാടകയിലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടസപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, കേരളം ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ള ഒരു ജനതയാണിവിടെയുള്ളത്. തങ്ങളുടെ രാഷ്ട്രീയത്തില്‍നിന്നു വിഭിന്നമായി പ്രവര്‍ത്തിക്കുന്നവരെക്കൂടി സ്വീകരിക്കാന്‍ മലയാളികള്‍ക്കു മടിയില്ല. അതുകൊണ്ടാണു താങ്കള്‍ക്കിവിടെ ഹാര്‍ദവമായ സ്വീകരണം ലഭിച്ചത്. കേരളത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സി.പി.എമ്മുകാരുടെതും ശാഖയില്‍ പോകാന്‍ വിസമ്മതിച്ച അനന്തു, നിര്‍മല്‍ എന്നിവരുടെയും വീടുകള്‍ സന്ദര്‍ശിക്കണം.

ഒരിക്കല്‍ കേരളത്തെ സോമാലിയ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു, മറ്റൊരിക്കല്‍ ഒരു ദേശീയ ചാനല്‍ പാക്കിസ്ഥാനെന്ന് മുദ്രകുത്തി. സമാധാനശ്രമത്തിന് കൂടെ നില്‍ക്കാന്‍ നിങ്ങളുടെ സംസ്ഥാന നേതാക്കളോട് പറയുക. മനുഷ്യജീവന്‍ നഷ്ടപ്പെടുന്നത് എല്ലാവര്‍ക്കും സങ്കടകരമാണ് എം.പി ചൂണ്ടിക്കാട്ടി.
കത്തിന്റെ പൂര്‍ണ രൂപം;

ബഹുമാനപ്പെട്ട ശ്രീ അരുണ്‍ ജെയ്റ്റ്‌ലിജി

ഞങ്ങളുടെ സംസ്ഥാനത്തേക്ക് അങ്ങയെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. അതിനൊപ്പം തന്നെ ഉപരാഷ്ട്രപതിയായി താങ്കളുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിച്ചതിന്റെ അഭിനന്ദനവും അറിയിക്കുന്നു. ധനകാര്യവും പ്രതിരോധവും ഉള്‍പ്പെടെ പ്രധാനപ്പെട്ട രണ്ട് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഒരു മുതിര്‍ന്ന കാബിനറ്റ് മന്ത്രിയായിരിക്കെ തന്നെ രാജ്യത്തിന്റെ തെക്കേയറ്റ് സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സംസ്ഥാനത്തേക്ക് വരാന്‍ താങ്കള്‍ കാണിച്ച താത്പര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു.

ധനകാര്യമന്ത്രിയെന്ന നിലയ്ക്ക് ജി.എസ്.ടി പ്രശ്നങ്ങളും സമ്പദ് ഘടനയിലെ തകര്‍ച്ചയും തൊഴിലായ്മപ്രശ്നങ്ങളും ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന അവസ്ഥയിലും ഈ സന്ദര്‍ശനത്തിന് താങ്കള്‍ സമയം കണ്ടെത്തിയതില്‍ നിന്നും കേരളത്തെ കുറിച്ചുള്ള താങ്കളുടെ ആശങ്കകള്‍ വളരെ വ്യക്തമാണ്. എങ്കിലും ഞങ്ങളുടെ പ്രശ്നങ്ങളില്‍ താങ്കള്‍ വ്യക്തമായ ഒരു വിശകലം തന്നെ നടത്തേണ്ടതുണ്ട്. താങ്കളുടെ ഈ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കിടയിലും നമ്മുടെ രാജ്യത്തിനായി ജീവത്യാഗം ചെയ്ത ജവാന്‍മാരുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കാനായി താങ്കള്‍ സമയം കണ്ടെത്തുന്നില്ലല്ലോ എന്നാണ് ഈ അവസരത്തില്‍ ഞാന്‍ അത്ഭുപ്പെടുന്നത്.

എന്നാല്‍ ഗുണ്ടാപകയുടെ പേരില്‍ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട ഒരു ആര്‍.എസ്.എസ് നേതാവിന്റെ കുടുംബത്തെ കാണാന്‍ താങ്കള്‍ എത്തിയിരിക്കുന്നു. താങ്കളുടെ പ്രത്യയശാസ്ത്രത്തോട് എനിക്ക് വിയോജിപ്പാണെങ്കിലും താങ്കള്‍ കാണിക്കുന്ന ഈ പ്രതിബദ്ധതയെ അഭിനന്ദിക്കാതെ വയ്യ. നല്ല ആതിഥേയരാാണ് കേരളീയര്‍. ഞങ്ങളുടെ ആതിഥ്യമര്യാദകളും ഏറെ അറിയപ്പെടുന്നതാണ്. ഞങ്ങള്‍ അതിഥികളെ പൂക്കള്‍ കൊണ്ടും മഹനീയ ബഹുമതികള്‍ കൊണ്ടുമാണ് സ്വാഗതം ചെയ്യാറ്. അല്ലാതെ കല്ലെറിഞ്ഞുകൊണ്ടല്ല. ഞങ്ങളുടെ മനോഹരമായ സംസ്ഥാനത്തേക്ക് രാഷ്ട്രീയപര്യടനത്തിനായെത്തുന്ന എതിര്‍പാര്‍ട്ടിയിലെ നേതാവായാല്‍ പോലും.

ഇവിടെ ഞാന്‍ ഇപ്പോള്‍ ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത് ഞങ്ങളുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് മധ്യപ്രദേശിലെ നിങ്ങളുടെ സര്‍ക്കാരില്‍ നിന്നും കര്‍ണാടകയിലെ നിങ്ങളുടെ പാര്‍ട്ടി അണികളില്‍ നിന്നും മോശം അനുഭവം നേരിട്ടിരുന്ന സാഹചര്യത്തില്‍ കൂടിയാണെന്ന് ഓര്‍ക്കണം. ധാര്‍ഷ്ട്യം മുഖമുദ്രയായ ഒരു ടിപ്പിക്കല്‍ സംഘപരിവാര്‍ നേതാവായല്ല ഞങ്ങള്‍ നിങ്ങളെ കാണുന്നത്. മറിച്ച് ആധുനിക ചിന്താഗതിയും വിവേകത്തോടെ ശബ്ദിക്കുകയും ചെയ്യുന്ന ഒരു പരിഷ്‌കൃത നേതാവായാണ്. വിദ്യാസമ്പന്നരും മികച്ച രാഷ്ട്രീയ ധാരണയും വിശാലമനസ്‌കതയും കാത്തുസൂക്ഷിയ്ക്കുന്ന കേരളീയര്‍ ഇത്തരം നേതാക്കളെ, അവരേത് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടയാളായാലും, ആദരിക്കുന്നു. എല്ലാ ആദരവോടെയും ഉയര്‍ന്ന പ്രതീക്ഷകളോടെയും ചില സത്യങ്ങള്‍ നിങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടാന്‍ എന്നെ അനുവദിക്കണം.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതുവരുത്തി സമാധാനം ഉറപ്പുവരുത്തുന്നതിനായി ഞങ്ങളുടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തിരിക്കുന്ന വേളയിലാണ് ഞങ്ങളുടെ തലസ്ഥാനമായ തിരുവനന്തപുരം നിങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ചില നല്ല ചെയ്തികളിലൂടെ ഈ സമാധാന സംരംഭത്തിന് സംഭാവന നല്‍കാനുള്ള ചരിത്രപരമായ അവസരം നിങ്ങള്‍ക്ക് ലഭിച്ചിരിക്കുകയാണ്. അടുത്തിടെ തലസ്ഥാനത്തുമാത്രമായി യാതൊരു പ്രകോപനവുമില്ലാതെ ബി.ജെ.പിയും ആര്‍.എസ്.എസും ആസൂത്രണം ചെയ്തു നടപ്പിലാക്കിയ അക്രമസംഭവങ്ങളില്‍ മാത്രം 120 സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും സി.പി.ഐ.എം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും 36 വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ ആഭ്യന്തരമന്ത്രിയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റേതുള്‍പ്പെടെയുള്ള വീടുകള്‍ ആക്രമിക്കപ്പെടുകയും കേടുവരുത്തുകയുമുണ്ടായി.

കണ്ണൂര്‍ ജില്ലയിലെ സി.പി.ഐ.എം പ്രവര്‍ത്തകനായ ശ്രീജന്‍ ബാബുവിന്റെ ഭാര്യ രമ്യയുടെ കത്ത് താങ്കള്‍ക്ക് ഇതിനകം ലഭിച്ചുകാണുമെന്ന് ഞാന്‍ കരുതുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ ശ്രീജന്‍ ബാബുവായിരുന്നു ആ ദരിദ്ര കുടുംബത്തിന്റെ അത്താണി. ശ്രീജനെതിരായ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് കഠിനമായ മാനസിക വേദനയിലൂടെയും വിഷമത്തിലൂടെയുമാണ് അദ്ദേഹത്തിന്റെ ഭാര്യ രമ്യ കടന്നുപോകുന്നത്. നിങ്ങളുടെ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് അവരുടെ ഭര്‍ത്താവിനെതിരെ ഹീനമായ ആക്രമണം നടത്തിയത്. ഡസന്‍ കണക്കിന് സര്‍ജറികള്‍ക്കുശേഷം തുന്നിക്കെട്ടിയ ശരീരവുമായി കഴിഞ്ഞ 33 ദിവസമായി അദ്ദേഹം ആശുപത്രിയിലാണ്. അദ്ദേഹത്തിന് ഇനിയും എത്രനാള്‍ ആശുപത്രിയില്‍ ഇതുപോലെ കിടക്കേണ്ടിവരുമെന്നോ അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ കിടക്കയില്‍ ഒതുങ്ങേണ്ടിവരുമെന്നോ എന്നുപോലും ഇപ്പോഴും ഡോക്ടര്‍മാര്‍ക്ക് പറയാനാവുന്നില്ല.

ഇത് വെറുമൊരു ശ്രീജന്‍ബാബുവിന്റെ മാത്രം കഥയല്ല. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ മാത്രമായി ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരുടെ കൈകളാല്‍ ഗുരുതരമായി പരുക്കേറ്റ് കഴിയുന്ന 400 ലേറെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. സി.പി.ഐ.എം പ്രവര്‍ത്തകര്‍ മാത്രമായി 13 പേരാണ് ഈ കാലയളവില്‍ ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ടത്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന നുണ പ്രചരണങ്ങളെ തകര്‍ത്ത് സത്യം പുറത്തുകൊണ്ടുവരാനുള്ള ധൈര്യം ചുരുക്കം ചില ദേശീയ ടെലിവിഷന്‍ ചാനലുകളെങ്കിലും കാണിച്ചിട്ടുണ്ട്. അത്തരമൊരു റിപ്പോര്‍ട്ടിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. അതിലൊന്ന് 2000ത്തിനും 2017നും ഇടയിലെ ക്രൈം റെക്കോര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതായിരുന്നു. അതില്‍ വ്യക്തമായി പറയുന്നത് 86 സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കും 65 ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കുമാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നാണ്.

ഈ ആധികാരിക കണക്കുകള്‍ കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട സത്യം തുറന്നുകാട്ടുന്നതും ഏകപക്ഷീയമായ ആക്രമണം എന്ന കള്ളം പൊളിക്കുന്നതുമാണ്. മോദിജിയുടെ ഗുജറാത്തിലോ യോഗിജിയുടെ ഉത്തര്‍പ്രദേശിലോ അല്ല ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ് ആര്‍.എസ്.എസിന് ഏറ്റവുമധികം ശാഖകളുളളതെന്ന കാര്യം ആര്‍.എസ്.എസ് തന്നെ അംഗീകരിച്ചതാണ്. ഈയൊരു വസ്തുത തന്നെ അവരുടെ ജനാധിപത്യ അവകാശം ലംഘിക്കപ്പെട്ടു എന്ന ആരോപണത്തെ ഖണ്ഡിക്കുന്നതാണ്. കേരളമാണോ അതോ നിങ്ങളുടെ പാര്‍ട്ടി അധികാരത്തിലിരിക്കുന്ന ഗുജറാത്തോ മധ്യപ്രദേശോ ഉത്തര്‍പ്രദേശോ ആണോ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നതെന്ന് വിവിധതരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കണക്കുകള്‍ പറഞ്ഞുതരും. ഈ സംസ്ഥാനങ്ങളിലെ ഒന്നിലെയും കുറ്റകൃത്യങ്ങളും അതിക്രമങ്ങളും ഒരു ദേശീയ ടെലിവിഷന്‍ ചാനലിലും പ്രൈം ടൈം ചര്‍ച്ചകളില്‍ വിഷയമാവുന്നില്ല.

18.7.2017ല്‍ യു.പി നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനു ലഭിച്ച ഔദ്യോഗിക മറുപടി ഏറെ ഞെട്ടിക്കുന്നതായിരുന്നു. യോഗി ആദിത്യനാഥ് അധികാരത്തിലെത്തി വെറും രണ്ടുമാസത്തിനുള്ളില്‍ യു.പിയില്‍ നടന്നത് 729 കൊലപാതകങ്ങളും 803 ബലാത്സംഗങ്ങളും ആണെന്നായിരുന്നു ആ മറുപടി. അതൊന്നും ഒരു മാധ്യമ കൊലാഹലങ്ങളും ഉണ്ടാക്കിയില്ല. തോറ്റ സംസ്ഥാനങ്ങളെക്കുറിച്ച് ആരും ചിന്തിക്കില്ലെന്ന് എനിക്കു പറയാം. പക്ഷെ ഏറെ വിദ്യാസമ്പന്നരായ സമൂഹമുള്ള, രാജ്യത്തിനു തന്നെ മാതൃകയായ കേരളം പോലുള്ള ഒരു സംസ്ഥാനത്തുണ്ടാവുന്ന ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ വലിയ ആശങ്കയ്ക്കു വഴിവെക്കുന്നു. ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ആര്‍.എസ്.എസില്‍ നിന്നും വിഭിന്നമായി ഒരു ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സി.പി.ഐ.എമ്മും ഞങ്ങളുടെ സര്‍ക്കാരും അക്രമം തീര്‍ത്തും അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ഇതിനകം എടുത്തുകഴിഞ്ഞു.

കൊലപാതകങ്ങളെ ന്യായീകരിക്കാനോ കുറ്റപ്പെടുത്തലിനോ വേണ്ടിയല്ല ഞാനീ കണക്കുകള്‍ മുഴുവന്‍ ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. മറിച്ച് ‘ ചുവപ്പ് ഭീകരത’ എന്ന വിശേഷണത്തിനു പിന്നിലെ കാപട്യവും ആര്‍.എസ്.എസും ബി.ജെ.പിയും ഭാവിക്കുന്ന നിഷ്‌കളങ്കതയും താങ്കളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി മാത്രമാണ്. രക്തംപുരണ്ട കൈകളുമുയര്‍ത്തി ഞങ്ങള്‍ വെറും ഇരകളാണെന്ന് പറയാന്‍ നിങ്ങള്‍ക്കാവില്ല. ഈ കുടുംബങ്ങളെ, അല്ലെങ്കില്‍ ആര്‍.എസ്.എസ് ആക്രമണങ്ങള്‍ക്ക് ഇടയായ ഈ സ്ഥലങ്ങള്‍ കാണാന്‍ നിങ്ങള്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അതൊട്ട് സാധ്യമല്ലതാനും. പക്ഷെ കേരള സര്‍ക്കാര്‍ തുടക്കമിട്ട സമാധാന ചര്‍ച്ചകള്‍ക്കു മുന്നോടിയായി ഒരു പോസിറ്റീവായ സന്ദേശം നല്‍കാന്‍ ആത്മാര്‍ത്ഥമായി നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ സഖാവ് വിഷ്ണുവിന്റെ അനാഥരായ കുടുംബത്തെയെങ്കിലും സന്ദര്‍ശിക്കണം. പട്ടാപ്പകല്‍ നഗരഹൃദയത്തില്‍ ആര്‍.എസ്.എസുകാരാല്‍ ക്രൂരമായി കൊല്ലപ്പെട്ടയാളാണ് അദ്ദേഹം. ഇത്തരത്തിലുള്ള ഒട്ടേറെ ഉദാഹരണങ്ങള്‍ എനിക്കു നിങ്ങളുടെ മുമ്പില്‍ ചൂണ്ടിക്കാട്ടാനാവും.

ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ട ഒരു സി.പി.ഐ.എം പ്രവര്‍ത്തകന്റെ വീടും സന്ദര്‍ശിക്കാന്‍ നിങ്ങളെ നിങ്ങളുടെ ആര്‍.എസ്.എസ് മേലാളന്മാര്‍ അനുവദിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്. പക്ഷെ എനിക്കൊരു അപേക്ഷയുണ്ട്. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ സ്ഥിരം ശാഖകളില്‍ വരാറുള്ള രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ കുറച്ചുസമയം കണ്ടെത്തണം. ആലപ്പുഴ ജില്ലയിലെ അനന്തുവിന്റെയും തൃശൂര്‍ ജില്ലയിലെ നിര്‍മ്മലിന്റെയും ബന്ധുക്കളെ. അവരുടെ തന്നെ സഹപ്രവര്‍ത്തകരാണ് അവരെ ഇല്ലാതാക്കിയത്. ഒപ്പം നിങ്ങളുടെ പാര്‍ട്ടിയിലെ എം.പി പാര്‍ലമെന്റില്‍ വായിച്ച ലിസ്റ്റില്‍ എന്തുകൊണ്ട് ഈ രണ്ടുപേരുകള്‍ ഉള്‍പ്പെട്ടില്ല എന്ന് അദ്ദേഹത്തോട് ചോദിക്കാന്‍ പറ്റുമോ? സ്വന്തം കൂട്ടരെ കൊന്നതിന്റെ പേരില്‍ അറസ്റ്റിലായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ എന്തുകൊണ്ട് ഒരു അച്ചടക്ക നടപടിയും എടുത്തില്ല?

കത്ത് അവസാനിപ്പിക്കുന്നതിനു മുമ്പ് ഞങ്ങളുടെ സംസ്ഥാനത്തെ ലക്ഷ്യമിട്ട് ആര്‍.എസ്.എസ് അതിവിദഗ്ധമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു പ്രചരണത്തിലേക്ക് താങ്കളുടെ ശ്രദ്ധ കൊണ്ടുവരാന്‍ എന്നെ അനുവദിക്കണം. ഇവിടെ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടതോടെ തന്നെ അവരുടെ ഉദ്ദേശ്യം വ്യക്തമാണ്. പക്ഷെ ഈ സങ്കുചിത രാഷ്ട്രീയ ലക്ഷ്യം നടപ്പിലാക്കാന്‍ വേണ്ടി അവര്‍ ഈസംസ്ഥാനത്തിന്റെ ചരിത്രത്തെ മാത്രമല്ല അതിന്റെ സാമൂഹ്യ സാമ്പത്തിക രംഗത്തെ മികവുറ്റ നേട്ടങ്ങളെക്കൂടിയാണ് അപകീര്‍ത്തിപ്പെടുത്തിയത്.

രാഷ്ട്രീയ നിരാശയുടെ പേരില്‍ ഈ സംസ്ഥാനത്തെ പരിഹസിക്കുകയെന്ന തന്ത്രത്തിന് തുടക്കമിട്ടത് മറ്റാരുമല്ല, നമ്മുടെ പ്രധാനമന്ത്രി തന്നെയാണ്. കേരളത്തെ സൊമാലിയയോട് ഉപമിച്ചുകൊണ്ട്. ഞങ്ങളുടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലായിരുന്നു ഈ പരാമര്‍ശം. ഈ പ്രസ്താവനയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ മലയാളികള്‍ ഉയര്‍ത്തിയ വന്‍ പ്രതിഷേധത്തില്‍ നിന്നും നിങ്ങളൊന്നും പഠിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. പിന്നീട് കേരളത്തെ പാകിസ്ഥാനുമായി ഉപമിച്ച് നിങ്ങളുടെ മുഖപത്രംപോലെ പ്രവര്‍ത്തിക്കുന്ന ഒരു ടെലിവിഷന്‍ ചാനല്‍ മലയാളികളുടെ പ്രതിഷേധത്തിന്റെ ചൂട് അറിഞ്ഞു. അധികം വൈകാതെ തന്നെ അവര്‍ക്ക് നിരുപാധികം മാപ്പുപറഞ്ഞ് അവരുടെ പരാമര്‍ശം പിന്‍വലിക്കേണ്ടി വന്നിരുന്നു.

രാഷ്ട്രീയമായ ഭിന്നതകളുണ്ടെങ്കിലും സ്വാഭിമാനത്തിന്റെ കാര്യത്തില്‍ കേരള ജനത ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മി ഭൂപ്രഭുത്വത്തിനും എതിരായ ഞങ്ങളുടെ പോരാട്ടചരിത്രത്തിലുറച്ചതാണ് ഞങ്ങളുടെ സ്വാഭിമാനത്തിന്റെ വേരുകള്‍. നിങ്ങള്‍ക്ക് അത് നന്നായി അറിയാമെന്നു ഞാന്‍ കരുതുന്നു. അത്തരമൊരു അഭിമാനത്തിന്റെ ചരിത്രമൊന്നും അവകാശപ്പെടാനില്ലാത്തവര്‍ക്ക് ഇതൊന്നും അത്രപെട്ടെന്ന് ദഹിച്ചെന്നുവരില്ല. ഈ സംസ്ഥാനത്തെയും അതിലെ പുരോഗമന സമൂഹത്തെയും അളക്കാന്‍ സംഘപരിവാറിന്റെ അളവുകോല്‍ പോര. എല്ലാതരത്തിലും ഇന്ത്യയ്ക്കു വഴികാട്ടിയാണ് ഇവിടമെന്ന് അഭിമാനത്തോടെ എനിക്കു പറയാനാകും. എന്റെ വാദങ്ങളെ സാധൂകരിക്കാനായി എന്‍.സി.ആര്‍.ബി, എന്‍.എഫ്.എച്ച്.എസ് ഡാറ്റകള്‍ ഞാന്‍ ഇതിനൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്.

രാജ്യത്തിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ നിങ്ങള്‍ പാര്‍ട്ടി പരിഗണനകള്‍ക്ക് അപ്പുറം ഉയര്‍ന്ന് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉത്തരവാദിത്തപരമായ ഇടപെടലുകള്‍ നടത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സമാധാന നടപടികളില്‍ ആത്മാര്‍ത്ഥമായി പങ്കുചേരാന്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരെ ഉപദേശിക്കണമെന്നും ഞാന്‍ അപേക്ഷിക്കുന്നു. എല്ലാ മനുഷ്യ ജീവനുകളും അത് ഏത് പാര്‍ട്ടിക്കാരന്റേതായാലും നഷ്ടപ്പെടുന്നത് ദു:ഖകരമാണ്. രാഷ്ട്രീയം ആശയങ്ങളുടെ യുദ്ധമാണ് അല്ലാതെ ആയുധങ്ങളുടേതല്ല എന്ന് ഉറപ്പുവരുത്താന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.

Print Friendly, PDF & Email

Related posts

Leave a Comment