ജയിലിലും ദിലീപ് അഭിനയത്തില്‍, സഹനടന്മാരായി ജയില്‍ ഉദ്യോഗസ്ഥരും; പകല്‍ മേലുദ്യോഗസ്ഥരുടെ മുറിയില്‍ സുഭിക്ഷമായ ഭക്ഷണം കഴിച്ച് രാത്രി കിടക്കാന്‍ സെല്ലില്‍ വരുമെന്ന് സഹതടവുകാരന്‍

dileep in prisonകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ആലുവ സബ്ജയിലില്‍ സുഖവാസമെന്ന് സഹതടവുകാരന്‍. ജയിലില്‍ ദിലീപിന്റെ സഹതടവുകാരനായിരുന്ന ആലുവ സ്വദേശി സനൂപാണ് ഇക്കാര്യം വ്യക്തമാക്കിയത്. പകല്‍ സമയങ്ങളില്‍ ജയിലുദ്യോഗസ്ഥരുടെ മുറിയിലായിരിക്കും താരമുണ്ടാവുകയെന്ന് സനൂപ് പറഞ്ഞു. രാത്രി കിടക്കാന്‍ മാത്രമാണ് സെല്ലിലേക്ക് വരുന്നത്.

ജയിലുദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഭക്ഷണമാണ് ദിലീപിനും നല്‍കുന്നത്. ജയിലിലെത്തിയതു മുതല്‍ ഇത്തരത്തില്‍ പ്രത്യേക ഭക്ഷണമാണ് നല്‍കുന്നതെന്നും തനിക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഇതുവരെ പുറത്ത് പറയാഞ്ഞതെന്നും സനൂപ് പറഞ്ഞു. ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ താന്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാകുമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. പത്തുവര്‍ഷം മുന്‍പ് നടന്ന ഒരു കേസില്‍ അറസ്റ്റിലായാണ് സനൂപ് ജയിലിലെത്തിയത്.

അതേസമയം ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ആരോഗ്യനില മോശമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതാണ് ആരോഗ്യനില വഷളാക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതുമൂലം ഇടയ്ക്ക് തലചുറ്റലും ഛര്‍ദിയും അനുഭവപ്പെടുന്നുണ്ട്. അമിതമായ മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള ഞരമ്പുകളില്‍ സമ്മര്‍ദം കൂടുകയും, ഇതേത്തുടര്‍ന്ന് ഫ്ളൂയിഡ് കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് ദിലീപിന് പ്രശ്നമാകുന്നത്.

ജയിലില്‍ ദിലീപിന് മരുന്ന് നല്‍കിയെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഭാര്യ കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തതും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമോയെന്ന ഭയവും ദിലീപിനെ അലട്ടുന്നുണ്ട്. ജയിലിലെ തറയില്‍ക്കിടന്ന് ഉറങ്ങേണ്ടിവരുന്നതും താരത്തെ സാരമായി ബാധിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ദിലീപിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആലോചിച്ചിരുന്നെങ്കിലും സുരക്ഷാപ്രശ്‌നങ്ങളാല്‍ ഇതൊഴിവാക്കി. പിന്നീട് ഡോക്ടര്‍മാര്‍ ജയിലിലെത്തി പരിശോധിച്ചു. ഡോക്ടര്‍മാര്‍ പരിശോധനയ്ക്കെത്തുമ്പോള്‍ ശരിക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ദിലീപെന്നും സൂചനകളുണ്ട്. എന്നാല്‍ ഇതെല്ലാം നടന്റെ അഭിനയമാണെന്നാണ് സഹതടവുകാര്‍ പറയുന്നത്. താരത്തിന് പ്രത്യേകിച്ച് കുഴപ്പമൊന്നും ഇല്ലെന്നും എല്ലാം സഹതാപം പിടിച്ചു പറ്റാന്‍ താരം അഭിനയിക്കുന്നതാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News