Flash News

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ്; ആകാംക്ഷയുടെ മുള്‍‌മുനയില്‍ സ്ഥാനാര്‍ത്ഥികള്‍

August 8, 2017

RAJYASABHAഅഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഉടന്‍ പ്രഖ്യാപിക്കും. അമിത് ഷായും സ്മൃതി ഇറാനിയും വിജയമുറപ്പിച്ചു; അഹമ്മദ് പട്ടേലിന്റെ ഫലത്തിൽ ആകാംക്ഷ. 182 അംഗ നിയമസഭയിൽ നിലവിലുള്ള 176 എംഎൽഎമാരും വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചകഴിഞ്ഞ രണ്ടരയോടെ അവസാനിച്ചു.

വോട്ടെടുപ്പു പൂർത്തിയായതിനു പിന്നാലെ വിജയം ഉറപ്പാണെന്ന അവകാശ വാദവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. 47 വോട്ടുകൾ നേടി അഹമ്മദ് പട്ടേൽ രാജ്യസഭയിലെത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതവ് അശോക് ഗെഹ്‌ലോട്ട് അവകാശപ്പെട്ടിരുന്നു. അതേസമയം, ബിജെപിയുടെ മൂന്ന് സ്ഥാനാർഥികളും നിഷ്പ്രയാസം ജയിക്കുമെന്ന് ഗുജറാത്ത് മുൻ മുഖ്യമന്ത്രി കൂടിയായ ആനന്ദിബെൻ പട്ടേലും അവകാശപ്പെട്ടു.

ഗുജറാത്തിൽ ഒഴിവുള്ള മൂന്നു സീറ്റിൽ നാലു പേരാണു മത്സരിക്കുന്നത്. അമിത് ഷാ, സ്മൃതി ഇറാനി, രാജ്പുട്ട് എന്നിവരാണു ബിജെപിയുടെ സ്ഥാനാർഥികൾ. മുതിർന്ന നേതാവ് അഹമ്മദ് പട്ടേലാണ് കോൺഗ്രസ് സ്ഥാനാർഥി. ബിജെപിക്കായി മൽസരരംഗത്തുള്ള പാർട്ടി ദേശീയ അധ്യക്ഷൻ കൂടിയായ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്ക് വിജയം ഉറപ്പാണെങ്കിലും, കോൺഗ്രസിനായി രംഗത്തുള്ള മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിന്റെ കാര്യമാണ് സംശയത്തിലുള്ളത്. പട്ടേലിനെ ‘വെട്ടാൻ’ ബിജെപി നിയോഗിച്ചിരിക്കുന്ന പഴയ കോൺഗ്രസുകാരൻ കൂടിയായ ബൽവന്ത്സിങ് രജ്പുട്ടിന്റെ സാന്നിധ്യമാണ് തിരഞ്ഞെടുപ്പു പോരാട്ടത്തിന് ചൂടേറ്റിയത്.

പ്രതിപക്ഷ നേതാവായിരുന്ന ശങ്കർസിങ് വഗേലയും മറ്റ് ആറ് എംഎൽഎമാരും വിമതപക്ഷത്തായതിനാൽ, വിജയമുറപ്പിക്കുന്നതിന് അഹമ്മദ് പട്ടേലിന് ഇതരകക്ഷികളുടെ പിന്തുണ ആവശ്യമാണ്. വോട്ടെടുപ്പിനു തലേന്ന് എൻസിപി സംസ്ഥാന നേതൃത്വം ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചെങ്കിലും, വോട്ടെടുപ്പിൽ എൻസിപിയുടെ ഒരു എംഎൽഎ ബിജെപിക്കും രണ്ടാമൻ കോൺഗ്രസിനു വോട്ടു ചെയ്തു. വിപ്പ് ലംഘിച്ച് ബിജെപിക്കു വോട്ടു ചെയ്ത കാണ്ഡൽ ജഡേജയ്ക്കെതിരെ നടപടിയെടുക്കുമെന്ന് എൻസിപി ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ വോട്ട് കോണ്‍ഗ്രസിനാണെന്നാണ് ഐക്യ ജനതാദളിന്റെ ചോട്ടുഭായ് വാസവയുടെ നിലപാട്. ബിജെപിയുെട രാഷ്ട്രീയ സമ്മർദ്ദ തന്ത്രത്തിൽനിന്ന് രക്ഷപെടുത്തി കോൺഗ്രസ് നേതൃത്വം ബെംഗളൂരുവിലെ റിസോർട്ടിൽ പാർപ്പിച്ചിരുന്ന 44 എംഎൽഎമാരുടെ വോട്ടുകളാണ് പട്ടേലിന്റെ ഭാവി നിശ്ചയിക്കുകയെന്ന് വ്യക്തം.

കോൺഗ്രസ് തോൽക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കുന്നതിൽ കാര്യമില്ലെന്ന് വ്യക്തമാക്കിയാണ് വഗേല ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയും സുഹൃത്തുമായ അഹമ്മദ് പട്ടേലിന് താൻ വോട്ടു ചെയ്തില്ലെന്നും വഗേല പറഞ്ഞു. വോട്ട് പട്ടേലിനാണെന്ന മുൻ നിലപാട് തിരുത്തിയാണ് വഗേല നിർണായക നിമിഷത്തിൽ പാർട്ടിയെ കൈവിട്ടത്. വഗേലയ്ക്കൊപ്പമുള്ള ആറ് വിമത എംഎൽഎമാരും ബിജെപിക്ക് വോട്ടു ചെയ്തെന്നാണ് വിവരം.

രാഷ്ട്രീയ കുതിരക്കച്ചവടം, റിസോർട്ടിലെ ‘ഒളിവുജീവിതം’, ആദായനികുതി റെയ്ഡ് തുടങ്ങിയ സംഭവവികാസങ്ങൾക്കു രാജ്യം സാക്ഷിയായ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് രാവിലെ 10നാണ് ആരംഭിച്ചത്. ആരൊക്കെ മറുകണ്ടം ചാടുമെന്ന ആകാംക്ഷയ്ക്കിടെയായിരുന്നു വോട്ടെടുപ്പ്. ബിജെപിയുടെ കുതിരക്കച്ചവടം ‘ഭയന്ന്’ ബെംഗളൂരുവിനു സമീപം ബിഡദി ഈഗിൾട്ടൻ റിസോർട്ടിൽ ഒരാഴ്ചയിലേറെ ‘ഒളിവിൽ’ കഴിഞ്ഞശേഷമാണു ഗുജറാത്തിലെ 44 കോൺഗ്രസ് എംഎൽഎമാർ തിങ്കളാഴ്ച സംസ്ഥാനത്തു തിരിച്ചെത്തിയത്. അഹമ്മദാബാദിലെ റിസോർട്ടിലായിരുന്ന ഇവരെ പ്രത്യേക ബസിലാണ് വോട്ടു ചെയ്യാനെത്തിച്ചത്.

ഇതിനിടെ വോട്ട് ചെയ്തതിന് ശേഷം അമിത് ഷായെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തികാട്ടിയ രണ്ട് വിമത എംഎല്‍എമാര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. ചട്ടം ലംഘിച്ചവരുടെ വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കും. എംഎല്‍എമാര്‍ കൂറുമാറിയതോടെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ സാധ്യതകള്‍ മങ്ങിയിരുന്നു. 7 എംഎല്‍എമാരാണ് കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്തത്. ഇതിനിടയിലാണ് ബാലറ്റ് പേപ്പര്‍ ബിജെപി പ്രതിധിയെ ഉയര്‍ത്തികാട്ടിയ വിമത എംഎല്‍എമാരുടെ വോട്ട് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ രാജ്യസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top