Flash News

ദിലീപിന്റെ ജാമ്യ ഹര്‍ജി വീണ്ടും തള്ളി; ആഗസ്റ്റ് 22 വരെ റിമാന്‍ഡ് കാലാവധി നീട്ടി; ഗൂഢാലോചന നടത്തിയതിന് ശക്തമായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു

August 8, 2017 , Moideen Puthenchira

Masterകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 22 വരെ നീട്ടി. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ദിലീപിനെ ഹാജരാക്കിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന പ്രതിഭാഗം ആരോപണം നിരാകരിച്ച്, ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിഗമനത്തിലെത്താന്‍ കോടതിക്കു ബലമേകിയത് അന്വേഷണ രേഖകളാണ്.

രഹസ്യമായി നടക്കുന്ന ഗൂഢാലോചനയ്ക്കു നേരിട്ടു തെളിവു ലഭിക്കാന്‍ സാധ്യത കുറവായതിനാല്‍ സാഹചര്യത്തെളിവുകളാണു പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) കോടതിയുടെ പരിശോധനയ്ക്കു കേസ് ഡയറിയും കൈമാറിയിരുന്നു. ഒന്നാം പ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) അറിയുകയേ ഇല്ലെന്നു ദിലീപ് പറയുന്നിടത്തുനിന്നാണ് അന്വേഷണം മുന്നേറുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നും നേരിട്ടും അല്ലാതെയുമുള്ള സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഹര്‍ജിക്കാരന് എതിരാണെന്നും ഡിജിപി വാദിച്ചു. കുറ്റകൃത്യം നടക്കും മുന്‍പുള്ള വസ്തുതകളും കൃത്യം നടത്തിയ ശേഷം പ്രതിയുടെ പെരുമാറ്റവും – രണ്ടു തരത്തിലുള്ള തെളിവുകളാണു ശേഖരിച്ചതെന്നു ഡിജിപി വിശദീകരിച്ചിരുന്നു.

കേസില്‍ ദിലീപിനു പങ്കുണ്ടെന്ന പ്രാഥമിക നിഗമനത്തിനു കോടതി ആധാരമാക്കുന്ന വസ്തുതകള്‍:

കൊച്ചിയിലെ ഹോട്ടലില്‍ ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ ദിലീപ് സുനില്‍കുമാറിനെ കണ്ടുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. കൃത്യം നടത്താന്‍ നിര്‍ദേശിച്ചു വന്‍തുക വാഗ്ദാനം ചെയ്തതു ഹോട്ടല്‍ മുറിയില്‍ വച്ചാണെന്നു പറയുന്നു. ദിലീപിന്റെ പേരില്‍ മുറി ബുക്ക് ചെയ്തതിനു ഹോട്ടല്‍ രേഖകളും അഞ്ചിടങ്ങളില്‍ പ്രതികള്‍ ഒന്നിച്ചെത്തിയതിനു മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവുകളും കോള്‍ വിവരങ്ങളും മൊഴികളും പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നു. ഗൂഢാലോചനയെക്കുറിച്ചു സുനില്‍കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷകര്‍ തെളിവുകളും ശേഖരിച്ചു.

സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) 2017 ഏപ്രില്‍ 20നു ദിലീപ് പരാതി നല്‍കിയതു തന്റെ പേരു സുനില്‍ വെളിപ്പെടുത്തുന്നതു മുന്‍കൂട്ടി കണ്ടു പ്രതിരോധിക്കാനുള്ള സൂത്രമായിരുന്നുവെന്ന് അന്വേഷകര്‍ കരുതുന്നു. സുനില്‍കുമാര്‍ ദിലീപിന് അയച്ചതായി പറയുന്ന കത്ത് ഭീഷണിയുടെ സ്വരത്തിലുള്ളതോ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതോ അല്ലെന്നാണു വിലയിരുത്തല്‍.

ഗുഢാലോചനയെക്കുറിച്ചു സുനില്‍കുമാര്‍ പറഞ്ഞതായി മറ്റു ചിലരുടെ മൊഴികളുമുണ്ട്. ജയിലില്‍ ഒളിച്ചുകടത്തിയ മൊബൈല്‍ വഴി സുനില്‍കുമാര്‍ പലരെയും വിളിച്ചു. ദിലീപുമായി ബന്ധപ്പെട്ടു സംശയമുനയിലുള്ള ചിലരെ മൊബൈലും കോയിന്‍ ബോക്‌സ് ലൈന്‍ വഴിയും വിളിച്ചതായി രേഖകളുണ്ട്. സുനിലിന്റെ സഹതടവുകാരനായിരുന്ന വിഷ്ണു മറ്റു ചിലര്‍ വഴി ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചതായി രേഖകളില്‍ കാണാം. സുനില്‍കുമാര്‍ ജയിലില്‍ നിന്നു കത്തയച്ചതായും കാണുന്നു.

കുറ്റകൃത്യം നടത്തിയ ഉടന്‍ സുനില്‍ കൂട്ടുപ്രതികള്‍ക്കൊപ്പം മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ദിലീപിന്റെ കൂട്ടാളികള്‍ക്കു കൈമാറാന്‍ ശ്രമിച്ചതായും രേഖകളിലുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന 19 സാഹചര്യങ്ങളും പ്രതിയുമായി ബന്ധപ്പെട്ടതല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ദിലീപ് കുറ്റകൃത്യത്തിന്റെ മുഖ്യ ആസൂത്രകനാണെന്നും പകപോക്കാന്‍ ലൈംഗികാതിക്രമ ക്വട്ടേഷന്‍ നല്‍കിയതു ക്രിമിനല്‍ നിയമചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

16-ാം തിയതിക്കുള്ളില്‍ ദിലീപ് പേര് പറഞ്ഞില്ലങ്കില്‍ താന്‍ ഈ നടിയുടെ പേര് പറയുമെന്ന് പള്‍സര്‍; ക്വട്ടേഷന്‍ നല്‍കിയത് ഇവരാണെന്നും വെളിപ്പെടുത്തല്‍, സുനി ഉന്നം വെയ്ക്കുന്നത് കാവ്യയെ ?

pulsar-suniനടിയെ ആക്രമിച്ച കേസില്‍ മാഡം എന്നത് കെട്ടുകഥയല്ലെന്ന് പള്‍സര്‍ സുനി. മാഡം സിനിമ രംഗത്ത് നിന്നുള്ളയാളാണെന്നും, ആലുവ ജയിലില്‍ കഴിയുന്ന വിഐപി ഇക്കാര്യം പറഞ്ഞില്ലെങ്കില്‍ ഓഗസ്റ്റ് 16ന് താന്‍ ഇത് വെളിപ്പെടുത്തുമെന്നും പള്‍സര്‍ സുനി പറഞ്ഞു.

നേരത്തെ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനാണെന്നായിരുന്നു പൊലീസ് ഭാഷ്യം. ആക്രമണ സമയത്ത് ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് ആക്രമണത്തിനിരയായ നടിയോട് സുനി പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിന് മൊഴി നല്‍കിയപ്പോള്‍ നടി പറഞ്ഞിരുന്നു. പൊലീസിന് നല്‍കിയ മൊഴിയിലും ഒരു മാഡത്തെക്കുറിച്ച് സുനി പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണം ദിലീപിലേക്ക് എത്താതിരിക്കാന്‍ സുനി പ്രയോഗിച്ച തന്ത്രമാണ് ഇതെന്നാണ് പൊലീസ് പറഞ്ഞതെന്നായിരുന്നു ചാനല്‍ റിപ്പോര്‍ട്ടുകള്‍.

ദിലീപിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ ആദ്യം മുതലേ സുനി ശ്രമിച്ചിരുന്നു. താന്‍ ജയിലില്‍ പോയാലും ദിലീപ് സഹായിക്കുമെന്ന് സുനിക്ക് ഉറപ്പുണ്ടായിരുന്നു. അതിനാലാണ് ബോധപൂര്‍വം അന്വേഷണത്തെ അട്ടിമറിക്കാന്‍ ഒരു മാഡത്തെക്കുറിച്ച് മൊഴി നല്‍കിയതെന്നും പൊലീസ് വൃത്തങ്ങളില്‍നിന്നും വിവരം ലഭിച്ചതായി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിരുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top