ബിജെപി നേതാവ് കെ. സുരേന്ദ്രന് കോടതി എട്ടിന്റെ പണി കൊടുത്തു; വെട്ടിലായത് ബിജെപി നേതൃത്വം

27-1495881043-surendran3മഞ്ചേശ്വരത്തു കള്ളവോട്ട് നടന്നെന്നാരോപിച്ചു കോടതി കയറുന്ന ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ വീണ്ടും വെട്ടില്‍. നേരത്തേ, സുരേന്ദ്രന്‍ മരിച്ചവരെന്നു പറഞ്ഞവരെല്ലാം കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാനുള്ള ചെലവു വഹിക്കണമെന്ന കോടതി നിര്‍ദേശമാണ് പ്രതിസന്ധി. ഇനി മൊഴി നല്‍കാനുള്ള 45 പേരില്‍ 42 പേര്‍ ഗള്‍ഫിലാണ്. ഇവരെ തിരികെയെത്തിക്കാന്‍ സുരേന്ദ്രന്‍ തന്നെ ചെലവു വഹിക്കണമെന്നാണു കോടതി ആവശ്യപ്പെട്ടത്.

ഇവരെ നാട്ടിലെത്തിച്ചാലും കള്ളവോട്ടു നടന്നെന്നു തെളിയിക്കുക എളുപ്പമല്ല. ഈ സാഹചര്യത്തില്‍ ആലോചിച്ചു തീരുമാനമറിയിക്കാമെന്നു സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ മരിച്ചുപോയവരുടെയും വിദേശത്ത് ജോലിയുള്ളവരുടെയും പേരുകളില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ഇതാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പിബി അബ്ദുല്‍ റസാഖിനെ വിജയത്തിലെത്തിച്ചതുമെന്നാണ് സുരേന്ദ്രന്റെ ആരോപണം. 89 വോട്ടുകള്‍ക്കാണു സുരേന്ദ്രന്‍ തോറ്റത്. ഇതില്‍ കൂടുതലും കള്ളവോട്ടാണെന്നാണ് ആരോപണം. എന്നാല്‍, സുരേന്ദ്രന്‍ മരിച്ചെന്ന് ആരോപിച്ച പലരും കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു.

സുരേന്ദ്രന്റെ പരാതിയില്‍ കോടതിയില്‍ ഹാജരാകാന്‍ മൂന്നുപേര്‍ക്കു നേരത്തേ കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് 42 പേരെ എത്തിക്കാന്‍ വിമാനക്കൂലി മുടക്കണമെന്നു കോടതി നിര്‍ദേശിച്ചത്. കേസില്‍ ഇതുവരെ ഹാജരായത് 154 പേര്‍. ആറ് പരേതര്‍ അടക്കം 253 പേരുടെ കള്ളവോട്ട് ചെയ്താണ് യുഡിഎഫ് വിജയിച്ചുവെന്നാരോപിച്ചാണ് കേസ് ഫയല്‍ ചെയ്തത്.

ആറ് പരേതരുടെതായി കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ലിസ്റ്റില്‍ ഇവരില്‍ ഭൂരിഭാഗം പേരും ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. ഇവര്‍ കോടതിയില്‍ നേരിട്ട് ഹാജരായി സത്യാവസ്ഥ ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് കൂടുതല്‍ പേരെ വിസ്തരിക്കേണ്ടെന്ന് വാദിഭാഗം അഭിഭാഷകന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള, എന്മകജെ പഞ്ചായത്തുകളില്‍ നിന്നുള്ള പത്തുപേര്‍ കോടതിയില്‍ ഹാജരായി തങ്ങള്‍ സ്വയം വോട്ട് ചെയ്തതാണെന്നും നാട്ടില്‍ കൃഷി ചെയ്തു ജീവിക്കുകയാണെന്നും കോടതിയില്‍ ബോധിപ്പിച്ചു.

കേന്ദ്രത്തിന്റെ സഹായത്തോടെ ടിക്കറ്റ് എടുത്തു നില്‍കിയാലും ലക്ഷങ്ങള്‍ വേണം വിദേശ മലയാളികളെ എത്തിക്കാന്‍. ഇതിനു പുറമേ, വിസാ കാലാവധി കഴിയുന്നതിനു മുമ്പ് നാട്ടിലെത്തുകയെന്ന ബുദ്ധിമുട്ടും ഉണ്ടായേക്കാം. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം നിഷേധിച്ച് എംഎ!ല്‍എ പി.ബി.അബ്ദുല്‍ റസാഖ് രംഗത്ത് വന്നിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് രാജി വെക്കുന്ന പ്രശനമില്ല. കള്ളവോട്ട് ചെയ്‌തെന്ന് തെളിഞ്ഞുവെന്ന ആരോപണം തെറ്റാണ്. ഇത് സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. വിധി വരട്ടെ, അപ്പോള്‍ കാണാം എംഎ!ല്‍എ പ്രതികരിച്ചിരുന്നു. മരിച്ചവരുടെ പേരില്‍ വോട്ട് ചെയ്‌തെന്ന ആരോപണം കള്ളമാണ്. ജനങ്ങള്‍ക്കിടയില്‍ മുസ്‌ലിം ലീഗിനെ കള്ളന്മാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റസാഖ് കുറ്റപ്പെടുത്തിയിരുന്നു.

Print Friendly, PDF & Email

Leave a Comment