പാണത്തൂരില്‍ നിന്ന് ഒരാഴ്ച മുമ്പ് കാണാതായ മൂന്നു വയസ്സുകാരി സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

sana1-830x412കാസര്‍ഗോഡ് പാണത്തൂരില്‍ നിന്നും കാണാതായ മൂന്നു വയസുകാരി സനാ ഫാത്തിമയുടെ മൃതദേഹം നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. ചന്ദ്രഗിരി പുഴയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഒരാഴ്ച മുമ്പാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത്. വ്യാഴാഴ്ച കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നു.

പാണത്തൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ ബാപ്പുകയത്തെ ഇബ്രാഹിമിന്റെ മകള്‍ സനയെ വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കാണാതായത്. വീടിനു തൊട്ടടുത്തായുള്ള അങ്കണവാടിയില്‍ നിന്നു കുട്ടിയെ ഉമ്മ ഹഫീന കൂട്ടിക്കൊണ്ടുവന്നതായിരുന്നു. പിന്നീട് കളിക്കാനിറങ്ങിയ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു.

വീടിന് സമീപത്തെ സിമന്റ് പൈപ്പിന്റെ ഓവുചാലിന്റെ ഓരത്തായി കുട്ടിയുടെ ചെരിപ്പും കുടയും കണ്ടെത്തിയിരുന്നു. ഓവുചാലില്‍ കുടുങ്ങിയോ എന്നറിയാനായി പൈപ്പ് പൊട്ടിച്ച് പരിശോധിച്ചുവെങ്കിലും കണ്ടെത്താനായിരുന്നില്ല.

പൊലീസും അഗ്നിശമന സേനാംഗങ്ങളുമെല്ലാം സജ്ജീകരണങ്ങളോടെ തെരച്ചില്‍ നടത്തിയിട്ടും ആറ് ദിവസമായും കുട്ടിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ദേശീയ ദുരന്തനിവാരണ സേനയുടെ കണ്ണൂര്‍ യൂണിറ്റില്‍ നിന്നുള്ളവരടക്കം തെരച്ചിലില്‍ പങ്കെടുത്തിരുന്നു. ഒടുവില്‍ മരത്തിന്റെ ചില്ലയില്‍ തട്ടികിടക്കുന്ന നിലയില്‍ സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റര്‍ അകലെ പുഴയില്‍ നാട്ടുകാര്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സന ഫാത്തിമയെ കാണാതായി ഏഴാം ദിവസമാണ് മൃതദേഹം ലഭിച്ചത്

Print Friendly, PDF & Email

Leave a Comment