ഗോരഖ്പുര്‍ : യുപിയില്‍ 30 പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ 63 പേര് മരിച്ച വന്‍ദുരന്തം സംഭവിച്ചത് തിരഞ്ഞെടുപ്പിലുട നീളം യോഗി ആദിത്യനാഥ് വികസന പ്രവര്‍ത്തനങ്ങള്‍ വിളിച്ചോതിയ ആശുപത്രിയില്‍. ജീവശ്വാസം കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ആശുപത്രിയില്‍ മരിച്ചത് വ്യക്തിപരമായി മുഖ്യമന്ത്രി യോഗിക്കും കനത്ത തിരിച്ചടിയായി. കുടിശികയെ തുടര്‍ന്നു സ്വകാര്യ കമ്പനി ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം നിര്‍ത്തിയതോടെയാണു 48 മണിക്കൂറിനിടെ കുട്ടികളുടെ മരണം സംഭവിച്ചത്.
സ്വന്തം സ്ഥലമായ ഗോരഖ്പുരില്‍ എംപി ആയിരുന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു തിരഞ്ഞെടുപ്പിലുട നീളം യോഗി ആദിത്യ നാഥ് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നത്. മസ്തിഷ്കത്തിലെ അണുബാധ ചികില്‍സയ്ക്ക് ഉത്തര്‍പ്രദേശിലെ പേരുകേട്ട ആശുപത്രിയാണ് ഗോരഖ്പുരിലെ ബാബാ രാഘവ്ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളേജ്. ഗോരഖ്പുര്‍ മണ്ഡലത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയുമാണിത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമാണു ഗോരഖ്പുര്‍.
മസ്തിഷ്കജ്വരം തടയുന്നതിനായി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ബോധവല്‍ക്കരണം നടക്കുന്നതിനിടെയാണു രാജ്യത്തെ നടുക്കിയ സംഭവം. ഗോരഖ്പുര്‍ മണ്ഡലത്തില്‍ മാത്രം മസ്തിഷ്കജ്വരം മൂലം ഈ വര്‍ഷം 114 മരണം സംഭവിച്ചിരുന്നു. ഇതെത്തുടര്‍ന്നു യുപിയിലെ 38 ജില്ലകളില്‍ പദ്ധതി നടപ്പാക്കിവരികയാണ്. കിഴക്കന്‍ യുപിയിലെ പ്രധാന ആരോഗ്യപ്രശ്നമാണു മസ്തിഷ്കജ്വരം. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ യുപിയില്‍ 40,000 കുട്ടികള്‍ മരിച്ചതായാണു കണക്ക്.
കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ പേരാണ് ബിആര്‍ഡിയില്‍ ചികിത്സ തേടിയെത്തുന്നത്. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രണ്ടുദിവസം മുന്‍പ് യോഗി ആദിത്യനാഥ് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഓക്സിജന്‍ സിലിണ്ടര്‍ ദൗര്‍ലഭ്യം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തെ ആശുപത്രി അധികൃതര്‍ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ അനാസ്ഥായായാണ് ഈ മഹാദുരന്തത്തിന് കാരണമെന്ന പ്രതിപക്ഷ സ്വരത്തിന് ശക്തി വര്‍ധിക്കുന്നു.
എന്നാല്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തി. ഓക്സിജന്‍ സിലിണ്ടര്‍ കിട്ടാനില്ലെന്ന കാര്യം ആശുപത്രി അധികൃതര്‍ മറച്ചു വെച്ചു. യോഗി ആദിത്യനാഥ് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പോലും ഇക്കാര്യം അറിയിച്ചില്ലെന്നുമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം. സംഭവുമായി ബന്ധപ്പെട്ട് ഗോരഖ്പുർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ സർക്കാർ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതല അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. മെഡിക്കല്‍ വിഭ്യാഭ്യാസ മന്ത്രി അശുതോഷ് ടണ്ഡനാണ് ഇക്കാര്യം അറിയിച്ചത്. ഗുരുതരമായ അലംഭാവം പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി മന്ത്രി പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply