ഫൊക്കാന കേരളാ പ്രവാസി പ്രൊട്ടക്ഷന്‍ ട്രിബൂണല്‍ നടപ്പാക്കാന്‍ കമ്മിറ്റി രൂപീകരിച്ചു: ഡോ. എം. അനിരുദ്ധന്‍ ചെയര്‍മാന്‍

Pravasi protectionന്യൂയോര്‍ക്ക് : സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി എത്രയും വേഗം കേരളാ പ്രവാസി പ്രൊട്ടക്ഷന്‍ ട്രിബുണല്‍ നടപ്പാക്കാന്‍ ഫൊക്കാന കമ്മറ്റി രൂപികരിച്ചു.

പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗിസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, ഡോ. അനിരുദ്ധന്‍, മറിയാമ്മ പിള്ള, എബ്രഹാം ഈപ്പന്‍, ഡോ. മാമ്മന്‍ സി ജേക്കബ് എന്നിവരെ കേരളാ പ്രവാസി ട്രിബുണല്‍ നടപ്പാക്കാന്‍വേണ്ടി ഫൊക്കാന നഷണല്‍ കമ്മിറ്റി ചുമതലപ്പെടുത്തി. ഈ കമ്മറ്റിയുടെ ചെയര്‍മാനായി ഡോ. എം.
അനിരുദ്ധനെയും തെരഞ്ഞുടുത്തു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരം ഏറ്റ നാള്‍ മുതല്‍ പ്രവാസികളുടെ സ്വത്തു സംരക്ഷണം സംബന്ധിച്ചു ഫൊക്കാന അദ്ദേഹവുമായി ആശയവിനിമയം നടത്തിവരികയാണ് . അതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ട്രഷറര്‍ ഷാജി വര്‍ഗിസ്, മാധ്യമ പ്രവര്‍ത്തകന്‍ രജി ലൂക്കോസ്, ഫൊക്കാന കേരള കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍ എന്നിവര്‍ പിണറായി വിജയനെ കാണുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ പ്രവാസികളുടെ വസ്തുവകകള്‍ അനധികൃതമായി കൈയ്യടക്കിയ ചിലരെക്കുറിച്ചുള്ള വിവരങ്ങളും, നിയമത്തിന്റെയും പഴുതിലൂടെ നടക്കുന്ന നീചമായ ചില പ്രവര്‍ത്തികളും മുഖ്യമന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിച്ചു. അദ്ദേഹം അതെല്ലാം ശ്രദ്ധയോടെ കേള്‍ക്കുകയൂം കേരളാ പ്രവാസി ട്രിബുണല്‍ നടപ്പിലാക്കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കാമെന്നു ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ഇതുവരെ ഇത് നടപ്പാക്കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ല.

പ്രവാസികളുടെ കേരളത്തിലെ സ്വത്തു സംരക്ഷിക്കുന്നതിനു നിയമപരമായ പരിരക്ഷ ഉറപ്പു വരുത്തുന്നുന്നതിനു വേണ്ടിയാണ് കേരളാ പ്രവാസി ട്രിബുണല്‍ എന്ന ആശയം ഫൊക്കാന മുന്നോട്ട് വെച്ചത്.

സ്വത്തു സംബന്ധമായ പ്രശ്‌നങ്ങളില്‍ അകപ്പെട്ട പ്രവാസികളെ ഫൊക്കാനയുടെ നേതൃത്വത്തില്‍ ഒന്നിപ്പിക്കുകയും പ്രവാസി ട്രിബുണലുമായി ബന്ധിപ്പിക്കുവാനുള്ള അവസരം ഉണ്ടാക്കുകയുമാണ് ഉദ്ദേശിക്കുന്നത് . കേസുകള്‍ നടത്തുവാനും, അനുബന്ധമായ സഹായങ്ങള്‍ നല്‍കുവാനും ഫൊക്കാന പ്രവാസി ട്രിബുണലുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. കൂട്ടായി ചര്‍ച്ച ചെയ്ത് ഈ വിഷയത്തില്‍ ശാശ്വതമായ തീരുമാനം എടുപ്പിക്കുവാന്‍ കേരളാ, കേന്ദ്ര ഗവണ്‍മെന്റുകളില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് ഈ കമ്മിറ്റിയുടെ ഉദ്ദേശം.

കഴിഞ്ഞ കാലങ്ങളിലേതു പോലെ വരുംകാലത്തും ഫൊക്കാന സാമൂഹിക പ്രവര്‍ത്തനത്തിന്റെ പാതയില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിലകൊള്ളും. സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ ഫൊക്കാനയ്ക്കുള്ള പങ്ക് എന്നും വളരെ വലുതാണ്. ഒരു സംഘടന എന്ന നിലയില്‍ ഇക്കാര്യത്തില്‍ പരിഹാരം നേടുക എന്നത് ഫൊക്കാന കടമയായി ഏറ്റുടുക്കുന്നു- തമ്പി ചാക്കോ, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വര്‍ഗിസ്, ജോര്‍ജി വര്‍ഗീസ്, ഡോ. അനിരുദ്ധന്‍, മറിയാമ്മ പിള്ള , എബ്രഹാം ഈപ്പന്‍, ഡോ. മാമ്മന്‍ സി ജേക്കബ് എന്നിവര്‍ അറിയിച്ചു.

Print Friendly, PDF & Email

2 Thoughts to “ഫൊക്കാന കേരളാ പ്രവാസി പ്രൊട്ടക്ഷന്‍ ട്രിബൂണല്‍ നടപ്പാക്കാന്‍ കമ്മിറ്റി രൂപീകരിച്ചു: ഡോ. എം. അനിരുദ്ധന്‍ ചെയര്‍മാന്‍”

  1. വര്‍ഗീസ് ഡാനിയേല്‍

    സത്യത്തില്‍ ഇങ്ങനെയൊരു ട്രിബൂണലിന്റെ ആവശ്യമുണ്ടോ? കുറെ പേരെ എന്നും പത്രത്താളുകളില്‍ കണ്ടുകൊണ്ടിരിക്കാനാണെങ്കില്‍ വേറെ ഏതെല്ലാം വഴികളുണ്ട്. പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷനെന്നു പറഞ്ഞ് ഫോമയും ഫൊക്കാനയും കുറെ നാളുകളായി കിടന്ന് കസര്‍ത്തു കാണിക്കുന്നു. കമ്മിറ്റികള്‍ രൂപീകരിക്കുന്നു, മന്ത്രിമാരെ കാണുന്നു, നിവേദനം സമര്‍പ്പിക്കുന്നു….. ‘ഇപ്പ ശരിയാക്കിത്തരാം’ എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു. വാര്‍ത്തകളും ഫോട്ടോകളുമല്ലാതെ എന്തെങ്കിലും ക്രിയാത്മകമായി ഈ സംഘടനകള്‍ ചെയ്തിട്ടുണ്ടോ? ആരുടെയെങ്കിലും പ്രോപ്പര്‍ട്ടി തിരിച്ചു നല്‍കിയിട്ടുണ്ടോ? ആദ്യം അത് എഴുതുക.

    ഇനി എന്തുകൊണ്ട് എങ്ങനെ ഈ പ്രവാസികളുടെ പ്രോപ്പര്‍ട്ടി നഷ്ടപ്പെടുന്നു എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വിവരക്കേടു കാണിച്ച് അവസാനം എല്ലാം നഷ്ടപ്പെട്ട് സര്‍ക്കാരിനെ കുറ്റം പറയുന്നതെന്തിനാ. നാട്ടില്‍ പ്രോപ്പര്‍ട്ടിയൊക്കെ വാങ്ങി അളിയന്മാരേയും അമ്മാവന്മാരേയുമൊക്കെ ഏല്പിച്ച് ഇങ്ങോട്ട് പോരും. പവര്‍ ഓഫ് അറ്റോര്‍ണി എന്ന ഒരു സാധനമുണ്ട്. അത് എഴുതിക്കൊടുക്കുമ്പോള്‍ അതിലെഴുതിയിരിക്കുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധയോടെ വായിച്ച് തീരുമാനമെടുത്താല്‍ ആര്‍ക്കും ഒരു പ്രോപ്പര്‍ട്ടിയും അടിച്ചുമാറ്റാന്‍ സാധിക്കില്ല. വീടുള്ളവര്‍ അവിടെ സ്വന്തക്കാരേയും ബന്ധുക്കാരേയും താമസിപ്പിക്കും, യാതൊരു രേഖയുമില്ലാതെ. ഒരു വീട്ടില്‍ നിശ്ചിത വര്‍ഷം സ്ഥിരമായി താമസിച്ചാല്‍ അവരെ അവിടെ നിന്ന് ഒഴിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന സാമാന്യ വിവരമില്ലാത്ത പ്രവാസികളെ എത്ര ഉപദേശിച്ചിട്ടും കാര്യമില്ല. സ്വത്തുവകകള്‍ വില്‍ക്കാനോ വാങ്ങാനോ ആണെങ്കില്‍ നേരിട്ടു പോയി എല്ലാം നേരിട്ടു തന്നെ ചെയ്താല്‍ ആര്‍ക്കും ഒന്നും അടിച്ചുമാറ്റാനും പറ്റുകയില്ല. പവര്‍ ഓഫ് അറ്റോര്‍ണി വഴിയാണെങ്കില്‍ ഏതെങ്കിലും ഒരു കാര്യത്തിന് മാത്രം കൊടുക്കുക. ആ കാര്യം നടപ്പിലായിക്കഴിഞ്ഞാല്‍ ആ പവര്‍ അറ്റോര്‍ണി ഓട്ടോമാറ്റിക്കായി അസാധുവാകുന്നതാണെന്നതും എഴുതിച്ചേര്‍ത്താല്‍ അതുകൊണ്ട് മറ്റൊന്നും ആ പവര്‍ അറ്റോര്‍ണിക്ക് ചെയ്യാന്‍ കഴിയില്ല. ഇനി നാട്ടിലെ ഉദ്യോഗസ്ഥരാണ് കൃത്രിമം കാണിച്ചതെങ്കില്‍ ഡിഐജിക്ക് ഒരു പരാതി എഴുതിക്കൊടുത്താല്‍ മണിക്കൂറുകള്‍ക്കകം അവര്‍ അകത്താകും. ഇതൊക്കെ ചെയ്യാന്‍ അറിയാത്ത, ബുദ്ധിയില്ലാത്ത പ്രവാസികളാണെങ്കില്‍ അവര്‍ പ്രോപ്പര്‍ട്ടി വാങ്ങി വെറുതെ ഫൊക്കാനയ്ക്കും ഫോമയ്ക്കും പിണറായി വിജയനും പണിയുണ്ടാക്കാതെ…പ്ലീസ്.

  2. പ്രവാസി

    ഇത് വെറും ഉഡായിപ്പാണ്. മലയാളികളുടെ കണ്ണില്‍ പൊടിയിടാനുള്ള പണി. ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഇവര്‍ക്ക് തന്നെ അറിയാം. പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ആരായാലും ഒരു നിമിഷം ചിന്തിച്ചുപോകും. ആരെങ്കിലും ഇവരോട് അതേക്കുറിച്ച് ചോദിച്ചാല്‍ ബബബ പാടും. നാട്ടില്‍ പോയി നേരും നെറിവുമില്ലാത്ത രാഷ്ട്രീയക്കാരോടൊപ്പം നിന്ന് ഫോട്ടൊയെടുത്ത് അമേരിക്കയിലെ പത്രങ്ങളിലൊക്കെ അച്ചടിപ്പിച്ച് ഞങ്ങള്‍ ആ മന്ത്രീടെ ഈ മന്ത്രീടെ ആളാണെന്ന് വീമ്പിളക്കി നടക്കാനല്ലാതെ ഇവര്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. നേരെ ചൊവ്വേ രണ്ട് വാക്ക് പറയാന്‍ പോലും അറിയില്ല. എന്നിട്ടാണ് പ്രവാസികളെ പ്രൊട്ടക്റ്റ് ചെയ്യാന്‍ പോകുന്നത്. നാണമില്ലാത്തോരുടെ എവിടെയോ ആലു മുളച്ചാല്‍ അതവര്‍ക്ക് തണല്‍ എന്ന് കേട്ടിട്ടേ ഉള്ളൂ. ഇവരൊക്കെയാണ് അവര്‍.

Leave a Comment