മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ പ്രതിസന്ധിയിലായ ബിജെപി വമ്പന്‍ സ്രാവുകളെ ഒഴിവാക്കി ചെറുമീനുകളെ പിടിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ തിരിമറി നടത്തി

bjp kozhaസംസ്ഥാന ബിജെപി നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിട്ട മെഡിക്കല്‍ കോളജ് കോഴ ഒതുക്കാന്‍ നീക്കം. പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടില്‍നിന്നു നേതാക്കളുടെ പേരു നീക്കം ചെയ്യാനും വിജിലന്‍സിന് ഇതനുസരിച്ചു മൊഴി നല്‍കാനും ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. അഴിമതിക്കെതിരേ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത പാര്‍ട്ടിയെന്ന ലേബലില്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് പുതിയ നിര്‍ദേശം. ശ്രീശന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എംടി രമേശിന്റെയും സതീശ് നായരുടെയും പേരുകള്‍ ഒഴിവാക്കി ചെറു മീനുകളെ മാത്രം ഉള്‍പ്പെടുത്താനാണു നീക്കം. നേരത്തേ, ദേശീയ നേതൃത്വത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഇത്. റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ടു കമ്മിഷന്‍ അംഗം എ.കെ.നസീറിനെതിരെ തല്‍ക്കാലം നടപടിയെടുക്കേണ്ടെന്നും നേതൃത്വം ധാരണയിലെത്തിയതായാണ് സൂചന. വിജിലന്‍സ് അന്വേഷണത്തില്‍നിന്ന് രക്ഷപെടുന്നതിനുള്ള നീക്കമായിട്ടാണ് ഇതു വിലയിരുത്തപ്പെടുന്നത്.

മെഡിക്കല്‍ കോഴയിലെ യഥാര്‍ഥ റിപ്പോര്‍ട്ട് വിജിലന്‍സിനു കൈമാറിയാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരനും എം.ടി.രമേശും നിയമനടപടികള്‍ നേരിടേണ്ടിവരും. ഈ സാഹചര്യം ഒഴിവാക്കാന്‍ എം.ടി.രമേശിനെതിരായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍നിന്നു പൂര്‍ണമായും നീക്കും. എം.ടി.രമേശിനെതിരായ ഷാജിയുടെ മൊഴിയും കുമ്മനം രാജശേഖരന്റെ ഡല്‍ഹിയിലെ പഴ്‌സനല്‍ സ്റ്റാഫായിരുന്ന സതീശ് നായരുടെ പേരും റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കും. കുമ്മനത്തിനെതിരായ അന്വേഷണത്തിലേക്ക് സതീശിന്റെ പേര് നയിച്ചേക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പേരുകള്‍ നീക്കം ചെയ്യുന്നത്.

പുതിയ റിപ്പോര്‍ട്ടിനനുസരിച്ച് വിജിലന്‍സിനു മൊഴി നല്‍കാന്‍ കമ്മിഷന്‍ അംഗങ്ങളായ കെ.പി.ശ്രീശന്‍, എ.കെ.നസീര്‍ എന്നിവര്‍ക്ക് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി. ഈമാസം 22നാണ് ഇരുവരും മൊഴി നല്‍കുന്നത്. നേരത്തെ ഹാജരാകണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി ധാരണ അടിസ്ഥാനപ്പെടുത്തി ഹാജരാകാമെന്ന് ഇവര്‍ തീരുമാനിക്കുകയായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയെന്ന ആരോപണം നേരിടുന്ന എ.കെ.നസീറിനെതിരായ നടപടി തിരുത്തിയിട്ടുണ്ട്.

അഞ്ച് കോടി അറുപത് ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന് സമ്മതിക്കുന്നതാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്റെ പേരും കോഴ ഇടപാടുമായി ബന്ധപ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. വര്‍ക്കല എസ് ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയാണ് പണം നല്‍കിയതായി വെളിപ്പെടുത്തിയത്.

ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്. വിനോദിന് 5.60 കോടി നല്‍കിയെന്നാണ് കണ്ടെത്തല്‍. ഡല്‍ഹിയിലെ സതീഷ് നായര്‍ക്ക് തുക കുഴല്‍പ്പണമായി കൈമാറിയെന്നും മൊഴിയുണ്ട്. തലസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാനായി വേണ്ട ഒത്താശ ചെയ്യാമെന്നേറ്റു കോടികള്‍ വാങ്ങിയെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടിയുടെ ഒരു സെല്‍ കണ്‍വീനറുടെ നേതൃത്വത്തിലുളളവരാണ് ഇതു ചെയ്തത്. ഇവരിലൊരാള്‍ക്ക് ഒരു പ്രധാന സംസ്ഥാന ഭാരവാഹിയുമായി അടുത്തബന്ധം ഉണ്ടെന്നു കണ്ടതോടെ എതിര്‍ചേരികള്‍ പടയൊരുക്കം തുടങ്ങുകയായിരുന്നു.

പണം കൊടുത്തെങ്കിലും കാര്യം നടന്നില്ലെന്നു വന്നതോടെ സംരംഭകന്‍ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കി. എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസുമായി സഹകരിക്കുന്ന ഇയാള്‍ അവരെ ഇക്കാര്യം ധരിപ്പിച്ചതിനെത്തുടര്‍ന്ന് ആ നേതൃത്വവും ഇടപെട്ടു. സംസ്ഥാന നേതൃ യോഗത്തില്‍ ഇതു ചൂടുപിടിച്ച ചര്‍ച്ചയ്ക്കു വഴിയൊരുക്കിയതോടെ നേതാക്കളായ കെ.പി. ശ്രീശന്‍, എ.കെ. നസീര്‍ എന്നിവരെ അന്വേഷണ കമ്മിഷനായി നിയോഗിച്ചു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലിലാണ് അഴിമതി സ്ഥിരീകരിച്ചിരിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment