2009ല്‍ തങ്ങളുടെ താരങ്ങള്‍ സഞ്ചരിച്ച ബസിന് നേരെ നടന്ന വെടിവെയ്പിന്റെ ഓര്‍മകള്‍ മറന്ന് ശ്രീലങ്കന്‍ ടീം വീണ്ടും പാകിസ്താനില്‍ കളിക്കാനെത്തുന്നു. രണ്ടു ട്വന്റി-20 മത്സരങ്ങള്‍ കളിക്കാന്‍ വേണ്ടി ശ്രീലങ്കന്‍ ടീം പാകിസ്താനില്‍ എത്തും. 2009 മാര്‍ട്ടില്‍ ലാഹോറില്‍ തീവ്രവാദി ആക്രമണത്തിന് ഇരയായ ശേഷം ആദ്യമായിട്ടാണ് ലങ്കന്‍ ടീം പാകിസ്താനില്‍ കളിക്കാനെത്തുന്നത്. സെപ്തംബറിലാണ് മത്സരം.
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ തിലങ്ക സുമതിപാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലാഹോറില്‍ രണ്ടോ മൂന്നോ ട്വന്റി-20 മത്സരം കളിക്കുമെന്ന് വ്യക്തമാക്കി. ലോക ക്രിക്കറ്റ് ഏഷ്യയെ ഒരുമപ്പെടുത്തുന്നുണ്ട്. രണ്ടു രാജ്യങ്ങളുടെയും പ്രശ്നങ്ങളും നിലപാടുകളും പരസ്പര ബഹുമാനത്തോടെ മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.
താരങ്ങളുടെ സുരക്ഷാ ഉറപ്പുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇരുവിഭാഗവും ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും മത്സരം. ആദ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തുന്ന സന്ദര്‍ശനവും അവര്‍ നല്കുന്ന റിപ്പോര്‍ട്ടും അനുസരിച്ചായിരിക്കും ടീമിനെ അയയ്ക്കുക. സംഗതി നടന്നാല്‍ എട്ടു വര്‍ഷത്തിന് ശേഷമായിരിക്കും ശ്രീലങ്ക പാക് മണ്ണില്‍ കളിക്കാന്‍ എത്തുക.
2009 ല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ മൂന്നാം ദിനം കളിക്കാന്‍ പോകുമ്പോള്‍ ടീം സഞ്ചരിച്ച ബസിന് നേരെ 12 അംഗ തീവ്രവാദികള്‍ വെടിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ ആറ് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് പരിക്കേറ്റു. ആറ് പാക് പോലീസുകാരും രണ്ടു നാട്ടുകാരും കൊല്ലപ്പെടുകയും ചെയ്തു. ലഷ്ക്കര്‍ ഇ ജാഗ്വി എന്ന തീവ്രവാദി സംഘടനയാണ് ആക്രമിച്ചത്.
2016 ഓഗസ്റ്റില്‍ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ പോലീസ് ലാഹോറില്‍ നടത്തിയ റെയ്ഡില്‍ കൊലപ്പെടുത്തിയിരുന്നു. ഒക്ടോബറില്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന സൈനിക ആക്രമണത്തില്‍ തീവ്രവാദി നേതാവിനെയും പാകിസ്താന് വധിച്ചിരുന്നു. അതേസമയം ശ്രീലങ്കന്‍ ടീം ആക്രമിക്കപ്പെട്ട ശേഷം ഒരു ക്രിക്കറ്റ് ടീമും പാകിസ്താനിലേക്ക് കളിക്കാന്‍ എത്തിയിട്ടില്ല. പാകിസ്താനിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ എത്തില്ലെന്ന് ഇന്ത്യയും അറിയിച്ചിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply