ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കിയ രാമായണ മാസാചരണത്തിന് ഗീതാ മണ്ഡലത്തില്‍ പരിസമാപ്തി

geetha_pic1ചിക്കാഗോ: കര്‍ക്കിടക ഒന്ന് മുതല്‍ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറയ്ക്കുവാനായി ആരംഭിച്ച രാമായണ പാരായണത്തിന് ഗീതാമണ്ഡലത്തില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ പരിസമാപ്തി ആയി. അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകൂടിയായി ആണ് രാമായണ പാരായണം ഗീതാമണ്ഡലത്തില്‍ നടത്തുന്നത്.

നോര്‍ത്ത് അമേരിക്കയില്‍ ഇത് ആദ്യമായാണ്, രാമായണ പാരായണത്തോടൊപ്പം ഇത്ര വിപുലമായ രീതിയില്‍ ശ്രീരാമ പട്ടാഭിഷേകം സംഘടിപ്പിക്കുന്നത്. രാമായണം പാരായണം, ശ്രീ രാമ പട്ടാഭിഷേകത്തില്‍ എത്തിയ നിമിഷം, ശ്രീരാമ നാമഘോഷം നിറഞ്ഞു നിന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍, പ്രധാന പുരോഹിതന്‍ ശ്രീ ലക്ഷ്മി നാരായണ ശാസ്ത്രികള്‍ ഭഗവാന് നവകാഭിഷേകവും തുടര്‍ന്ന് അലങ്കാരങ്ങളും നടത്തി. അതിനു ശേഷം നൈവേദ്യ സമര്‍പ്പണവും, തുടര്‍ന്നു മന്ത്രഘോഷത്താല്‍ പുഷ്പാഭിഷേകവും അര്‍ച്ചനയും ദീപാരാധനയും നടത്തി. തുടര്‍ന്ന് അനുശ്രീ ജിജിത് ആലപിച്ച ശ്രീരാമചന്ദ്ര കീര്‍ത്തനങ്ങള്‍ക്കു ശേഷം ഈ വര്‍ഷത്തെ രാമായണ പാരായണ മഹോത്സവം പരിസമാപ്തിയില്‍ എത്തി.

ഈ വര്‍ഷത്തെ രാമായണ പരിസമാപ്തിയില്‍ പങ്കെടുക്കുവാന്‍ ചിക്കാഗോയില്‍ നിന്നും ചിക്കാഗോക്ക് പുറത്തു നിന്നും വളരെ അധികം ഭക്തര്‍ വന്നിരുന്നു. രാമായണ ആചാര്യര്‍ ശ്രീ ജിതേന്ദ്ര കൈമളുടെയും ഹരിഹരന്‍ ശര്‍മ്മയുടെയും നേതൃത്വത്തില്‍ ആരംഭിച്ച ഈ വര്‍ഷത്തെ രാമായണ പാരായണ മഹോത്സവം അതിന്റെ പരിസമാപ്തിയില്‍ എത്തിയപ്പോള്‍ , ഭക്തിയുടെ ഉയര്‍ന്ന തലത്തില്‍ എത്തപ്പെട്ട അനുഭവമാണ് ലഭിച്ചത് എന്ന് ഭക്തര്‍ അഭിപ്രായപ്പെട്ടു. രാമായണം പാരായണം ചെയ്യുന്നത് കോടി ജന്മങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യന് ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീര്‍ത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത് എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂര്‍വേഷ്യയിലെയും സംസ്കാരങ്ങളില്‍ പ്രതിഫലിച്ചുകാണാം എന്നും ധര്‍മ്മാധര്‍മ്മങ്ങളെ ഇത്രയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സൃഷ്ടികള്‍ ലോക സാഹിത്യത്തില്‍ വിരളമാണ് എന്ന് തുടര്‍ന്ന് നടന്ന സത്സംഗം നയിച്ചു കൊണ്ട് ശ്രീമതി ലക്ഷ്മി നായര്‍ പറഞ്ഞു.

രാമായണം വായിക്കുന്ന ആര്‍ക്കും ഒറ്റ ചിന്തയേ വരൂ. രാമായണത്തിലെ കഥാപാത്രങ്ങള്‍ അന്യോന്യമുള്ള സ്‌നേഹത്തിന്റെ ശക്തി. ഈ സ്‌നേഹം നിലനിര്‍ത്താനുള്ള ഏകപോംവഴി ഭക്തി തന്നെ. “സ്വസ്വരൂപ അനുസന്ധാനം ഇനി ഭക്തി’ എന്ന ശങ്കരവചനം എത്ര ശരിയാണ് എന്ന് ഡോക്ടര്‍ ശകുന്തളാ രാജഗോപാലും, സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്ശിപ്പിക്കുന്ന മനുഷ്യനായ രാമന് ആവിഷ്കരിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം എന്ന് രാധാകൃഷ്ണന്‍ നായരും, ഏതു പ്രലോഭനത്തിന്റെ നടുവിലും ഏതു പ്രതികൂല സാഹചര്യത്തിലും സുഖദുഃഖങ്ങളുടെ കയറ്റിറക്കത്തിലും ഒരിക്കല്‌പ്പോലും സമചിത്തത കൈവിടാത്ത കഥാപാത്രമാണു ശ്രീരാമന്‍. ശ്രീരാമനെപ്പോലെ സ്ഥിരപ്രജ്ഞനായ ഒരു കഥാപാത്രത്തെ നമ്മുടെ പുരാണ സാഹിത്യത്തില്‍ തന്നെ വിരളമായേ കണ്ടെത്താനാകു, അതുപോലെ ഭാരതീയ ആദര്ശ സ്ത്രീത്വത്തിന്റെ അവസാനവാക്കായി നമ്മുക്ക് കാണുവാന്‍ കഴിയുന്ന മറ്റൊരു കഥാപാത്രമാണ് സീതാദേവി, അങ്ങനെ ഓരോ കഥാപാത്രങ്ങളെയും നോക്കിയാല്‍ അവര്‍ എല്ലാം തന്നെ ആദര്ശത്തിന്റെ മൂര്‍ത്തീഭാവമാണ് എന്ന് കാണാം എന്ന് ബിജു കൃഷ്ണനും രാമായണം പാരായണത്തിലൂടെ മനസ്സിനു ശാന്തിയും സമാധാനവും ലഭിക്കും എന്ന് വാസുദേവന്‍ പിള്ളയും, രാമായണം നിത്യ പാരായണമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ഗോപാലകൃഷ്ണനും സംസാരിച്ചു. ശ്രീരാമ പട്ടാഭിഷേകത്തിനും പൂജകള്‍ക്കും ഗീതാ മണ്ഡലത്തിന്റെ അത്മീയ ആചാര്യന്ശ്രീ ആനന്ദ്പ്രഭാകര്‌നേിതൃത്വം നല്കിക.

രാമായണ പാരായണം സ്‌പോണ്‍സര്‍ ചെയ്ത എല്ലാവര്‍ക്കും രാമായണം മഹോത്സവം ഒരു വന്‍ വിജയമാക്കുവാന്‍ പ്രയത്‌നിച്ച എല്ലാ കമ്മിറ്റ അംഗങ്ങള്‍ക്കും ബൈജു എസ് മേനോന്‍നന്ദി പ്രകാശിപ്പിച്ചു. ആഗസ്ത് 25 നു അമേരിക്കയില്‍ ആദ്യമായി നടക്കുന്ന അത്തച്ചമയ ഘോഷയാത്രയിലും വിനായക ചതുര്‍ത്ഥി ഉത്സവത്തിലും, സെപ്തംബര് 9നു നടക്കുന്ന ഓണാഘോഷത്തിലും പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ ശേഖരന്‍ അപ്പുക്കുട്ടന്‍ അഭ്യര്‍ത്ഥിച്ചു..

geetha_pic2 geetha_pic3 geetha_pic4 geetha_pic5 geetha_pic6 geetha_pic7 geetha_pic8 geetha_pic9

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment