മകനെ മനഃപ്പൂര്‍‌വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്; അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ദിലീപിന്റെ അമ്മ

dileep-8കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ദിലീപിന്റെ അമ്മ സരോജം. ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളെ കൊണ്ട് അന്വേഷണം നടത്തണം. സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ ദിലീപിനെതിരെ കുറ്റം ചുമത്താന്‍ കഴിയില്ല. സരോജം മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ രക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് അമ്മ രംഗത്തെത്തിയത്. മകന്‍ നിരപരാധിയാണെന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രിക്ക് കത്തയച്ചത്. കത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു മുഖ്യമന്ത്രി കൈമാറി. തനിക്കെതിരായി പി.സി.ജോര്‍ജ് എംഎല്‍എ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് ഞായറാഴ്ച കത്തയച്ചിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് ദിലീപിന്റെ അമ്മയും കത്തയച്ചതെന്നത് ശ്രദ്ധേയമാണ്.

ആലുവ സബ് ജയിലിലെത്തി ദിലീപിനെ കഴിഞ്ഞദിവസം അമ്മ സരോജം സന്ദര്‍ശിച്ചിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പമായിരുന്നു സരോജത്തിന്റെ സന്ദര്‍ശനം. നേരത്തെ അമ്മയോടും ഭാര്യയോടും മകളോടും ജയിലില്‍ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ജയില്‍വാസം നീണ്ടതോടെയാണ് അമ്മ കാണാനെത്തിയത്. നടന്‍ ദിലീപിന്റെ ആരോഗ്യം മോശമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദിലീപിനെ സന്ദര്‍ശിച്ച നിര്‍മാതാവ് സുരേഷ് കുമാറും ഇക്കാര്യം സ്ഥിരീകരിച്ചു. ചെവിക്കുള്ളിലെ ഫ്‌ലൂയിഡ് കുറയുന്ന അവസ്ഥയാണു ദിലീപിനെന്നും തുടര്‍ച്ചയായി തലകറക്കം അനുഭവപ്പെട്ടിരിന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

അതേസമയം, നടിക്കെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു പി.സി.ജോര്‍ജ് എംഎല്‍എ ചൊവ്വാഴ്ച ആവര്‍ത്തിച്ചു. നടി മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനു പിന്നാലെയാണു ജോര്‍ജ് ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. നടിയുടെ പരാതിയെ താന്‍ ഭയപ്പെടുന്നില്ല. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയെന്നു തെളിഞ്ഞിരിക്കുകയാണ്. പള്‍സര്‍ സുനി പറയുന്നതു വിശ്വസിക്കരുത്. സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ? വനിതാ കമ്മിഷന്റെ തലപ്പത്തു യോഗ്യതയുള്ളവര്‍ വരണം. പലകുറി തോറ്റവരെയല്ല കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. സുനില്‍കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഇന്ന് അപേക്ഷ നല്‍കും. കേസുമായി ബന്ധപ്പെട്ട മാഡം ഒരു സിനിമാനടിയാണെന്നും പേര് രഹസ്യമൊഴിക്കു ശേഷം വെളിപ്പെടുത്തുമെന്നും സുനി നേരത്തെ പറഞ്ഞിരുന്നു. 2011ല്‍ മുതിര്‍ന്ന നടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലും പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും . എറണാകുളം എ.സി.ജെ.എം കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment