Flash News

ന്യൂസ് 18 കേരളയിലെ ഒളിവില്‍ പോയവര്‍ ഉടന്‍ കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍; ചാനലിനേയും ജീവനക്കാരേയും അംബാനി കൈവിട്ടു

August 16, 2017

News 18ന്യൂസ് 18ലെ ആത്മഹത്യക്ക് ശ്രമിച്ച മാധ്യമ പ്രവര്‍ത്തക മൊഴിയില്‍ ഉറച്ചു നിന്നതോടെ ചാനലിലെ സ്റ്റാര്‍ അവതാരകരുടെ നില പരുങ്ങലില്‍. ചാനല്‍ ചീഫ് എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ് കുമാര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ ലല്ലു ശശിധരന്‍ പിള്ള, വാര്‍ത്താ അവതാരകന്‍ സി.എന്‍ പ്രകാശ് എന്നിവരെ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസ് വിവാദമായതോടെ ന്യൂസ് 18 ചാനല്‍ നെറ്റ് വര്‍ക്കിന്റെ അധികൃതര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ചാനലിന്റെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ അവരെ പിന്നെ സംരക്ഷിക്കണ്ടെന്ന നിലപാടാണ് ന്യൂസ് 18 നെറ്റ് വര്‍ക്ക് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ സംഘം നടത്തിയ അനുനയ നീക്കം പൊളിഞ്ഞതോടെയാണ് ഡല്‍ഹിയില്‍ നിന്ന് ഇത്തരം ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്. ദളിത് മാധ്യമ പ്രവര്‍ത്തകയെ സംരക്ഷിക്കണമെന്നും അല്ലെങ്കില്‍ ദേശിയ തലത്തില്‍ അടക്കം ന്യൂസ് 18 നെറ്റ് വര്‍ക്കിന്റെ മുഖം നഷ്ടമാകുമെന്നുമാണ് കമ്പനിയുടെ നിലപാട്.

അറസ്റ്റ് ഉണ്ടായാല്‍ ചാനലിലൂടെ പോലും പ്രതിരോധിക്കേണ്ടെന്നാണ് കമ്പനി നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേ സമയം തന്നെ മൂന്നു മാസത്തിനുള്ളില്‍ നടത്തിയ എല്ലാ നിയമനങ്ങളും പുന:പരിശോധിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ചാനലിന്റെ പ്രാരംഭ ഘട്ടത്തില്‍ ഒപ്പമുണ്ടായിരുന്നവരെ സംരക്ഷിച്ചുകൊണ്ട് പുതിയ നിയമനങ്ങള്‍ പരിശോധിച്ച് നടപടി എടുക്കാന്‍ പുതിയ ടീമിനെ ഉടന്‍ കേരളത്തിലേക്ക് അയക്കും. വിദ്യാഭ്യാസപരമായ യോഗ്യതയില്ലാത്ത നിരവധി പേര്‍ ചാനലില്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് നിലവില്‍ ചാനലില്‍ ജോലി ചെയ്യുന്നവര്‍ പരാതിപെട്ടിട്ടുണ്ട്. ഈ പരാതിയും പുതിയ സംഘം പരിശോധിക്കുമെന്ന് ന്യൂസ് 18 അധികൃതര്‍ ഗ്രാഫിറ്റിമാഗസിനോട് വ്യക്തമാക്കി. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിക്കെതിരെ മോശമായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ച ജീവനക്കാര്‍ക്കെതയിരെയും അച്ചടക്ക നടപടി എടുക്കുമെന്നും സൂചനയുണ്ട്. ഇതിനിടെ ആരോപണ വിധേയരായ പ്രതികള്‍ അഞ്ചു പേരും ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവരുടെ ഫോണുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങള്‍ ദളിതര്‍ക്കെതിരെ ചെയ്താല്‍ ദളിത് പീഡന വിരുദ്ധ നിയമ പ്രകാരം ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറും.

ഒന്നര വര്‍ഷമായി ന്യൂസ് 18ല്‍ ജോലിചെയ്യുകയായിരുന്ന ദളിത് മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തി ജോലിയില്‍ നിന്നും പിരിച്ചു വിടാനാണ് ശ്രമിച്ചത്. പിരിച്ചുവിടുമെന്ന് അറിഞ്ഞ ദിവസം ഓഫീസിലെത്തി പ്രതികളോട് പ്രതിഷേധം നേരിട്ട് അറിയിച്ച ശേഷം വീട്ടിലെത്തി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ മാധ്യമ പ്രവര്‍ത്തക മൂന്നു ദിവസം അനന്തപുരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എംവി ജയരാജനെ കണ്ട് അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമം ഈ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയിരുന്നു. എന്നാല്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിക്ക് ഒപ്പമാണ് സര്‍ക്കാര്‍ എന്ന സന്ദേശമാണ് ഇവര്‍ക്ക് ജയരാജന്‍ നല്‍കിയത്. പ്രതികള്‍ നിയമനടപടികള്‍ക്ക് വിധേയമാകണമെന്നുമാണ് മുധ്യമന്ത്രി പിണറായിയുടെ നിലപാടും. ഇന്ത്യയിലെ ലീഡിങ് ന്യൂസ് നെറ്റ് വര്‍ക്കായ ന്യൂസ് 18ന്റെ മലയാളം ചാനലില്‍ ഉണ്ടായ ദളിത് പീഡനം ഡല്‍ഹിയിലെ ന്യൂസ് ചാനലുകളില്‍ വാര്‍ത്തയായിട്ടുണ്ട്. ഈ വാര്‍ത്ത സംഘപരിവാര്‍ ആഭിമുഖ്യമുള്ള റിപ്പബ്ലിക്ക് ടിവി അടക്കമുള്ള ചാനലുകള്‍ നല്‍കിയാലുള്ള അപകടം തിരിച്ചറിഞ്ഞ് ആരോപണവിധേയരെ പിരിച്ച് വിട്ടുകൊണ്ട് ചാനലിന്റെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top