ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ആഗസ്റ്റ് സമ്മേളനം 13-ാം തിയ്യതി ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍ സമ്മേളിച്ചു. ടി.എന്‍. സാമുവലിന്റെ ‘പറയാതെ വയ്യ’ എന്ന കവിതയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം.
പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സ്വാഗതപ്രസംഗത്തില്‍ എല്ലാവര്ക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു. കൂടാതെ ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയങ്ങളെക്കുറിച്ച് ചുരുക്കമായി സംസാരിച്ചു. സമ്മേളനത്തില്‍ ഡോ. എം.എസ്. സുനില്‍ (ജീവകാരുണ്യ പ്രവര്‍ത്തക) മുഖ്യാതിഥിയായിരുന്നു. ജി. പുത്തന്‍കുരിശായിരുന്നു മോഡറേറ്റര്‍.
തുടര്‍ന്ന് ടി.എന്‍. സമുവല്‍ അദ്ദേഹത്തിന്റെ ‘പറയാതെ വയ്യ’ എന്ന കവിത ഈണത്തില്‍ ചൊല്ലി. മതവും ശാസ്ത്രവും തമ്മിലുള്ള സഘര്‍ഷത്തില്‍ വീര്‍പ്പുമുട്ടി കലുഷിതമാകുന്നതും നഷ്ടപ്പെടുന്നതുമായ ചില പരമാര്‍ത്ഥങ്ങള്‍ കണ്ട് ഇതികര്ത്തവ്യതാമൂഢനാകുന്ന കവി. അവിടെ മതവും രാഷ്ട്രീയവും മനുഷ്യനെ അറിവിലേക്കല്ല അജ്ഞതയിലേക്കാണ് നയിക്കുന്നത്. അങ്ങനെ മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ചില സത്യങ്ങള്‍ കണ്ടും കൊണ്ടും ഭാരപ്പെടുന്ന കവിമനസ്സിന് ചില പരമാര്‍ത്ഥങ്ങള്‍ പറയാതിരിക്കാന്‍ വയ്യാതാകുന്നു. അത്തരം ചില പരമാര്‍ത്ഥങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഈ കവിതിയില്‍.
“പരമാണുപൊരുളിനെയറിയാതെ മര്‍ത്യ
രിന്നധമ ലോകത്തിന്റെ സാക്ഷികളായ്!”
സാക്ഷാല്‍ ഈശ്വരനെ അറിയാതെ മനുഷ്യര്‍ ഇന്ന് മൂഢലോകത്തില്‍ വിഹരിക്കുകയാണ്. ഇവിടെ മതവും രാഷ്ട്രീയവും മനുഷ്യനെ സാക്ഷാല്‍ ഈശ്വരനില്‍നിന്ന് അകറ്റിനിര്‍ത്തുകയാണെന്ന് കവി നമ്മോടു പറയുന്നു.
“പരതുന്നു മാനുഷര്‍ അറിയാത്ത ശക്തിയെ
തമസ്സാകുമജ്ഞാത ഗര്‍ത്തങ്ങളില്‍!”
ഇവിടെയും സാക്ഷാല്‍ ഈശ്വരന് അല്ലെങ്കില്‍ സത്യം എന്താണ് എവിടെയാണെന്നറിയാതെ മനുഷ്യര്‍ ഉഴലുകയാണ്, അലയുകയാണ്. അവിടെയും രക്ഷിക്കേണ്ടവര്‍ രക്ഷയ്ക്കെത്തുന്നില്ല.
“ജ്ഞാനോദയത്തിന്റെ പൊന്നൊളി കാണാതെ
ഗോത്രസംസ്ക്കാരത്തില്‍ മുങ്ങുന്ന മാനവര്‍,
വിശ്വാസമെന്നൊരു വൃത്തത്തില്‍ ചിതമായ്
നൃത്തം ചിവിട്ടുന്നു ഗീതിയൊക്കെത്ത്.”
ഇവിടെ മനുഷ്യര്‍ വാസ്തവത്തില്‍ കൂപമണ്ഡുകങ്ങളാകുകയാണ്. അങ്ങനെ തുടരുന്നു കവിയുടെ ചിന്തകള്‍. അവസാനം:
“ ഓര്‍ക്കുക മര്‍ത്ത്യാ, പ്രപഞ്ചത്തിന് തന്മാത്ര
മാത്രമല്ലോ സൃഷ്ടിജാലമെല്ലാം”
ശാസ്ത്രം പരംപൊരുളിനെ നമ്മുടെ മുന്നില്‍ അനാവരണം ചെയ്യാന്‍ ശ്രമിക്കുകയാണ്. ഈ ശാസ്ത്രപരിണാമത്തിന്റെ അംഗീകാരം സങ്കല്പസൃഷ്ടിയായ ഈശ്വരനില്‍ അടിച്ചേല്പിക്കുന്ന പ്രക്രിയയെ കവി ചോദ്യം ചെയ്യുന്നു. അങ്ങനെ അതിരുകളില്ലാതെ ആഴത്തില്‍ ചിന്തിക്കാന്‍ കഴിയുന്ന ഒരു വിഷയത്തില്‍ കേവലം ഒരു എത്തിനോട്ടം മാത്രമാണ് ഈ കവിതയില്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ചര്‍ച്ച പതിവനപ്പുറം നീണ്ടുപോയി. രണ്ടു വിഷയം ചര്‍ച്ച ചെയ്യേണ്ട സമയം ഈ ഒരു വിഷയത്തില്‍ ഒതുങ്ങിയെന്നു പറയാം.
തുടര്‍ന്ന് മുഖ്യാതിഥിയായി എത്തിയ ഡോ. എം.എസ്. സുനിലിനെ ഫോര്‍ട്ട് ബെന്റ് സ്ക്കൂള് ബോര്‍ഡ് അംഗം കെ.പി. ജോര്‍ജ് പരിചയപ്പെടുത്തി. പത്തനംതിട്ട കാതലിക്കെറ്റ് കോളെജ് പ്രൊഫസറായിരുന്ന ഡോ. സുനില്‍ ഇപ്പോള്‍ മുഴുവന്‍ സമയവും സാമൂഹ്യ സേവനത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമായി ചിലവഴിക്കുന്നു.
ഡോ. സുനിലിന്റെ പ്രസംഗത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ചുരുക്കമായി വിവരിച്ചു. വീടില്ലാത്തവര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുകയാണ് പ്രധാനമായും ചെയ്യുന്നത്. ഇതിനോടകം 75 വീടുകള്‍ നിര്‍മ്മിച്ചുകൊടുത്തു കഴിഞ്ഞു. അതോടൊപ്പം മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ട്. ആഹാരമില്ലാത്തവര്‍ക്ക് ആഹാരം എത്തിച്ചുകൊടുക്കുക. വസ്ത്രം, മരുന്ന് അങ്ങനെ നിര്‍ധനരായവര്‍ക്ക് കഴിയുന്നത്രയും സഹായം ഇവര്‍ ചെയ്തുകൊടുക്കുന്നു. അതിനുവേണ്ട പണസമ്പാദനത്തിനല്ല വന്നിരിക്കുന്നതെന്ന് ആദ്യമെ അവര്‍ സൂചിപ്പിച്ചു. പിരിവ് സ്വീകരിക്കുന്നതല്ല. എന്നാല്‍ സംഘടനാപരമായി ആര്‍ക്കെങ്കിലും വീട് നിര്‍മ്മിച്ചു നല്കണമെന്നുണ്ടെങ്കില് അത് സംഘടനയുടെ പേരില്‍ ചെയ്യാം.
ചര്‍ച്ചയില്‍ സദസ്യരെല്ലാം സജീവമായി പങ്കെടുത്തു. കെ.പി. ജോര്‍ജ്, തോമസ് ചെറുകര, എ.സി. ജോര്‍ജ്, ജോണ്‍ കുന്തറ, പൊന്നു പിള്ള, ബറ്റ്സി റെജി, നിജി തോമസ്, ടോം വിരിപ്പന്‍, ദേവരാജ് കാരാവള്ളില്‍, തോമസ് വര്‍ഗ്ഗീസ്, നൈനാന് മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, ടി. എന്‍. ശാമുവല്‍, തോമസ് തയ്യില്‍, ജോസഫ് തച്ചാറ, ബാബു തെക്കെക്കര, കെ.ജെ തോമസ്, ജെജു കുളങ്ങര, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു. പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം പര്യവസാനിച്ചു.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net),
ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply