സ്വന്തം പുരയിടത്തിലെ തെങ്ങുകള്‍ വെട്ടി മാറ്റി വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിച്ച ജോര്‍ജ് വക്കീല്‍; പത്തു പെറ്റ അമ്മ പത്തു മക്കളേയും കായിക താരങ്ങളാക്കിയ കുടുംബം; ജിമ്മി ജോര്‍ജ് എന്ന ഇതിഹാസ താരം ജനിച്ച കുടുംബം

jimmy_InPixioകണ്ണൂര്‍: കളിക്കളങ്ങളും അതിന്റെ പ്രധാന്യവും ചര്‍ച്ച ചെയ്ത സിനിമയായിരുന്നു ‘രക്ഷാധികാരി ബൈജു’. കളിക്കളം വലിയ ആശുപത്രിക്കായി ഏറ്റെടുക്കുന്നതിന്റെ വേദനയോടെയാണു സിനിമ അവസാനിക്കുന്നതെങ്കില്‍, ഉള്ള തെങ്ങിന്‍ പറമ്പ് മക്കള്‍ക്കു കളിക്കാനായി വിട്ടുകൊടുത്ത ഒരു പിതാവുണ്ട് കേരളത്തില്‍. കഴിഞ്ഞ ദിവസം അന്തരിച്ച അഡ്വ. ജോര്‍ജ് ജോസഫ്. ഈ പേര് അത്ര പരിചയമില്ലെങ്കില്‍ ഒരു സൂചനകൂടിയുണ്ട്. അന്തര്‍ദേശീയ വോളിബോള്‍ താരം ജിമ്മി ജോര്‍ജ്ജിന്റെ പിതാവാണിദ്ദേഹം. വക്കീല്‍ കുപ്പായമഴിച്ചാല്‍ കളിയോടുള്ള ആവേശം സൂക്ഷിച്ച പച്ച മനുഷ്യന്‍. കണ്ണൂരിലെ മലയോര ഗ്രാമമായ പേരാവൂരിനു സമീപം തൊണ്ടിയില്‍ താമസിക്കുന്ന ഈ കായിക കുടുംബം ലോകത്തിന്റെ ആരാധന പാത്രമാകാന്‍ കാരണം ജിമ്മി ജോര്‍ജ്ജും സഹോദരങ്ങളുമാണ്. അഞ്ജു ബോബി ജോര്‍ജു മരുമകളായി എത്തിയതോടെ കുടുംബത്തിന്റെ യശസ്സ് വാനോളമായി. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിയമത്തിനു പഠിക്കുമ്പോള്‍ യൂണിവേഴ്സിറ്റി താരമായിരുന്ന ജോര്‍ജ് ജോസഫിന്റെ മക്കള്‍ പിതാവിന്റെ അതേ വഴി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

കേരളത്തിന്റെ തെക്കന്‍ ജില്ലയില്‍ നിന്നു കണ്ണൂരിലെ മലയോരത്തേക്ക് കുടിയേറിയ കുടുംബമാണ് ജോര്‍ജ് വക്കീലിന്റേത്. കുടക്കച്ചിറ ജോസഫ് കുട്ടിയുടെയും അന്നമ്മ ജോസഫിന്റെയും മൂന്നാമത്തെ മകനായി 1932 ജൂണ്‍ 11 നാണ് ജോര്‍ജ് ജോസഫിന്റെ ജനനം. മലബാര്‍ കുടിയേറ്റക്കാരിലെ ആദ്യ ബിരുദധാരിയും ആദ്യ വക്കീലുമായിരുന്നു ജോര്‍ജ് ജോസഫ്.കോളജ് കാലത്തു തന്നെ വോളിബോള്‍ താരമായിരുന്നു ജോര്‍ജ് വക്കീല്‍. വോളിബോളിനോടുള്ള അഭിനിവേശം പേരാവൂരില്‍ ഒരു കോര്‍ട്ട് നിര്‍മ്മാണത്തിലെത്തുകയും ചെയ്തു. 1950-60 കാലഘട്ടത്തിലായിരുന്നു കോര്‍ട്ട് നിര്‍മ്മിച്ചത്. കോര്‍ട്ട് നിര്‍മ്മിക്കുന്നതിനു മുമ്പ് സമീപത്തെ പള്ളിയുടെ മുറ്റത്തായിരുന്നു വോളിബോള്‍ കളിച്ചിരുന്നത്. പള്ളിയില്‍ മാറി വന്ന വികാരിച്ചയന്‍ എത്തിയതോടെ കളി നിന്നു പോയി. ഈ സങ്കടം മാറ്റാനും കൂട്ടുകാര്‍ക്കു കളിക്കാന്‍ വേണ്ടിയും ആണ് ജോര്‍ജ് വക്കീല്‍ കോര്‍ട്ട് നിര്‍മ്മിച്ചത്. കുടുംബം തന്ന ഭൂമിയിലെ തെങ്ങുകള്‍ വെട്ടിക്കളഞ്ഞ് ഒന്നാന്തരമൊരു വോളിബോള്‍ കോര്‍ട്ട് ജോര്‍ജ് വക്കീല്‍ പണിതു. അന്നത്തെ കാലത്തു പലരും പറഞ്ഞു ജോര്‍ജ് വക്കീലിന്റെ വീഡ്ഢിത്തമാണ് ഈ തെങ്ങ് മുറിച്ചു കളഞ്ഞ് കോര്‍ട്ടാക്കിയതെന്നു.എന്നാല്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു വക്കീല്‍.

teamഅത് പിന്നീട് കായിക ചരിത്രത്തിന്റെ ഭാഗമായി മാറി. ഈ കോര്‍ട്ടില്‍ തന്നെ കുടക്കച്ചിറ ജോസഫ് കുട്ടി മെമ്മോറിയല്‍ എന്ന വോളിബോള്‍ ടൂര്‍ണമെന്റും ജോര്‍ജ്ജ് വക്കീല്‍ നടത്തി. ജോര്‍ജ് വക്കീലിന്റെ കായിക ഇഷ്ടത്തോടപ്പമായിരുന്നു സഹധര്‍മിണിയായ മേരിയും. പത്തു മക്കളും ഏതെങ്കിലും ഒരു കായിക ഇനത്തില്‍ തിളങ്ങി. അതില്‍ വോളിബോളും നീന്തലും ട്രാക്കും ഫീല്‍ഡുമുണ്ടായിരുന്നു.മക്കളില്‍ ആണുങ്ങളെല്ലാം വോളിബോള്‍ കളിക്കാരായപ്പോള്‍ പെണ്‍കുട്ടികളെല്ലാം അത്ലറ്റിക്സില്‍ തളങ്ങി. ജോസ്, ജിമ്മി, മാത്യു, സെബാസ്റ്റിയന്‍, െബെജു, സ്റ്റാന്‍ലി, വിന്‍സ്റ്റണ്‍, റോബര്‍ട്ട്, ജീന്‍സി, സില്‍വിയ പത്തു മക്കളും കായിക കേരളത്തിന്റെ താരവും അഭിമാനവുമായി. ഇതു കൂടാതെ ബേബി ജോര്‍ജ്ജിന്റെ ഭാര്യ അഞ്ജുവും കൂടി കുടുംബത്തിലേക്ക് വന്നതോടെ താരത്തിളക്കമേറി.

30 വര്‍ഷങ്ങള്‍ക്കു മുമ്പ് തൊണ്ടിയില്‍ െഹെസ്‌കൂള്‍ കോര്‍ട്ടില്‍ നടന്ന അപൂര്‍വ്വ മത്സരത്തിലൂടെ വോളിബോളിനെ സ്നേഹിച്ച പിതാവിന് മക്കള്‍ ഒരു സമ്മാനം നല്‍കുകയും ചെയ്തു. ജിമ്മി ജോര്‍ജ് മരിക്കുന്നതിനു മുമ്പ് ഇന്ത്യയില്‍ കളിച്ച അവസാന മത്സരമായിരുന്നു അത്. 1987 മേയ് 25 നാണ് കായികലോകം ഉറ്റുനോക്കിയ വോളിബോള്‍ മത്സരം നടന്നത്. ലോകത്തിലാദ്യമായി ഒറ്റ രക്തത്തില്‍ പിറന്ന എട്ട് സഹോദരങ്ങള്‍ അണിനിരന്ന ജോര്‍ജ് ബ്രദേഴ്സും സംസ്ഥാന താരങ്ങളടങ്ങിയ സെലക്ടഡ് സിക്സസ് ടീമും തമ്മില്‍ നടന്ന മത്സരം കാണാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി ജനം പേരാവൂരിലേക്ക് ഒഴുകിയെത്തിയത്.

anju-and-robertജിമ്മിയുടെ മൂത്ത സഹോദരനും മുന്‍ അന്തര്‍ദേശിയ താരവുമായിരുന്ന ജോസ് ജോര്‍ജ് നയിച്ച ടീമില്‍ സഹോദരങ്ങളായ ജിമ്മി, സെബാസ്റ്റിയന്‍, െബെജു, മാത്യു, സ്റ്റാന്‍ലി, വിന്‍സ്റ്റന്‍, റോബര്‍ട്ട് എന്നിവര്‍ അണിനിരന്നു. സിക്സസ് ടീമില്‍ സംസ്ഥാന താരങ്ങളായ അബ്ബാസ് ,ചന്ദ്രന്‍, രാജു, രാജേന്ദ്രന്‍ , ഭാസി എന്നിവരാണുണ്ടായത്. അവരവരുടെ പ്രായത്തിനനുസരിച്ചുള്ള ജഴ്സി അണിഞ്ഞായിരുന്നു മത്സരം. ജിമ്മിയുടെ പിതാവ് അഡ്വ.ജോര്‍ജ് ജോസഫായിരുന്നു ടീം കോച്ച്. മാതാവ് മേരി ജോര്‍ജ് ടീം മാനേജരും. വാശിയേറിയ പോരാട്ടത്തില്‍ തുടര്‍ച്ചയായുള്ള െസെറ്റുകള്‍ വിജയിച്ച് ജോര്‍ജ് ബ്രദേഴ്സ് ടീം വോളിബോള്‍ മത്സരത്തില്‍ അന്ന് പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു.

മത്സരം കഴിഞ്ഞ് ആഴ്ചകള്‍ക്കുശേഷം ഇറ്റലിയിലേക്ക് പോയ ജിമ്മി അതേ വര്‍ഷം അവിടെ വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു. ഇതു ജോര്‍ജ് വക്കീലിനു കടുത്ത ആഘാതമായിരുന്നു. പക്ഷേ മകന്‍ ലോക കായിക ചരിത്രത്തിന്റെ ഭാഗമായി എന്ന സന്തോഷവും അഭിമാനവും ജോര്‍ജ് വക്കീലിനോടപ്പം മരണം വരെ ഉണ്ടായിരുന്നു. 15 ാം വയസില്‍ കേരളത്തിനു വേണ്ടി കളിച്ച് 21 ാം വയസ്സില്‍ അര്‍ജുന പുരസ്‌കാരം നേടിയ മകന്റെ അച്ഛനായതിനുള്ള അഭിമാനം എന്നും ജോര്‍ജ് വക്കീലിനു മാത്രം സ്വന്തമാണ്.

Print Friendly, PDF & Email

Related News

Leave a Comment