Flash News

സ്വാശ്രയ മെഡിക്കല്‍ കോളേജ് ഏകീകൃത ഫീസ്; സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിര്‍ണ്ണായക വിധികള്‍ ഇന്ന്

August 21, 2017

medicalതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കേസില്‍ നിര്‍ണായകമായ കോടതിവിധികള്‍ ഇന്നുണ്ടാകും. സുപ്രീം കോടതിയില്‍ മൂന്ന് കേസുകളാണുള്ളത്. രണ്ട് കേസുകള്‍ ഹൈക്കോടതിയും പരിഗണിക്കും.

ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിര്‍ണയിച്ച അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസിനെ ചോദ്യംചെയ്തു സ്വാശ്രയ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയുടെ അന്തിമ വിധിയുണ്ടാകും. അഞ്ചുലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ചത് നേരത്തേ ഹൈക്കോടതി ശരിവച്ചിരുന്നു. പ്രവേശനവുമായി മുന്നോട്ടുപോകാനും ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഇതു ചോദ്യം ചെയ്തു കോഴിക്കോട് കെഎംസിടി, എറണാകുളം ശ്രീനാരായണ കോളജുകള്‍ സുപ്രീംകോടതിയെ സമീപിച്ചു. 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാന്‍ കോളെജുകള്‍ക്ക് അനുമതി നല്‍കിയ സുപ്രീംകോടതി, കേസ് ഉടന്‍ തീര്‍പ്പാക്കാന്‍ ഹൈക്കോടതിയോടു നിര്‍ദേശിക്കുകയായിരുന്നു. ഫീസ് എത്രയെന്നറിയാതെ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലേക്കു ശനിയാഴ്ച സര്‍ക്കാര്‍ അലോട്‌മെന്റ് നടത്തിയതിനെതിരെ വിദ്യാര്‍ഥികളും ഇന്നു ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്.

സര്‍ക്കാരുമായുണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെതിരേ എം.ഇ.എസ്, കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളേജുകള്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതിയില്‍ വരുന്നുണ്ട്. കെ.എം.സി.ടി, ശ്രീനാരായണ മെഡിക്കല്‍ കോളേജുകള്‍ക്ക് പതിനൊന്നു ലക്ഷം ഫീസ് അനുവദിച്ചതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജിയും ഇന്ന് സുപ്രീം കോടതിയില്‍ വന്നേക്കും. കഴിഞ്ഞ വര്‍ഷത്തെ അതേ പ്രവേശന കരാര്‍ പിന്തുടര്‍ന്നാണ് ഈ രണ്ടു കോളജുകളും സര്‍ക്കാരുമായി ഒപ്പിട്ടത്. വ്യവസ്ഥകള്‍ റദ്ദാക്കിയതോടെ കരാറില്‍നിന്നു പിന്‍മാറുകയാണെന്ന് അവര്‍ സര്‍ക്കാരിനു കത്തു നല്‍കി. ഈ രണ്ടു കോളജുകളിലേക്കും അലോട്‌മെന്റ് നടത്തിയിട്ടില്ല.

കെഎംസിടി, ശ്രീനാരായണ മെഡിക്കല്‍ കോളെജുകള്‍ക്കു 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാരിന്റെ പുനഃപരിശോധനാ ഹര്‍ജിയും ഇന്നു സുപ്രീം കോടതി പരിഗണിച്ചേക്കും. അതോടൊപ്പം മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനു മൂന്നാമത്തെ അലോട്‌മെന്റ് അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയുമുണ്ട്. മൂന്നാം അലോട്‌മെന്റ് അനുവദിച്ചില്ലെങ്കില്‍ രണ്ടാമത്തേതിനു ശേഷമുള്ള ഒഴിവുകളിലേക്കു സ്‌പോട് അഡ്മിഷന്‍ നടത്തേണ്ടിവരും.അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇന്നത്തെ ഹൈക്കോടതി തീരുമാനം സര്‍ക്കാരിനും നിര്‍ണായകം. സ്വാശ്രയ മെഡിക്കല്‍ പ്രവേശന നടപടികള്‍ താറുമാറായതിനു പഴികേട്ട സര്‍ക്കാരിനു കോടതി വിധി പ്രതികൂലമായാല്‍ വന്‍ തിരിച്ചടിയാകും. അഞ്ചു ലക്ഷം രൂപയില്‍നിന്നു ഫീസ് ഉയര്‍ന്നാല്‍ റാങ്ക് പട്ടികയിലുള്ള ഒട്ടേറെ വിദ്യാര്‍ഥികളുടെ തുടര്‍പഠനം പ്രതിസന്ധിയിലാകും. അലോട്‌മെന്റിലെ അപാകതകളുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ഹര്‍ജിയും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top