ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ സെപ്തംബര്‍ 9 ശനിയാഴ്ച

Vailankanni Mathaഫിലഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ജര്‍മ്മന്‍ ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനിലേക്ക് ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍ തീര്‍ത്ഥാടനവും വേളാങ്കണ്ണി മാതാവിന്‍റെ തിരുനാളും ഭക്തിപൂര്‍വം സെപ്റ്റംബര്‍ 9 ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു. ജര്‍മ്മന്‍ ടൗണിനു തിലകക്കുറിയായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ (Miraculous Medal Shrine; 500 East Chelten Avenue, Philadelphia, PA 19144) തുടര്‍ച്ചയായി ഇതു ആറാം വര്‍ഷമാണു വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണു തിരുനാളിനു നേതൃത്വം നല്‍കുന്നത്.

സെപ്റ്റംബര്‍ 9 ശനിയാഴ്ച വൈകുന്നേരം നാലുമണിമുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. വില്യം ജെ. ഒബ്രയിനും, സീറോ മലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

Rev. William J. Obrienകിഴക്കിന്‍റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യ മാതാവിന്‍റെ (Our Lady of Good Health) തിരുസ്വരൂപം 2012 സെപ്റ്റംബര്‍ എട്ടിനാണു ഫിലഡല്‍ഫിയാ ജര്‍മ്മന്‍ ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ അന്നത്തെ സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. കാള്‍ പീബര്‍, 2012 ല്‍ ഫിലാഡല്‍ഫിയാ സീറോ മലബാര്‍ പള്ളി വികാരിയായിരുന്ന റവ. ഫാ. ജോണ്‍ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും, കാര്‍മ്മികത്വത്തിലും ആയിരക്കണക്കിനു മരിയഭക്തരെ സാക്ഷിനിര്‍ത്തി ആശീര്‍വദിച്ചു പ്രതിഷ്ഠിച്ചത്.

എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും ജര്‍മ്മന്‍ ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ വിവിധ സമയങ്ങളില്‍ നടക്കുന്ന വി. കുര്‍ബാനയിലും, നൊവേനയിലും മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു മരിയഭക്തര്‍ പങ്കെടുക്കാറുണ്ട്. മുന്‍ വര്‍ഷങ്ങളിലെ തിരുനാളുകള്‍ക്ക് ഭാരതക്രൈസ്തവരെ പ്രതിനിധീകരിച്ച് തമിഴരും, തെലുങ്കരും, കന്നടക്കാരും, മലയാളികളും കൂടാതെ ഹിന്ദുക്കള്‍ ഉള്‍പ്പെടെ നാനാജാതിമതസ്ഥരായ നൂറുകണക്കിനു ആള്‍ക്കാര്‍ പങ്കെടുത്തിരുന്നു. ഉള്ളവരും, ഇല്ലാത്തവരും, സാധുഹൃദയരും, ദീനരും, അശരണരും, തെറ്റുകുറ്റക്കാരും, രോഗശാന്തി ആഗ്രഹിക്കുന്നവരും, പശ്ചാത്തപിക്കുന്നവരും, അന്യായ പലിശക്കാരും, അവസരവാദികളും ഒരേപോലെ പൊറുതി യാചിച്ചഭയം തേടിയെത്തുന്നത് മാതൃസന്നിധിയിലാണല്ലോ.

Fr. Vinod Madathiparambilമിറാക്കുലസ് മെഡല്‍ നൊവേന, ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്‍റെ നൊവേന, വേളാങ്കണ്ണി മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഇന്‍ഡ്യന്‍ ഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന എന്നിവയാണു തിരുനാള്‍ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍. സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. വില്യം ജെ. ഒബ്രയിന്‍, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് മറ്റനേകം വൈദികരും സഹകാര്‍മ്മികരാവും.

സീറോ മലബാര്‍ ഇടവകയിലെ സെ. മേരീസ് വാര്‍ഡു കൂട്ടായ്മയും, വിവിധ ഇന്ത്യന്‍ ക്രൈസ്തവരും ഒന്നുചേര്‍ന്ന് നടത്തുന്ന ഈ തിരുനാളില്‍ പങ്കെടുത്ത് ആരോഗ്യമാതാവിന്‍റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ മരിയഭക്തര്‍ക്കു സുവര്‍ണാവസരം. ഇന്ത്യന്‍ അമേരിക്കന്‍ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്‍റെയും, പൈതൃകത്തിന്‍റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ ഈ കൂടിവരവിലേക്ക് ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സ്വാഗതം.

സീറോ മലബാര്‍ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, ജോസ് തോമസ്, സെക്രട്ടറി ടോം പാറ്റാനിയില്‍, സെ. മേരീസ് വാര്‍ഡ് പ്രസിഡന്‍റ് ജയിംസ് കുരുവിള, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവരും വാര്‍ഡു കൂട്ടായ്മയും തിരുനാളിന്‍റെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. പെരുനാളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കായി സീറോമലബാര്‍ പള്ളിയില്‍ നിന്നും അന്നേദിവസം മൂന്നുമണിക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ 630 901 5724, ഷാജി മിറ്റത്താനി 215 715 3074, ടോം പാറ്റാനി 267 456 7850, ജോസ് തോമസ് 412 656 4853.

ജോസ് മാളേയ്ക്കല്‍

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment