ചന്ദ്രബോസ് വധക്കേസ് വാര്‍ത്താ പ്രാധാന്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം.
ചന്ദ്രബോസ് വധക്കേസ്സില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുന്ന തൃശൂര്‍-അന്തിക്കാട് മുറ്റിച്ചൂര്‍ സ്വദേശി അടക്കാപറമ്പില്‍ വീട്ടില്‍ മുഹമ്മദ്നിസാം (42) വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ജയിലില്‍ നിന്നും തന്റെ ജീവനക്കാരനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായാണ് പുതിയ കേസ്സ്. നിസാമിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ കിംഗ്സ് സ്പേസ് ബില്‍ഡേഴ്സ് എന്ന സ്ഥാപനത്തിന്റെ മാനേജരായ പൂങ്കുന്നം സ്വദേശി ചന്ദ്രശേഖരന് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നത് ഇപ്രകാരം. ഒരു ഫയല്‍ അടിയന്തിരമായി ജയിലിലേക്കെത്തിക്കാന്‍ നിസാം ഫോണില്‍ ആവശ്യപ്പെടുകയും, അതിന് വിസമ്മതിച്ചപ്പോള്‍ തെറി വിളിയ്ക്കുകയും, ഭീഷണിപ്പെടുത്തുകയും തനിയ്ക്ക് ജീവഭയമുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയടങ്ങിയ സി.ഡി യും പരാതിയോടൊപ്പം സമര്‍പ്പിച്ചിച്ചിട്ടുണ്ട്. ഫോണില്‍ ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും 240-ബി, 506 എന്നീ നിയമ വകുപ്പുകള്‍ അനുസരിച്ച് തൃശൂര്‍ വെസ്റ്റ് പോലീസ് ഇതോടെ കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
ചന്ദ്രബോസ് കേസ്സില്‍ നിസാം ജയിലിലായ ശേഷം യഥേഷ്ടം സെല്‍ഫോണ്‍ ഉപയോഗിക്കുന്നതായി ആദ്യത്തെ പരാതി ഉന്നയിച്ചത് കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയാണ്. അധികം വൈകാതെ നിസാമിന്റെ സഹോദരങ്ങളുടെ പരാതിയും പോലീസിന് ലഭിച്ചു. നിസാം ജയിലില്‍ നിന്ന് ഫോണില്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെയിരുന്നു ആ പരാതിയുടേയും വിഷയം. പിന്നീട് ഈ പരാതി പിന്‍വലിച്ചു. 8769731302 എന്ന മൊബൈല്‍ ഫോണ്‍ നമ്പരില്‍ നിന്ന് തനിയ്ക്ക് ഒരു മിസ്ഡ് കാള്‍ വന്നതായും, തിരിച്ച് വിളിച്ചപ്പോള്‍ അത് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന നിസാം ആയിരുന്നതായും 2016 ഒക്ടോബറില്‍ ഒരു ചാനല്‍ പ്രവര്ത്തകന് ‘എക്സ്ക്ലൂസ്സീവ് വാര്‍ത്ത’ പുറത്ത് വിട്ടു. തുടര്‍ന്ന് ജയില്‍ ഡി.ഐ.ജി ജോഷി കുര്യന് ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും ചാനല്‍ അവകാശപ്പെട്ട ഫോണ്‍കാള്‍ ശരിയല്ലെന്നും കണ്ടെത്തി. തുടര്‍ന്നുണ്ടായ ചാനല്‍ ചര്‍ച്ചയില്‍ ജയില്‍ ഡി.ഐ.ജി ജോഷികുര്യനെ പിരിച്ച് വിടാന്‍ ചര്‍ച്ചാ അവതാരകന് ഉത്തരവിട്ടു. ചാനല്‍ പുറത്ത് വിട്ട ഫാണ് സംഭാഷണം തന്റേതല്ലെന്നും, മറ്റ് ഉദ്ദേശ്യങ്ങളുമായി തന്നെ ബോധപൂര്‍വ്വം ചിലര്‍ നിരന്തരമായി ഉപദ്രവിച്ച് കൊണ്ടിരിക്കുകയാണെന്നും, ചാനല്‍ പുറത്ത് വിട്ട ഫോണ്‍ സംഭാഷണം ‘മൈക്രോ വെരിഫിക്കേഷ’ന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് നിസാം കോടതിയെയേയും സമീപിച്ചിട്ടുണ്ട്.
കൊലക്കേസ്സില്‍ ജയില്‍ ശിക്ഷയനുഭവിച്ച് കൊണ്ടിരിക്കുന്ന ഒരു തടവുകാരന് നിരന്തരം വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇതാദ്യമാണ്. ജയിലില്‍ മോശമായി പെരുമാറുക, മറ്റ് തടവുകാരുമായി അടിപിടി ഉണ്ടാക്കുക, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുക തുടങ്ങിയവയാണ് സാധാരണ നിലയില്‍ തടവുകാരുടെ പേരില്‍ ഉയര്‍ന്ന് വരാറുള്ള പരാതികള്‍. എന്നാല്‍ നിസാമിന്റെ കാര്യത്തില്‍ ഫോണ്‍ കാളുകളിലധിഷ്ടിതമായ പരോക്ഷമായ പരാതികളാണ് നിരന്തരം ഉയരുന്നത്. ഒരു തടവ് പ്രതിയ്ക്ക് മൂന്ന് വ്യത്യസ്ത നമ്പരുകളിലേക്ക് ജയിലില്‍ നിന്ന് ഫോണ്‍ ചെയ്യാന്‍ അനുമതിയുണ്ട്. നമ്പരുകള്‍ മുന്‍കൂട്ടി ജയില്‍ അധികൃതര്‍ക്ക് നല്‍കണം. ഫോണ്‍ ചെയ്യുന്നതിനായി മൂന്ന് ഒറ്റ രൂപാ കോയിനുകള്‍ പ്രതിദിനം അധികൃതര്‍ മാറി നല്‍കുകയും ചെയ്യും. ഇപ്രകാരം തടവ് പുള്ളികള്‍ക്ക് ബന്ധുക്കല്ക്കോ മറ്റോ അധികൃതരുടെ അനുമതിയോട് കൂടി തന്നെ ഫോണ്‍ ചെയ്യാനാകും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 04972749913 എന്ന ലാന്‍ഡ് ലൈന്‍ ഫോണ്‍ നമ്പരില്‍ നിന്നാണ് നിസാം തന്റെ ജീവനക്കാരനായ ചന്ദ്രശേഖരന് ഫോണ്‍ ചെയ്തിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ജയില്‍ അധികൃതരില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടില്ല. അതേസമയം ചന്ദ്രശേഖരന്റെ പരാതിയോടൊപ്പം തന്നെ നിസാമും ഒരു പരാതി പോലീസിന് നല്‍കിയിട്ടുണ്ട്. താന്‍ ജയിലിലായ അവസരം മുതലെടുത്ത് സഹോദരങ്ങളായ നിസാര്‍, റസ്സാക്ക് എന്നിവരും ബിസ്സിനസ്സ് പങ്കാളിയായ ബഷീറും ചേര്‍ന്ന് തന്റെ സ്ഥാപനത്തില്‍ നിന്ന് സാമ്പത്തിക വെട്ടിപ്പ് നടത്തുന്നുതായും തന്റെ കുടുംബത്തെ ഇവര്‍ ഭീഷണിപ്പെടുത്തുന്നതായും നിസാമിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
നിസാമും, മാധ്യമങ്ങളും
ജനാധിപത്യ സംവിധാനത്തില്‍ മാധ്യമ ജാഗ്രത ഒഴിച്ചു കൂടാനാകാത്തതാണ്. ഭരണകൂടത്തിലും, ജുഡീഷ്യറിയിലും, സമൂഹത്തിലുമുള്ള പുഴുക്കുത്തുകള്‍ ചൂണ്ടിക്കാട്ടുന്നതിനും അവ ഇല്ലാതാക്കുന്നതിനും മാധ്യമങ്ങളാണ് പ്രധാന പങ്ക് വഹിക്കുന്നത്. രാജ്യത്ത് അതിനുള്ള അവകാശവും സ്വാതന്ത്ര്യവും മാധ്യമ സമൂഹത്തിന് ഉണ്ട് താനും. പക്ഷേ നടപ്പ് കാലത്ത് മാധ്യമ സ്വാതന്ത്ര്യത്തിന് സുവ്യക്തമായ നിര്വ്വചനമുണ്ടായിട്ടില്ല. മാധ്യമ സ്വാതന്ത്ര്യം എല്ലാ സീമകളും ലംഘിക്കുന്നുണ്ടെന്നാണ് ഇന്ന് പൊതുവായി ഉയര്‍ന്ന് വന്നിട്ടുള്ള ആരോപണം. സമീപ കാലത്ത് കൊച്ചിയില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ ഇതിന് ഉദാഹരിക്കുന്നവരുണ്ട്. സമൂഹത്തില്‍ മാധ്യമങ്ങള്‍ നിറവേറ്റുന്ന സേവനം ശ്ലാഘനീയമാണെങ്കിലും, പലപ്പോഴും നിക്ഷിപ്ത താത്പര്യങ്ങളാണ് വില്ലനായി മാറുന്നത്. ഇലക്ട്രോണിക് മീഡിയകളുടെ വരവോടെയാണ് ഇത് ഏറെക്കുറെ ശക്തി പ്രാപിക്കുന്നതും. രണ്ടായിരമാണ്ടിനിങ്ങോട്ടാണ് കേരളക്കരയില്‍ ഇലക്ട്രോണിക് മീഡിയകളുടെ ആധിക്യമുണ്ടാകുന്നത്. ഇതോടെ ‘മാധ്യമ ജാഗ്രത’ ‘മാധ്യമ വിചാരണ’ എന്ന നിലയിലേക്ക് വഴിമാറി തുടങ്ങുകയും ചെയ്തു.
മാധ്യമ വിചാരണയുടെ കാലഘട്ടമാണ് നടപ്പ് കാലം. ‘ഹണിട്രാപ്പ്’ എന്ന ഓമനപ്പേരിലുള്ള വ്യക്തിഹത്യ മുതല്‍ ധാര്‍മ്മിക മൂല്യങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടുള്ള ചാനല്‍ വിചാരണകള്‍ ഇന്ന് ദിനേന ഇലക്ട്രോണിക് മീഡിയകളില്‍ അരങ്ങേറുന്നു. ക്രിമിനല്‍ നിയമ പ്രകാരം ഒരാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തും വരെ നിരപരാധിയാണ് എന്നുള്ള നീതി ന്യായ സങ്കല്‍പ്പത്തെ തകര്‍ക്കുന്ന വിധത്തിലാണ് പലപ്പോഴും മാധ്യമ വിചാരണ മുന്നറുക. നിഷ്ഠൂരമായ കുറ്റകൃത്യങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. പക്ഷേ മീഡിയ തന്നെ പ്രതിയെ ശിക്ഷിക്കുന്ന അവസ്ഥാണ് ഇന്നുള്ളത്. ഒരു സംഭവത്തില്‍ അല്ലെങ്കില്‍ കുറ്റകൃത്യത്തിന് വസ്തുതകള്‍ക്കപ്പുറത്തേക്ക് അമിതമായ വാര്‍ത്താ പ്രാധാന്യം നല്കപ്പെടുമ്പോള് അത്തരം കേസ്സില്‍ വിധി പറയുന്ന ജഡ്ജിമാരെ അത് സ്വാധീനിക്കപ്പെടും. അമിതവാര്ത്താപ്രാധാന്യത്തിലൂടെ കേസ്സിന്റെ വിധിയെ സ്വാധീനിച്ചത് കാരണം ശിക്ഷ റദ്ദാക്കിയ സംഭവം അമേരിക്കന്‍ സുപ്രീം കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് കോടതികള്‍ ഇപ്പോള്‍ ‘മീഡിയ ട്രയലി’നെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. അവസാനത്തെ ലോ കമ്മീഷന് റിപ്പോര്‍ട്ടില്‍ Fair Speech V/s Fair trial under criminal procedure (Amendments to the contempt of court act 1971) ഇത് സംബന്ധമായി ശക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പറയുന്നുണ്ട്. പ്രതികളായി ചേര്‍ക്കുന്നവരെ കുറ്റക്കാരാണെന്ന് കണ്ടെത്തും വരെ പ്രതികളെ ബാധിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കരുതെന്ന് കമ്മീഷന് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഇതൊന്നും ബാധകമല്ല എന്ന മട്ടിലാണ് കാര്യങ്ങള്‍ നടക്കുന്നത്.
ഇന്ത്യയില്‍ ഒന്നാമത്
2016 ഡിസംബര്‍ 14-ന് ഇന്ത്യന്എക്സ്പ്രസ്സ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം 2015 വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വാര്‍ത്താ പ്രാധാന്യം നേടിയ കേസ്സുകളില്‍ ഒന്നാം സ്ഥാനത്താണ് ചന്ദ്രബോസ് വധക്കേസ്സ്. രണ്ടും മൂന്നും സ്ഥാനങ്ങളിലും മറ്റും വരുന്നതെല്ലാം കേരളത്തിന് വെളിയില്‍ നിന്നുള്ള കേസ്സുകളാണ്. സംസ്ഥാനത്ത് അകത്തും പുറത്തും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട ചന്ദ്രബോസ് വധക്കേസ്സില്‍ ഒരു പക്ഷേ കേരളത്തിന്റെ നീതി-ന്യായ വ്യവസ്ഥിതിയുടെ ചരിത്രത്തില്‍ ആദ്യമായാകണം 71.30 ലക്ഷം രൂപ പിഴയും, ജീവപര്യന്തം തടവിന് പുറമെ വേറിട്ട് അനുഭവിക്കുന്നതിനായി 24 വര്‍ഷം തടവ് ശിക്ഷയും തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.പി സുധീര്‍ വിധിക്കുന്നത്. ചരിത്രപരം തന്നെയാണ് ഈ കോടതി വിധി. പ്രതി തൃശൂര്‍-അന്തിക്കാട് മുറ്റിച്ചൂര്‍ സ്വദേശി അടക്കാപറമ്പില്‍ വീട്ടില്‍ മുഹമ്മദ്നിസാം (42) ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ച് വരികയാണ്. നിയമവും, നീതിയും സ്വാഭാവികമായി തന്നെ അതിന്റെ പൂര്‍ണ്ണാര്‍ത്ഥ തലത്തില്‍ സാധാരണക്കാരന് ലഭ്യമാകും എന്ന മഹത്തായ സന്ദേശം ചന്ദ്രബോസ് വധക്കേസ്സിലെ വിധിയിലുണ്ടെന്ന് പൊതുവെ അനുമാനിക്കുമ്പോള്‍ തന്നെ, സംഭവത്തിന് ശേഷവും, പിന്നീട് 79 ദിവസം നീണ്ട് നിന്ന വിചാരണ വേളയിലും മാധ്യമങ്ങള്‍ കൈകൊണ്ട നിലപാട് ചന്ദ്രബോസ് വധക്കേസ്സ് വിധിയില്‍ ഏറെ സ്വാധീനക്കപ്പെട്ടതായി നിയമജ്ഞര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആകസ്മികമായുണ്ടായ ഒരു സംഭവമാണ് ചന്ദ്രബോസ് കേസ്സെങ്കിലും ഒട്ടേറെ വിവാദങ്ങളും, പ്രത്യേകതകളും ഈ കേസ്സിനെ ശ്രദ്ധേയമാക്കി. രാഷ്ട്രീയമോ, മത-വര്‍ഗ്ഗീയമോ, മറ്റോ ആയ പിന്നാമ്പുറ പശ്ചാതലം ഒന്നുമില്ലെങ്കിലും മാധ്യമങ്ങള്‍ വന്‍ വാര്‍ത്താ പ്രാധാന്യമാണ് ഈ കേസ്സിന് നല്‍കിയത്. ഉത്ഭവം മുതല്‍ അന്വേഷണ-വിചാരണാ വേളകളിലുടനീളം വിവാദങ്ങള്‍ ഈ കേസ്സിനെ പിന്തുടര്ന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മണിക്കൂറുകള്‍ക്കകം അറസ്റ്റിലായ നിസാമിനെ രക്ഷിക്കാന്‍ പല കോണില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നതായാണ് മാധ്യമങ്ങള്‍ ആരോപിച്ചത്. എഡി.ജി.പി സംഭവ സ്ഥലം സന്ദര്‍ശിച്ചത് നിസാമിനെ രക്ഷിക്കുന്നതിന് വേണ്ടിയണെന്ന ആരോപണവും ഉയര്‍ന്നു.
കര്‍ണ്ണാടക പോലീസില്‍ നിസാമിനെതിരെ കേസ്സുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഇതിന്റെ വിവരങ്ങള്‍ ആരായുന്നതിനായി തൃശൂരില്‍ നിന്ന് നിസാമിനേയും കൂട്ടി അന്വേഷണ സംഘം ബംഗളൂരിലേക്ക് പോയത് പോലീസിന്റെ വിനോദ യാത്രയാണെന്ന് റിപ്പോര്‍ട്ട് നല്കിയ മാധ്യമങ്ങള്‍, നിസാമിന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് അയാള്‍ ഫോണ്‍ ചെയ്യുന്ന ഫോട്ടോ പകര്‍ത്തിയെടുത്ത് ബംഗളൂരു യാത്രക്കിടെ പോലീസുകാരുടെ മുന്നില്‍ വെച്ച് നിസാം ഫോണ്‍ ചെയ്യുന്നതായും ചിത്രീകരിച്ചു. ഈ യാത്രാ വിവാദം അന്വേഷിക്കുന്നതിനായി നിസാമിനെ വിളിച്ച് വരുത്തിയ സിറ്റി പോലീസ്കമ്മീഷണറായിരുന്ന ജേക്കബ്ബ്ജോബ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യമില്ലാതെ നിസാമുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം കൂടി ഉയര്‍ന്നതോടെ വിവാദങ്ങള്‍ ആളിക്കത്തി. തുടര്‍ന്ന് ജേക്കബ്ബ്ജോബിന് സ്ഥലം മാറ്റവും സസ്പെന്‍ഷനും കിട്ടി. കോടതിയില്‍ ഹാജരാക്കിയ വേളയില്‍ സമീപത്തെ ഹോട്ടലില്‍ ബന്ധുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ നിസാമിന് അവസരം നല്കി എന്ന ആരോപണത്തെ തുടര്‍ന്ന് എസ്.ഐ ഉള്‍പ്പടെയുള്ള അഞ്ച് പോലീസുകാര്‍ക്ക് സസ്പെന്‍ഷനും ലഭിച്ചു. പി.എ മാധാവന് എം.എല്‍.എ ജയില്‍ അഡ്വൈസറി കമ്മറ്റിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ വിയ്യൂര്‍ ജയിലിലെത്തിയത് നിസാമിനെ സന്ദര്‍ശിക്കാനായിരുന്നെന്നും ആരോപണവും അതിനിടെ ഉയര്‍ന്നു. കൈവിലങ്ങില്ലാതെയാണ് നിസാമിനെ കോടതിയിലേക്ക് കൊണ്ട് വരുന്നതെന്ന പരാതിയും മാധ്യമങ്ങള്‍ ഉന്നയിച്ചു. ചുരുക്കത്തില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ ചന്ദ്രബോസ് കേസ്സിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. 2015-ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വാര്‍ത്താ പ്രാധാന്യം നേടിയ കേസ്സുകളില്‍ ഒന്നാം സ്ഥാനം കൈവരിച്ചതും ചന്ദ്രബോസ് വധക്കേസ്സായിരുന്നു.
ഇരുപതിലേറെ ഹരജികള്‍
ആകസ്മികമായുണ്ടായ ഒരു സംഭവത്തില്‍ കുറ്റപത്രം റദ്ദാക്കി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും, വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടും നിസാം നല്കിയ ഹരജി ആദ്യമേ കോടതി തള്ളി. തുടര്‍ന്ന് ഏഴുതവണ സുപ്രീം കോടതിയിലും 15 തവണ ഹൈകോടതിയിലും ഉള്‍പ്പടെ ഇരുപതിലധികം തവണ നിസാം ഉന്നത നീതിപീഠങ്ങളെ സമീപിച്ചെങ്കിലും നിസാമിന് മുന്നില്‍ ഒരു വാതിലും തുറക്കപ്പെട്ടില്ല. തമിഴ്നാട്ടില്‍ നീതി ലഭിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കേസ്സിന്റെ വിചാരണ കര്‍ണ്ണാടകയിലേക്ക് മാറ്റിയത് അവലംബമാക്കി തൃശൂര്‍ കോടതിയില്‍ തനിയ്ക്ക് നീതി ലഭിക്കില്ലെന്ന് പറഞ്ഞ് ചന്ദ്രബോസ് കൊലക്കേസ്സിന്റെ വിചാരണ മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയും കോടതി തള്ളി. ചന്ദ്രബോസ് വധവുമായി ബന്ധപ്പെട്ട് വിചാരണ കോടതിയില്‍ ഹാജരാക്കിയ സിഡി പരിശോധിക്കണമെന്ന നിസാമിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. മറിച്ച് 2016 ജനുവരി 31-ന് മുമ്പ് കേസ്സ് തീര്‍പ്പാക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. ഇത് മാറ്റാനായി വീണ്ടും ഹരജി നല്കി. അതും നടന്നില്ല. മാധ്യമ പ്രവര്‍ത്തകരെ വിചാരണ ചെയ്യണമെന്നും, വിധി പ്രസ്താവിക്കുന്നത് തടയണമെന്നും ഹൈകോടതിയില്‍ നിസാം ആവശ്യപ്പെട്ടെങ്കിലും അതും കോടതി നിരാകരിച്ചു. ഹരജികളും അപേക്ഷകളുമായി നീതി പീഠങ്ങളെ നിരന്തരം സമീപിച്ചെങ്കിലും ഒരു നീതി പീഠവും നിസാമിനോട് കനിവ് കാണിച്ചില്ല. പിഴ ഒടുക്കാനും, ജീവപര്യന്തത്തിന് പുറമെ 24 വര്‍ഷം അധികം തടവ് ശിക്ഷ കൂടി വിധിച്ചതോടെ നിസാം ചുരുങ്ങിയത് 38 വര്‍ഷം ജയിലില്‍ കഴിയേണ്ടി വരും. ശിക്ഷകള്‍ പ്രത്യേകം അനുഭവിക്കണം. ഇതാണ് ചന്ദ്രബോസ് കൊലക്കേസ്സ് വിധിയെ വേറിട്ട് നിര്‍ത്തുന്ന വസ്തുതയും.
ഒരു കൊലക്കേസ്സില്‍ കോടികള്‍ വിലയുള്ള വാഹനം തൊണ്ടി മുതലാകുന്നതും കേരളത്തില്‍ ഇതാദ്യമാണ്. ചന്ദ്രബോസിനെ ഇടിച്ച ഹമ്മര്‍ കാറിന്റെ ഉടമ കിരണ്‍രാജ് എന്നയാളാണ്. ഈ കാര്‍ വിട്ട് കിട്ടാന്‍ ഉടമ നല്കിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. വാഹനാപകടത്തില്‍ ഉള്‍പ്പെട്ടതല്ല ഈ വാഹനമെന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധമെന്ന നിലയിലാണ് കാര്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളതും എന്ന നിലയിലുള്ള സര്‍ക്കാറിന്റെ വാദം അംഗീകരിച്ചാണ് ഹൈകോടതി കാറിന്റെ ഉടമയുടെ ഹരജി തള്ളിയത്.
അവര്‍ക്കും ചിലത് പറയാനുണ്ട്
ചന്ദ്രബോസ് കേസ്സ് സംബന്ധിച്ച് പുറത്തറിഞ്ഞ വാര്‍ത്തകള്‍ക്കപ്പുറത്ത് ഒരു പാട് സത്യങ്ങള്‍ മൂടപ്പെട്ടിരിക്കുകയാണ്. അതെല്ലാം പുറത്ത് വരണമെന്നാണ് നിസാമിന്റെ ഭാര്യ അമല്‍ നിസാം ആവശ്യപ്പെടുന്നത്. ശോഭാ സിറ്റിയുടെ ഗേറ്റ് തുറന്ന് കൊടുക്കാന്‍ അല്‍പ്പം വൈകി എന്ന കാരണത്താല്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ധനാഠ്യനായ നിസാം കോടികള്‍ വിലയുള്ള ആടംബര വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് പ്രചരിച്ചത്. ഇവിടം നിന്ന് തുടക്കമിട്ട മാധ്യമ വിചാരണ ഇപ്പോഴും തുടരുകയാണെന്നും, കടുത്ത നിയമ ലംഘനവും നീതി നിഷേധവുമാണ് ഈ ഈ വിഷയത്തിലുണ്ടായതെന്നും ഇവര്‍ പറയുന്നു. ചന്ദ്രബോസ് ആശുപത്രിയിലാവുകയും, നിസാം അറസ്റ്റിലാവുകയും ചെയ്തതോടെ മധ്യസ്ഥ ശ്രമങ്ങളുമായി പലരും രംഗത്ത് വന്നതോടെ ഞങ്ങള്‍ അവരോട് സഹകരിക്കാന്‍ തയ്യാറായതായിരുന്നു. എന്നാല്‍ മധ്യസ്ഥ ശ്രമങ്ങളുമായെത്തിയ പല ഗ്രൂപ്പുകളും ഭീമമായ തുക ആവശ്യപ്പെട്ടതോടെ അവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടതായി വന്നു. മധ്യസ്ഥ ഗ്രൂപ്പുകളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ എന്ത് ചെയ്യണമെന്നറിയാത്ത ഗതികേടിലായി ഞങ്ങള്‍. ചന്ദ്രബോസിന്റെ കുടുംബത്തിനുണ്ടായ നഷ്ടം വലുത് തന്നെയാണ്. അയാളുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്കാന് തീരുമാനിച്ചെങ്കിലും മധ്യസ്ഥരായി രംഗത്ത് വന്ന ആളുകളുടെ ബാഹുല്യം ഞങ്ങളെ ആശയ കുഴപ്പത്തിലാക്കി. ഇതോടെ മധ്യസ്ഥര്‍ പലരും ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു.
അപ്രതീക്ഷിതമായി ചന്ദ്രബോസ് സംഭവം ഉണ്ടായതോടെ ഭര്‍ത്താവ് നിസാമിന്റെ ബിസ്സിനസ്സ് ശത്രുക്കളും കിട്ടിയ അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്തി. അതിന് മാധ്യമങ്ങളെ അവര്‍ വലയിലാക്കുകയും ചെയ്തുവെന്നാണ് നിസാമിന്റെ ഭാര്യ അമല്‍ നിസാം പറയുന്നത്. നിറം പിടിപ്പിച്ച കഥകള്‍ മാധ്യമങ്ങളില്‍ തുടരെ വന്ന് തുടങ്ങിയതിന് പിന്നില്‍ ഇങ്ങനെയുള്ള വിഭാഗങ്ങളായിരുന്നു. പത്രക്കാരും ചാനലുകാരുമെല്ലാം നേരിട്ടും അല്ലാതെയും അവരുടെ നിയന്ത്രണത്തിലാണെന്ന അവസ്ഥ കൈവരികയാണുണ്ടായത്. ഞങ്ങള്‍ക്ക് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാതായി. ഭര്‍ത്താവ് നിസാം കുറ്റക്കാരനോ അല്ലയോ എന്ന് കണ്ടെത്തേണ്ടത് കോടതികളാണ്. തെറ്റും ശരിയും കണ്ടെത്തേണ്ടത് നീതി പീഠമാണ്. നീതിപീഠത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു-അംഗീകരിക്കുന്നു. പക്ഷേ വളരെ ആസൂത്രിതമായി നീതി പീഠത്തേയും ജനങ്ങളേയും കബളിപ്പിക്കുന്നതില്‍ ചിലര്‍ വിജയിക്കുകയാണുണ്ടായത്. സംഭ്രാജനകമായ പല കഥകളുമാണ് ചില മാധ്യമങ്ങള്‍ മെനഞ്ഞുണ്ടാക്കിയത്. ഭര്‍ത്താവ് നിസാമിന് 2000 ഏക്കര്‍തോട്ടവും, 10,000 കോടിയുടെ മറ്റ് ആസ്തികളുണ്ടെന്നും, 5 ലക്ഷം രൂപയുടെ ഷൂ ആണ് നിസാം ധരിക്കുന്നതെന്നും, ആളുകളെ കൊല്ലാനായി അസ്ഥികൂടം ഘടിപ്പിച്ച പ്രത്യേക തരം ബൈക്കുണ്ടെന്നും, മൂന്ന് ഭാര്യമാരുണ്ടെന്നുമൊക്കെയാണ് പ്രചരിപ്പിച്ചത്. വസ്തുതകള്‍ തിരക്കാതെ മാധ്യമങ്ങള്‍ ഇപ്രകാരം വളഞ്ഞിട്ട് ആക്രമിച്ചാല്‍ എന്താണ് ഞങ്ങള്‍ക്ക് ചെയ്യാനാവുകയെന്നും അമല്‍ ചോദിക്കുന്നു.
കേസ്സിന്റെ തുടക്കം.
2015 ജനുവരി 29-ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ശോഭാ സിറ്റിയിലുള്ള ഞങ്ങളുടെ താമസ സ്ഥലത്തേക്ക് ഹമ്മര്‍ കാറുമായാണ് ഭര്‍ത്താവെത്തുന്നത്. ഏറെ നേരം ഹോണ്‍ മുഴക്കിയിട്ടും ഗേറ്റ് തുറക്കാതായപ്പോള്‍ ഭര്‍ത്താവ് ഗേറ്റ് ചാടിക്കടന്ന് അകത്ത് പ്രവേശിച്ചതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും തുടക്കം. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരുമായി നിസാം വാക്കേറ്റമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഭര്‍ത്താവ് പരിഭ്രമിച്ച് കൊണ്ട് എന്നെ ഫോണില്‍ വിളിച്ചതോടെ ഞാന്‍ അവിടേയ്ക്ക് ഓടിച്ചെന്നു. ശോഭാസിറ്റിയിലെ യൂണിഫോം ധരിച്ച നാല് സെക്യൂരിറ്റി ജീവനക്കാര്‍ ഭര്‍ത്താവ് നിസാമിനെ വളഞ്ഞിട്ടാണ് ആക്രമിച്ചത്. ഇതിനിടയില്‍ ഗേറ്റ് തുറന്ന് നിസാം വണ്ടിയില്‍ ചാടിക്കേറി അതിശക്തമായി വണ്ടി മുന്നോട്ടെടുക്കവെയാണ് വലിയ ചില്ലു കഷ്ണവുമായി സെക്യൂരിറ്റി ക്യാബിനില്‍ നിന്നും ഏതാണ്ട് 100 അടി പിന്നിലായി നില കൊണ്ടിരുന്ന ചന്ദ്രബോസിന്റെ മേല്‍ കാറിടിക്കുന്നത്. കണ്ട്രോള് പോയ വാഹനം അവിടെയുള്ള ഭിത്തിയിലിടിച്ചാണ് നിന്നത്. ഇതൊന്നും മനപ്പൂര്‍വ്വമായിരുന്നില്ല. സുരക്ഷാ ജീവനക്കാരില്‍ നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ സംഭവിച്ചതാണ്. ഈ ചില്ല് കഷ്ണം പിന്നീട് പോലീസ് കണ്ടെടുക്കുകയും, വിദഗ്ധ പരിശോധനയില്‍ അതില്‍ ചന്ദ്രബോസ്സിന്റെ ഫിംഗര്‍ പ്രിന്റ് പതിഞ്ഞതായും കണ്ടെത്തിയതാണ്. ഗുരുവായൂര്‍ എ.സി.പി ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോയും പോലീസ് ചിത്രീകരിച്ചിരുന്നു. അതൊന്നും പിന്നീട് പുറത്ത് വന്നതുമില്ല. വന്‍കിട ബിസ്സിനസ്സുകാരും ധനാഠ്യരും താമസിക്കുന്ന 55 ഏക്കറില്‍ അത്യാധുനിക സൗകര്യത്തോടെ വ്യാപിച്ച് കിടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ടൗണ്‍ഷിപ്പായ ശോഭാ സിറ്റിയിലെ പ്രവേശ കവാടത്തില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ ഈ സംഭവങ്ങളെല്ലാം വ്യക്തമായി പതിഞ്ഞതാണ്. ചന്ദ്രബോസിനെ ആശുപത്രിയില്‍ എത്തിച്ചതും നിസാം തന്നെയാണ്. പക്ഷേ പ്രവേശന ഗേറ്റിലുണ്ടായിരുന്ന ക്യാമറ പാന്നീട് ദുരൂഹമായി കാണാതായി. ഇതിനെപ്പറ്റി പോലീസിന് ഒരു മിണ്ടാട്ടവുമുണ്ടായില്ല.
മരണപ്പെട്ട ചന്ദ്രബോസ് ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനല്ല. അയാള്‍ സെക്യൂരിറ്റി ജീവനക്കാരനാണെന്ന് ആരും തന്നെ പോലീസിന് മൊഴി നല്‍കിയിട്ടുമില്ല. ഇതിന് മറ്റ് രേഖകളുമില്ല. മാധ്യമങ്ങളാണ് ചന്ദ്രബോസിനെ വിമുക്ത ഭടനായും, സെക്യൂരിറ്റി ജീവനക്കാരനുമൊക്കെയായി ചിത്രീകരിച്ചത്. ചന്ദ്രബോസ് യൂണിഫോം ധാരിയുമായിരുന്നില്ല. അപകട സമയത്ത് ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലീസ് കണ്ടെടുക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തില്ല. ബോധപൂര്‍വ്വമാണ് ഇത്തരം നീക്കങ്ങള്‍ നടത്തിയത്. നിയമ വശങ്ങളെക്കുറിച്ച് ധാരണയില്ലാത്ത ആശുപത്രി ജീവനക്കാര്‍ അത് നശിപ്പിച്ചു എന്നാണ് പോലീസ് കോടതിയില്‍ വ്യക്തമാക്കിയത്. അപകടങ്ങളിലും, ആക്രമണങ്ങളിലുമൊക്കെ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ വസ്ത്രങ്ങള്‍ കേരളത്തിലെ ഒരാശുപത്രി ജീവനക്കാരും തിടുക്കപ്പെട്ട് നശിപ്പിച്ച സംഭവങ്ങള്‍ നേരത്തെഎവിടേയും പറഞ്ഞു കേട്ടിട്ടുമില്ല. ഇപ്രകാരം പോലീസ് പറയുന്ന കാര്യങ്ങള്‍ ഒരു തത്വദീക്ഷയുമില്ലാതെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു. പൊതുജനം അത് വിശ്വസിക്കാനും നിര്‍ബന്ധിതരായി.
ലോകായുക്ത കേസ്
19 ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രബോസിന്റെ മൊഴി എടുത്തില്ല എന്ന് പോലീസ് പറഞ്ഞത് ശുദ്ധ കളവാണ്. ഇതില്‍ ദുരൂഹതയുണ്ട്. ഇന്ത്യന്‍ തെളിവ് നിയമ പ്രകാരം ഇരയുടെ മൊഴിക്ക് ഏറെ പ്രാധാന്യമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചന്ദ്രബോസ് അഞ്ചാറ് ദിവസങ്ങള്‍ക്ക് ശേഷം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാരുടെ സ്റ്റേറ്റ്മെന്റില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കുകയും, താനുമായി ചന്ദ്രബോസ് സംസാരിച്ചിരുന്നതായും അയാളുടെ ബന്ധു ദിനേശന് സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേറ്റിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. ചന്ദ്രബോസ് ആശുപത്രി ബെഡ്ഡില്‍ സാധാരണ രീതിയില്‍ ഇരിക്കുന്ന ഫോട്ടോ മാധ്യമങ്ങളില്‍ വന്നതുമാണ്. എന്നാല്‍ നിസാമിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിയ്ക്കാനിരുന്ന കൃത്യം ദിവസമാണ് ചന്ദ്രബോസ് മരണപ്പെടുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 19 ദിവസം കഴിഞ്ഞാണ് ഇത് സംഭവിക്കുന്നത്. ഇതില്‍ കടുത്ത ദുരൂഹതയുണ്ട്. ചന്ദ്രബോസിന് ന്യൂമോണിയാ പിടിപെട്ടതായും, ചികിത്സാ പിഴവാണ് മരണം സംഭവിക്കാന്‍ കാരണമെന്നും ആശുപത്രി വൃത്തങ്ങളില്‍ തന്നെ ശ്രുതിയുണ്ടായിരുന്നു. ചില മാധ്യമങ്ങള്‍ ഇപ്രകാരം വാര്‍ത്തയും നല്‍കിയിരുന്നു.
ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സി.ഐ ബിജുകുമാറിനെതിരേ ലോകായുക്ത സ്വയം കേസ്സെടുത്തിരുന്നു. അത് മറികടക്കാനായി പോലീസ് തന്നെ കൂടെ കുരുക്കിലാക്കുകയായിരുന്നുവെന്ന് അമല്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവ് നിസാമിനെതിരെ മജിസ്ട്രേറ്റ് മുമ്പാകെ ഞാന്‍ രഹസ്യമൊഴി നല്‍കിയില്ലെങ്കില്‍ കേസ്സില്‍ രണ്ടാം പ്രതിയാക്കി റിമാന്റ് ചെയ്യിക്കുമെന്ന് സി.ഐ ബിജുകുമാര്‍ പറഞ്ഞതോടെ സ്ത്രീകളുടെ മനോചാപല്യം ഏറെയുണ്ടായിരുന്ന ഞാന്‍ ശരിയ്ക്കും ഭയന്നു. സി.ഐ യുടെ ഭീഷണി തുടര്‍ന്നപ്പോള്‍ പിന്നീടൊന്നും ആലോചിച്ചില്ല. ഞാന്‍ കൂടി ജയിലില്‍ പോയാല്‍ എന്റെ രണ്ട് കുട്ടികളുടെ അവസ്ഥയോര്‍ത്താണ് 164 വകുപ്പ് പ്രകാരം ഞാന്‍ മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്കി. വിചാരണ കോടതിയില്‍ മൊഴി തിരുത്തിയതായി പറഞ്ഞ് എന്റെ പേരിലും കോടതി കേസ്സെടുത്തു. ഞാനും കോടതി കേറിയിറങ്ങുകയാണ്.
സെക്യൂരിറ്റി ജീവനക്കാര്‍ നിസാമിനെ അതിക്രൂരമായാണ് ആക്രമിച്ചത്. നിസാമിന്റെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടി. അടിയേറ്റ് ചെവിയുടെ പാട തകര്‍ന്നു. പിറകില്‍ നിന്ന് കാല് കൊണ്ടുള്ള ശക്തമായ തൊഴിയില്‍ ഡിസ്ക് ബള്‍ജുണ്ടായി. മുഖമടച്ചുള്ള അടിയില്‍ കണ്ണിന് പരുക്കേറ്റ് കാഴ്ചയും മങ്ങി. ശരീരം മുഴുക്കെ മുറിവുകളുമുണ്ടായിരുന്നു. ശരീരത്തിലെ പരുക്കുകള്‍ നേരില്‍ കണ്ട് ബോധ്യമായതിനാല്‍ മജിസ്ട്രേറ്റ് സ്വന്തം കൈപ്പടയില്‍ തന്നെ ഇതെല്ലാം രേഖപ്പെടുത്തിയതാണ്. പിന്നീട് കോടതിയുടെ ഉത്തരവ് പ്രകാരം നിസാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ട് പോയതോടെ പരുക്കുകള്‍ ബോധ്യപ്പെട്ട ഡോക്ടര്‍മാര്‍ നിസാമിനെ അഡ്മിറ്റ് ചെയ്യാനാണ് നിര്‍ദ്ദേശിച്ചത്. Absolute bed rest എന്നാണ് ഡോക്ടര്‍മാര്‍ അവരുടെ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് വകവെക്കാതെ നിസാമിനെ ബലമായി പോലീസ് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് ചികിത്സ നിഷേധിക്കുകയായിരുന്നു. ഇതിനെല്ലാം ഹോസ്പിറ്റല്‍ റെക്കോര്‍ഡ്സ് തെളിവുകളായുണ്ട്. തിരശ്ശീലക്ക് പിന്നില്‍ ക്രൂരമായ പല ഗെയിമുകളും അരങ്ങേറിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാകണം. സത്യം പുറത്ത് വരണം.
അപ്പീല്‍ ഹരജി
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന നിസാമിന്റെ അപ്പീല്‍ ജാമ്യ ഹരജി കേള്‍ക്കാന്‍ ഇത് വരെ ബഹു.നീതിപീഠം തയ്യാറാകുന്നില്ല. ജസ്റ്റിസ് അബ്ദുറഹീമിന്റെ ഡിവിഷന് ബഞ്ച് ഈ കേസ്സ് കേള്‍ക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറി. പിന്നീട് ജസ്റ്റിസ് സി.ടി രവികുമാറിന്റെ ബഞ്ചും ഒഴിവായി. ശേഷം ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റെ ബഞ്ചിലെത്തിയെങ്കിലും, മറ്റു രണ്ടു ബഞ്ചുകളും കയ്യൊഴിഞ്ഞ കേസ്സ് കേള്‍ക്കാന്‍ അവരും തയ്യാറായില്ല. ഇതിനെല്ലാം ഒന്ന് മാത്രമാണ് കാരണം. നീതി ലഭിയ്ക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. അത് കൊണ്ട് തന്നെ വിവാദങ്ങളെ ഭയക്കുകയാണ് എല്ലാവരും. സ്വാഭാവികമായും ഞങ്ങള്‍ക്ക് ലഭിക്കേണ്ട നീതിയും പരിഗണനയും നല്കാന് ബന്ധപ്പെട്ടവര്‍ ആശങ്കപ്പെടുകയാണ്. ഞങ്ങള്‍ക്ക് അര്‍ഹമായ നീതി നല്കിയാല് മാധ്യമങ്ങള്‍ വിവാദങ്ങളുണ്ടാകുമെന്ന് ഭയന്ന് എല്ലാവരും ഒഴിഞ്ഞു മാറുന്നു. നിസാം ധനാഠ്യനാണ് എന്ന പ്രചാരണം കൊണ്ട് അയാളുടെ കാര്യത്തില്‍ ഏത് നിലയില്‍ ആരിടപെട്ടാലും അതെല്ലാം വിവാദങ്ങളിലാണ് പര്യവസാനിക്കുന്നത്. ഞങ്ങളിപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. ഭര്‍ത്താവ് രാജ്യദ്രോഹിയോ, തീവ്രവാദിയോ അല്ല. ആ ആരോപണം ഉണ്ടായില്ല എന്നത് തന്നെ അനുഗ്രഹമായി തോന്നുന്നു. ഒരു ഭീകര കുറ്റവാളിയായി ചിത്രീകരിച്ച് കൊണ്ട് നിറംപിടിപ്പിച്ച വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നതോടെ ഒരു തടവുപുള്ളിയ്ക്ക് ലഭിയ്ക്കേണ്ട നിയമപരമായ ആനുകൂല്യങ്ങള്‍ പോലും നിസാമിന് നിഷേധിക്കപ്പെടുകയാണ്. നിലവിലുള്ള കേരളാ പ്രിസണ്‍സ് റൂള്‍സ് പ്രകാരം പരോളിനും, റെമിഷനുമുള്ള അര്‍ഹത നിസാമിനുണ്ട്. 1850-ഓളം തടവുകാര്‍ക്ക് റെമിഷന് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും ആ പട്ടികയിലുണ്ടായിരുന്ന നിസാമിനെ ഇത് സംബന്ധമായി വന്ന ചാനല്‍ വാര്‍ത്ത, അതൊന്ന് കൊണ്ട് മാത്രം പട്ടികയില്‍ നിന്ന് ഒഴിവാക്കി. പരോളിന്റെ കാര്യത്തിലും സംഭവിച്ചതും ഇത് തന്നെയാണ്. മനുഷ്യാവകാശ ലംഘനമാണ് ഞങ്ങളുടെ കാര്യത്തില്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. ഹൃദ്രോഗിയായ ഭര്‍തൃമാതാവിന് സുബൈദാ അബ്ദുല്‍ഖാദറിന് യാത്ര ചെയ്യാനാകില്ല. അടിയന്തിരമായി ബൈപ്പാസ് സര്‍ജറി നടത്തുന്നതിന് തിരുവനന്തപുരത്ത് നിന്ന് ഡോക്ടര്‍ ഡേറ്റ് തന്നതാണ്. ഞാന്‍ വന്നിട്ട് മതി സര്‍ജറിയെന്ന് മകനും, മകനില്ലാതെ തനിയ്ക്ക് സര്‍ജറി നടത്തേണ്ടെന്ന് ഉമ്മയും പറയുന്നു. നിസാമിന് പരോളിന് അര്‍ഹതയുണ്ട്. അത് തകിടം മറിക്കാനായാണ് നിരന്തരം ഫോണ്‍ വിവാദമുണ്ടാക്കുന്നത്. നിസാം പുറത്ത് വന്നാല്‍ പലര്‍ക്കും അന്നം മുട്ടും എന്ന ഭയമുണ്ട് എന്നല്ലേ ഇതെല്ലാം സൂചിപ്പിക്കുന്നത്.?. ചാനലുകാരെ ഭയന്ന് ജയിലധികൃതര്‍ പരോള്‍ നല്കാന് മടിക്കുന്നു. ചാനലുകാരണല്ലോ ഇപ്പോള്‍ ഇതെല്ലാം തീരുമാനിക്കുന്നതും. ചാനല്‍ വിചാരണ കാരണം താങ്ങാവുന്നതിനപ്പുറത്തേക്ക് ഇതിനകം ഞങ്ങള്‍ പലതും അനുഭവിച്ച് കഴിഞ്ഞു. ഭര്‍ത്താവ് നിസാം അറസ്റ്റിലായത് മുതല്‍ ഞങ്ങള്‍ക്കും കുടുംബത്തിനുമുണ്ടായ മാനഹാനിയും മറ്റ് നഷ്ടങ്ങളും വിവരിക്കാനാകില്ല. തങ്ങളുടെ കുടുംബം ഇതിന്റെ പേരില്‍ കടുത്ത യാതന അനുഭവിക്കുകയാണെന്നും അമല്‍നിസാം പറയുന്നു.
കണ്ണൂര്‍ ജയിലില്‍ കഴിയുന്ന നിസാമിന്റെ മനോനില തെറ്റിയതിനെ തുടര്‍ന്ന് ജയിലധികൃതര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിസാമിനെ ഇയ്യിടെ മൂന്ന് ദിവസം അഡ്മിറ്റ് ചെയ്തിരുന്നു. നിസാമിന് വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിസാമിന്റെ അടുത്ത ബന്ധു അബ്ദുല്‍ഖാദര്‍ ഹൈകോടതിയില്‍ നല്കിയ ഹരജിയില്‍, ജൂലൈ 14-ന് ജയില്‍ സന്ദര്‍ശിച്ച ബന്ധുക്കളെ നിസാം തിരിച്ചറിഞ്ഞിരുന്നില്ലെന്നും, മനോനില തകരാറിലായ നിലയില്‍ അക്രമാസക്തനായി കാണപ്പെട്ടതായും, സ്വയം മുറിപ്പെടുത്താനോ മറ്റുള്ളവരെ അക്രമിക്കാനോ ഉള്ള സാധ്യതയുള്ളതായും പിതൃസഹോദരന് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ചികിത്സ ലഭ്യമാക്കാന്‍ പരിമിതികളുണ്ടെന്ന നിസ്സഹായാവസ്ഥയാണ് ജയില്‍ അധികൃതര്‍ പ്രകടിപ്പിച്ചതെന്നും ഹരജിയില്‍ പറയുന്നുണ്ട്. ഇതേ തുടര്‍ന്ന് നിസാമിന്റെ മനോനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിസാമിനെ ജയിലിലെത്തി പരിശോധന നടത്തിയിരുന്നു. ഈ വിഷയം കോടതിയുടെ പരിഗണനയിലുമാണ്. അതേസമയം കോടതിയെ ഉദ്ധരിച്ച് പറയുന്ന മട്ടില്‍ പല മാധ്യമങ്ങളും വ്യത്യസ്ത രീതിയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതും.
ഒരു കൊലക്കേസ്സില്‍ ലക്ഷങ്ങള്‍ വിലയുള്ള വാഹനം തൊണ്ടി മുതലാകുന്നതും കേരളത്തില്‍ ഇതാദ്യമാണ്. ചന്ദ്രബോസിനെ ഇടിച്ച ഹമ്മര്‍ കാറിന്റെ ഉടമ കിരണ്‍രാജ് എന്നയാളാണ്. ഈ കാര്‍ വിട്ട് കിട്ടാന്‍ ഉടമ നല്കിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. വാഹനാപകടത്തില്‍ ഉള്‍പ്പെട്ടതല്ല ഈ വാഹനമെന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധമെന്ന നിലയിലാണ് കാര്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്ന നിലയിലുള്ള പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് ഹൈകോടതി കാറിന്റെ ഉടമയുടെ ഹരജി തള്ളിയത്.
നാട്ടുകാരുടെ കൂട്ടായ്മ
അര്‍ഹമായ നീതി നിഷേധിക്കപ്പെടുകയും, ഒരു വ്യക്തിക്ക് മേല്‍ നിരന്തരം മനുഷ്യാവകാശ ലംഘനവും ഉണ്ടാകുമ്പോള്‍ അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ ജനാധിപത്യ സമ്പ്രദായത്തില്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്. ആ നിലയിലാണ് ഞങ്ങള്‍ അന്തിക്കാട്-മുറ്റിച്ചൂര്‍ പ്രദേശം കേന്ദ്രമാക്കി മുഹമ്മദ് നിസാം നിയമ സഹായ വേദി എന്ന കൂട്ടായ്മക്ക് രൂപം നല്‍കിയിട്ടുള്ളത്. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ രൂപീകരിക്കപ്പെട്ടതാണ് ഈ കൂട്ടായ്മ. നിസാം കോടികള്‍ വാരിയെറിഞ്ഞ് നാട്ടുകാരെ സ്വാധീനിക്കുന്നതായാണ് ഒരു ചാനല്‍ കണ്ടെത്തിയത്. ഏറെ സമയം ചെലവിട്ടാണ് ഇക്കാര്യത്തില്‍ അവര്‍ ചര്‍ച്ചയും നടത്തിയത്. ഇത്തരത്തിലുള്ള മാധ്യമ വിചാരണയില്‍ തന്നെ എന്തെല്ലാമോ ഒളിഞ്ഞ് കിടപ്പുണ്ടെന്നാണ് നിസാം നിയമ സഹായ വേദി ചെയര്മാന് ശ്രീ.മേജര്‍ മുഹമ്മദലി പറയുന്നത്. ധനമോഹം മൂലവും, രാഷ്ട്രീയ വൈരത്തിന്റെ പേരിലും, വ്യക്തിവിരോധത്തിന്റെ പേരിലുമൊക്കെ എത്രയോ കൊലപാതകങ്ങള്‍ നടന്ന-നടക്കുന്ന നാടാണ് നമ്മുടേത്. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. നിസാം തെറ്റുകാരനാണോ, അല്ലയോ എന്നതല്ല ഞങ്ങളുടെ പ്രശ്നം. ചന്ദ്രബോസ് വധക്കേസ് അന്വേഷണത്തില്‍ നിരവധി പാളിച്ചകളുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. വിവാദങ്ങളുണ്ടാക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിച്ച് മുന്നേറിതോടെ, ശരിയായ രീതിയിലല്ല ഈ കേസ്സന്വേഷണം പിന്നീട് മുന്നോട്ട് പോയത്. തീര്‍ത്തും ഓര്‍ക്കാപ്പുറത്തുണ്ടായ ഒരു സംഭവം പിന്നീട് കൊലക്കേസ്സായി മാറിയതോടെ വസ്തുതകള്‍ പലതും മൂടപ്പെട്ടു. ഈ കേസ്സ് പുനരന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നത് വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെയാണ്. ഇക്കാര്യത്തില്‍ പലരും അലോസരപ്പെടുന്നത് എന്തിനാണ്. ചന്ദ്രബോസിനെ ചികിത്സിച്ച ആശുപത്രി രേഖകളും, മറ്റ് അനുബന്ധ രേഖകളും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുനരന്വേഷണത്തിന് വിധേയമാക്കിയാല്‍ പല സത്യങ്ങളും വ്യക്തമാകുമെന്നും നിസാം നിയമ സഹായ വേദി ചൂണ്ടിക്കാട്ടുന്നു.
ആശുപത്രിയില്‍ മൂന്ന് സര്‍ജ്ജറിയ്ക്ക് വിധേയനായ ചന്ദ്രബോസിന്റെ ‘ട്രീറ്റ്മെന്റ് ഫയല്‍’ വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ഒരു സര്‍ജ്ജറിയെക്കുറിച്ച് മാത്രമേ പ്രോസിക്യൂഷന് ഉരിയാടിയതുള്ളൂ. മാധ്യമങ്ങളുടെ സംഘടിത കോലാഹലങ്ങള്‍ക്കിടയില്‍ നിസാമിന്റെ അഭിഭാഷകര്‍ നിരത്തിയ വസ്തുതകളിലേക്കൊന്നും കോടതി ശ്രദ്ധിച്ചതുമില്ല. ഊഹാപോഹങ്ങളും കേട്ടുകേഴ്വിയും അവലംബിച്ച് ബോധപൂര്‍വ്വമായും അല്ലാതെയും അടിസ്ഥാനരഹിതമായ വാര്‍ത്താ പ്രാധാന്യം ഈ കേസ്സിനുണ്ടായതോടെ, സാധാരണ നിലയില്‍ കോടതിയിലെത്തുന്ന കേസ്സുകളില്‍ പ്രതികള്‍ക്ക് അര്‍ഹതപ്പെട്ട നിയമാനുസൃത നടപടികളില്‍ പലതും നിസാമിന് നിഷേധിക്കപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കി കേസ്സില്‍ പുനരന്വേഷണവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും, ഗവര്‍ണ്ണര്‍ക്കും നാട്ടുകാര്‍ ഒപ്പിട്ട ഭീമന് ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്നും കൂട്ടായ്മയുടെ കണ്‍വീനര്‍ സിറാജുദ്ദീനും വ്യക്തമാക്കി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply