- Malayalam Daily News - https://www.malayalamdailynews.com -

മന്ത്രി ശൈലജയേയും സര്‍ക്കാരിനേയും വിമര്‍ശിച്ച് ഹൈക്കോടതി; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമ സഭയില്‍ പ്രതിപക്ഷത്തിന്റെ ബഹളം

kerala-health-minister_InPixioതിരുവനന്തപുരം: സ്വാശ്രയവിഷയത്തിലും ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ടും വിവാദത്തിലായ ആരോഗ്യമന്ത്രി കെ.ക.ശൈലജയുടെ രാജി ആവശ്യപ്പെട്ട് നാലാം ദിവസമായ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. ചോദ്യോത്തരവേള ബഹളത്തില്‍ മുങ്ങി. സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം തയ്യാറായില്ല.

നിയമസഭാ കവാടത്തില്‍ എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹസമരം നാലാംദിവസവും തുടരുകയാണ്. സഭാ സമ്മേളനം അവസാനിക്കുന്നതിനാല്‍ സഭയ്ക്കുപുറത്തേക്ക് സമരം വ്യാപിപ്പിക്കാനാണു തീരുമാനം. ഇക്കാര്യം തീരുമാനിക്കാന്‍ പ്രതിപക്ഷനേതാക്കള്‍ യോഗം ചേരും.

മന്ത്രി കെ.കെ.ശൈലജയേയും സംസ്ഥാന സര്‍ക്കാരിനെയും കൂടുതല്‍ പ്രതിസന്ധിയിലാക്കി ഹൈക്കോടതിയുടെ ഇടപെടല്‍ ഇന്നലെയും ഉണ്ടായി. ശൈലജയ്‌ക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് തയ്യാറായില്ല. ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്ന നിരീക്ഷണത്തോടെയാണ് പരാമര്‍ശം സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചത്. കമ്മീഷന്‍ നിയമനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബെഞ്ച് നടത്തിയത് ലളിതമായ വിമര്‍ശനമാണെന്നും വ്യക്തമാക്കി.

ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്തിന് കൂടുതല്‍ ഊര്‍ജം പകരുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് തീയതി നീട്ടാന്‍ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രികൂടിയായ കെ.കെ.ശൈലജ നിര്‍ദേശിച്ചത് അവര്‍ക്ക് താല്‍പര്യമുള്ളവരെ തിരുകിക്കയറ്റാനാണെന്ന വാദത്തില്‍ കഴമ്പുണ്ടെന്നാണു സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയത്. സിപിഎം പ്രവര്‍ത്തകനായ ടി.ബി.സുരേഷിനെ നിയമിക്കുന്നതിനാണ് ഇതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ഈ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടാണു മന്ത്രി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

കമ്മീഷനിലെ ആറ് ഒഴിവുകളിലേക്കു കഴിഞ്ഞ നവംബര്‍ എട്ടിനാണു സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചത്. നവംബര്‍ 30 ആയിരുന്നു അവസാന തീയതി. പിന്നീട് അവസാന തീയതി 2017 ജനുവരി 20 വരെ നീട്ടി. ഇതിനിടെ ജനുവരി 19ന് അപേക്ഷകരിലൊരാളായ കോട്ടയം സ്വദേശി ഡോ. ജാസ്മിന്‍ അലക്‌സ് ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതിയില്‍ പിഴ കെട്ടിയതിനു പിന്നാലെ ഏപ്രില്‍ 29 നു സംസ്ഥാന സര്‍ക്കാര്‍ ആറംഗങ്ങളുടെ നിയമനം നടത്തിയെങ്കിലും ഇതില്‍ ടി.ബി.സുരേഷ് (വയനാട്), ശ്യാമളാ ദേവി (കാസര്‍കോട്) എന്നിവരുടെ നിയമനമാണു കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]