ഹാര്‍‌വി ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഹ്യൂസ്റ്റണില്‍ സം‌ഹാരതാണ്ഡവമാടുന്നു; വെള്ളപ്പൊക്കത്തില്‍ നിരവധി മലയാളി കുടുംബങ്ങള്‍ ദുരിതക്കയത്തില്‍; ബാബു ആന്റണിയുടെ വീട്ടില്‍ പെരുമ്പാമ്പും ചീങ്കണ്ണിയും

babu (1)ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും ആഞ്ഞടിച്ച ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റണ്‍ ദുരിതക്കയത്തില്‍. ഒട്ടേറെ മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്. രണ്ട് അണക്കെട്ടുകള്‍ നിറഞ്ഞുകവിഞ്ഞതും അപകടഭീഷണി വര്‍ധിപ്പിക്കുന്നു.

ചീങ്കണ്ണികളും പാമ്പുകളുമൊക്കെ താമസകേന്ദ്രങ്ങളില്‍ ഒഴുകിയെത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. ഇതേ തുടര്‍ന്ന് നടന്‍ ബാബു ആന്റണിയും കുടുംബവും സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയെന്ന് സഹോദനും നടനുമായ തമ്പി ആന്റണി പറഞ്ഞു. ഹൂസ്റ്റണില്‍ വീടുകളില്‍ കയറിയ മുതലയുടെയും പാമ്പിന്റെയും ദൃശ്യങ്ങളും തമ്പി ആന്റണി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ബാബു ആന്റണിയുടെ വീട്ടിലും സമാനമായ സ്ഥിതിവിശേഷമാണെന്നും ഹൂസ്റ്റണിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും ശക്തമായ മഴ ആദ്യമാണെന്ന് തമ്പി ആന്റണി പറഞ്ഞു.

മഴ കൂടി ഡാമുകള്‍ കൂടി തുറന്നുവിട്ടാല്‍ ഇതിലും മോശമായ അവസ്ഥയാകും ഉണ്ടാകാന്‍ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ബാബു ആന്റണിയുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ഫോണില്‍ ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്നും തമ്പി ആന്റണി അറിയിച്ചു.

പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ശേഖരിച്ചു വച്ച ഭക്ഷണവും തീരാറായി. റോഡുകളെല്ലാം തകര്‍ന്നു. ജോര്‍ജ് ബുഷ്, ഹോബി വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളങ്ങളില്‍ 25 അടിയോളം വെള്ളമുണ്ട്. ഗതാഗതമാര്‍ഗങ്ങളെല്ലാം അടഞ്ഞതോടെ ഹൂസ്റ്റണ്‍ ഒറ്റപ്പെട്ടു.

എത്രയും വേഗം രക്ഷാബോട്ടുകളില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറണമെന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. താമസസ്ഥലങ്ങള്‍ നഷ്ടമായവര്‍ക്ക് ഇന്ത്യക്കാരുടെ വ്യവസായ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും അഭയം നല്‍കുന്നുണ്ട്. വിവിധ മലയാളി അസ്സോസിയേഷനുകളും, സംഘടനകളും, പള്ളികളും, കച്ചവട സ്ഥാപനങ്ങളും വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി മുന്നോട്ടു വരുന്നത് ഏറെ ആശ്വാസകരമാണ്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗകര്യവും ഭക്ഷണവുമൊക്കെ ഇവര്‍ നല്‍കുന്നുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News