Flash News

രക്ഷകരായി വന്നവര്‍ ആശ്രിതരായി; ഗുര്‍മീത് റാം റഹീമിന്റെ ഇസഡ് പ്ലസ് കാറ്റഗറിയിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റു ചെയ്തു

August 30, 2017

maxresdefaultബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന്റെ ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷാ സംഘത്തിലെ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റില്‍. സിബിഐ പ്രത്യേക കോടതി കുറ്റക്കാരനായി വിധിച്ചപ്പോള്‍ അവിടെനിന്ന് ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഹരിയാന പൊലീസിലെ അഞ്ചുപേരും പഞ്ചാബ് പൊലീസിലെ രണ്ടുപേരും അറസ്റ്റിലായത്. കലാപത്തിന് ആഹ്വാനംചെയ്ത ഇവര്‍ കോടതിമുറിയില്‍വച്ച് ഹരിയാന പൊലീസ് ഐജിയെ ഉള്‍പ്പെടെ മര്‍ദിച്ചിരുന്നു.

കമാന്‍ഡോ പരിശീലനം ലഭിച്ച ഇവര്‍ ഗുര്‍മീതിന്റെ സുരക്ഷാച്ചുമതലയില്‍ വന്നതിന്ശേഷം ആള്‍ദൈവത്തിന്റെ അനുയായികളായി മാറി. എസ്ഐ കൃഷ്ണന്‍ദാസ്, ഹെഡ് കോണ്‍സ്റ്റബിള്‍ അജയ്, കോണ്‍സ്റ്റബിള്‍മാരായ രാംസിങ്, വിജയ്സിങ്, ബല്‍വാന്‍ എന്നിവരാണ് അറസ്റ്റിലായ ഹരിയാന പൊലീസ് ഉദ്യോഗസ്ഥര്‍. പഞ്ചാബ് പൊലീസില്‍നിന്നുള്ള രോഹിത്, സത്വീര്‍ എന്നിവരും ജില്ലാ മജിസ്ട്രേട്ടിന്റെ ഉത്തരവുപ്രകാരം അറസ്റ്റിലായി. ഗുര്‍മീതിന്റെ സ്വകാര്യ സുരക്ഷാസേനയില്‍ ഗാര്‍ഡുകളായ പ്രീതംസിങ്, ഖുഷ്ബീര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗുര്‍മീത് കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി വിധിച്ചതിനെത്തുടര്‍ന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാക്രമം. ‘പിതാജിയെ വിട്ടുകൊടുക്കാന്‍ കഴിയില്ല. കാര്‍ സ്റ്റാര്‍ട്ട് ചെയ്യൂ. പൊലീസുകാരെ ഇടിച്ചുവീഴ്ത്തി നമുക്ക് പോകാം’ എന്ന് ഹെഡ്കോണ്‍സ്റ്റബിള്‍ അജയ് വിളിച്ചുപറഞ്ഞു. മറ്റുള്ളവര്‍ ഗുര്‍മീതിനു ചുറ്റും വലയംതീര്‍ത്തു. ഗുര്‍മീതിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച കര്‍ണാല്‍ റെയ്ഞ്ച് ഐജി സുഭാഷ് യാദവ് അടക്കമുള്ള ഉദ്യോഗസ്ഥരെ ഇവര്‍ ആക്രമിച്ചു. എന്നാല്‍, മറ്റ് പൊലീസുകാര്‍ ശക്തമായി രംഗത്തുവന്നതോടെ ഇവര്‍ സ്ഥലംവിട്ടു. ഒളിവില്‍പോയ കമാന്‍ഡോകളെ പിന്നീട് കസ്റ്റഡിയിലെടുത്തു. കമാന്‍ഡോകളായി എത്തിയവര്‍ ദേര സച്ച സൌദയുടെ അനുയായികളായി മാറിയതിനെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചു.

അതേസമയം, ഹരിയാന സിര്‍സയിലുള്ള ദേര സച്ച സൌദ ആസ്ഥാനത്തുനിന്ന് പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ ശിശുസംരക്ഷണ ഉദ്യോഗസ്ഥന്റെ സംരക്ഷണയിലാക്കി. ഇവരെ വിവിധ ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കും. കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. 650 അനുയായികളെ വീടുകളിലെത്തിച്ചെന്ന് പൊലീസ് അറിയിച്ചു. മുന്നൂറോളം പേര്‍ ഇവിടെ തങ്ങുന്നുണ്ട്.

സിര്‍സ പട്ടണത്തില്‍നിന്ന് ദേര ആസ്ഥാനത്തിലേക്കുള്ള എട്ട് കിലോമീറ്റര്‍ റോഡ് ഒഴിച്ചുള്ള മേഖലയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു. ഹരിയാനയില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളും ബാങ്കുകളും പ്രവര്‍ത്തിച്ചുതുടങ്ങി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സൈന്യം, അര്‍ധസൈനികര്‍, പൊലീസ് വിന്യാസം അടുത്ത ദിവസങ്ങളിലും നിലനിര്‍ത്തുമെന്ന് ഡെപ്യൂട്ടി കമീഷണര്‍ പ്രഭ്ജോത് സിങ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top