Flash News

ആ ‘മാഡം’ കാവ്യാ മാധവന്‍; കുറ്റവാളിയും കള്ളനുമായ തന്റെ വാക്കുകള്‍ എന്തിന് വിശ്വസിക്കണമെന്ന് സുനി

August 30, 2017 , .

kavya-pulsar-suni-830x412നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ തന്നെയെന്ന് പള്‍സര്‍ സുനി. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനിയുടെ പ്രതികരണം. എന്‍റെ മാഡം കാവ്യ തന്നെയാണ്, ഇത് നേരത്തെ പറഞ്ഞിരുന്നതല്ലേ. താന്‍ കളളനല്ലേ, കളളന്‍റെ കുമ്പസാരം എന്തിന് കേള്‍ക്കുന്നുവെന്നും സുനി ചോദിച്ചു. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഇന്നലെയും കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കോടതിയില്‍ എത്തിച്ചപ്പോള്‍ മാധ്യമങ്ങളോടുളള സുനിയുടെ പ്രതികരണവും. ആഗസ്റ്റ് 22ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാഡത്തിന് പങ്കില്ലെന്ന് സുനി പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ മാഡത്തിന് പങ്കില്ല. നടി കാവ്യമാധവനുമായി പരിചയമുണ്ട്. തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് ശരിയല്ല. കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നും കുന്ദംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കവെയാണ് സുനി വ്യക്തമാക്കിയതും.

നേരത്തെ ആഗസ്റ്റ് 16ന് കേസിലെ മാഡത്തെ വെളിപ്പെടുത്തുമെന്നും മാഡത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങിയെന്നുമെല്ലാം സുനി നിരന്തരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിലെ ക്വട്ടേഷന് പിന്നില്‍ സ്ത്രീയാണെന്നും വിഐപിയായ മാഡത്തെ വെളിപ്പെടുത്തുമെന്നും സിനിമാ മേഖലയില്‍ നിന്നുളള ആളാണെന്നും ഇതിനോടകം നിരവധി തവണ സുനി പറഞ്ഞിരുന്നു. അതേസമയം പള്‍സര്‍ സുനിയുമായി ഒരുതരത്തിലുമുളള പരിചയമില്ലെന്ന് ദിലീപും കാവ്യയും നേരത്തെ മൊഴി നല്‍കിയിരുന്നു.

മാഡം കാവ്യാ മാധവനാണെന്ന് പള്‍സര്‍ സുനി തുറന്നു പറഞ്ഞതോടെ ആശ്വസിക്കുന്നത് റിമി ടോമിയും മൈഥിലിയുമാണ്. കേസിലെ മാഡം റിമി ടോമിയാണെന്ന അഭ്യൂഹം ശക്തമായിരുന്നു. കേസില്‍ റിമിയെ ചോദ്യം ചെയ്തതോടെ ആരോപണങ്ങള്‍ പുതിയ തലത്തിലെത്തി. ദിലീപുമായി ഏറെ അടുപ്പമുണ്ടായിരുന്ന റിമിക്ക് എതിരെ സാമ്പത്തിക ആരോപണങ്ങളും വാര്‍ത്തയായി. എന്നാല്‍ തനിക്കെതിരെ മുമ്പ് നടന്ന എന്‍ഫോഴ്‌സ് മെന്റ് റെയ്ഡില്‍ ഇപ്പോള്‍ ഇങ്ങനെ വാര്‍ത്ത കൊടുക്കുന്നത് ശരിയല്ലെന്ന് റിമി പറഞ്ഞു. പക്ഷേ അതൊന്നും പുകമറ മാറ്റാന്‍ പോന്നതയാരുന്നില്ല. പള്‍സര്‍ പറയാന്‍ പോകുന്ന മാഡം റിമിയാകുമെന്ന അഭ്യൂഹം ശക്തമായി. റിമിക്കൊപ്പം നടി മൈഥിലിയുടേയും കാവ്യയുടെ അമ്മ ശ്യാമളയുടെ പേരും മാഡമായി പാറി നടന്നു. ഒടുവില്‍ അവ്യക്തതകള്‍ മാറുകയാണ്.

ഫെനി ബാലകൃഷ്ണനാണ് മാഡത്തെ ആദ്യം ചര്‍ച്ചയാക്കിയത്. പള്‍സറിന് ജാമ്യം എടുക്കാന്‍ തന്റെ അടുത്തു വന്നെന്നും അന്ന് ഒരു മാഡത്തെ കുറിച്ച് പ്രതികള്‍ സൂചന നല്‍കിയെന്നും ഫെനി അറിയിച്ചത് ദിലീപിനെയായിരുന്നു. പൊലീസ് ആദ്യം ദിലീപിനെ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. ഇതിനിടെ ദിലീപ് മാഡത്തെ കുറിച്ച് പറഞ്ഞു. ഇതോടെ മാഡത്തെ തേടിയുള്ള യാത്ര തുടങ്ങി. കാക്കനാട്ടെ ലക്ഷ്യയിലെ റെയ്‌ഡോടെ മാഡം കാവ്യയോ കാവ്യയുടെ അമ്മ ശ്യാമളയോ ആകാമെന്ന പ്രചരണം ശക്തമായി. അതിനിടെയാണ് ട്വിസ്റ്റുമായി റിമി ടോമിയുടെ രംഗ പ്രവേശം. ആക്രമിക്കപ്പെട്ട നടിയുമായി റിമിക്കുള്ള പ്രശ്‌നങ്ങളും ചര്‍ച്ചയായി. സാമ്പത്തിക ഇടപെടലും വാര്‍ത്തകളില്‍ നിറഞ്ഞതോടെ മാഡം റിമിയാണെന്ന സംശയം ബലപ്പെട്ടു. തുടക്കം മുതല്‍ തന്നെ നടി മൈഥിലിയും പലപ്പോഴായി വന്നു പോയി. കൊച്ചിയില്‍ ഫ്‌ലാറ്റിലെ റെയ്ഡായിരുന്നു ഇതിന് കാരണം. മൈഥിലിയുടെ ഫ്‌ലാറ്റില്‍ റെയ്ഡ് നടന്നെന്ന വാര്‍ത്ത എത്തിയപ്പോള്‍ തന്നെ പ്രതികരണവുമായി മൈഥിലി എത്തി. തനിക്ക് ഈ കേസുമായി ബന്ധമില്ലെന്നും പറഞ്ഞു.

അതുകൊണ്ടു തന്നെ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലോടെ മാഡത്തെ കുറിച്ചുള്ള അഭ്യൂഹവും അവസാനിക്കുകയാണ്. പൊലീസിന് റിമി ടോമിക്കെതിരെയോ മൈഥിലിക്കെതിരെയോ ഒരു തെളിവും കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇനി അന്വേഷണം കാവ്യയില്‍ മാത്രമായി ഒതുങ്ങും. കാക്കനാട്ടെ ലക്ഷ്യയുടെ ചുമതല കാവ്യയുടെ അമ്മയ്ക്കായിരുന്നു. അതിനാല്‍ ശ്യാമള ഇനിയും സംശയ നിഴലില്‍ തുടരും. പക്ഷേ പള്‍സറിന്റെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തല്‍ കാവ്യക്ക് മാത്രം എതിരായിരുന്നു.

മുതിര്‍ന്ന നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍. മാഡം ആരാണെന്ന ചോദ്യത്തിന് താന്‍ അക്കാര്യം കഴിഞ്ഞ ദിവസം പറഞ്ഞതല്ലെ എന്നാണ് സുനി ചോദിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ തന്റെ മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തുകയായിരുന്നു. ദിലീപിന് പുറമേ കേസില്‍ മറ്റൊരു പ്രധാനി കൂടിയുണ്ടെന്നും താന്‍ മാഡമെന്നാണ് അവരെ വിളിക്കുന്നതെന്നും സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന വിഐപി തന്നെ മാഡത്തിന്റെ പേര് പറയട്ടെ എന്നായിരുന്നു സുനിയുടെ നിലപാട്. പിന്നീട് ഓഗസ്റ്റ് 16ന് മുന്‍പ് വിഐപി മാഡത്തിന്റെ പേര് പറയുന്നില്ലെങ്കില്‍ താന്‍ പറയുമെന്ന് സുനി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ കുന്നംകുളം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കാവ്യയാണോ മാഡമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടെ ചിരി മാത്രമായിരുന്നു സുനിയുടെ പ്രതികരണം.

image_760x400മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തിയതോടെ പൊലീസിന്റെ അടുത്ത നീക്കവും ശ്രദ്ധേയമാണ്. കേസില്‍ രണ്ടിലേറെ തവണ പൊലീസ് കാവ്യയെ ചോദ്യം ചെയ്തു. തനിക്ക് പള്‍സറിനെ പോലും അറിയില്ലെന്നായിരുന്നു മൊഴി. ഇത് തെറ്റാണെന്ന് പൊലീസ് ശാസ്ത്രീയമായി തന്നെ തെളിയിച്ചിട്ടുണ്ട്. ലക്ഷ്യയില്‍ പള്‍സര്‍ എത്തിയതിനും തെളിവുണ്ട്. പള്‍സര്‍ സുനി ദീലീപിനയച്ച ‘ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദസന്ദേശമാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂഷന്‍ പ്രധാന തെളിവായി ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ആലുവ പൊലീസ് ക്ലബില്‍ പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ ഫോണില്‍നിന്നു ദിലീപിനെയും കാവ്യയുടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലേക്കും സുനി വിളിച്ചെന്നാണു വാദം. അതേ സമയം, ഇതു സുനിയേക്കൊണ്ട് ബോധപൂര്‍വം പൊലീസ് ചെയ്യിച്ചയതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. ശബ്ദരേഖയുടെ പകര്‍പ്പ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കിയിരുന്നു.

സിനിമാ സെറ്റിലും താരസംഘടനയുടെ റിഹേഴ്സല്‍ ക്യാമ്പിലും പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയെന്ന വാദം തെറ്റാണെന്നും ദിലീപ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ പ്രോസിക്യൂഷന്‍, കാക്കനാട് ജയിലില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനോടാണു ദിലീപിന്റെ പങ്ക് പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയതെന്നു കോടതിയെ അറിയിച്ചു. പൊലീസുകാരന്റെ ഫോണില്‍നിന്നു നടി കാവ്യാ മാധവന്റെ കടയിലേക്കു വിളിച്ചതായും സുനിയുടെ മൊഴിയുണ്ട്. ഇതും കാവ്യയ്ക്ക് കേസുമായുള്ള ബന്ധത്തിന് തെളിവാണ്. കാവ്യയുടെ ഡ്രൈവറായ സുനിയെ സുനിക്കുട്ടന്‍ എന്നായിരുന്നു കാവ്യ വിളിച്ചിരുന്നുവെന്നതിനും തെളിവുണ്ട്. അതുകൊണ്ട് തന്നെ കേസില്‍ കാവ്യയും പ്രതിയാകാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ കേസില്‍ കാവ്യയെ അറസ്റ്റ് ചെയ്താലും പൊലീസ് ഉടന്‍ ജാമ്യത്തില്‍ വിടും. ജയിലിലടച്ച് കാവ്യയ്ക്ക് പുതിയൊരു പ്രതിച്ഛായ നല്‍കാന്‍ പൊലീസ് ഉദ്ദേശിക്കുന്നില്ല. കാവ്യ രാജ്യം വിടാതിരിക്കാനുള്ള മുന്‍കരുതലും എടുക്കും.

ദിലീപും കാവ്യാ മാധവനും അവസാനം ഒരുമിച്ച് അഭിനയിച്ച സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലും മുഖ്യപ്രതി പള്‍സര്‍ സുനി പലതവണ എത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലം തേവലക്കരയില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഈ ചിത്രത്തിന്റെ സാങ്കേതിക വിദഗ്ധരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നേയും എന്ന സിനിമയുടെ സെറ്റായിരുന്നു ഇത്. ഷൂട്ടിങ് നടന്ന വീട്ടുകാരോടും അയല്‍വാസികളോടും വളരെ നല്ലരീതിയിലാണു സുനില്‍ പെരുമാറിയത്. ഷൂട്ടിങ്ങിനിടയില്‍ ദിലീപ്, കാവ്യ എന്നിവരുമായും ഇയാള്‍ വളരെ അടുപ്പത്തോടെ പെരുമാറിയെന്നും പൊലീസിന് വിവരം കിട്ടി.

‘സുനിക്കുട്ടന്‍’ എന്നാണു പ്രതിയെ അവിടെ പലരും വിളിച്ചിരുന്നത്. ഇതു സംബന്ധിച്ച വിവരം ലഭിച്ച അന്വേഷണ സംഘം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടര്‍ന്നു തേവലക്കരയിലെത്തി തെളിവുകള്‍ ശേഖരിച്ചു. കാവ്യാ മാധവനെ കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ആലുവയിലെ വീട്ടില്‍വച്ചായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി. സന്ധ്യ നേരിട്ടെത്തിയാണു കാവ്യയെ ചോദ്യംചെയ്തത്. നടിയെ അതിക്രമത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരസ്ഥാപനമായ ‘ലക്ഷ്യ’യില്‍ ഏല്‍പ്പിച്ചതായി സുനി മൊഴി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിനെഴുതിയെന്ന് പറയപ്പെടുന്ന കത്തിലെ ‘കാക്കനാട്ടെ ഷോപ്പി’നെക്കുറിച്ചുള്ള പരാമര്‍ശമാണു കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്കു നയിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top