കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനാക്കുറ്റത്തിന് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തിനു പങ്കെടുക്കാൻ കോടതി അനുമതി നല്കി. ദിലീപിന്റെ അപേക്ഷ അങ്കമാലി കോടതി അംഗീകരിച്ചു. അച്ഛന് ബലിയിടാന്‍ ദിലീപിന് ജയിലിന് പുറത്തിറങ്ങാം. ബുധനാഴ്ച ദിലീപിന് ജയിലില്‍ നിന്ന് വീട്ടിലെത്തി ചടങ്ങില്‍ പങ്കെടുക്കാം.എന്നാല്‍ വീട്ടിലും ആലുവ കടപ്പുറത്തുമായി നടക്കുന്ന ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി രണ്ട് മണിക്കൂറിനകം ജയിലില്‍ തിരിച്ചെത്തണം.
പുറത്തു പോകുന്ന ദിലീപിന് പോലീസ് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദിലീപിനെ പുറത്തു വിടരുതെന്ന പ്രോസിക്യൂഷന്റെ എതിര്‍പ്പ് തള്ളിയാണ് മാനുഷിക പരിഗണനയുടെ പേരില്‍ കോടതി ദിലീപിന് പുറത്തു പോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
വരുന്ന ആറാം തീയതി തന്റെ പിതാവിന്റെ ചരമവാര്‍ഷികമാണെന്നും ബലികര്‍മ്മങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്കാലിക പരോള്‍ അനുവദിക്കണമെന്നുമായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ദിലീപ് പറഞ്ഞിരുന്നത്. ദിലീപിന്റെ റിമാൻഡ് കാലാവധി ഈമാസം 16 വരെ നീട്ടിയിരുന്നു
എവിടെയാണെങ്കിലും എല്ലാ വര്‍ഷവും താന്‍ ഈ ചടങ്ങില്‍ പങ്കെടുക്കാറുണ്ട്. ആറാം തീയതി രാവിലെ ബുധനാഴ്ച്ച ഏഴ് മണിയോടെ ജയില്‍ വിടാന്‍ അനുമതി നല്‍കണമെന്നും വീട്ടിലും പിന്നീട് ആലുവ മണപ്പുറത്തുമായി നടക്കുന്ന ചടങ്ങ് പൂര്‍ത്തിയാക്കി പതിനൊന്ന് മണിയോടെ താന്‍ ജയിലില്‍ തിരിച്ചെത്താമെന്നുമായിരുന്നു അപേക്ഷയില്‍ ദിലീപ് പറഞ്ഞത്.
എന്നാല്‍ ദിലീപിനെ ജയിലിന് പുറത്ത് വിടാന്‍ അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. കഴിഞ്ഞ വര്‍ഷം ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ എത്തിയിരുന്നില്ല. വൈകിയ വേളയില്‍ ഇത്തരത്തിലുള്ള ആവശ്യവുമായി രംഗത്തെത്തിയതില്‍ ദുരൂഹതയുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ശ്രാദ്ധ ദിനത്തില്‍ ദിലീപ് തൃശ്ശൂരില്‍ ഉണ്ടായിരുന്നു. പക്ഷെ ചടങ്ങില്‍ പങ്കെടുത്തില്ല. ദിലീപിന്റെ മൊബൈല്‍ ലൊക്കേഷന്‍ തെളിവ് സഹിതമാണ് പ്രോസിക്യൂഷന് ദിലീപിന്റെ അപേക്ഷയ്ക്കെതിരെ രംഗത്തെത്തിയത്
യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ ഗൂഢാലോചന ആരോപിച്ചാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ പത്തിനായിരുന്നു അറസ്റ്റ്. പിന്നീട് അങ്കമാലി കോടതിയേയും ഹൈക്കോടതിയേയും ഒന്നിലേറെ തവണ ജാമ്യത്തിനായി സമീപിച്ചിരുന്നെങ്കിലും പുറത്തിറങ്ങാനായില്ല.