ബീഫ് കഴിക്കരുതെന്ന് ബിജെപി ആരോടും പറഞ്ഞിട്ടില്ല; ഗോവാക്കാര്‍ക്ക് ബീഫ് കഴിക്കാമെങ്കില്‍ എന്തുകൊണ്ട് കേരളത്തിലുള്ളവര്‍ക്കും ആയിക്കൂടാ: അല്‍‌ഫോന്‍സ് കണ്ണന്താനം

alphonse-1ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ വിവാദ ബീഫ് വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തി അല്‍ഫോന്‍സ് കണ്ണന്താനം. കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്നും അതില്‍ ബിജെപിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും കണ്ണന്താനം വ്യക്തമാക്കി. ബീഫ് കഴിക്കരുതെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അവിടെ ബീഫ് വിപണനം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബീഫ് പ്രശ്‌നം കത്തിനില്‍ക്കുമ്പോഴും ഗോവക്കാര്‍ ബീഫ് കഴിക്കുമെന്ന് മനോഹര്‍ പരീക്കര്‍ നിലപാടെടുത്ത കാര്യം ചൂണ്ടിക്കാട്ടിയ കണ്ണന്താനം, അതേ രീതിയില്‍ കേരളീയരും തുടര്‍ന്നും ബീഫ് കഴിക്കുമെന്ന് വ്യക്തമാക്കി.

ബീഫ് കഴിക്കരുതെന്ന് ബിജെപി ആരോടും പറഞ്ഞിട്ടില്ല. ഏതെങ്കിലും സ്ഥലത്തെ ആഹാരശീലം എന്താകണമെന്ന് നിര്‍ബന്ധിക്കുകയില്ല. അത് ജനങ്ങളുടെ ഇഷ്ടമാണെന്നും കണ്ണന്താനം പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ ബീഫ് യഥേഷ്ടം കഴിക്കുമ്പോള്‍, കേരളത്തില്‍ എന്തു പ്രശ്‌നമാണുള്ളതെന്നും കണ്ണന്താനം ചോദിച്ചു.

ക്രിസ്ത്യന്‍ സമുദായംഗങ്ങള്‍ക്ക് ബിജെപി അധികാരത്തില്‍ വരുന്നതില്‍ ആശങ്കയുണ്ടായിരുന്നുവെന്നത് വെറും പ്രചാരണമാണെന്ന് കണ്ണന്താനം പറഞ്ഞു. ബിജെപിക്കെതിരെ ക്രിസ്ത്യന്‍ സമൂഹം ഉന്നയിച്ചു വരുന്ന ആരോപണങ്ങള്‍ ചില തല്‍പര കക്ഷികള്‍ പ്രത്യേക അജണ്ടകളുടെ ഭാഗമായി പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2014ല്‍ ഇതുപോലുള്ള ഒട്ടേറെ പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയിലെ ക്രിസ്ത്യാനികളെ ചുട്ടെരിക്കും, ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കും എന്നൊക്കെയായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിശ്വാസം പിന്തുടരൂ എന്നാണ് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നത്. അതിന് എന്തു സംരക്ഷണം വേണമെങ്കിലും തരാമെന്നും അദ്ദേഹം ഉറപ്പു നല്‍കുന്നുണ്ട്. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്ന കാര്യത്തില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനാണ് മോദി കാഴ്ചവച്ചിട്ടുള്ളത് – കണ്ണന്താനം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment