നോട്ട് നിരോധിച്ചതിന്റെ പേരില്‍ കള്ളപ്പണം പിടികൂടിയതിന് യാതൊരു തെളിവുകളുമില്ലെന്ന് റിസര്‍‌വ്വ് ബാങ്ക്; കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിഞ്ഞു

india-economy-currency_f8abee42-a70e-11e6-9005-31625660f15fന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിലെ നോട്ടു നിരോധനത്തിന്റെ ഫലമായി എത്ര രൂപയുടെ കള്ളപ്പണം പിടികൂടാന്‍ സാധിച്ചു എന്നത് സംബന്ധിച്ച് ഒരു വിധത്തിലുള്ള കണക്കുകളും തങ്ങളുടെ കൈവശമില്ലെന്ന് റിസര്‍വ് ബാങ്ക്. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ലമെന്റ് സമിതിക്കു മുന്നിലാണ് ആര്‍ബിഐ ഇക്കാര്യം വെളിപ്പെടുത്തിയത്.

1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചശേഷം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച നിശ്ചിത സമയപരിധിക്കുള്ളില്‍ 15.28 കോടി രൂപ മൂല്യം വരുന്ന കറന്‍സിയാണ് വിവിധ ബാങ്കുകളിലേക്കു തിരിച്ചെത്തിയത്. തിരിച്ചെത്തിയ നോട്ടുകളുടെ ആധികാരികതയും ഉറവിടവും സംബന്ധിച്ച സൂക്ഷ്മ പരിശോധനകള്‍ നടന്നുവരികയാണ്. വലിയ അളവിലുള്ള നോട്ടുകള്‍ തിരികെ വന്നതിനാല്‍ പഴയ നോട്ടുകളുടെ പരിശോധന നടന്നുവരികയാണ്. നോട്ടു നിരോധനം പോലുള്ള നടപടികള്‍ ഭാവിയില്‍ നടപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍നിന്നും നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.

പല റിസര്‍വ് ബാങ്ക് ഓഫീസുകളും രണ്ട് ഷിഫ്റ്റുകളിലായി അത്യാധുനിക പരിശോധനാ സംവിധാനങ്ങളോടെയാണ് ഇതിനായി പ്രവര്‍ത്തിച്ചുവരുന്നതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

രാജ്യത്ത് നോട്ടുനിരോധനം നടപ്പാക്കിയത് തന്റെ അറിവോടെയല്ലെന്ന ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ പ്രഖ്യാപനത്തിനു പിന്നാലെയെത്തിയ പുതിയ വെളിപ്പെടുത്തല്‍ കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

റദ്ദാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിച്ച ശേഷം 15.28 കോടി രൂപ മൂല്യം വരുന്ന അസാധു നോട്ടുകളാണു തിരിച്ചെത്തിയത്. 16,050 കോടി രൂപയുടെ നോട്ടുകള്‍ മാത്രമേ തിരിച്ചുവരാതെയുള്ളൂ. ഇത് ആകെ നോട്ടിന്റെ ഒരു ശതമാനമാനമേ വരൂ. കള്ളപ്പണ വേട്ടയുടെ മറവില്‍ നോട്ട് നിരോധിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ കള്ളത്തരമാണെന്നാണ് നിഗമനം.

നോട്ട് അസാധുവാക്കുന്ന സമയത്ത് 1,716.5 കോടി 500 രൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. ആയിരം രൂപ നോട്ടുകളുടെ എണ്ണം – 685.8 കോടി. രണ്ടിന്റെയും കൂടി മൂല്യം 15.44 ലക്ഷം കോടി രൂപയും. ആയിരം രൂപ നോട്ടുകളില്‍ വെറും 8.9 കോടി എണ്ണമേ തിരിച്ചുവരാതിരുന്നുള്ളൂ – 1.3 %. അതേസമയം, തിരിച്ചെത്തിയ അഞ്ഞുറൂ രൂപ നോട്ടുകളുടെ എണ്ണം റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് കള്ളപ്പണം വലിയതോതില്‍ വ്യാപകമായിരുന്നു എന്ന കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിക്കളയുന്നതായിരുന്നു ആര്‍ബിഐയുടെ റിപ്പോര്‍ട്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment