കേരളാ കൃസ്ത്യന്‍ അഡല്‍റ്റ് ഹോംസ്; ദുരൂഹതകളുടെ ചുരുളഴിയുന്നു ! (തോമസ് കൂവള്ളൂര്‍)

doroohathakal size

ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ടെക്സസിലെ റോയ്സ് സിറ്റിയിലുള്ള കേരളാ ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസിനെപ്പറ്റി, അതില്‍ മുതല്‍മുടക്കുള്ള അംഗങ്ങള്‍ക്ക് ഗുണകരമാകും വിധത്തില്‍, രണ്ട് പത്രപ്രസ്താവനകള്‍ ഞാന്‍ എഴുതിയിരുന്നു. പക്ഷെ, രണ്ടാമത്തെ പ്രസ്താവന ഒരു ആരോപണമാക്കി ചിത്രീകരിച്ച് കെ.സി.എ.എച്ചിന്റെ അറ്റോര്‍ണി ഞാനെഴുതിയതിന് മറുപടിയായി ഇംഗ്ലീഷില്‍ ഒരു ഓണ്‍‌ലൈന്‍ മാധ്യമത്തില്‍ എഴുതിയത് വൈകിയാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. എന്റെ പ്രസ്താവന പ്രസിദ്ധീകരിച്ച ഓണ്‍‌ലൈന്‍ മാധ്യമത്തിന് കൊടുക്കാതെ മറ്റൊരു മാധ്യമത്തിനാണ് അവര്‍ മറുപടി കൊടുത്തതെന്നും ഇവിടെ സൂചിപ്പിക്കുകയാണ്.

എന്നെ ഒരു മാനസിക വിഭ്രാന്തിയുള്ളവനായിട്ടും കള്ളനായിട്ടും ചിത്രീകരിക്കാന്‍ മേല്പറഞ്ഞ കെ.സി.എ.എച്ചിന്റെ ചുക്കാന്‍ പിടിക്കുന്ന വെരി. റവ. ഫാ. ഗീവര്‍ഗീസ് പുത്തൂര്‍കുടിലും അദ്ദേഹം ഉള്‍പ്പെട്ട ഒരു സഭയുടെ ഉന്നതസ്ഥാനത്തിരിക്കുന്ന ഷെവലിയാര്‍ എബ്രഹാം മാത്യുവും ശ്രമിച്ചപ്പോള്‍ ആ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് എന്റെ കര്‍ത്തവ്യമായിത്തീര്‍ന്നു. ഈ രണ്ടു വ്യക്തികളും അമേരിക്കയിലെ വലിയൊരു ഭദ്രാസനത്തിലെ സഭാ ശ്രേഷ്ഠന്മാരാണെന്നിരിക്കെ ഇവര്‍ ചെയ്തുകൂട്ടുന്ന ദുഷ്‌പ്രവൃത്തികള്‍ സഭയ്ക്കു തന്നെ പേരുദോഷമുണ്ടാകുന്ന വിധത്തിലാണെന്ന് സത്യങ്ങള്‍ പുറത്തുവരുമ്പോള്‍ മനസ്സിലാകും.

ദൈവനാമത്തിലാണ് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഞാനും ഒരു സഭാ വിശ്വാസിയാണ്. പക്ഷെ, ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുതെന്നാണ് ചെറുപ്പം മുതലേ ഞാന്‍ പഠിച്ചിരിക്കുന്നത്. സഹോദരന്മാര്‍ ഒന്നിച്ചുകൂടുന്നിടത്ത് ദൈവകൃപ ഉണ്ടാകുമെന്നും എന്നാല്‍, അവിടെ ദൈവത്തിനു നിരക്കാത്ത പ്രവര്‍ത്തനങ്ങളോ, ചിന്തകളോ ഉണ്ടായാല്‍ ദൈവ കോപം ഉണ്ടാകുമെന്നുകൂടി നമ്മള്‍ ഓര്‍ക്കണം.

എന്നെപ്പോലെ തന്നെ കെ.സി.എ.എച്ചിനെ സാമ്പത്തിക സഹായം നല്‍കി രക്ഷിക്കാന്‍ ശ്രമിച്ച ജോസഫ് ചാണ്ടി എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് ഫയല്‍ ചെയ്തുവെന്നും, ഒരു മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞു.

സെക്രട്ടറിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതനുസരിച്ചാണ് ആഗസ്റ്റ് 26-ന് ടെക്സസിലെ റോയിസ് സിറ്റിയിലുള്ള കെ.സി.എ.എച്ചിന്റെ ഓഹരി ഉടമകളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ലേഖകന്‍ പോയത്. പ്രസ്തുത യോഗത്തില്‍ പങ്കെടുക്കുന്നതിനു മുന്‍പ് എന്നെ ഏല്പിച്ചിരുന്ന കെ.സി.എ.എച്ചിന്റെ മുപ്പതോളം ഓഹരി ഉടമസ്ഥരുടെ മുക്തിയാറുകള്‍ (പ്രോക്സി) ഇ-മെയില്‍ വഴി പ്രസിഡന്റ് വെരി. റവ. ഫാ. ഗീവര്‍ഗീസ് പുത്തൂര്‍കുടിലിന് അയച്ചുകൊടുത്തിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചതുപോലെ ഓഹരി ഉടമസ്ഥരുടെ യോഗം നടത്താതിരിക്കാനുള്ള എല്ലാ കുതന്ത്രങ്ങളും അവിടെ നടന്നുവെന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു. സ്വയം രക്ഷാകവചം തീര്‍ക്കാന്‍ പുത്തൂര്‍കുടിലിലച്ചന്‍ ഒരു അറ്റോര്‍ണിയുമായാണ് യോഗത്തിനെത്തിയത്.

യോഗത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പരസ്പരം സംസാരിക്കുകയോ ആശയവിനിമയം നടത്തുകയോ ചെയ്യാതെ മൗനരായി ഇരിക്കുന്നതാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. ഒരു മരണവീട്ടിലെ അന്തരീക്ഷം പോലെ തോന്നിക്കുന്ന പ്രതീതി. നിഗൂഢമായി എന്തോ സംഭവിച്ചതുപോലെ തോന്നിപ്പിക്കും വിധമുള്ള പെരുമാറ്റം. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് ബോധ്യമായി. മുപ്പതോളം പേരുടെ മുക്ത്യാറുമായി, അവരെ പ്രതിനിധീകരിക്കാനും കൂടിയാണ് ന്യൂയോര്‍ക്കില്‍ നിന്ന് ടെക്സസ് വരെ ഞാന്‍ പോയത്. ആരേയും ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ അല്ല പണം ചിലവാക്കി അവിടം വരെ പോയത്. കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നു എനിക്ക് തോന്നാന്‍ കാരണം ആലോചിച്ചപ്പോഴാണ് മറ്റൊരു സംഭവം എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞത്.

ന്യൂയോര്‍ക്കിലെ എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ ഒരു സംഘം മീഡിയാ പ്രവര്‍ത്തകര്‍ എന്നെയും കൂടെയുള്ളവരെയും കണ്ടിരുന്നു. അവര്‍ ഷിക്കാഗോയിലേക്കുള്ള യാത്രയിലാകാനാണ് സാധ്യത. കുശലാന്വേഷണത്തിനൊടുവില്‍ എന്റെ യാത്രയെക്കുറിച്ച് ചോദിക്കുകയും ഞാന്‍ സത്യം പറയുകയും ചെയ്തു. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ദേശീയ സംഘടനയുടെ നേതാവിന് ഞാനെന്താണ് ടെക്സസില്‍ ചെന്നാല്‍ ചെയ്യാന്‍ പോകുന്നതെന്നറിയണം. ‘ചെയ്യേണ്ടത് എന്താണെന്ന് ഞങ്ങള്‍ക്കറിയാം, തല്‍ക്കാലം അത് പുറത്തുപറയുന്നില്ല’ എന്ന മറുപടിയും ഞാന്‍ കൊടുത്തു. അദ്ദേഹം മാറിനിന്ന് പുത്തൂര്‍കുടിലിലച്ചന് ഫോണ്‍ ചെയ്യുന്നതും തോമസ് കൂവള്ളൂരും സംഘവും അങ്ങോട്ട് വരുന്നുണ്ട്, കരുതിയിരുന്നോ എന്ന് പറയുന്നതും ഞങ്ങള്‍ കേള്‍ക്കാനിടയായി. അദ്ദേഹത്തിന്റെ ഫോണ്‍ സന്ദേശമായിരിക്കാം പുത്തൂര്‍കുടിലിലച്ചനും മറ്റുള്ളവര്‍ക്കും എന്റെ നേരെയുള്ള തെറ്റിദ്ധാരണകള്‍ക്ക് കാരണമായതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്റെ യാത്രയിലുടനീളം ടെക്സ്റ്റ് മെസേജുകള്‍ ലഭിച്ചുകൊണ്ടിരുന്നു. ‘ടെക്സസില്‍ വെള്ളപ്പൊക്കമാണ്, അങ്ങോട്ട് പോയിട്ട് കാര്യമില്ല’ എന്നൊക്കെയുള്ള മെസേജുകളായിരുന്നു എല്ലാം. ടെക്സസില്‍ ചെന്നപ്പോഴാണറിഞ്ഞത് ഹാര്‍‌വി കൊടുങ്കാറ്റിനെപ്പറ്റിയുള്ളതായിരുന്നു അവയോക്കെ എന്ന്.

യോഗ സ്ഥലത്ത് ശ്മശാന മൂകത എന്തുകൊണ്ടായിരുന്നു എന്ന് പിന്നീട് മനസ്സിലായി. കെ.സി.എ.എച്ചിന്റെ വൈസ് പ്രസിഡന്റും അവിടെ വീട് പണിതു താമസിക്കുന്നതുമായ റവ. ഫാ. ഡോ. പി.പി. ഫിലിപ്പിന് അസുഖം മൂര്‍ഛിച്ച് ആശുപത്രിയില്‍ കൊണ്ടുപോയിരിക്കുകയാണെന്ന് പിന്നീട് അറിഞ്ഞു.

യോഗ സ്ഥലത്ത് കൃത്യ സമയത്തു തന്നെ (രാവിലെ 10 മണിക്ക്) ഞാനും എന്നോടൊപ്പമുണ്ടായിരുന്ന മറ്റു ഓഹരി ഉടമകളും എത്തി. സ്പെഷ്യല്‍ യോഗമായിരുന്നതിനാല്‍ ക്വോറം ബാധകമായിരുന്നില്ല. മുക്ത്യാറുകള്‍ ഉള്‍പ്പടെ 1/3 ലധികം അംഗങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നിട്ടുകൂടി പ്രസിഡന്റ് യോഗം നടത്താന്‍ സമ്മതിച്ചില്ല.

കണക്കുകളും ബുക്കുകളും പരിശോധിച്ച് കാര്യങ്ങളെല്ലാം നേരെയാണോ പോകുന്നതെന്നറിയുകയും, നേരായ മാര്‍ഗത്തിലല്ലെങ്കില്‍ പ്രസ്ഥാനത്തെ നേരായ മാര്‍ഗത്തില്‍ എങ്ങനെ കൊണ്ടുപോകാം എന്ന് കൂടിയാലോചിക്കാനായിരുന്നു ഞങ്ങളുടെ പ്ലാന്‍. പക്ഷെ, പ്രസിഡന്റു തന്നെ യോഗം കൂടാന്‍ സമ്മതിക്കാതെ പിരിച്ചുവിട്ടാല്‍ എന്തു ചെയ്യും? ഞങ്ങള്‍ ബഹളം വെയ്ക്കുകയോ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയോ ഒന്നും ചെയ്തില്ല. ഏതാനും സെക്യൂരിറ്റി ഗാര്‍ഡുമാര്‍ ഞങ്ങളുടെ ഓരോ നീക്കങ്ങളും കരുതലോടെ നിരീക്ഷിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് എന്റെ നേതൃത്വത്തില്‍ ഒരു സംഘം വരുന്നുണ്ട് എന്ന തോന്നലാകാം പ്രസിഡന്റ് സെക്യൂരിറ്റി ഗാര്‍ഡുമാരെ നിയോഗിച്ചത്.

അമേരിക്കന്‍ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനവും, പ്രത്യേകിച്ച് ഓഹരി ഉടമകളുള്ള, അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ കണക്കുകളും, യോഗ വിവരങ്ങളും കാണിക്കണമെന്നാണ് നിയമം. ഞങ്ങളുടെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പ്രവര്‍ത്തികളാണ് കെ.സി.എ.എച്ചിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിരിക്കുന്നത്.

ഓഹരി ഉടമകളെന്ന നിലയില്‍ ഞങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത്:

•  കെ.സി.എസ്.എച്ചിന്റെ നിലവിലുള്ള ഭാരവാഹികള്‍ ഓഹരി ഉടമകളല്ലാത്തെ എത്ര പേരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട് ?
•  എത്ര പണം വാങ്ങി ?
•  എന്തു വ്യവസ്ഥയില്‍ പണം വാങ്ങി ?
•  400 ഏക്കറിലധികം ഭൂമി കണ്ടുകെട്ടിയെന്നു പറയുന്നതില്‍ സത്യമുണ്ടോ ?
•  അങ്ങനെ ചെയ്തെങ്കില്‍ ആരാണ് തീരുമാനമെടുത്തത് ?
•  ഓഹരി ഉടമകളില്‍ നിന്ന് ആകെ എത്ര തുക വാങ്ങി ?
•  എത്ര വീടുകള്‍ ഇതിനോടകം നിര്‍മ്മിച്ചു ?
•  ആ ഇനത്തില്‍ വീട്ടുടമകളോട് എത്ര പണം വാങ്ങി ?
•  ഇനി എത്ര കിട്ടാനുണ്ട് ?
•  വീടു വെച്ചു കൊടുത്തവര്‍ക്ക് എത്ര തുക ഇളവ് നല്‍കി ?
•  കെ.സി.എ.എച്ചിന്റെ അംഗങ്ങളല്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയോ ?
•  ആകെ എത്ര തുക നീക്കിയിരിപ്പുണ്ട് ?

ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി തരാന്‍ കെ.സി.എ.എച്ചിന്റെ ഭാരവാഹികള്‍ ബാധ്യസ്ഥരാണ്.

പ്രതീക്ഷിച്ചതുപോലെ യോഗം നടന്നില്ല. എന്നാല്‍, ജോസഫ് ചാണ്ടിക്കെതിരെ ഫയല്‍ ചെയ്ത കേസിന്റെ കാര്യം പ്രസിഡന്റ് പറഞ്ഞു. വാസ്തവത്തില്‍ ഭൂമി കൈമറിഞ്ഞു പോകുന്നതിനു മുന്‍പ് അത് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ഞങ്ങളുടെ സംശയം. ഫാ. പുത്തൂര്‍കുടിലിലാകട്ടേ തനിക്ക് ഭൂമിയോ വീടോ ഇല്ലെന്ന് പ്രഖ്യാപിക്കുന്നതും കേള്‍ക്കാനിടയായി. പക്ഷെ ഇന്റര്‍നെറ്റില്‍ അദ്ദേഹം ഹോം ഓണേഴ്സ് അസ്സോസിയേഷന്റെ പ്രസിഡന്റ് ആണെന്നാണ് പറയുന്നത്. കെ.സി.എ.എച്ച് ഹോംസ് പ്രൊജക്റ്റില്‍ പണിതിരിക്കുന്ന ചാപ്പല്‍ എന്നു പറയപ്പെടുന്ന ചെറിയ ആരാധനാ കേന്ദ്രം ഒരുപക്ഷേ അദ്ദേഹത്തിന്റെ പേരിലായിരിക്കാം. അതും ഹോം ഓണേഴ്സിന്റെ വകയാണെന്നും, പള്ളി അവര്‍ പണിതതാണെന്നും അവരുടേതാണെന്നും മറ്റും പറയുന്നതു കേട്ടു.

മിച്ചമുണ്ടായിരുന്ന ലോട്ടുകളെല്ലാം അവസാനം ഓരോരുത്തരുടെ പേരില്‍ എഴുതിക്കൊടുത്ത് കെ.സി.എ.എച്ച് എന്ന പ്രസ്ഥാനത്തിന് വെരി. റവ. ഫാദര്‍ പുത്തൂര്‍കുടിലില്‍ കോര്‍ എപ്പിസ്കോപ്പ അന്ത്യം കുറിക്കുകയല്ലേ ചെയ്തത്?

കെ.സി.എ.എച്ചിന്റെ ഓഹരി ഉടമകള്‍ വിചാരിച്ചാല്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞേക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സെക്രട്ടറി മാസങ്ങള്‍ക്കു മുന്‍പേ രാജിവെച്ചെന്നും, ട്രഷറര്‍ക്ക് ഇക്കാര്യത്തില്‍ ഒന്നുമറിയില്ല എന്നും പറഞ്ഞ സ്ഥിതിക്ക്, ഈ പ്രസ്ഥാനത്തെ ഈ നിലയിലെത്തിച്ച പുത്തൂര്‍കുടിലിലച്ചനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന കെ.സി.എ.എച്ചിന്റെ നിയമോപദേഷ്ടാവ് ഷെവലിയര്‍ എബ്രഹാം മാത്യുവും, ഞാനൊന്നുമറിഞ്ഞില്ലേ ദേവനാരായണ എന്ന ഭാവത്തില്‍ നടക്കുന്ന കെ.സി.എ.എച്ചിന്റെ ആരംഭകാലം മുതല്‍ അതിന്റെ ചുക്കാന്‍ പിടിച്ച് അവസാനം സി.ഇ.ഒ. വരെയായ എം.സി. അലക്സാണ്ടറുമല്ലാതെ പിന്നെ ആരാണ് ?

സ്വന്തം പണം മുടക്കി ന്യൂയോര്‍ക്കില്‍ നിന്ന് ടെക്സസ് വരെ എത്തിയ സ്ഥിതിക്ക് ഓഹരി ഉടമകളുടെ പ്രതിനിധിയെന്ന നിലയ്ക്ക് പ്രശസ്തനായ ഒരു അഭിഭാഷകനെ കണ്ട് അദ്ദേഹത്തിന്റെ നിയമോപദേശം ഞാന്‍ ആരാഞ്ഞു. ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനി ആയതിനാല്‍ അംഗങ്ങള്‍ക്ക് നടപടിയെടുക്കാന്‍ കഴിയുമെന്ന പ്രത്യാശാപൂര്‍ണ്ണമായ മറുപടിയാണ് അദ്ദേഹത്തില്‍ നിന്ന് ലഭിച്ചത്. ഒരുപക്ഷെ ഇപ്പോഴുള്ള ഭരണസമിതിയെ അയോഗ്യരാക്കി പ്രഖ്യാപിച്ച് പുതിയൊരു ഭരണസമിതി അധികാരത്തില്‍ വരുന്നതുവരെ കാത്തിരിക്കുകയല്ലാതെ മറ്റു നിര്‍‌വ്വാഹമില്ല. ഒരുപക്ഷെ ഇവിടെയും ചരിത്രം ആവര്‍ത്തിക്കപ്പെട്ടേക്കാം. കാരണം, ഏറ്റുമുട്ടുന്നത് സഭയിലെ ഉന്നതന്മാരോടാണ്. നീതിക്കുവേണ്ടി പൊരുതുന്ന എന്നെപ്പോലെയുള്ളവരെ പന്തിയോസ് പിലാത്തോസിന്റെ മാര്‍ഗമുപയോഗിച്ച് നിയമത്തിന്റെ കുരുക്കില്‍ പെടുത്തി ഇല്ലായ്മ ചെയ്യാനും അവര്‍ മടിക്കില്ല. ചിലപ്പോള്‍ കാര്യങ്ങള്‍ നേരെ തിരിച്ചും സംഭവിക്കാം – അതായത് പുതിയൊരു ചരിത്രം സൃഷ്ടിക്കപ്പെടാനുമുള്ള സാഹചര്യവും തള്ളിക്കളയാനാവില്ല.

ടെക്സസ് വരെ വന്ന സ്ഥിതിക്ക് പുത്തൂര്‍കുടിലിലച്ചന്‍ കള്ളനും വഞ്ചകനുമെന്ന് മുദ്രകുത്തിയ ജോസഫ് ചാണ്ടിയെയും കൂട്ടുകക്ഷികളേയും കാണാന്‍ ഞാന്‍ തീരുമാനിച്ചു. അദ്ദേഹത്തെ കണ്ട് സംസാരിച്ചപ്പോള്‍ പുത്തൂര്‍കുടിലിലച്ചനാണ് അംഗങ്ങളേയും പൊതുസമൂഹത്തേയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലായത്.

ജോസഫ് ചാണ്ടിയുമായി ഞാന്‍ സംസാരിക്കുന്നതറിഞ്ഞ് ടെക്സസിലുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ പാഞ്ഞെത്തി. താന്‍ ഒരു പ്രമുഖ ചാനലിന്റെ പ്രതിനിധിയാണെന്നും വേണ്ടിവന്നാല്‍ എന്നെ മാധ്യമങ്ങളുടെ മുന്‍പില്‍ കൊണ്ടുവന്ന് വിചാരണ ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പുത്തൂര്‍കുടിലിലച്ചനെ വിളിച്ച് സംസാരിക്കാന്‍ ഞാന്‍ പറഞ്ഞതനുസരിച്ച് അയാള്‍ അച്ചന് ഫോണ്‍ ചെയ്തു. കൂവള്ളൂര്‍ ഒരു വട്ടനാണെന്നും, ചതിയനും വഞ്ചകനുമാണെന്നായിരുന്നു അച്ചന്റെ പ്രതികരണം. ഫോണ്‍ സംഭാഷണം സ്പീക്കര്‍ ഫോണിലിട്ടതുകൊണ്ട് ഞങ്ങളെല്ലാവരും ആ സംസാരം കേട്ടു. ഈ സംസാരം എന്റെ ഐഫോണില്‍ ഞാന്‍ റെക്കോര്‍ഡു ചെയ്തു. ഇതു കണ്ട മാധ്യമ പ്രവര്‍ത്തകന്‍ എന്റെ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി ആ ഫോണ്‍ സംഭാഷണം ഡിലീറ്റ് ചെയ്തെന്നു മാത്രമല്ല, ഫോണിലുണ്ടായിരുന്ന മറ്റു പല ഡാറ്റാകളും ഡിലീറ്റ് ചെയ്തു. അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അപമാനമാണ് ഈ മാധ്യമ പ്രവര്‍ത്തകനെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. അത്രയും ക്രൂദ്ധനായാണ് അയാള്‍ എന്നോട് പെരുമാറിയത്. എന്റെ അന്വേഷണത്തില്‍ അയാള്‍ മാധ്യമ പ്രവര്‍ത്തകനല്ല, ഏതെങ്കിലും ഒരു ചാനലിന്റെ പ്രതിനിധിയുമല്ല എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. തന്നെയുമല്ല, ഒരു ഹൗസിംഗ് പ്രോജക്റ്റിന്റെ ഓഹരി ഉടമകളുടെ യോഗത്തില്‍ അയാള്‍ കയറി വരേണ്ട യാതൊരു ആവശ്യവുമില്ല. അയാള്‍ ചെയ്തത് ഒരു ക്രിമിനല്‍ കുറ്റമാണെന്നും, ഞാന്‍ പോലീസില്‍ പരാതിപ്പെട്ടാല്‍ ആ നിമിഷം അയാള്‍ അകത്താകുമെന്നും മനസ്സിലാക്കിയില്ല എന്നുള്ളതാണ് സത്യം. അമേരിക്കന്‍ നിയമങ്ങളും നിയമാവലികളും ചട്ടങ്ങളുമൊക്കെ പഠിച്ച് മനസ്സിലാക്കിയിട്ടുള്ളവര്‍ ഇത്തരത്തിലുള്ള ഗുണ്ടായിസത്തിനിറങ്ങുകയില്ല.

“ഈ കള്ളന്റെ കൂടെയാണോ നിങ്ങള്‍ നടക്കുന്നതെന്ന്” മറ്റുള്ള ഓഹരി ഉടമകളോട് ചോദിച്ച സഭയുടെ തലപ്പത്തിരിക്കുന്ന ഷെവലിയര്‍ അബ്രഹാം മാത്യുവിനേയും, സഭയുടെ മെത്രാനു തുല്യമായ വെരി. റവ. ഫാ. പുത്തൂര്‍കുടിലില്‍ കോര്‍ എപ്പിസ്കോപ്പയെയും, എന്നെ വട്ടനെന്നും, കള്ളനെന്നും, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവനെന്നും സമൂഹമധ്യത്തില്‍ അപമാനിച്ചതിനെതിരെയും അവരുടെ പേരില്‍ ക്രിമിനല്‍ കുറ്റത്തിന് എനിക്ക് കേസ് കൊടുക്കാവുന്നതാണ്. അവര്‍ ഇനിയും ഇതാവര്‍ത്തിച്ചാല്‍ അങ്ങനെ ചെയ്യാന്‍ തന്നെയാണ് എന്റെ തീരുമാനവും.

തങ്ങള്‍ മുടക്കിയ പണം തന്നാല്‍ കൈവശമിരിക്കുന്ന ഭൂമി വിട്ടുതരാന്‍ ഒരുക്കമാണെന്നും കെ.സി.എ.എച്ചിന്റെ ഭാരവാഹികളായി ഉത്തരവാദിത്വപ്പെട്ട നല്ലൊരു ടീം വരികയാണെങ്കില്‍ ഒരുപക്ഷേ സാമ്പത്തികമായും സഹായിക്കാന്‍ തയ്യാറാണെന്നും ഭൂമിയുടെ കൈവശാവകാശം കിട്ടിയ ജോസഫ് ചാണ്ടിയും മറ്റു വ്യക്തികളും പറഞ്ഞു.

റിട്ടയര്‍മെന്റ് ജീവിതം ഭദ്രമാക്കാന്‍ തങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം വിശ്വസ്തതയോടെ നിക്ഷേപിച്ച് ഒരു വീട് സ്വപ്നം കണ്ടു നടന്ന എന്നെപ്പോലെയുള്ളവരെ വിദഗ്ധമായി വഞ്ചിക്കുന്നവര്‍ക്ക് മനഃസ്സാക്ഷിയുണ്ടോ എന്നാണ് ഞാന്‍ സംശയിക്കുന്നത്. ഈ വിശ്വാസ വഞ്ചനയ്ക്ക് കൂട്ടുനില്‍ക്കുന്ന സഭാ നേതൃത്വത്തെ എന്തു പേരാണ് വിളിക്കേണ്ടത്? അനീതിക്ക് കൂട്ടു നില്‍ക്കുന്ന റവ. ഫാ. പുത്തൂര്‍കുടിലില്‍ കോര്‍ എപ്പിസ്കോപ്പയെപ്പോലുള്ളവര്‍ സഭയ്ക്ക് മാത്രമല്ല സമൂഹത്തിനു തന്നെ അപമാനമാണ്. ളോഹയ്ക്കുള്ളിലെ കാപട്യം എന്താണെന്ന് ഇതിനോടകം നാം കണ്ടു കഴിഞ്ഞു. ഇനിയും ഇതനുവദിച്ചുകൊടുക്കാന്‍ സാധ്യമല്ല.

പ്രവാസികളുടെ നാട്ടിലെ സ്വത്തുക്കള്‍ സം‌രക്ഷിക്കാന്‍ അമേരിക്കയില്‍ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നും, ദേശീയ സംഘടനകളായ ഫോമയും ഫൊക്കാനയും അതിനുവേണ്ടി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളിലൂടെ നാം നിത്യവും കണ്ടും കേട്ടും കൊണ്ടിരിക്കുന്നുണ്ട്. നാട്ടില്‍ സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ അമേരിക്കയില്‍ അവരുടെ കണ്‍മുന്നില്‍ മില്യണ്‍ കണക്കിന് ഡോളറിന്റെ വെട്ടിപ്പ് നടത്തി നിരവധി പേരുടെ അദ്ധ്വാനഫലം കൈക്കലാക്കിയ ഒരുപറ്റം മലയാളികളുടെ നേരെ ചെറുവിരലക്കാനോ പണം നഷ്ടപ്പെട്ടവര്‍ക്ക് അത് തിരികെ ലഭ്യമാക്കാനോ ഈ സംഘടനകള്‍ ശ്രമിക്കുന്നില്ല എന്ന സത്യം ലജ്ജാവഹമാണ്. ഒരുപക്ഷെ ഈ രണ്ട് ദേശീയ സംഘടനകളിലും കെ.സി.എ.എച്ചില്‍ താല്പര്യമുള്ളവരുണ്ടായിരിക്കാം.

ക്രൈസ്തവ സമൂഹത്തിന് നാണക്കേടുണ്ടാക്കിയ ഈ സംഭവത്തില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ല. നീതിക്കുവേണ്ടി നിലകൊള്ളുന്ന ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് പറയാനുള്ളത് കെ.സി.എ.എച്ചിന്റെ ഓഹരി ഉടമകള്‍ സംഘടിക്കേണ്ട സന്ദര്‍ഭമാണിത് എന്നാണ്. പുതിയ ഒരു ഭരണസമിതിയെ നിയമിച്ച് കേരളാ കൃസ്ത്യന്‍ എന്ന പേരു മാറ്റി എല്ലാ വിഭാഗങ്ങള്‍ക്കും, എല്ലാ മതങ്ങള്‍ക്കും ഒരുമയോടെ സന്തോഷത്തോടെ കഴിഞ്ഞുകൂടത്തക്ക കമ്മ്യൂണിറ്റിക്ക് രൂപം കൊടുക്കുകയായിരിക്കും അഭികാമ്യം എന്നാണ് എന്റെ അഭിപ്രായം.

തോമസ് കൂവള്ളൂര്‍
(914) 409 5772

Email: tjkoovalloor@live.com

ഈ വാര്‍ത്തയുടെ സ്ഥിരീകരണത്തിന് ലേഖകനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment