ന്യൂയോര്‍ക്ക്: മലയാളി സിവിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ വച്ച് എം സ്വരാജ് എം എല്‍ എ ക്കും പ്രശസ്ത മാധ്യമ പ്രവര്ത്തകന് ഡോ. എന്‍ പി ചന്ദ്രശേഖരനും നല്കിയ സ്വീകരണത്തില്‍ ജെ മാത്യൂസ് അദ്ധ്യക്ഷനായിരുന്നു. കേരള സെന്റര്‍ സ്ഥാപക പ്രസിഡന്റ് ഇ.എം. സ്റ്റീഫന്‍ സ്വാഗതം പറഞ്ഞു.
ബൈബിള്‍ നന്നായി വിശകലനം ചെയ്യുന്ന അപൂര്‍വ്വം പൊതുപ്രവര്‍ത്തകരില്‍ ഒരാളാണ് സ്വരാജ് എന്ന് സ്റ്റീഫന്റെ അഭിപ്രായത്തെ, ബൈബിള്‍ കൂടുതല്‍ വിശകലനം ചെയ്തു ഒരു പള്ളിലച്ചന് എങ്ങാന്‍ ആയിപ്പോയിരുന്നെങ്കില്‍ കേരളത്തിന് നല്ല ഒരു എം എല്‍ എ നഷ്ടപ്പെടുമായിരുന്നു എന്ന് ജെ മാത്യൂസ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
പലപ്പോഴും ജീവിത യാഥാര്‍ഥ്യങ്ങളെ നേരിടാന്‍ വേണ്ടിയാണു പലരും പ്രവാസികള്‍ ആയതെന്നു സ്വരാജ് പറഞ്ഞു .നാം ആഗ്രഹിക്കുന്ന വിധം ജീവിക്കാന്‍ വേണ്ടി നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കാന്‍ നമ്മുടെ രാജ്യത്തിനു കഴിയാതെ വരുമ്പോള്‍ അല്ലെങ്കില്‍ അതിനുവേണ്ടി സാഹചര്യം ഒരുക്കാന്‍ നമുക്ക് കഴിയാതെ വരുമ്പോള്‍ പ്രവാസിയാകാതെ നിവൃത്തിയില്ലാതെ വരുന്നു. ഓരോ രാഷ്ട്രവും ആ നാട്ടിലെ പൗരന്മാരുടെ ഇച്ഛക്കനുസരിച്ചു വളരുന്നുവോ ആ നിമിഷം വരെ പ്രവാസിയാകാതെ തരമില്ല. പാസ്പോര്‍ട്ടും വിസയുമില്ലാതെ ലോകം മുഴവന്‍ സഞ്ചരിക്കുന്നത് ഗാന്ധിജി സ്വപ്നം കണ്ടിരുന്നു. ഗാന്ധിജിയുടെ കാലത്തുപോലും അത് നടന്നില്ല. ഇപ്പോള്‍ ഒട്ടും നടക്കാന്‍ കഴിയില്ല. പക്ഷെ നമുക്ക് സ്വപ്നം കാണാമല്ലോ. സ്വപ്നങ്ങളാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. വിമാനാപകടത്തില്‍ പരിക്ക് പറ്റി ആശുപത്രിയില്‍ കിടക്കവേ ഹെമിംഗ്വേ തന്റെ മരണ വാര്‍ത്ത പത്രങ്ങളില്‍ വന്നതു വായിച്ചിട്ട് വാര്‍ത്തയില്‍ വ്യാകരണ തെറ്റ് തിരുത്തിയിട്ടു പത്രാധിപര്‍ക്ക് അയച്ചുകൊടുത്തിട്ടു എഴുതി ‘തനിക്കു 5 കൊല്ലം കൂടി ജീവിക്കാനുള്ള സ്വപ്നങ്ങള്‍ ബാക്കിയുണ്ടെന്നും താന്‍ മരിച്ചിട്ടില്ലെന്നും.’ 5 വര്‍ഷം കഴിഞ്ഞു സ്വപ്നങ്ങള്‍ ഒന്നുമില്ലാതായപ്പോള്‍ ഹെമിംഗ്വേ ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ ഇല്ലാതെ വരുമ്പോള്‍ അതിര്‍ത്തിക്ക് കാവല്‍ നില്ക്കാതിരിക്കാന് നമുക്ക് കഴിയും. ലോകമാണ് എന്റെ രാജ്യമെന്ന് മദര്‍ തെരേസ നമ്മോടു പറഞ്ഞു. ഗാന്ധിജിയും മദര്‍ തെരേസയും സ്വപ്നം കണ്ടത് ലോകം ഒറ്റ രാജ്യമാകുന്നതാണ്. ലോകത്തില്‍ ഏതെങ്കിലും കോണില്‍ മനുഷ്യന് വേദനിക്കുന്നുണ്ടെങ്കില്‍ നമുക്കും വേദന ഉണ്ടാകണം. എന്‍ വി കൃഷ്ണവാര്യര്‍ എഴുതിയതുപോലെ ലോകത്തിലെ ഏതെങ്കിലും കോണില്‍ ഒരു മനുഷ്യന് ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വേദനിക്കുന്നത് ബന്ധിക്കപ്പെട്ടവന്റെ കൈയിലല്ല മറിച്ച് എന്റെ കൈകളാണ്. ആ മനുഷ്യത്വത്തെ ഉയര്‍ത്തി പിടിക്കലാണ് രാഷ്ട്രീയം. മനുഷ്യനെ പല വിധത്തില്‍ അകറ്റുന്ന കാര്യങ്ങള്‍ നമുക്കിടയില്‍ ഉണ്ട്. പണ്ട് താന്‍ പഠിച്ച സ്കൂളില്‍ ഗ്രാമത്തിലെ എല്ലാ കുട്ടികളും ഒന്നിച്ചാണ് ഒരു സ്കൂളില്‍ പോയിരുന്നത്. ഇന്നവിടെ പല സ്കൂളുകള്‍ ഉണ്ട്. പുരോഗതിയുടെ ലക്ഷണമാണ്. പക്ഷെ ഹിന്ദു കുട്ടികള്‍ അവരുടെ സ്കൂളിലും ക്രിസ്ത്യന്‍ അവരുടെയും മുസ്ലിം കുട്ടികള്‍ അവരുടെ സ്കൂളിലും പോകുന്നു. സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികള്‍ ഇല്ലാതായി, എല്ലാം ശരിയാകും അതാണ് പ്രതീക്ഷ. കുളം നികത്തിയാണ് കേരള സെന്റര്‍ ഉണ്ടായത്. അതിനുവേണ്ടി കഷ്ടപ്പെട്ടവന് ഇപ്പോഴും അതിന്റെ മുമ്പിലുണ്ട്. എന്നാല്‍ സ്ഥാപനങ്ങള്‍ കുളം ആക്കിയ പരിചയമാണ് നമുക്കുള്ളത്, എല്ലാവര്ക്കും കയറിയിരിക്കാന്‍ ഒരിടമാണ് ഇവിടെ. അവിടം
ശൂന്യമാകാതെ നോക്കണം.
എല്ലാവരും അവരവരുടെ മതസ്ഥാപനങ്ങളിലേക്ക് തിരിയുമ്പോള്‍ നമുക്ക് നമ്മുടെ മതേതര മുഖം നഷ്ടപ്പെടാതെ നോക്കണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ കൊച്ചു കൊച്ചു തുരുത്തുകള്‍ ഉണ്ടാകാതെ നോക്കണം. അങ്ങനെ വന്നാല്‍ എല്ലാവര്ക്കും ഇരിക്കാവുന്ന പൊതു സ്ഥലം നമുക്ക് നഷ്ടപ്പെടും. സ്വാതന്ത്ര്യം എന്നത് ഒരു വാക്കു മാത്രമാകാതെ നോക്കേണ്ടതുണ്ട്. എല്ലാ മനുഷ്യരും അവന്റെ സഹോദരനെ തിരിച്ചറിയുന്ന കാലം വരും. മറ്റുള്ളവന്റെ ശബ്ദം ഒരു സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയുന്ന കാലം. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും അവനവന്റെ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താനും കഴിയുന്ന കാലം. അതിനായിരിക്കട്ടെ നമ്മുടെ സ്വപ്നങ്ങള്‍… സ്വരാജ് പറഞ്ഞു നിര്‍ത്തി.
‘ശ്രീ നാരായണ ഗുരുവിന്റെ പ്രശസ്തമായ ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും …എന്ന പ്രഖ്യാപനം കേരള സെന്റര്‍ മുദ്രാവാക്യമാണെന്ന് മനസ്സിലായിതില് സന്തോഷിക്കുന്നു. മറ്റൊന്ന് കേരള സെന്ററിന്റെ പഴയ ഉദ്ഘാടന ഫോട്ടോ നിലവിളക്കു മെഴുകുതിരികൊണ്ടു യേശുദാസ് കത്തിക്കുന്ന ചിത്രം എത്ര എത്ര മാതൃകകള്‍ക്കാണ് ന്യൂയോര്‍ക്കിലെ കേരളം സെന്റര്‍ മാതൃക ആയിരിക്കുന്നത്’ പ്രശസ്ത മാധ്യമ പ്രവര്ത്തകന് ഡോക്ടര്‍ എന്‍.പി. ചന്ദ്രശേഖരന് പ്രസംഗത്തില്‍ പറഞ്ഞു. ഒത്തുചേരല്‍ കുറഞ്ഞിരിക്കുന്ന കാലത്തു അര്‍ത്ഥവത്തായ ഒത്തുചേരലുകള്‍ അന്യമായിരിക്കുന്ന കാലത്തു ഒത്തു ചേരലുകള്‍ നടക്കേണ്ടതുണ്ട്. നന്മയെ അടയാളപ്പെടുത്തുന്ന ഒത്തുചേരലുകള്‍ ഉണ്ടാകണം. പിരിഞ്ഞു പിരിഞ്ഞു ഇരിക്കാതെ നോക്കേണ്ടതുണ്ട്. നമുക്ക് അഭയത്തിനു കേരള സെന്ററുകള്‍ ഉണ്ടാകേണ്ടതുതുണ്ടന്നു എന്‍ പി ഓര്‍മ്മിപ്പിച്ചു.
അനില്‍ കോയിപ്പുറം, തമ്പി തലപ്പിള്ളി, ബേബി ഊരാളില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സദസ്സിലെ ചോദ്യങ്ങള്‍ക്കു സ്വരാജ് എം എല്‍ എ മറുപടി പറഞ്ഞു. സ്നേഹ വിരുന്നോടെ മീറ്റിംഗ് അവസാനിച്ചു.
ജോസ് കാടാപ്പുറം
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news