Flash News

സര്‍‌വ്വ നാശം വിതച്ച് ശക്തിയോടെ മുന്നേറുന്ന ‘ഇര്‍മ’ ചുഴലിക്കാറ്റ് നാളെ (ഞായറാഴ്ച) ഫ്ലോറിഡയിലെത്തും; ഏകദേശം അറുപത് ലക്ഷത്തോളം പേരെ കുടിയൊഴിപ്പിക്കും

September 9, 2017

hurricane-irma-saint-martin-gty-mem-170908_mn_4x3_992സെന്റ് മാര്‍ട്ടിന്‍ ഐലന്‍ഡ്‌സ്, ബാര്‍ബുഡ, ആംഗില മുതലായ ദ്വീപുകളില്‍ സര്‍‌വ്വ നാശം വിതച്ച് അമേരിക്കയെ ലക്ഷ്യമാക്കി നീങ്ങുന്ന ‘ഇര്‍മ’ ചുഴലിക്കാറ്റ് നാളെ (ഞായറാഴ്ച) പുലര്‍ച്ചയോടെ ഫ്‌ളോറിഡയിലെത്തുമെന്ന് മുന്നറിയിപ്പ്. എന്നാല്‍ കാറ്റിന്റെ വേഗത കുറയുന്നുണ്ടെങ്കിലും ഫ്ലോറിഡയോട് അടുക്കുന്തോറും വേഗത കൂടുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഫ്‌ളോറിഡയും സമീപ സംസ്ഥാനങ്ങളും ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റിന്റെ വേഗം മണിക്കൂറില്‍ 185 മൈല്‍ വരെയെത്താമെന്നും മുന്നറിയിപ്പുണ്ട്.

കരയോട് അടുക്കുന്തോറും പ്രഹരശേഷി കൂടുന്ന വിഭാഗത്തില്‍പ്പെടുന്ന ചുഴലിക്കാറ്റാണ് ഇര്‍മ. കാറ്റിനെത്തുടര്‍ന്നുള്ള മുന്നറിയിപ്പില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് യുഎസ് നടത്തിയത്. ഫ്‌ളോറിഡയിലും പരിസപ്രദേശങ്ങളിലുമായി 60 ലക്ഷത്തോളം ആളുകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫ്ലോറിഡ കൂടാതെ യുഎസ് അധീനതയിലുള്ള പോര്‍ട്ടോറിക്കോ, വിര്‍ജിന്‍ ഐലന്‍ഡ്‌സ്, ജോര്‍ജിയ, കരോലിന എന്നിവിടങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

കിഴക്കന്‍ തീരത്തെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് ഫ്‌ളോറിഡ. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണ് ഇവിടെ നടക്കുന്നത്. വിവിധ മേഖലകളിലായി 60 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടലുകള്‍. അതേസമയം തന്നെ ചുഴലിക്കാറ്റ് ഇതുവരെ പത്തു ലക്ഷത്തിലേറെപ്പേരെ ബാധിച്ചതായും കണക്കുകളുണ്ട്. കൂടുതല്‍ പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇര്‍മ തീരത്തെത്തിക്കഴിഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായതിനാല്‍ കഴിയുന്നതും വേഗം ഒഴിഞ്ഞുപോകാനാണ് നിര്‍ദ്ദേശം.

ഇര്‍മയുടെ പ്രഹരത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ 24 ആയിരിക്കുകയാണ്. ഡോമിനിക്കന്‍ റിപ്പബ്ലിക്ക്, ഹെയ്ത്തി, ടര്‍ക്‌സ് ആന്‍ഡ് കയ്‌ക്കോസ് ഐലന്‍ഡ്‌സ്, ബഹാമസ്, സെന്റ് മാര്‍ട്ടിന്‍ ഐലന്‍ഡ്‌സ്, ബാര്‍ബുഡ, ആംഗില, സെന്റ് മാര്‍ട്ടിന്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, യുഎസ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, പ്യൂട്ടോറിക്കോ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത നാശം വിതച്ച ഇര്‍മ, ക്യൂബ മേഖലയിലാണ് ഇപ്പോഴുള്ളത്.

ദ്വീപുരാജ്യമായ ബാര്‍ബുഡ ഏതാണ്ടു പൂര്‍ണമായി തകര്‍ന്നടിഞ്ഞു. രണ്ടു ചെറുദ്വീപുകള്‍ അടങ്ങുന്ന ബാര്‍ബുഡയില്‍ പത്തില്‍ ഒന്‍പതു കെട്ടിടങ്ങളും തകര്‍ന്നു. ദീപില്‍ ആകെ രണ്ടായിരത്തില്‍ താഴെ ജനങ്ങളേയുള്ളൂ. ഇവരില്‍ പകുതിയോളം പേരുടെ വീടുകള്‍ നശിച്ചു. വിനോദസഞ്ചാര കേന്ദ്രമായ സെന്റ് മാര്‍ട്ടിന്‍ ദ്വീപ് 95 ശതമാനവും ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നശിച്ചുവെന്നാണു റിപ്പോര്‍ട്ടുകള്‍.

അറ്റ്‌ലാന്റിക്കിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്കു സമീപത്തുനിന്നാണ് ഇര്‍മ രൂപംകൊള്ളുന്നത്. ഈ പ്രദേശത്തുനിന്നു രൂപംകൊണ്ട മറ്റു കൊടുങ്കാറ്റുകളായ ഹ്യൂഗോ, ഫ്‌ളോയ്ഡ്, ഐവാന്‍ എന്നിവയും തീവ്രതയുടെ കാര്യത്തില്‍ വളരെ മുന്നിലായിരുന്നു. പടിഞ്ഞാറോട്ടു സഞ്ചരിക്കുന്തോറും ഇര്‍മ കൂടുതല്‍ ശക്തമാകുമെന്നു കാലാവസ്ഥാ കേന്ദ്രങ്ങള്‍ നേരത്തേതന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.

ഇതിനിടെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ബുധനാഴ്ച രൂപംകൊണ്ട കാറ്റഗറി ഒന്നില്‍പ്പെട്ട കാത്യ ചുഴലിക്കാറ്റും കിഴക്കന്‍ മെക്‌സിക്കോ തീരങ്ങളിലേക്കു നീങ്ങുകയാണ്. ഹോസെ ചുഴലിക്കാറ്റും ഇര്‍മയുടെ പിന്നാലെ ശക്തിപ്രാപിച്ച് കാറ്റഗറി നാലിലേക്കു പ്രവേശിച്ചു. വരുംദിവസങ്ങളില്‍ ഹോസെയുടെ ശക്തികുറയുമെന്നാണു പ്രവചനം.

irma1 irmaa


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top