Flash News

ശ്രുതി ലയ താളത്തില്‍ ഗിരീഷിന്റെ വരകള്‍

September 10, 2017 , പി. ശ്രീകുമാര്‍

girish sizeഡിട്രോയിറ്റ് നഗരത്തില്‍ അയ്യപ്പസേവാ സംഗമം പരിപാടി. വേദിയില്‍ ഗായകന്‍ പി.ഉണ്ണികൃഷ്ണന്‍ നയിക്കുന്ന ജുഗല്‍ബന്ദി അരങ്ങു തകര്‍ക്കുന്നു. വേദിയ്ക്കരികില്‍ 30 x 40 ഇഞ്ച് വലുപ്പത്തില്‍ രണ്ട് കാന്‍വാസുകള്‍ തൂക്കിയിട്ടിരിക്കുന്നു. സദസ് സംഗീതത്തില്‍ ലയിച്ചിരിക്കുമ്പോള്‍ ഒരു യുവാവ് ക്യാന്‍വാസില്‍ ചിത്രം വരയ്ക്കുന്ന തിരക്കിലായിരുന്നു. ചിത്രരചന എന്ന് പറയാനാകുമോ എന്ന് സംശയം. ക്യാന്‍വാസില്‍ അവിടിവിടങ്ങളില്‍ കളറുകള്‍ വിതറുന്നു. സംഗീതത്തിന്റെ താളക്രമത്തിനനുസരിച്ച് ചിത്രരചനയുടെ താളവും വേഗവും മാറുന്നു. എന്താണ്, എന്തിനെക്കുറിച്ചാണ് വര എന്നതുമാത്രം മനസ്സിലാകുന്നില്ല. രണ്ടു ക്യാന്‍വാസിലും മാറിമാറി ചായം പുരട്ടുന്നു. രണ്ടര മണിക്കൂര്‍ നീണ്ട ജുഗല്‍ബന്ദി അവസാനിച്ചു. അപ്പോള്‍ ചിത്രകാരന്‍, ആ രണ്ടു ക്യാന്‍വാസുകളും തലതിരിച്ച് ഒന്നിച്ചുവച്ചു. 30 x 80 ഇഞ്ച് നീളത്തിലുള്ള മനോഹരചിത്രം. ശബരിമല, തിരുമല, കൈലാസം എന്നീ മൂന്നു മലനിരകള്‍ ഉള്‍ക്കൊള്ളുന്ന അര്‍ത്ഥതലങ്ങളേറെയുള്ള ചിത്രം. ശബരിമലയുടെ മുകളില്‍ അയ്യപ്പന്‍ ഇരിക്കുന്നു. കൈലാസത്തിലിരുന്ന് തന്റെ പുത്രനെ നോക്കുന്ന ശിവന്‍. വിഷ്ണു സങ്കല്‍പ്പത്തില്‍ തിരുമല. അന്ന് 25000 ഡോളറിന് (17 ലക്ഷം രൂപ) ചിത്രം ലേലത്തില്‍ പോയി. ലേലത്തുക അയ്യപ്പക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന ചെയ്യുന്നതായി ചിത്രകാരന്‍ പ്രഖ്യാപിച്ചു. സദസ്സ് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു.

Profile for articleചിത്രരചനയില്‍ പാരമ്പര്യമോ സര്‍വ്വകലാശാലാ ബിരുദമോ ഇല്ലാത്ത ചിത്രകാരന്‍. പക്ഷെ മനസ്സിലെവിടയോ നിറക്കൂട്ടുകള്‍ നൃത്തംവച്ചിരുന്നു. അതിനൊരു താളമുണ്ടായിരുന്നു. അതേ താളത്തിനൊത്ത്, നിറക്കൂട്ടുകളെ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നതിനെക്കുറിച്ചായി പിന്നീടുള്ള ചിന്ത. കൂട്ടിന് ആത്മവിശ്വാസവും ഭാവനയും മാത്രം. പിന്നീട് ഒന്നും ആലോചിച്ചില്ല. ബ്രഷ് കൈയിലെടുത്തു. ഭാവനകള്‍ക്ക് നിറം പകര്‍ന്നു. ചിത്രരചനയില്‍ പുതുവഴി തേടിയ ആ ചിത്രകാരന്റെ പേര് ഗിരീഷ് നായര്‍. മുംബൈ ഐടിഎമ്മില്‍ നിന്ന് മാനേജ്‌മെന്റില്‍ ഉന്നത ബിരുദം നേടിയശേഷം അമേരിക്കയിലെത്തിയ കണ്ണൂര്‍ നീലേശ്വരം സ്വദേശിയാണ് ഗിരീഷ്. സംഗീത താളത്തിനനുസരിച്ച് ഏറെ ചിത്രങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ക്കുവേണ്ടി ധനശേഖരണത്തിനായിട്ടായിരുന്നു വരകളില്‍ പലതും. ചെന്നൈ റിലീഫ് ഫണ്ടിനായി ധനം ശേഖരിക്കാന്‍ ഇന്ത്യാ ലീഗ് ഓഫ് അമേരിക്ക എന്ന സംഘടന ഗിരീഷിന്റെ ചിത്രങ്ങള്‍ ലേലത്തിന് വച്ചു. ശ്രൂതിലയ താളരാഗ ബന്ധമായ ഗിരീഷ് നായരുടെ വരകള്‍കൊണ്ട് ലക്ഷങ്ങളാണ് സമാഹരിക്കാന്‍ കഴിഞ്ഞത്.

ശിവനും ഗണപതിയും ശ്രീകൃഷ്ണനും പറക്കുംകുതിരയും ആനയും ഒക്കെ ഗിരീഷിന്റെ ഭാവനയില്‍ അതിമനോഹരങ്ങളായ എണ്ണച്ചായ ചിത്രങ്ങളായി രൂപപ്പെട്ടിട്ടുണ്ട്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും നരേന്ദ്രമോദിയും കമല്‍ഹാസനുമൊക്കെ പെന്‍സിലുകൊണ്ട് വരച്ച ഛായാചിത്രങ്ങളായി. യാഥാര്‍ത്ഥ്യങ്ങളും സങ്കല്‍പങ്ങളും ഇഴചേര്‍ത്തു നെയ്യുന്ന, മഴവില്‍ ചാരുതയുള്ള ഗിരീഷിന്റെ ചിത്രങ്ങള്‍ ആരേയും അതിശയിപ്പിക്കും.

ഗിരീഷിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം മിഷിഗണില്‍ ഉദ്ഘാടനം ചെയ്തത് ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ്. ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ വേദിയിലെത്തി യേശുദാസിന് ഗിരീഷ് സമ്മാനം നല്‍കി. യേശുദാസിന്റെ തന്നെ ഒരു കത്തി ചിത്രം.’ പെന്‍സില്‍ കൊണ്ടോ ബ്രഷുകൊണ്ടോ വരച്ചതായിരുന്നില്ല അത്. പേനാക്കത്തികൊണ്ട് കോറിയ ചിത്രം. കത്തികൊണ്ട് തീര്‍ത്ത ചിത്രം യേശുദാസിനും ഇഷ്ടപ്പെട്ടു. കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ബ്രഷുകള്‍കൊണ്ടുമാത്രമല്ല കത്തികൊണ്ടും വിരലുകള്‍കൊണ്ടുമൊക്കെ ചിത്രം വരച്ച് ഈ പ്രവാസി ചിത്രകാരന്‍ വ്യത്യസ്തത തേടുന്നു. പാരമ്പര്യവശാലോ പഠനവഴിയിലോ ചിത്രകലയുമായി ഒരു ബന്ധവുമില്ലാതിരുന്ന ഗിരീഷ് വര തുടങ്ങിയതുതന്നെ അമേരിക്കയിലെത്തിയ ശേഷമാണ്. അമേരിക്കയില്‍ സ്ഥിരതാമസമായിട്ട് 17 വര്‍ഷമായി.

അമേരിക്കയിലെത്തി വിവിധ കമ്പനികളില്‍ ഉന്നത ജോലി നോക്കിയ ഗിരീഷ് ഇപ്പോള്‍ സ്‌പെറിഡിയന്‍ ടെക്‌നോളജീസിന്റെ ചീഫ് കോമേഴ്‌സ്യല്‍ ഓഫീസറാണ്. പ്രമുഖ ഐടി കമ്പനിയായ കമ്പ്യൂടെക് കോര്‍പ്പറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മിഷിഗണിലെ പ്രശസ്ത കലാകേന്ദ്രമായ കലാക്ഷേത്രയുടെ സ്ഥാപകരിലൊരാളായ ഈ മാനേജ്‌മെന്റ് വിദഗ്ദ്ധന്‍ തിരക്കിട്ട ബിസിനസ്സ് ജീവിതത്തിനിടയിലും കലയ്ക്കും ചിത്രരചനയ്ക്കുമായി സമയം കണ്ടെത്തുന്നു. മലേഷ്യയിലും മറ്റും പ്രദര്‍ശനം നടത്താന്‍ ക്ഷണമുണ്ട്. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഒരു പ്രദര്‍ശനം എന്നതാണ് തന്റെ ആഗ്രഹമന്ന് ഗിരീഷ് പറയുന്നു. വീട്ടമ്മയായ ലൈനയാണ് ഭാര്യ. അപര്‍ണയും മാളവികയും മക്കള്‍. നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ അപര്‍ണ, അച്ഛന്റെ പാത പിന്തുടര്‍ന്ന് കലയേയും ഒപ്പം കൊണ്ടു പോകുന്നു. നര്‍ത്തകിയും ഗായികയും ചിത്രകാരിയുമായ അപര്‍ണ, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക നടത്തിയ മത്സരത്തില്‍ യുവമോഹിനിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാളവിക എട്ടില്‍ പഠിക്കുന്നു.

Family pic2Girish getting falicitatedColorpencil Einstein Colorpencil portrait Kamal IMGP5892fatherfigure Girish on stage perfroming Girish on stage Girishpainting illusion of Krishna performing


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top