കര്‍ഷകഭൂമി കൈയ്യേറാനുള്ള സര്‍ക്കാര്‍ അജണ്ടകളെ എതിര്‍ക്കും: ഇന്‍ഫാം

Title1കൊച്ചി: സ്വന്തം കൃഷിഭൂമിയില്‍ എന്തു കൃഷിചെയ്യണമെന്ന് നിശ്ചയിക്കുവാനുള്ള കര്‍ഷകന്റെ അവകാശത്തെ കൂച്ചുവിലങ്ങിട്ട് കാര്‍ഷികമേഖലയ്ക്കും ഭൂവിനിയോഗത്തിനും വെല്ലുവിളിയുയര്‍ത്തുന്ന സംസ്ഥാന റവന്യൂ കൃഷി വകുപ്പുകളുടെ കര്‍ഷകവിരുദ്ധ അജണ്ടകളെയും നിയമനിര്‍മ്മാണശ്രമങ്ങളെയും കര്‍ഷകര്‍ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കാര്‍ഷികോല്പന്നങ്ങള്‍ക്ക് ഉല്പാദനച്ചെലവ് അടിസ്ഥാനമാക്കി വില നിശ്ചയിക്കാനോ, ഉല്പന്നങ്ങള്‍ സംഭരിക്കാനോ, സംഭരിച്ച നെല്ലിന് സമയബന്ധിതമായി വിലനല്‍കുവാനോ, ഉല്പന്ന സംസ്കരണത്തിനോ, കാര്‍ഷികപ്രതിസന്ധിയില്‍ കര്‍ഷകനെ സഹായിക്കാനോ ശ്രമിക്കാതെ സര്‍ക്കാര്‍ കൃഷിഭൂമി ഏറ്റെടുക്കുവാന്‍ നിയമനിര്‍മ്മാണവുമായി ഇറങ്ങിത്തിരിക്കുന്നത് വന്‍ പ്രക്ഷോഭത്തിനിടനല്‍കും. തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് അടിസ്ഥാനവില ലഭിക്കാത്തതാണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് ഭൂമി തരിശിടുന്നതിന്റെ അടിസ്ഥാന കാരണം. വിവിധ രാജ്യാന്തര കരാറുകളിലൂടെ കാര്‍ഷികവിപണി ആഗോളവല്‍ക്കരിക്കപ്പെട്ടിരിക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ഉല്പാദനക്കുറവും വിലത്തകര്‍ച്ചയുംമൂലം പരമ്പരാഗത കൃഷികളില്‍നിന്നും കര്‍ഷകര്‍ മാറിച്ചിന്തിക്കേണ്ട സാഹചര്യത്തില്‍ അതിനനുസരിച്ച് മത്സരക്ഷമത കൈവരിക്കാന്‍ കര്‍ഷകര്‍ക്ക് പ്രോത്സാഹനമേകേണ്ട സര്‍ക്കാര്‍ പുത്തന്‍ കര്‍ഷകവിരുദ്ധ നിയമനിര്‍മ്മാണ അജണ്ടകളുമായി നീങ്ങുന്നത് അംഗീകരിക്കില്ല.

ചെറുകിട കര്‍ഷകരെപ്പോലെ കാര്‍ഷിക വിലയിടിവ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയില്‍ തോട്ടം മേഖലയും തകര്‍ന്നിരിക്കുന്നു. തോട്ടങ്ങള്‍ ചില്ലറവില്ക്കാനോ കൃഷിമാറ്റത്തിനോ സാധിക്കാത്ത നിയമതടസ്സങ്ങള്‍ നിരവധിയുണ്ട്. കടമെടുത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയിലും തൊഴിലാളികളെ സംരക്ഷിക്കേണ്ട അവസ്ഥയാണിന്ന്. തോട്ടം മേഖലയിലെ കര്‍ഷകരുടെ സംഘടിത നീക്കമുണ്ടായില്ലെങ്കില്‍ തലമുറകളായി കൈമാറിക്കിട്ടിയതും സ്വയം അദ്ധ്വാനിച്ച് ആര്‍ജ്ജിച്ചതുമായ ഭൂസ്വത്തുക്കള്‍ പുത്തന്‍ നിയമനിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ കയ്യേറുന്ന സ്ഥിതിവിശേഷമുണ്ടാകും. രണ്ടാം ഭൂപരിഷ്കരണമെന്ന പേരില്‍ വിലത്തകര്‍ച്ച സൃഷ്ടിച്ചിരിക്കുന്ന വന്‍ പ്രതിസന്ധി അതിജീവിക്കാനാവാതെ കര്‍ഷകര്‍ തകര്‍ന്നടിഞ്ഞിരിക്കുമ്പോള്‍ നിയമാനുസൃത കൈവശ ഭൂമിപോലും കയ്യേറുവാനുള്ള സംസ്ഥാന സര്‍ക്കാര്‍ അജണ്ടയെ എന്തുവിലകൊടുത്തും എതിരിടുമെന്നും ഇതിനായി കര്‍ഷകര്‍ സംഘടിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment