Flash News

നടിയെ ആക്രമിക്കുന്നതിനു മുന്‍പ് നാദിര്‍ഷാ പണം നല്‍കിയിരുന്നു എന്ന് പള്‍സര്‍ സുനി; കാവ്യയുടെ വീറ്റിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതില്‍ ദുരൂഹത; ദിലീപിന്റെ ജാമ്യാപേക്ഷ പ്രതിരോധത്തിലാകും

September 13, 2017

kavya-pulsar-suni-830x412കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി ഇന്നു പരിഗണിക്കാനിരിക്കേ പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തല്‍ നിര്‍ണായകമാകും. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടു നാദിര്‍ഷ തനിക്കു പണം തന്നെന്നാണു പള്‍സറിന്റെ പുതിയ വെളിപ്പെടുത്തല്‍. ദിലീപ് പറഞ്ഞിട്ടാണു പണം നല്‍കിയതെന്നും നടിയെ ആക്രമിക്കുന്നതിനു മുമ്പാണു പണം കൈമാറിയതെന്നും സുനി പോലീസിനോടു പറഞ്ഞതായാണു വിവരം. തൊടുപുഴയിലെ സിനിമാ ലൊക്കേഷനില്‍വച്ച് 30,000 രൂപ നല്‍കിയെന്നാണു മൊഴി.

നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ ലൊക്കേഷനില്‍വച്ച് അദ്ദേഹത്തിന്റെ മാനേജരില്‍നിന്നാണു പണം കൈപ്പറ്റിയതെന്ന മൊഴി സാധൂകരിക്കാന്‍ സുനി തൊടുപുഴയിലെത്തിയതിന്റെ ടവര്‍ ലൊക്കേഷന്‍ അന്വേഷണ സംഘം തെളിവായി ശേഖരിച്ചിട്ടുണ്ട്. ഈ മൊഴി മുന്‍നിര്‍ത്തി നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ നടന്നിട്ടില്ല.

നാദിര്‍ഷയുടെ അറിവോടെയാണോ പണം കെമാറിയതെന്നു സ്ഥിരീകരിക്കാനാണു ചോദ്യം ചെയ്യാന്‍ പോലീസ് നീക്കം നടത്തിയത്. എന്നാല്‍, പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കാന്‍ പോലീസ് നിര്‍ബന്ധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നാദിര്‍ഷ കോടിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നു. ദിലീപിന്റെ നിര്‍ദേശപ്രകാരം പള്‍സര്‍ സുനിക്ക് 25,000 രൂപ നല്‍കിയെന്നു മൊഴി നല്‍കാന്‍ പോലീസ് നിര്‍ബന്ധിച്ചതായാണു നാദിര്‍ഷ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതും പള്‍സര്‍ സുനിയുടെ മൊഴിയും തമ്മില്‍ പൊരുത്തമുണ്ടെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിക്കും. നാദിര്‍ഷയ്ക്ക് 25,000 രൂപയുടെ കണക്കും കോടതിയില്‍ ബോധിപ്പിക്കേണ്ടിവരും. എന്നാല്‍, സിനിമയുടെ സെറ്റില്‍ പണമിടപാടു നടത്തുന്നതു മാനേജര്‍മാരാണെന്നും ഇക്കൂട്ടത്തില്‍ സുനിക്കും പണം ലഭിച്ചിട്ടുണ്ടാകാം എന്നാണു നാദിര്‍ഷയുടെ വാദം.

ജയിലില്‍നിന്നു മൂന്നുതവണ പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ചിട്ടുണ്ട്. പരിചയമില്ലാത്ത നമ്പറായതിനാല്‍ രണ്ടുതവണ കോള്‍ എടുത്തില്ല. മൂന്നാംവട്ടം എടുത്തു. പറഞ്ഞു തുടങ്ങിയപ്പോള്‍ പന്തികേടു തോന്നി. തുടര്‍ന്നു ഫോണ്‍ കട്ടുചെയ്തു തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. തന്റെ ഫോണില്‍ കോള്‍ റെക്കോഡിംഗ് ഇല്ലാത്തതിനാല്‍ മറ്റൊരാളുടെ ഫോണില്‍ നിന്നാണു തിരിച്ചുവിളിച്ചത്. ഇങ്ങനെയൊരാള്‍ വിളിക്കുമെന്ന കാര്യം ദിലീപ് നേരത്തെ പറഞ്ഞിട്ടില്ല. ദിലീപിനു വന്ന കത്തും തനിക്കു വന്ന കോളിന്റെ റെക്കോഡിംഗും സഹിതം ഡി.ജി.പിക്കു പരാതി നല്‍കിയശേഷമാണ് അമേരിക്കന്‍ ട്രിപ്പിനു പോയതെന്നും നാദിര്‍ഷ വ്യക്തമാക്കുന്നുണ്ട്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് കെ. ഉെബെദ് തള്ളിയാല്‍ ഇന്നുതന്നെ നാദിര്‍ഷയെ വിളിപ്പിക്കാനാണു സാധ്യത.

lakshya1കേസില്‍ സംശയ നിഴലിലായ കാവ്യതന്നെയാണു മാഡം എന്നു സുനി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ കാവ്യാ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ കാണാതായതും പോലീസ് പരിശോധിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെടുന്നതിനു മുമ്പും ശേഷവുമുള്ള രജിസ്റ്ററുകളാണ് കാണാതായത്. ഇവ മനഃപൂര്‍വം നശിപ്പിച്ചതാണോയെന്നാണു പോലീസിന്റെ സംശയം. അതേസമയം, മഴവെള്ളം വീണു രജിസ്റ്റര്‍ നശിച്ചെന്നാണു സുരക്ഷാ ജീവനക്കാരുടെ വിശദീകരണം. ഇവരെ വിശദമായി ചോദ്യം ചെയ്യും.

കാവ്യയുടെ വില്ലയില്‍ പലവട്ടം പോയിട്ടുണ്ടെന്നു കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഒരോതവണയും പേരും ഫോണ്‍ നമ്പറും രജിസ്റ്ററില്‍ കുറിച്ചതായും സുനി പോലീസിനോടു വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കാവ്യയെയും സുനിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ണായക തെളിവാണ് ഈ രജിസ്റ്റര്‍. അതുകൊണ്ടുതന്നെ രജിസ്റ്റര്‍ നശിച്ചതു ദുരൂഹമാണെന്നാണു പോലീസിന്റെ നിലപാട്.

ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണനയ്‌ക്കെടുക്കുമ്പോള്‍ ഇതെല്ലാം നിര്‍ണായകമാകുമെന്നാണു കരുതുന്നത്. എന്നാല്‍, അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തിയായതും പിതാവിന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പോകാന്‍ അനുവദിച്ചതും ചൂണ്ടിക്കാട്ടിയാകും ദിലീപിന്റെ വാദമെന്നു കരുതുന്നു. ജയിലിലായി രണ്ടു മാസം പിന്നിടുമ്പോഴാണു ജാമ്യം തേടി ദിലീപ് വീണ്ടും െഹെക്കോടതിയിലെത്തുന്നത്. രണ്ടുതവണ ജാമ്യഹര്‍ജി തള്ളിയ ജസ്റ്റിസ് സുനില്‍ ടി. തോമസ് തന്നെയാണു പുതിയ അപേക്ഷയും പരിഗണിക്കുക.

ദിലീപ് അറസ്റ്റിലായി 90 ദിവസം തികയുന്ന ഒക്‌ടോബര്‍ പത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അതുകൊണ്ടുതന്നെ ജാമ്യഹര്‍ജി നല്‍കാന്‍ ദിലീപിനു ലഭിക്കുന്ന അവസാന അവസരമാണിത്. ഈ ഹര്‍ജിയും തള്ളിയാല്‍ വിചാരണത്തടവുകാരനായി ജയിലില്‍ തുടരേണ്ടിവരും. ആക്രണമണത്തിനിരയായ നടിയുടേതുള്‍പ്പെടെ പത്തോളം രഹസ്യമൊഴികളുടെ പിന്‍ബലത്തിലാവും ഇത്തവണയും പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ എതിര്‍ക്കുക. എം.എല്‍.എ. കൂടിയായ നടന്‍ ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദിലീപിനെ ജയിയില്‍ സന്ദര്‍ശിച്ചതും അതിനുശേഷം നടത്തിയ പ്രസ്താവനകളുമെല്ലാം പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഉന്നയിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top