Flash News

വിചാരവേദിയില്‍ ആടുവിലാപം ചര്‍ച്ച, ബാബു പാറയ്ക്കലിന്റെ ‘മനസ്സില്‍ സൂക്ഷിച്ച കഥകള്‍’ പ്രകാശനം

September 14, 2017 , സാംസി കൊടുമണ്‍

vicharaന്യൂയോര്‍ക്ക്: വിചാരവേദിയുടെ ആഗസ്റ്റ് 13-ാം തിയ്യതി കെ.സി.എ.എന്‍.എ യില്‍ വെച്ചു കൂടിയ യോഗത്തില്‍ പ്രൊഫ. കോശി തലയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരനും, അമേരിക്കന്‍ മലയാള സാഹിത്യ ചരിത്രകാരനുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ടിന്റെ ആടുവിലാപം എന്ന ലേഖനത്തിന്റെ വെളിച്ചത്തില്‍, അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ ഭാവി, എഴുത്തുകാരുടെ പ്രതിബദ്ധത എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. തദവസരത്തില്‍ ബാബു പാറയ്ക്കലിന്റെ ‘മനസ്സില്‍ സൂക്ഷിച്ച കഥള്‍’ എന്ന പുതിയ കഥാസമാഹാരം പ്രൊഫ. കോശി തലയ്ക്കല്‍ ലാനാ സെക്രട്ടറി ജെ മാത്യുസിനു നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

getNewsImages (4)സാംസി കൊടുമണ്‍ എല്ലാവരേയും സ്വാഗതം ചെയ്തതോടൊപ്പം ചര്‍ച്ചാ വിഷയത്തിന്റെ ആമുഖവും അവതരിപ്പിച്ചു. മണ്ണിക്കരോട്ട് തന്റെ ആടുവിലാപം എന്ന ലേഖനത്തില്‍, ഇവിടെ പലപ്പോഴായി പറഞ്ഞു കേള്‍ക്കുന്ന ഒരു വിമര്‍ശനത്തിനുള്ള മറുപടി പറയുകയാണ്. അമേരിക്കയില്‍ ആടുജീവിതം പോലൊരു കൃതി ഉണ്ടാകുന്നില്ല എന്ന ചോദ്യം അപ്രസക്തമാണെന്ന് അദ്ദേഹം ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാപരമായും, ജനാധിപത്യപരമായും, സാമൂഹ്യ രാഷ്ട്രിയ സാംസ്‌കാരികവുമായ രണ്ടു ഭിന്ന പ്രവാസഭുമികയില്‍ ജീവിക്കുന്ന എഴുത്തുകാര്‍ ഒരേ രീതിയി ജീവിത സാഹചര്യങ്ങളെ ചിത്രികരിക്കുക അസാദ്ധ്യമാണ്. എന്നാല്‍, അമേരിക്കയില്‍ നിന്നും ഇവിടുത്തെ ജീവിത സാഹചര്യങ്ങളെ ചിത്രീകരിക്കുന്ന കൃതികള്‍ ഉണ്ടായിട്ടുണ്ടന്ന് അദ്ദേഹം ചില കൃതികളുടെ പേര് എടുത്തു പറഞ്ഞ് സ്ഥാപിക്കുന്നുണ്ട്. എന്തുകൊണ്ടോ ഇത്തരം കൃതികള്‍ മുഖ്യധാരയില്‍ എത്തിച്ചേരുന്നില്ല എന്ന ആശങ്ക പങ്കുവെയ്ക്കുന്നതിനൊപ്പം അമേരിക്കയില്‍ നിന്നും ഇനിയും നല്ല കൃതികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

getNewsImages (5)മണ്ണിക്കരോട്ടിന്റെ അഭിപ്രായങ്ങളെ പിന്താങ്ങിക്കൊണ്ട് സാംസി കൊടുമണ്‍ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. അമേരിക്കയിലെ മലയാളം എഴുത്തുകാര്‍, ഇവിടുത്തെ ജീവിതത്തെ ആഴത്തില്‍ മനസ്സിലാക്കുന്നില്ല. ഇവിടുത്തെ ജീവിതം, കാഴ്ച്ചപ്പാടുകള്‍, സംസ്‌ക്കാരം, ചരിത്രം, ചുറ്റുപാടുകള്‍ ഇതൊക്കെ പരപ്പില്‍ കാണുക മാത്രം ചെയ്തിട്ട് ഒരു മുന്‍വിധിയോടെ എല്ലാത്തിനേയും സമീപിക്കുന്നു. കുടിയേറ്റ ഭൂമിയില്‍ സ്വന്തം കുടുംബം ഒരു തുരുത്തില്‍ അടുപ്പിക്കുമ്പോഴേയ്ക്കും, എഴുത്ത് എന്നോ നഷ്ടപ്പെട്ട സ്വപ്നമായി മാറുന്നു. പിന്നീട് എപ്പോഴോക്കയോ കടം വാങ്ങിയ അല്പസമയം എഴുത്തിനായി കണ്ടെത്തുമ്പോള്‍ ഗൃഹാതുരതയുടെ മൂടല്‍മഞ്ഞില്‍നിന്നും പുറത്തുവരാന്‍ കഴിയാറില്ല. എന്നാല്‍ ചിലരെങ്കിലും അമേരിക്കന്‍ പശ്ചാത്തലത്തില്‍ കഥകള്‍ എഴുതുന്നുണ്ട്. അമേരിക്കന്‍ പേരുകളും മലയാളി കഥകളുമായി അതു വേറൊരു ശാഖയായി മാറുന്നു എന്നതൊഴിച്ചാല്‍ അത് ശരിയായ അമേരിക്കന്‍ ജീവിതമാകുന്നില്ല. മറ്റൊന്ന് വെട്ടും തിരുത്തും ഇല്ലാതെയാണ് ഇവിടെയെല്ലാം പ്രസിദ്ധികരിക്കുന്നത്. എന്തയച്ചുകൊടുത്താലും പ്രസിദ്ധീകരിക്കുന്നു. ഇവിടെ എഡിറ്റര്‍ക്ക് വായിച്ചുനോക്കാന്‍ സമയമില്ല. നാട്ടില്‍ യോഗ്യമല്ലാത്തതു വെളിച്ചം കാണില്ല. അവിടെ മൂല്ല്യമുള്ള കൃതികള്‍ കൂടുതലായി ഉണ്ടാകുന്നു. നമ്മുടെ കൃതികള്‍ മുഖ്യധാരയില്‍ എത്താത്തതിന്റെ പ്രധാന കാരണവും അതുതന്നെയാകാം. അടുത്ത പ്രധാന ഘടകം വിമര്‍ശനമാണ്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ എഴുതുന്നതെന്തും ഉദാത്തമെന്നു പാടുന്നവര്‍ ആ എഴുത്തുകാരനെ അതെ പാത പിന്തുടരാന്‍ പ്രേരിപ്പിക്കുകയാണ്. ക്രിയാത്മകമായ വിമര്‍ശനം ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഘടകമാണ്. ധാരാളം പരിമിതികളുമായി എഴുതുന്ന നമ്മുടെ എഴുത്തുകാര്‍ സര്‍ഗ്ഗ ചേതനയുടെ മറ്റൊരു തലത്തില്‍ എത്തി നില്‍ക്കുന്ന ഈ കാലത്ത്, കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച് പുതിയ സൃഷ്ടികളിലൂടെ ഇത്തരം ആശങ്കകള്‍ക്ക് മറുപടി തരുമെന്നു കരുതാം.

getNewsImages (6)എഴുത്തുകാരുടെ പ്രതിബദ്ധതെയെക്കുറിച്ചു പറയുമ്പോള്‍ അത് ഏറെ വിവാദങ്ങള്‍ക്കു വഴിതെളിയിച്ചേക്കാം. എന്താണ് എഴുത്തുകാരുടെ പ്രതിബദ്ധത? ഒന്നാമതായി ജിവിക്കുന്ന സമൂഹത്തോടുള്ള പ്രതിബദ്ധത. നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു (ഉദാ: അടുത്തിടെ ഇവിടെ നടന്ന വംശിയ കലാപം അമരിക്കയെക്കുറിച്ചുള്ള മൊത്തം കാഴച്ചപ്പാടുതന്നെ മാറ്റിയെഴുതുന്നതല്ലെ. ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാണവായു ലഭിക്കാതെ മരണമടഞ്ഞ പിഞ്ചുകുഞ്ഞുങ്ങള്‍. ഒടുവില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മൃഗീയമായി കൊല ചെയ്യപ്പെട്ട പത്ര പ്രവര്‍ത്തക ഗൗരി ലങ്കേഷ്. നമുക്ക് പ്രതികരിക്കാന്‍ ബാദ്ധ്യതയില്ലെ..?). എഴുത്തുകാര്‍ എന്നും സത്യത്തിന്റെ പ്രവാചകരാണ്. കാലത്തിനു മുന്നേ നടക്കേണ്ട പ്രവാചകര്‍. സാഹിത്യവും രാഷ്ട്രീയവുമാണ് സമൂഹത്തെ നയിക്കുന്ന രണ്ടു ഘടകങ്ങള്‍. നല്ല സാഹിത്യത്തില്‍നിന്നുമുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് രാഷ്ട്രീയക്കാര്‍ നല്ല രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നത്. പ്രവാചകരായ എഴുത്തുകാരുടെ അഭാവത്തിലാണ് ഇന്ന് നമ്മെ ഭരിക്കുന്നതുപോലെയുള്ള രാഷ്ട്രീയക്കാര്‍ നമ്മെ ഭരിക്കുന്നത്. നമുക്കു ചുറ്റും വര്‍ഗീയതയുടെ, വംശിയതയുടെ, വിഭാഗീയതയുടെ വന്‍മതിലുകള്‍ ഉയരുമ്പോള്‍, നാണംകെട്ട് അംഗീകാരങ്ങള്‍ക്കായി നട്ടെല്ലു വളയ്ക്കുന്ന സാഹിത്യകാരന്മാരും, നിയമപാലകര്‍ വാലാട്ടികളും, നീതിന്യായക്കോടതികള്‍ വിധേയരും, മാധ്യമങ്ങള്‍ കുഴലൂത്തുകാരും ആകുന്ന ഈ പ്രതിസന്ധി കാലഘട്ടത്തില്‍ ഉണര്‍ന്നു പ്രവൃത്തിക്കേണ്ട സമൂഹ്യ പ്രതിബദ്ധത എഴുത്തുകാരനുണ്ടെന്നു കരുതുന്നു. എന്റെ വര്‍ഗീയത ശരിയും, നിന്റെ വര്‍ഗീയത തെറ്റും എന്നു കാണാതെ ഒരു നല്ല ജനാധിപത്യത്തിനു നിരക്കാത്ത എല്ലാ തെറ്റുകളെയും തുറന്നു കാട്ടേണ്ടത് ഒരോ എഴുത്തുകാരുടേയും, ഒപ്പം ബുദ്ധി മരവിച്ചിട്ടില്ലാത്ത എല്ലാവരുടെയും കടമയാണന്നും സാംസി കൊടുമണ്‍ പറഞ്ഞു.

getNewsImages (7)പ്രൊഫ. കോശി തലയ്ക്കല്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ മണ്ണിക്കരോട്ടിന്റെ അഭിപ്രയങ്ങളോട് യോജിക്കുമ്പോള്‍തന്നെ നമുക്ക് ആടുജീവിതം ‘പോലെ’ യുള്ള കൃതികളല്ല ആവശ്യമെന്നും, അങ്ങനെയുള്ള ആവര്‍ത്തന പുസ്ത്കങ്ങള്‍ക്കു പകരം തനതായ ക്രിതികളാണ് ഉണ്ടാകേണ്ടതെന്ന് പറഞ്ഞു. ആടുജീവിതം ക്രാഫ്റ്റില്ലാത്ത കൃതിയാണന്നദ്ദേഹം അഭിപ്രായപ്പെട്ടു. വ്യഥയനുഭവിയുക്കുന്ന അമേരിക്കന്‍ ജീവിതത്തെ പകര്‍ത്തുവാന്‍ കഴിയണം. വേദനകളെ തരതമ്യം ചെയ്യരുത്, വ്യഥകള്‍ മനസ്സില്‍ വൃണങ്ങളായി മാറുന്നു. ചാമ്പലായ ജിവിതങ്ങളെ ചിത്രികരിക്കണം. ഗള്‍ഫിലെക്കാള്‍ ദുഃഖവും ദുരിതവും അനുഭവിയ്ക്കുന്നവര്‍ ഇവിടെയുണ്ട്. ആദ്യ കാലത്തെ ഇവിടുത്തെ ജീവിത പ്രതിസന്ധികളില്‍ മനം മടുത്ത അനുഭവങ്ങള്‍ അദ്ദേഹം പങ്കു വെച്ചു. ആഴത്തിലുള്ള ജീവിത ദര്‍ശനം ഉള്ളവരായിരിക്കണം എഴുത്തുകാര്‍. ഒ.വി. വിജയന്റേയും, എം.ടി യുടേയും ഒക്കെ കൃതികളില്‍ രചനയുടെ പൂവിരിയുന്നത് ഒരു സ്വപ്നം പോലെ നമ്മെ പിന്തുടരുന്നു. എഴുത്തുകാര്‍ എഴുതിക്കൊണ്ടേ ഇരിക്കുക. പ്രകാശം എവിടെ നിന്നെങ്കിലും വരുമെന്നദ്ദേഹം പ്രത്യാശപ്പെട്ടു.

getNewsImages (8)ഡോ. നന്ദകുമാര്‍ അമേരികയില്‍ താന്‍ കണ്ട കുറെ ജീവിത സാഹചര്യങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് തന്റെ പ്രഭാഷണം ആരംഭിച്ചത്. അമേരിക്കയിലെ എഴുത്തുകാര്‍ ഇവിടെയുള്ള ജീവിത സാഹചര്യങ്ങളേയും ജിവിത വ്യഥകളെയും കാണാതെ പോകരുതെന്നും, വളരെ തിക്തമായ ജിവിതാനുഭവങ്ങളിലുടെ കടന്നുപോയ ധാരാളം പേര്‍ ഇപ്പോഴും ഇവിടെ ജീവിക്കുന്നു. ഡോക്ടര്‍, എഞ്ചിനിയര്‍ ബിരുദധാരികള്‍ ഇവിടെവന്ന് നിലനില്‍പ്പിനായി കൂലി വേല ചെയ്യേണ്ടിവന്നു മാനസികമായി തകര്‍ന്നുപോയവരുടെ ജിവിതം ഏത് ആടു ജീവിതത്തേക്കാളും തിക്തമാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ദുഃഖങ്ങളും വേദനകളും നമ്മുടെ സാഹിത്യത്തില്‍ ഇനിയും വന്നിട്ടില്ല. കേവലം പുരസ്‌കാരം മാത്രമല്ല നമ്മുടെ ലക്ഷ്യം എന്നോര്‍ക്കുക. ഇന്നത്തെ പോക്കു കണ്ടാല്‍ മലയാള സാഹിത്യം ഇവിടെ കുറ്റിയറ്റുപോകാനാണു സാദ്ധ്യത എന്നദ്ദേഹം ചൂണ്ടിക്കാട്ടി.

getNewsImages (9)അവരവരുടെ അനുഭവങ്ങളില്‍ നിന്നുമാണ് സാഹിത്യം ഉരുത്തിരിയേണ്ടത്. കണ്ടതും കേട്ടതുമായ കാര്യങ്ങളെ ഭാവനയുടെ മൂശയിലിട്ട് ഉരുക്കി എടുക്കുമ്പോഴേ നല്ല കൃതികള്‍ ജനിക്കു എന്ന് ബാബു പാറയ്ക്കല്‍ അഭിപ്രായപ്പെട്ടു. വായനാശീലമില്ലാത്ത ഭൂരിപക്ഷ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ മലയാള സാഹിത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം അറിയിച്ചു. അറുപതുകളില്‍ ഇവിടെ എത്തിയ ജെ. മാത്യുസ് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. അസ്ഥിയെ മരവിപ്പിക്കുന്ന തണുപ്പിലും മഞ്ഞിലും അതിജീവനത്തിനായി പെട്ട പാടുകള്‍. സ്‌നോ ബൂട്ടുകളേക്കുറിച്ചുള്ള അറിവില്ലായ്മയാല്‍, മഞ്ഞില്‍ പുതഞ്ഞ കാലുകളും നനഞ്ഞ കാലുറകളുമായി നടന്നുകേറിയ കാലം. ഇതൊക്കെ ഓര്‍മ്മകളില്‍ ഇന്നും പേടി സ്വപ്നമാകുന്നു. തീര്‍ച്ചയായും ഇവിടേയും വേദനിയ്ക്കുന്ന അനുഭവങ്ങള്‍ ഏറെയുണ്ടന്നദ്ദേഹം ഊന്നിപ്പറഞ്ഞു. നല്ല കൃതികള്‍ ഇവിടെന്നിന്ന് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു എന്നും അഭിപ്രായപ്പെട്ടു. അമ്മിണി ടീച്ചര്‍, എല്‍സി യോഹന്നാന്‍, നീനാ പനയ്ക്കല്‍, അശോകന്‍ വേങ്ങശ്ശേരില്‍, രാജു തോമസ്, സാമുവേല്‍ എന്നിവര്‍ സമാനമായ അഭിപ്രയങ്ങള്‍ പങ്കുവെച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “വിചാരവേദിയില്‍ ആടുവിലാപം ചര്‍ച്ച, ബാബു പാറയ്ക്കലിന്റെ ‘മനസ്സില്‍ സൂക്ഷിച്ച കഥകള്‍’ പ്രകാശനം”

  1. അജു അജയന്‍ says:

    ആശയ സമ്പുഷ്ടമായ നിരവധി രചനകള്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ തൂലികത്തുമ്പില്‍ നിന്ന് സൃഷ്ടിപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കാതെ, അറബി നാട്ടിലെ മണലാരണ്യങ്ങളില്‍ ആടിനെ മേയ്ച്ചു നടന്ന ഒരാളുടെ കഥയെഴുതി അതിന് ആട് ജീവിതമെന്നു കൊടുത്തപ്പോള്‍ ആ ആടിനെ പൊക്കിക്കൊണ്ടു നടക്കാനും, ആ പേരും പറഞ്ഞ് മറ്റുള്ള എഴുത്തുകാരെ ഇകഴ്ത്തിക്കാണിക്കാനും കാണിക്കുന്ന ത്വര അപഹാസ്യമാണ്. അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാര്‍ തന്നെയാണ് ഈ ആട് കഥ ഇങ്ങോട്ട് കൊണ്ടുവന്നതും ചര്‍ച്ചിച്ചതും. ‘അമ്പോ, അതിഗംഭീരം, വര്‍ണ്ണിക്കാന്‍ വാക്കുകളില്ല’ എന്നൊക്കെ പറഞ്ഞ് ആ കഥാകാരനെ അമേരിക്കയിലേക്ക് കൊണ്ടുവന്നത് ഓര്‍ക്കുന്നുണ്ടോ ആവോ? ആനയ്ക്ക് ആനയുടെ വലിപ്പമറിയില്ല എന്ന പോലെയാണ് അമേരിക്കന്‍ എഴുത്തുകാരുടെ അവസ്ഥ. നിങ്ങള്‍ നിങ്ങളുടെ ഐഡന്റിറ്റി കളഞ്ഞുകുളിക്കാതിരിക്കുക. നാട്ടിലെ എഴുത്തുകാരെ പുകഴ്ത്തുന്നതും നിര്‍ത്തുക. നിങ്ങളെ മാനിക്കാനും അംഗീകരിക്കാനും ഇവിടെ ധാരാളം പേരുണ്ട്. പക്ഷെ, തലമറന്ന് എണ്ണ തേച്ചാല്‍ നിങ്ങളുടെ ജീവിതവും ആടുജീവിതം പൊലെയാകും.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top