Flash News

രാമലീലയുടെ റിലീസിംഗ് വീണ്ടും അനിശ്ചിതത്തില്‍; തിയ്യേറ്ററുകള്‍ക്ക് പോലീസ് സം‌രക്ഷണം നല്‍കാനാവില്ലെന്ന് കോടതി

September 15, 2017

Ramaleela-movie-poster-1ദിലീപ് നായകവേഷത്തിലുള്ള രാമലീല സിനിമയുടെ പ്രദര്‍ശനത്തിന് പൊലീസ് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി. സിനിമ റിലീസ് ചെയ്യുന്ന തിയറ്ററുകള്‍ക്ക് സംരക്ഷണം തേടി നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. അനുകൂല ഉത്തരവ് പുറപ്പെടുവിക്കാന്‍ കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചന കേസില്‍ റിമാന്‍ഡിലാണ് ദിലീപ്. ദിലീപ് അറസ്റ്റിലായതോടെ രാമലീലയുടെ റിലീസ് പല തവണ മാറ്റിവെച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് വലിച്ചിഴക്കപ്പെട്ടതോടെ രാമലീലയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയായിരുന്നു. പിന്നീട് ദിലീപ് അറസ്റ്റിലായതോടെ ചിത്രം തിയേറ്റര്‍ കാണില്ലെന്ന് ഉറപ്പിച്ചു. ദിലീപിന്റെ അറസ്റ്റോടെ വെട്ടിലായത് രാമലീലയുടെ അണിയറപ്രവര്‍ത്തകരായിരുന്നു. കേസില്‍ ദിലീപിന് രണ്ടാം തവണയാണ് ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നത്. ഇതോടെ ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായി.

കേസവസാനിക്കുന്നതുവരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വന്‍നഷ്ടമുണ്ടാക്കും. ദിലീപിന്റെ അറസ്റ്റോടെ സിനിമാ മേഖല സ്തംഭനാവസ്ഥയിലാണ്. ദിലീപ് കൂടി സഹകരിക്കുന്ന ചിത്രങ്ങള്‍ക്കു വേണ്ടി കോടികള്‍ മുടക്കിയ നിര്‍മ്മാതാക്കളുടെ നില പരിതാപകരമാണ്.

നടന്‍ ശ്രീനിവാസന്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തിന്റെ വീടിനു നേരെ ചിലര്‍ കരിഓയില്‍ പ്രയോഗം നടത്തി. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ചിത്രം റിലീസ് ചെയ്യാന്‍ പോലീസ് സംരക്ഷണം തേടുന്നതെന്നും ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിനും പോലീസിനും നിവേദനം നല്‍കിയിട്ടു നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ ജൂലായ് 21 നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പക്ഷേ നടിയെ ആക്രമിച്ച കേസില്‍ ജൂലായ് പത്തിന് ദിലീപ് അറസ്റ്റിലായതോടെ റിലീസിംഗ് മുടങ്ങി. 15 കോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച സിനിമയുടെ പ്രചരണത്തിന് ഒരു കോടി രൂപയോളം മുടക്കി കഴിഞ്ഞു. ദിലീപ് അറസ്റ്റിലായതോടെ രാമലീല എന്ന ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തീയറ്ററുകള്‍ക്കു നേരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് തീയറ്റര്‍ ഉടമകള്‍. ദിലീപ് അറസ്റ്റിലായി രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല ഈ സാഹചര്യത്തിലാണ് ഹര്‍ജിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് രാമലീല. ലയണിന് ശേഷം ദിലീപ് രാഷ്ട്രീയ കുപ്പായമണിയുന്ന രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു രാമലീല. ചിത്രത്തില്‍ രാമനുണ്ണിയെന്ന ശക്തനായ രാഷ്ട്രീയ നേതാവായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. രാമനുണ്ണിയുടെ രാഷ്ട്രീയ പ്രവര്‍ത്തനവും കുടുംബജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. അമ്മയായി രാധിക ശരത്കുമാറും എത്തും. 24 വര്‍ഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് രാമലീല. സിദ്ദീഖ്, മുകേഷ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, അനില്‍ മുരളി എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top