Flash News

നടിയ്ക്കു നേരെ നടന്ന ആക്രമണം ശരിയായ രീതിയില്‍ അന്വേഷിക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ല; പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച പറ്റി: കേരള സര്‍ക്കാരിനെതിരെ കേന്ദ്ര വനിതാ കമ്മീഷന്‍

September 16, 2017 , .

lalithaന്യൂഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന് താത്പര്യക്കുറവുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ. കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ല. അന്വേഷണം വൈകിപ്പിക്കാന്‍ പോലീസ് മനഃപ്പൂര്‍വ്വം ശ്രമിക്കുന്നുവെന്നും കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു. അന്വേഷണത്തെ കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ മറുപടി നല്‍കിയില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ താത്പര്യമില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് അന്വേഷണം വൈകിപ്പിക്കാന്‍ കാരണമെന്നാണ് മനസ്സിലാക്കുന്നത്. അന്വേഷണം നീളുന്നതില്‍ കേരളാ മുഖ്യമന്ത്രിയോടും ഡിജിപിയോടും വിശദീകരണം തേടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

ഫെബ്രുവരിയില്‍ സംഭവം നടന്നിട്ടും ഇതുവരെ കുറ്റപ്പത്രം സമര്‍പ്പിക്കാനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. വിവരങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷന്‍ അംഗമായ സുഷമാ സാഹുവിനെ കേരളത്തിലേക്ക് അയച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ ഒരു വിവരവും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഒഴുക്കന്‍ തരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും അവര്‍ കുറ്റപ്പെടുത്തി.

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജി. അതേസമയം നാദിര്‍ഷയെ ചോദ്യം ചെയ്യാനായില്ലെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ ദിലീപ് നാലാം തവണയാണ് ജാമ്യാപേക്ഷ നല്‍കുന്നത്. ജയില്‍വാസം അറുപത് ദിവസം പിന്നിട്ടതിനാല്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജി. നടിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്രിമിനല്‍ നടപടിച്ചട്ടം 376 രണ്ട് പ്രകാരമുള്ള കുട്ടബലാല്‍സംഗക്കുറ്റം ദിലീപിന്റെ പേരില്‍ നിലനില്‍ക്കില്ല. ഇതുണ്ടെങ്കില്‍ മാത്രമേ 90 ദിവസം റിമാന്‍ഡിന് കാര്യമുള്ളൂ. നഗ്‌നചിത്രമെടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ചുമത്തപ്പെട്ടിട്ടുള്ളത്. അത് പ്രകാരം 60 ദിവസത്തില്‍ കൂടുതല്‍ റിമാന്‍ഡില്‍ കഴിഞ്ഞാല്‍ സോപാധിക ജാമ്യത്തിന് പ്രതി അര്‍ഹനാണ്. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് വീണ്ടും കീഴ്‌ക്കോടതിയെ സമീപിച്ചത്.

അതേസമയം സംവിധായകന്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാനായില്ലെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ആലുവ പോലീസ് ക്ലബില്‍ ഹാജരായ നാദിര്‍ഷയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചത്. പിന്നീട് നാദിര്‍ഷയെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ചോദ്യം ചെയ്യലിന് തയാറാണെന്ന് അറിയിച്ചെങ്കിലും വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രം ചോദ്യം ചെയ്താല്‍ മതിയെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top