ദിലീപിനെയും പള്‍സര്‍ സുനിയെയും പ്രതികളാക്കി ഒക്ടോബര്‍ പത്തിനു മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ സംഘം; നാദിര്‍ഷായേയും കാവ്യയേയും പ്രതികളാക്കുകയില്ല; അറസ്റ്റിലായ അഭിഭാഷകരും പോലീസും മാപ്പുസാക്ഷികളാകും

Shah_DilKav_Mother_760x400കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ദിലീപിനെതിരെ മതിയായ തെളിവുകള്‍ കിട്ടിയെന്നാണ് പൊലീസ് വിലയിരുത്തല്‍. അടുത്ത മാസം പത്തിന് മുമ്പ് കുറ്റപത്രം നല്‍കേണ്ടതിനാല്‍ നാദിര്‍ഷായെ ചോദ്യം ചെയ്ത് അന്വേഷണം അവസാനിപ്പിക്കും. കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായെയോ കാവ്യ മാധവനേയോ മറ്റാരെയെങ്കിലുമോ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യില്ല. ഇവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും ദിലീപിനെ സഹായിക്കുക മാത്രമാണ് ചെയ്തതെന്ന നിലപാടിലേക്ക് അന്വേഷണ സംഘം എത്തിക്കഴിഞ്ഞു. നാദിര്‍ഷായുടെ ജാമ്യ ഹര്‍ജി 18ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അന്ന് ഇക്കാര്യങ്ങളില്‍ കോടതി വ്യക്തത വരുത്തും.

ഗൂഢാലോചന കേസില്‍ പള്‍സര്‍ സുനിയും ദിലീപും മാത്രമായിരിക്കും പ്രതികള്‍. അറസ്റ്റിലായ അഭിഭാഷകരും പൊലീസുകാരനും മാപ്പുസാക്ഷികളാകാനും സാധ്യതയുണ്ട്. കേസില്‍ വമ്പന്‍ സ്രാവുണ്ടെന്നും ആലുവയില്‍ കിടക്കുന്ന വി.ഐ.പി അതുപറയട്ടെ എന്നുമാണ് പള്‍സര്‍ സുനി പറഞ്ഞിരുന്നത്. വമ്പന്‍ സ്രാവിലേക്ക് അന്വേഷണം നീളില്ല. സിനിമാ മേഖലയിലെ ഉന്നതര്‍ ഇക്കാര്യം ഉറപ്പാക്കിയിട്ടുണ്ട്. കേസില്‍ ദിലീപിനെതിരെ നിരവധി തെളിവുകളും സാക്ഷിമൊഴികളുണ്ട്. അതുകൊണ്ട് തന്നെ ദിലീപിന് കേസില്‍ നിന്ന് ഊരിപ്പോകാന്‍ കഴിയില്ല. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി നടന്‍ ദിലീപ് നേരിട്ടാണ് ഗൂഢാലോചന നടത്തിയിരിക്കുന്നതെന്നും മറ്റാര്‍ക്കും അതില്‍ പങ്കില്ലെന്ന നിലപാടിലാണ് പൊലീസ്.

കാവ്യാ മാധവന്റെ കൊച്ചി വെണ്ണലയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ കാണാതായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. പള്‍സര്‍ സുനിയുടെ മൊഴി പ്രകാരം കാവ്യയുമായുള്ള ബന്ധം തെളിയിക്കാന്‍ പൊലീസ് ആശ്രയിച്ചിരുന്ന നിര്‍ണായക തെളിവുകളാണ് നഷ്ടമായത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിനു മുന്‍പും ശേഷവുമുള്ള ദിവസങ്ങളിലെ രജിസ്റ്ററുകളാണ് കാണാതായത്. ഈ സാഹചര്യത്തിലാണ് കാവ്യയെ പ്രതിചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യം എത്തിയത്. രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പറും കുറിച്ചിരുന്നുവെന്നും സുനി നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. വെള്ളം വീണ് രജിസ്റ്റര്‍ നശിച്ചെന്നാണ് സുരക്ഷാ ജീവനക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇവ മനഃപൂര്‍വം നശിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. നേരത്തെ സുനി കീഴടങ്ങുന്നതിന് മുമ്പായി കാവ്യയുടെ സ്ഥാപനത്തില്‍ എത്തിയിരുന്നതായി മൊഴി നല്‍കിയിരുന്നു.

സുനിയില്‍ നിന്നും സ്ഥാപനത്തിന്റെ വിസിറ്റിങ് കാര്‍ഡും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് വില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചത്. സമാന്തരമായി നടത്തിയ പ്രാഥമിക അന്വേഷണങ്ങളിലും കാവ്യയുടെ വില്ലയില്‍ സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായുള്ള സൂചനകള്‍ ലഭിച്ചിരുന്നു. കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പ്രതിയാക്കാനുള്ള തെളിവും കിട്ടിയിട്ടില്ല. പള്‍സറിന് കാവ്യയേയും ദിലീപിനേയും അറിയാമായിരുന്നുവെന്ന് അപ്പുണ്ണി നേരത്തെ തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത് അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്. കോടതിയില്‍ അപ്പുണ്ണി എതിരായാല്‍ അത് ദിലീപിന്റെ വാദങ്ങളെയും ഏറെ ദുര്‍ബലപ്പെടുത്തും. ഈ സാഹചര്യത്തിലാണ് അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കാന്‍ പൊലീസ് ആലോചിക്കുന്നത്.

kavya1ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. കേസില്‍ അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ 25 ദിവസം കൂടി ശേഷിക്കേയായിരുന്നു പ്രോസിക്യുഷന്റെ ഈ പ്രഖ്യാപനം. കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം രണ്ട് അഭിഭാഷകരുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈലും മെമ്മറി കാര്‍ഡും നശിപ്പിച്ചുകളഞ്ഞുവെന്ന സംശയത്തിന്റെ പേരിലായിരുന്നു അറസ്റ്റ്.

പള്‍സര്‍ സുനി പൊലീസ് കസ്റ്റഡിയില്‍ ഇരിക്കേ ദിലീപുമായി ബന്ധപ്പെടാന്‍ അവസരം ഒരുക്കിയെന്ന് ആരോപണം നേരിടുന്ന സി.പി.ഒ അനീഷിനെയും അറസ്റ്റു ചെയ്തിരുന്നു. ഇവരെയെല്ലാം പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. അതേസമയം, ഇവര്‍ക്കെതിരെ പൊലീസ് ചുമത്തുന്ന ആരോപണങ്ങള്‍ തെളിയിക്കാനുള്ള രേഖകളൊന്നും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. നടിയുടെ നഗ്ന ചിത്രം പകര്‍ത്തണമെന്നാവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റമെന്നും അന്വേഷണ സംഘം പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ദിലീപും പറയുന്നു. പീഡിപ്പിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കുന്ന ആദ്യസംഭവമായി അവതരിപ്പിച്ച് ഈ കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമാക്കാനാണു പ്രോസിക്യുഷന്‍ നീക്കം. ഹൈക്കോടതിയില്‍ ആദ്യമായി ജാമ്യാപേക്ഷ നല്‍കിയ വേളയില്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കേസിന് സമാനമാണ് ഈ കേസെന്ന വാദമാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്.

തന്നെ അറിയില്ലെന്ന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ പൊലീസിന് മൊഴി നല്‍കിയത് കളവാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. കാവ്യാ മാധവന് തന്നെ വ്യക്തമായി അറിയാം. ഇല്ല എന്ന് പറയുന്നത് ശരിയല്ല. കാവ്യയുടെ പണം താന്‍ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ട്. എന്നാല്‍ നടി ആക്രമിച്ച സംഭവത്തില്‍ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ മൊഴിയില്‍ പകുതി മാത്രമേ പൊലീസ് വിശ്വസിക്കുന്നുള്ളൂ. നേരത്തെ ഓഗസ്റ്റ് 16ന് മുന്‍പ് കേസിലെ വിഐപി മാഡത്തിന്റെ പേര് പുറത്ത് പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുനി രണ്ടു മാസം കാവ്യയുടെ ഡ്രൈവറായി ജോലിചെയ്തിരുന്നുവെന്നാണ് പൊലീസിന് സൂചന ലഭിച്ചിരുന്നു. പള്‍സര്‍ സുനി നല്‍കിയ മൊഴിയില്‍ താന്‍ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സുനിലിനെ അറിയില്ലെന്നായിരുന്നു കാവ്യ നല്‍കിയ മൊഴി.

ഡ്രൈവറായി എത്തിയിട്ടുണ്ടെങ്കില്‍ കാവ്യാ മാധവന്‍ പള്‍സര്‍ സുനിയെ നിരവധി തവണ കണ്ടിരിക്കണമെന്നാണ് പൊലീസിന്റെ നിഗമനം. എന്നിട്ടും സുനിയെ അറിയില്ലെന്ന് കാവ്യ പറഞ്ഞത് എന്തുകൊണ്ടാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ദിലീപും കാവ്യാ മാധവനും ഒരുമിച്ചഭിനയിച്ച പിന്നെയും എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് കാവ്യ, പള്‍സര്‍ സുനിയെ കാണുന്നത്. കാവ്യ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായി എത്തിയത് പള്‍സറായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചനകള്‍. പക്ഷേ ഇതിന് തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്.

Print Friendly, PDF & Email

Related News

Leave a Comment