Flash News

ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന്; വത്തിക്കാന്‍ നേരിട്ട് ഒമാന്‍ സുല്‍ത്താന്റെ സഹായം തേടിയതായി റിപ്പോര്‍ട്ട്; പത്തു ദിവസത്തിനകം കേരളത്തിലെത്തും

September 17, 2017

p1tomnew

വത്തിക്കാന്‍ സിറ്റി : പത്തുദിവസത്തിനകം കേരളത്തിലെത്തുമെന്ന് യെമനില്‍ ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍. പാസ്പോര്‍ട്ട് ഇല്ലാത്തതാണ് മടക്കയാത്രയ്ക്കുള്ള മുഖ്യ പ്രശ്നം. ഉടന്‍തന്നെ പുതിയ പാസ്പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. ശരീരം മെലിഞ്ഞത് പ്രമേഹം മൂലമാണ്. തന്നെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ല. പക്ഷെ എന്തിനു വേണ്ടിയാണ് തന്നെ തട്ടികൊണ്ടു പോയതെന്ന് അറിയില്ല. തട്ടിക്കൊണ്ടു പോയവര്‍ അതു വെളിപ്പെടുത്തിയിട്ടുമില്ല. ദൈവം നല്‍കുന്ന ഏതു ദൗത്യവും ഇനിയും ഏറ്റെടുക്കാന്‍ തയാറാണ്. തന്നെ മോചിപ്പിക്കാന്‍ പണം നല്‍കിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഫാ. ടോം പറഞ്ഞു.
യെമനില്‍ ഭീകരരുടെ താവളത്തില്‍നിന്ന് 18 മാസത്തെ തടവിനു ശേഷം വത്തിക്കാനില്‍ എത്തിയ ടോം, സലേഷ്യന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഒരു ഘട്ടത്തിലും ഭയപ്പെട്ടില്ല, ദൈവത്തിന്റെ ശക്തിയില്‍ വിശ്വസിച്ചു. ഭീകരര്‍ തന്നെ ഒരുഘട്ടത്തിലും പീഡിപ്പിച്ചില്ല. തന്നെ കണ്ണുകെട്ടിയാണ് പലയിടങ്ങളിലും കൊണ്ടുപോയത്. ഒരിക്കല്‍പോലും മോശമായി പെരുമാറിയില്ല. പ്രമേഹത്തിനുള്ള മരുന്നുകളും അവര്‍ നല്‍കി. ഡോക്ടറുടെ സേവനവും അവര്‍ ലഭ്യമാക്കി. ഒന്നര വര്‍ഷവും ഒരേ വസ്ത്രമാണു ധരിച്ചത്. ഇതിനിടയില്‍ രണ്ടോ മൂന്നോ തവണ സ്ഥലം മാറ്റി. ഓരോ തവണയും കണ്ണു മൂടിക്കെട്ടിയാണു കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയവര്‍ അറബിക്കാണു സംസാരിച്ചിരുന്നത്. അതിനാല്‍ ആശയവിനിമയം ബുദ്ധിമുട്ടായിരുന്നു.

അല്പം ചില ഇംഗ്ലിഷ് വാക്കുകള്‍ കൊണ്ടായിരുന്നു സംസാരമത്രയും. തടവിനിടെ പ്രാര്‍ഥനകളിലാണ് ഏറെ സമയവും ചെലവിട്ടത്. അള്‍ത്താരയും വിശ്വാസ സമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു. തടവിനിടെ താന്‍ കൊല്ലപ്പെടുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലെന്നും ഉഴുന്നാലില്‍ പറഞ്ഞു.

ഫാദറിനെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന വികാരം സഭയില്‍ ശക്തമാണ്. യെമനില്‍ നിയമാനുസൃത ഭരണകൂടമില്ലാത്തതടക്കം പല കാരണങ്ങള്‍ കേന്ദ്രം ചൂണ്ടിക്കാട്ടുന്നുവെങ്കിലും അതൊന്നും വിശ്വാസ്യ യോഗ്യമല്ല. ഒടുവില്‍ വത്തിക്കാന്‍ നേരിട്ടിറങ്ങി ഒമാന്‍ സുല്‍ത്താന്റെ സഹായത്തോടെയാണ് ഫാദര്‍ ടോമിനെ മോചിപ്പിച്ചത്. അദ്ദേഹം മസ്‌കത്തിലെത്തും വരെ ഇന്ത്യന്‍ അധികൃതര്‍ ഇക്കാര്യം അറിഞ്ഞതേയില്ല. ഫാദര്‍ ടോം മസ്‌കത്തിലെത്തിയ വിവരമറിഞ്ഞപ്പോള്‍ വിദേശകാര്യ മന്ത്രാലയ അധികൃതര്‍ അന്തംവിട്ടു നില്‍ക്കുകയായിരുന്നത്രേ. എന്നാല്‍ ജാള്യത മറച്ചുവെച്ച് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് പ്രസ്താവനയുമായി രംഗത്തെത്തി. കോലാഹലങ്ങളില്ലാതെ നിശ്ശബ്ദമായാണ് വിദേശകാര്യ മന്ത്രാലയം മോചനത്തിനായി പ്രയത്‌നിച്ചതെന്നും, മോചനദ്രവ്യം നല്‍കിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ബന്ദികളെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പല വിധത്തിലുമുള്ള പരിശ്രമങ്ങള്‍ നടത്താറുണ്ട്. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. എപ്പോഴാണ് നാട്ടിലേക്ക് മടങ്ങേണ്ടതെന്ന് ഫാ. ടോം ആണ് തീരുമാനിക്കേണ്ടത്. ഇത് സംബന്ധിച്ച് അദ്ദേഹം സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും വി.കെ. സിംഗ് പറഞ്ഞു.

ഫാദര്‍ ടോം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെ ബന്ധപ്പെടാതിരുന്നത് സര്‍ക്കാര്‍ വൃത്തങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഫാദര്‍ ടോമിന് ‘സ്റ്റോക്‌ഹോം സിന്‍ഡ്രോം’ ആണെന്ന് ടൂറിസം സഹ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അധിക്ഷേപിച്ചു. ബന്ദികള്‍ക്ക് തങ്ങളെ തടവിലിട്ടവരോട് തോന്നുന്ന ഇഷ്ടമാണ് ‘സ്റ്റോക്‌ഹോം സിന്‍ഡ്രോം’. അതുകൊണ്ടാണ് അദ്ദേഹം നാട്ടിലേക്ക് വരാതിരുന്നതെന്നും കണ്ണന്താനം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങള്‍ ഒരിക്കലും പുറത്തു വരില്ലെന്നും അത് നയതന്ത്ര പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും കണ്ണന്താനം പറഞ്ഞു. എന്നാല്‍, ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫാ. ടോം ഉഴുന്നാലില്‍ റോമിലെ സെലേഷ്യന്‍ സഭാ ആസ്ഥാനത്ത് വിശ്രമത്തിലാണ്. നിരവധി പേരാണ് അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തുന്നത്. ആരോഗ്യ നില മോശമായതിനാല്‍ വിദഗ്ധ ചികിത്സയും നടക്കുന്നുണ്ട്. സെലേഷ്യന്‍ സഭയിലെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top