കേരളത്തില്‍ കനത്ത മഴ വ്യാപകം; വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് അവധി

13tmazha5തിരുവനന്തപുരം: ശക്തമായ മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം. മൂന്നു ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊലീസ്, അഗ്‌നിശമന– ദുരന്ത നിവാരണ അതോറിറ്റി, റവന്യൂ വിഭാഗങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

ആറ് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ രാത്രി കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാകണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കുട്ടനാട് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ക്കാണ് നിര്‍ദേശം. കലക്ടര്‍മാരെ ഏകോപിപ്പിക്കാന്‍ റവന്യൂ അഡീ.ചീഫ് സെക്രട്ടറിക്ക് ചുമതല നല്കി. പ്രശ്‌നങ്ങള്‍ റവന്യൂ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു.

തിങ്കളാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെതാണ് നിര്‍ദേശം. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

പാലക്കാട്ട് വെള്ളക്കെട്ടില്‍ വീണ് ഒരു കുട്ടി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറയിലാണ് സംഭവം. മൂന്നാം ക്ലാസുകാരി ആതിരയാണ് മരിച്ചത്. വീടിനു സമീപത്ത് കക്കൂസിനായി നിര്‍മിച്ച കുഴിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളം നിറഞ്ഞിരുന്നു. ഈ വെള്ളത്തില്‍ വീണാണ് കുട്ടി മരിച്ചത്.

പാലക്കാട് മുക്കാലിക്കും മണ്ണാര്‍ക്കാടിനും ഇടയില്‍ 15 ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കനത്തമഴയെ തുടര്‍ന്ന് അട്ടപ്പാടി ആനക്കല്‍, തൊട്ടിയക്കര, പുതൂര്‍, ജെല്ലിപ്പാറ മേഖലകളില്‍ വലിയ നാശ നഷ്ടം. ആനക്കല്‍ തൊട്ടിയാക്കര ഭാഗത്ത് രണ്ടിടത്ത് ഉരുള്‍പ്പൊട്ടി. നാലുവീടുകള്‍ ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. മിക്കയിടത്തും വെള്ളം കയറിയിട്ടുണ്ട്. അട്ടപ്പാടി ചുരത്തില്‍ മലവെള്ളപ്പാച്ചിലില്‍ വീണ മരങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു. ഇതുവഴിയുളള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

മണ്ണാര്‍ക്കാട് മുക്കണ്ണം നെല്ലിപുഴയുടെ തീരത്തു വെള്ളത്തില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികളെ ഫയര്‍ഫോഴ്‌സ് കരയ്‌ക്കെത്തിച്ചു. പുഴയരുകിലുലുളള ഹോളോബ്രിക്‌സ് നിര്‍മാണ യൂണിറ്റിനോട് ചേര്‍ന്ന് ഷെഡില്‍ താമസിക്കുകയായിരുന്നു ഇവര്‍. പുഴ കവിഞ്ഞൊഴുകിയതോടെ ഷെഡ് വെളളത്തില്‍ മുങ്ങി.

പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയുള്‍പ്പെടെയുളള സംവിധാനം സ്ഥലത്തുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലകളില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment