ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശനമനുവദിക്കണമെന്ന അപേക്ഷയുമായി ഗാനഗന്ധര്‍‌വ്വന്‍ യേശുദാസ്

yesudas-1_InPixio_InPixioതിരുവനന്തപുരം: പ്രശസ്തമായ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ ഗാനഗന്ധര്‍വന്‍ ഡോ.കെ. ജെ. യേശുദാസ് അപേക്ഷ സമര്‍പ്പിച്ചു. അമേരിക്കയില്‍നിന്ന് അയച്ച സത്യവാങ്മൂലത്തിനു നാളെ ചേരുന്ന ക്ഷേത്രഭരണസമിതി അംഗീകാരം നല്‍കിയേക്കും.

ഹിന്ദു മതവിശ്വാസിയാണെന്നു രേഖാമൂലം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മതിലകം ഓഫീസില്‍ ലഭിച്ചതോടെയാണ് അഹിന്ദുക്കള്‍ക്കു പ്രവേശനമില്ലാത്ത ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ യേശുദാസിനു പ്രവേശനമൊരുങ്ങുന്നത്. ക്ഷേത്രസൂക്ഷിപ്പുകാരായ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ, യശഃശരീനായ സ്വാതിതിരുനാള്‍ മഹാരാജാവ് രചിച്ച ‘പത്മനാഭശതകം’ ആലപിക്കാനായി ക്ഷേത്രം കല്‍മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ യേശുദാസിനു പ്രത്യേക വേദിയൊരുക്കും.

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശനാണ് പ്രത്യേക ദൂതന്‍ വഴി യേശുദാസ് ഇന്നലെ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
വിജയദശമി ദിവസമായ ഈ മാസം മുപ്പതിന് ക്ഷേത്രദര്‍ശനം നടത്തുവാന്‍ അനുവാദം നല്‍കണമെന്നാണ് യേശുദാസ് അപേക്ഷയില്‍ പറയുന്നത്.

യേശുദാസിന്റെ അപേക്ഷയില്‍ നാളെ ചേരുന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ അറിയിച്ചു. ക്ഷത്രം തന്ത്രിയുടെ അഭിപ്രായവും ഇക്കാര്യത്തില്‍ ആരായും.

സാധാരണഗതിയില്‍ ഹിന്ദുമത വിശ്വാസികളെയാണ് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറുള്ളത്. എന്നാല്‍ വിദേശികളും മറ്റും ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ പ്രവേശിക്കാറുണ്ട്.

ഹൈന്ദവധര്‍മ്മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നല്‍കിയോ രാമകൃഷ്ണമിഷന്‍, ഹരേരാമ ഹരേകൃഷ്ണ തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള സാക്ഷ്യപത്രം സമര്‍പ്പിച്ചലോ ഇവിടെ പ്രവേശനം നേടാം.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന യേശുദാസിന്റെ ദീര്‍ഘകാലസ്വപ്‌നമാണു യാഥാര്‍ഥ്യമാകുന്നത്. ശബരിമലയിലും മൂകാംബികയിലും പതിവായി ദര്‍ശനം നടത്തുന്ന അദ്ദേഹത്തിന് ഇനി ആഗ്രഹിക്കുമ്പോഴൊക്കെ ശ്രീപത്മനാഭനെയും ദര്‍ശിക്കാം.

മുകാംബിക, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലെ സ്ഥിരം സന്ദര്‍ശകനായ യേശുദാസിന്റെ കാര്യത്തില്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉദാരസമീപനം സ്വീകരിച്ചേക്കുമെന്നാണ് സൂചന.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment