തോമസ് ചാണ്ടിയുടെ അനധികൃത ഭൂമി കൈയ്യേറ്റം; ലേയ്ക്ക് പാലസ് റിസോര്‍ട്ടിന്റെ കാണാതായ ഫയലുകള്‍ കണ്ടെത്തി

anupamaആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ കാണാതായ ഫയലുകള്‍ കണ്ടെത്തി. 18 കെട്ടിടങ്ങളുടെ നിര്‍മ്മാണ അനുമതിക്കായി സമര്‍പ്പിച്ച ഫയലുകളാണ് ഓഫീസിലെ അലമാരയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയത്. ആലപ്പുഴ നഗരസഭയില്‍ നിന്ന് ഫയലുകള്‍ കാണാതായത് വലിയ വിവാദമായിരുന്നു.

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന്റെ കെട്ടിട നിര്‍മാണ രേഖകള്‍ ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭയ്ക്ക് ജില്ലാ കലക്ടര്‍ നേരത്തെ കത്ത് അയച്ചിരുന്നു. ലേക്ക് പാലസ് ഭൂമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് രേഖകള്‍ ആവശ്യപ്പെട്ടത്. ഫയലുകള്‍ കാണാതായതിന് ശേഷം ബന്ധപ്പെട്ട സെക്ഷനിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഫയലുകള്‍ കണ്ടെത്താന്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

thomas-chandyകെട്ടിട നിര്‍മാണ അനുമതി സംബന്ധിച്ച ഫയലുകള്‍ ഉള്‍പ്പെടുത്താതെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു ജില്ലാ ഭരണകൂടം. നേരത്തെ അമ്പലപ്പുഴ താലൂക്ക് ലാന്‍ഡ് റവന്യു അഡീഷനല്‍ തഹസില്‍ദാര്‍ കെ. അജിത് കുമാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കെട്ടിട നിര്‍മാണം സംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടുത്താതെയാണ് സമര്‍പ്പിച്ചത്. പിന്നീട് ഈ റിപ്പോര്‍ട്ട് പുതുക്കി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു.

ജില്ലാ കലക്ടര്‍ ടി.വി. അനുപമയും ഉദ്യോഗസ്ഥ സംഘവും ലേക്ക് പാലസില്‍ പരിശോധന നടത്തിയിരുന്നു. ലേക്ക് പാലസ് റിസോര്‍ട്ടിന്റെ ഭൂമിയില്‍ നികത്തലുകള്‍ നടന്നിട്ടുണ്ടെന്നും ഇതില്‍ പലതും നിയന്ത്രണം ഏര്‍പ്പെടുത്തിയ 2008നു മുമ്പുള്ളതാണെന്നും ലാന്‍ഡ് റവന്യു തഹസില്‍ദാറുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതേ സമയം റോഡ് നിര്‍മാണത്തിന്റെ ഭാഗമായി മൂന്നിടത്തു ഭൂമി നികത്തിയിട്ടുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയായാല്‍ 30 ദിവസത്തിനകം ഭൂമി പൂര്‍വ സ്ഥിതിയിലാക്കണമെന്ന ഉപാധികളോടെയാണ് അന്ന് റവന്യു വകുപ്പ് അനുമതി നല്‍കിയത്. ലേക്ക് പാലസ് ഭൂമി സംബന്ധിച്ച സ്‌കെച്ച്, കൈമാറ്റ രേഖകള്‍, മറ്റ് അളവുകള്‍ എന്നിവ അടക്കമാണു തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Print Friendly, PDF & Email

Related posts

Leave a Comment